മാന്യൻ, മിടുക്കനാ-
യെല്ലാരുമറിയുന്നൊ-
രാളെനിക്കുണ്ടു നമിക്കാൻ.
വായിച്ചും ചിന്തിച്ചും
സോത്സാഹം മരുവുമൊരു
ഗംഭീര തലയാണത്.
നവലോകകാര്യങ്ങൾ
നന്നായിട്ടറിയുന്നോ-
നുണ്ട് പ്രബന്ധങ്ങളേറെ.
തനതായ ചിന്തകൾ,
തർക്കങ്ങൾ, നർമ്മങ്ങൾ--
കാണേണ്ട കലയാണത്.
ജ്ഞാനത്തിൽ കൈലാസം
പൊക്കി പ്രചണ്ഡമായ്
പാടുന്ന സ്‌തവമാണത്.
നീളും പ്രഭാഷണ-
വേളയിൽ കാണണം
ആ മുഖത്തുള്ളൊരു കാന്തി.
തന്നരമുള്ള നാവിന്റെ
പൊള്ളുന്ന ഫലിതത്തിൽ
മസ്‌തിഷ്‌കമേതുമേ ചൂളും.
ആചാര്യനിടറാതെ
ചാടിനടന്നുകൊണ്ടിടയും,
നിന്നിടം നിന്നു പൊരുതും.
വീണ തൻകൂട്ടരെ
ഗൂഢവീശേഷമന്ത്രാൽ
ഉടനുടൻ ജീവിപ്പിക്കും.
അമ്പേറ്റു സുരഗണം,
പൊരുതുവാനാവാതെ,
തോറ്റോടിപ്പോവുകയായി.
ശൂരനിറങ്ങും പിന്നെ,
പുത്തൻ ശരങ്ങളുമായ്,
യുദ്ധങ്ങൾ തേടിനടക്കാൻ.
ഒരൊറ്റയാൻ പട്ടാളം...
സമ്മതിച്ചീടണം-
അദ്ദേഹമാണെന്റെ ഹീറൊ.
പ്രൊഫ. എം.ടി. ആന്റണി ജീവിച്ചിരുന്നപ്പോൾ പ്രകാശിപ്പിച്ചത്.
ശീർഷകം ‘ദൈത്യപ്രാഭവം’ എന്നായിരുന്നു--നർമ്മജ്ഞനായ അദ്ദേഹത്തെ ഒന്നു ചൊടിപ്പിക്കാൻ. ആ ശുക്രാചാര്യസൂചന കവിതയിലൂമുണ്ട്.