2022 ജനുവരി 30 ഞങ്ങൾക്ക് മറക്കാനവുന്ന ദിവസമല്ല. ഓർമ്മിക്കാൻ ഒരു ആയുഷ്കാലത്തിന്റെ മധുരതരമായ ഓർമ്മകൾ ബാക്കിവച്ചിട്ട് എന്റെ സഹധർമ്മിണി ഉഷ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞിട്ടു മുന്ന് വർഷം തികയുമ്പോഴും ആ മരണം വിശ്വസിക്കാനാവാതെ ഞങ്ങൾ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് . പാതി അനാഥനാക്കി അപ്രതീക്ഷിതമായാണ് അവർ കടന്നു പോയത് . സ്നേഹവും സംരക്ഷണവും ആവോളം തന്നു ഞങ്ങൾക്ക് ഇടയിൽ അവർ നിറഞ്ഞു നിന്നിരുന്നു.! ഞങ്ങൾക്ക് ആ സ്നേഹവും കരുതലും നഷ്‌ടമായിട്ട് മുന്ന് വർഷം തികയുന്നു. കാലം കഴിയുമ്പോഴും ആ ശൂന്യത വലുതായി വരുന്നു എന്ന് മാത്രം .
മനസ്സ് തുറന്നു സന്തോഷിച്ച ഒത്തിരി ഒത്തിരി നിമിഷങ്ങള്‍, കൊച്ചു കൊച്ചു തമാശകള്‍, ചെറിയ ചെറിയ പിണക്കങ്ങൾ, ഓര്‍മകളുടെ ഇന്നലകളിലെയ്ക്ക് ഒന്ന് തിരഞ്ഞു നോക്കുമ്പോൾ മധുരിക്കുന്ന കുറെ ഓർമ്മകൾ ഒരു വേലിയേറ്റമായി തന്നെ വരുന്നു. ഓര്‍മിക്കുക എന്നത് എത്ര മനോഹരമാണ്. മനുഷ്യനെ അല്പമെങ്കിലും ശാന്തനാക്കുന്നതും സ്‌നേഹമുള്ളവനാക്കുന്നതും ഈ ഓര്‍മകള്‍ തന്നെയാണ്. ജീവിതം വേദനകളിലൂടെ കടന്നുപോകുന്നവര്‍, ആകുലതയിലൂടെ വഴിതെറ്റി ഇഴയുന്നവരൊക്കെ ഇടയ്‌ക്കെങ്കിലും ചിരിക്കുന്നതും, മനസൊന്ന് തണുപ്പിക്കുന്നതും പഴയ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോളാണ്.
ഓർമ്മകൾക്ക് ഇത്ര മധുരം എന്തുകൊണ്ടെന്ന് അറിയുമോ? അത് ഓരോ കാലഘട്ടത്തിന്റെ ഫോട്ടോഗ്രാഫ് ആണ്. ഓർമ്മകൾ ഉണർത്തുന്ന ഒരു സുവർണ്ണ കാലത്തിന്റെ ഇന്നെലെകൾ....
ഓര്‍മിക്കുക എന്നത് ഒരു മാജിക്ക് പോലെയാണ് . ആ പഴയ കാലത്തെ മനുഷ്യനായി രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞു മാജിക്. ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അതിങ്ങനെ കിടന്നുകിടന്ന് രുചിയുടെ മറ്റൊരു രസക്കൂട്ടിലേക്കു വഴുതി വീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊന്നിലും കിട്ടാത്ത സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മകളും അങ്ങനെ തന്നെയാണ്.
ഓർമകളുടെ ഭാരം ഏറി അത് കണ്ണീർ മഴയായി മാറിയപ്പോഴാണ് , അവരുടെ ഓർമകൾ എത്രത്തോളം ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞത്.. എന്നിലെ ഭ്രാന്തമായ ഏകാന്തതകളില്‍ ആശ്വാസത്തിന്‍റെ പ്രകാശമാണ് ആ ഓർമ്മകൾ. എന്റെ ഓർമ്മകളെ കാലം മെല്ലെ കാര്‍ന്നുതിന്നു തുടങ്ങിയപ്പോള്‍ മനസ്സിന്റെ ചില്ലകളില്‍ കത്തിയെരിഞ്ഞ കുറെ സ്വപ്നങ്ങളും, ശിഥിലമായ ഓര്‍മകളും ബാക്കി... വേദനയുടെ രൂക്ഷ ഗന്ധവും, മുറിവേറ്റ സ്വപ്നങ്ങളുടെ കാല്‍പ്പാടുകളും ശിഥിലമായ ഓർമ്മകളും നെഞ്ചിലേറ്റി തനിയെ ഞാന്‍ വീണ്ടും... എന്റെ നിശ്വാസങ്ങള്‍ ഋതുക്കളും കടന്നു നാളെയുടെ വഴിയമ്പലത്തില്‍ ചേക്കേറുമ്പോള്‍, അനാഥമായ കരിയിലകൂട്ടങ്ങള്‍ക്കിടയില്‍ എന്റെ ഹൃദയം വീണു വിതുമ്പുമ്പോള്‍, ആ കണ്ണീരില്‍ പോലും നിന്‍റെ നിഴലുണ്ടാവും.
ഒരു വാക്ക് പോലും പറയാതെ , ഒന്ന് തിരിഞ്ഞു കൂടി നോക്കാതെ മരണത്തിനൊപ്പം നീ യാത്ര പോയില്ലേ.... നിന്നെ കാത്തു ഞാൻ ഉണ്ടെന്ന് ഒന്ന് ഓർക്കുക പോലും ചെയ്യാതെ കടന്നു പോയപ്പോൾ കാലം സാക്ഷിയായത് എന്റെ വിരഹത്തിനല്ലേ.. ഒറ്റപ്പെട്ടു പോയ ഞാനും, ഓർമകളും ഒരിക്കൽ കൂടെ വന്നെത്തി നിൽക്കുന്നത് ഒരിക്കലും വന്നു ചേരരുത് എന്നാഗ്രഹിച്ച ഒരിടത്തു തന്നെയാണ്.. പെയ്തിറങ്ങുന്ന സന്ധ്യകളിൽ നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോളും കാത്തിരിക്കാറുണ്ട്, കാരണം കഴിഞ്ഞതൊക്കെ വെറും ഒരു ദുഃസ്വപ്നം മാത്രമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്‌ടം, അങ്ങനെ ആവണമേയെന്ന് പ്രാർത്ഥിക്കാറുമുണ്ട്.
എനിക്ക് നിന്നോട് നന്ദിയുണ്ട്. കാരണം നിറമുള്ള ഒത്തിരി സ്വപ്‌നങ്ങള്‍ നല്‍കിയതിന്. ചില്ലിട്ട എന്റെ മോഹങ്ങള്‍ക്ക് ചിറകു വച്ചു തന്നതിന്. മനസ്സില്‍ സ്നേഹത്തിന്റെ തിരിവെളിച്ചം പകര്‍ന്നു തന്നതിന്. പിന്നെ ഓര്‍മ്മയുടെ ചെപ്പ് തുറന്നാല്‍ കരയാന്‍ ഒരിറ്റു കണ്ണീര്‍ നല്‍കിയതിന്. എന്റെ മനസ്സില്‍ നിറയെ നീ നെയ്തുതന്ന സ്വപ്നങ്ങളായിരുന്നു .ഞാന്‍ കൊതിച്ചതും നിന്റെ സാന്ത്വനം മാത്രമായിരുന്നു . പക്ഷെ കാലചക്രം നിന്നെ എന്നില്‍ നിന്നും അകറ്റി. ഇരുള്‍ മൂടിയ ജീവിതത്തിൽ മുള്ളുകള്‍ ഉണ്ടെന്ന സത്യം ഞാന്‍ മനസിലാക്കിയത് വൈകിയാണ്
ജീവിതം ഒരു യാത്രയായാണ്. ജനനത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള യാത്ര... ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് കാലം കൈപിടിച്ചു നടത്തുന്നു ഒരു യാത്ര ... ആ യാത്രയിൽ ഒരുപാട് സ്നേഹിച്ചുകൊണ്ടു ആരൊക്കെയോ കൂടെ നടക്കുന്നു .... ആരോടും പറയാതെ ഒരു ദിവസം അവർ യാത്രയാകുന്നു. പക്ഷേ യാത്ര ചെയ്യുന്നവർ മാത്രം അറിയുന്നില്ല തനിക്ക് എവിടെ ഇറങ്ങണമെന്നോ എപ്പോൾ ഇറങ്ങണമെന്നൊ. എല്ലാം നേടിയെന്ന അഹങ്കാരത്തോടെ നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍, നേടിയതൊന്നും നേട്ടങ്ങളായിരുന്നില്ല എന്ന് നഷ്‌ടപ്പെട്ടത് പലതും നമ്മെ ഓര്‍മ്മപെടുത്തും..... ആ നഷ്‌ടങ്ങൾക്കു പകരമാകില്ല നാം നേടിയത് ഒന്നും എന്ന് നാം തിരിച്ചറിയും, ആ നഷ്ട്ടങ്ങള്‍ പിന്നെ വേദനകളായി , കണ്ണീരായി മാറുന്നു....
വിട പറഞ്ഞ് പോയി എങ്കിലും നിന്നിലെ നന്മയുടെ വെളിച്ചം എന്നും എനിക്ക് അത്ഭുതം തന്നെ . ഒരാളും പണിയാത്ത വരമ്പുകൾ നമ്മുടെ ജീവിതത്തിൽ നീ കെട്ടിയിരുന്നു . എത്ര കാലങ്ങൾ കഴിഞ്ഞാലും നിന്റെ നിർമ്മല സ്നേഹത്തിന്റെ നന്മ ഞാൻ അറിയുന്നു . കണ്ണെത്താ ദൂരെ എങ്കിലും അറിയുന്നു കുഞ്ഞേ നിന്റെ ശ്വാസത്തിൻ ചൂട് അന്നത്തെ പോലെ തന്നെ . ഞാൻ എന്റെ വാക്കുകളിൽ നിറക്കുന്നത് നിന്നിലെ നല്ല മനസ്സാണ്. നിന്റെ ഹ്യദയമിടിപ്പിന്‍റെ താളം എത്രയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും എനിക്കു മറക്കാന്‍ കഴിയില്ല.
പതിവ് യാത്രകള്‍, കാഴ്ചകള്‍, ജോലികള്‍ അങ്ങനെ ദിവസങ്ങൾ കടന്ന് പോകുന്നു ...ഇടയ്ക്കു എപ്പോഴോ കണ്ണും മനസ്സും തമ്മില്‍ പിണങ്ങി എന്ന് തോന്നുന്നു.. കാണുന്ന കാഴ്ചകളിലേക്ക് നോക്കാതെ മനസ്സ് മറ്റൊരു ദിശയിലേക്കു യാത്ര ചെയുന്നു .. അങ്ങു അകലെ പഴമയുടെ പുകമണം നിറഞ്ഞു നില്‍കുന്ന ഏതോ ദിക്കിലേക്ക്.. ശാന്തമായ കടല്‍കാറ്റിന്റെ നിശ്വാസം പോലെ മനസ്സ് എവിടെക്കോ അലക്ഷ്യമായി നീങ്ങുന്നു....