Image

കവിത ഒരു പരമാധികാര രാഷ്ട്രമാണ് (രമാ പിഷാരടി)

Published on 31 January, 2025
കവിത ഒരു പരമാധികാര രാഷ്ട്രമാണ് (രമാ പിഷാരടി)

ഇരുള് നീന്തി  കടന്ന് വന്നെത്തിയ

വഴിയിലുണ്ട് ത്രിവർണ്ണം പ്രതീക്ഷകൾ

ജനപഥത്തിലുണ്ടിന്നും വിലങ്ങഴിച്ചുയിര്-

തേടുന്ന കാറ്റിൻ്റെ മന്ത്രണം

 

ഇലപൊഴിഞ്ഞതും, പ്രളയത്തിനപ്പുറം

തിരകളിൽ പെട്ടുലഞ്ഞതും മായയോ?

പകുതിനിർത്തിക്കുടഞ്ഞിട്ട വാക്കിലായ്

പ്രകൃതിമായിച്ച കൂട്ടെഴുത്തക്ഷരം!

 

കനലടുപ്പിലെ തീക്കനൽപ്പൊള്ളലിൽ-

കവിത തൊട്ടടുത്തൊരു മഞ്ഞുതുള്ളിയായ്

എഴുതി വച്ചതും, വാക്കാൽ പറഞ്ഞതും

മിഴിവിലർദ്ധം, അതേ അർദ്ധരാവ് പോൽ

 

ഒരു വിലങ്ങിൻ്റെ ചുറ്റഴിക്കെട്ടുകൾ-

മുറിവിലിറ്റുന്ന രക്തനീർത്തുള്ളികൾ

പതിവ് തെറ്റിക്കുതിക്കുന്ന പ്രാവിൻ്റെ-

ചിറകിലേറ്റ വേടൻ്റെ കൂരമ്പുകൾ

 

ജനലഴിച്ചില്ല് പൊട്ടിവീഴുന്നുവോ?

പുകയുയർന്നുവോ പാതിരാക്കോട്ടയിൽ

തണുതണുക്കുന്ന മേഘഗാനങ്ങളിൽ

ഒളിയിരിക്കുന്ന മിന്നൽപ്പടർപ്പുകൾ

 

ഹൃദയമിപ്പോളിരുമ്പയിർക്കൂട്ടിൻ്റെ-

കഠിനമിശ്രിതക്കൂട്ടിൽ സുരക്ഷിതം

പകയുമാധിയും മുള്ളും, തിമിർക്കുന്ന-

വഴികളെല്ലാം കടന്നു ഹൃദ്സ്പന്ദങ്ങൾ

 

സ്ഫുടമതിന്നെങ്കിലും മാറ്റൊലിക്കാല-

നിഴലതിൽ വന്ന് തട്ടുന്നിടയ്ക്കിടെ

ജലമതിൽ കല്ല് വീഴുന്ന മാതിരി

സ്വരമതിൽ ശ്രുതി തെറ്റുന്ന മാതിരി..

 

മിഴികൾ പൂട്ടി ധ്യാനാർദ്രം നിസ്സംഗമായ്

കവിത പരമാധികാരരാഷ്ട്രത്തിനെ

ഉലയിലിട്ട് നീറ്റുന്നുണ്ട് സങ്കട-

ച്ചിമിഴതെല്ലാം  നിശ്ശൂന്യമാക്കുന്നുണ്ട്

 

ചെരിവിലോറഞ്ച്  ഡെയിസികൾ പൂവിട്ടു

മനസ്സിലായ് മഞ്ഞുനീർപ്പൂവിനിതളുകൾ

ഇമയടയ്ക്കേ നനഞ്ഞ കൺപീലിയിൽ

ഇലയനക്കങ്ങൾ പച്ചത്തുരുത്തുകൾ..

 

================================================

(ത്രിവർണ്ണ പതാകയുടെ  നിറമുള്ള മഞ്ഞുകാലത്ത് വിരിയുന്ന  കലണ്ടുല പൂവുകൾ, മഞ്ഞുതുള്ളി പൂവുകൾ)


=================================================

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക