പ്രശസ്ത നാടകകൃത്തും നാടക-ചലച്ചിത്ര നടനും പ്രക്ഷേപണ കലാകാരനും ആയിരുന്ന വീരൻ എന്നറിയപ്പെടുന്ന പി കെ വീരരാഘവൻ നായർ(എൻ്റെ ചിറ്റപ്പൻ-പിതൃ സഹോദരൻ )ഓർമ്മയായിട്ട് ഇന്ന് നാലര പതിറ്റാണ്ട്.
ആലപ്പുഴ കുട്ടനാട് താലൂക്കിൽ കോഴുമുക്ക് പൂവക്കാട്ട് വീട്ടിൽ കെ ഗോവിന്ദക്കുറുപ്പിൻ്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും ഏഴുമക്കളിൽ നാലാമനായി 1917 ജൂൺ 12-ന് ജനനം.
എടത്വാ സെന്റ് അലോഷ്യസ് സ്കൂളിൽ നിന്നും SSLC പാസായ ശേഷം ബോംബെ സെന്റ് സേവിയേഴ്സ് ടെൿനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ, ഫോട്ടോഗ്രാഫി വിഷയങ്ങളിൽ പഠനം.തുടർന്ന് അവിടെത്തന്നെ വിവിധ സ്ഥാപനങ്ങളിൽ ജോലിനോക്കി വരവേ അസുഖബാധിതനായി ചികിത്സാർത്ഥം തിരുവനന്തപുരത്തേക്ക്.അവിടെ തുടങ്ങുന്നു കലാജീവിതം.തലസ്ഥാനത്തെ അമച്ച്വർ നാടകവേദിയിൽ ടി എൻ ഗോപിനാഥൻ നായർ, നാഗവള്ളി,ജഗതി എൻ കെ ആചാരി തുടങ്ങിയവർക്കൊപ്പം നിറസാന്നിദ്ധ്യം.ഈ കാലയളവിൽ തന്നെ
'മലയാളി','പ്രഭാതം'ദിനപ്പത്രങ്ങളുടെ തലസ്ഥാന ലേഖകനായും പ്രവർത്തിച്ചു.
1950-ൽ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ജോലിക്കു ചേർന്നു.ബാലലോകം,നാട്ടിൻപുറം,നാടക വിഭാഗങ്ങളിൽ പ്രൊഡ്യൂസർ ആയി.... കുട്ടികളുടെ പ്രിയപ്പെട്ട 'റേഡിയോ അമ്മാവൻ'ആയി.ഇക്കാലത്ത് തന്നെ ആദ്യകാല സിനിമകളായ ആത്മസഖി,ന്യൂസ് പേപ്പർ ബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ വേഷമിട്ടു.
1968-ൽ ജോലി രാജിവെച്ച് മുഴുവൻസമയ സിനിമാ അഭിനേതാവായി.തുടർന്ന് മരണം വരെ നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
കള്ളിച്ചെല്ലമ്മ,ശ്രീ ഗുരുവായൂരപ്പൻ, കന്യാകുമാരി, പണിതീരാത്ത വീട്,അഭയം,പ്രിയ,വീണ്ടും പ്രഭാതം,അമ്പലപ്രാവ് ,തെറ്റ് ,കാപാലിക, നഖങ്ങൾ, പുലിവാൽ തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങൾ.
നാളെ കാണുന്നവന്റെ ഇന്നു കാണുന്നില്ല,തൂവലും തൂമ്പയും, നാലും നാല്,പൊറുതിയും പൊരുത്തവും,വീണമേസ്ത്രി,ഇണ്ടശ്രി,പുലിവാൽ എന്നിവ പ്രധാന കൃതികൾ.
പുലിവാൽ ചലച്ചിത്രമായി...1968-ലെ കേരള സാഹിത്യ അക്കാദമിയുടെ നാടക അവാർഡും കരസ്ഥമാക്കി.
'തൂവലും തൂമ്പയും' ആകാശവാണി ദൽഹിയിൽ സംഘടിപ്പിച്ച നാടകമത്സരത്തിൽ ഒന്നാം സമ്മാനാർഹമായി...ഇന്ത്യയിലെ എല്ലാ പ്രാദേശിക നിലങ്ങളും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തു.
മഹേശ്വരി അമ്മയായിരുന്നു പത്നി(1962-ൽ അന്തരിച്ചു).വീരകുമാർ, വീരേന്ദ്രകുമാർ,വീര ശ്രീ,വീരേശ്വരി,വീരേഷ് എന്നിവരാണ് മക്കൾ(വീരേന്ദ്രകുമാർ കഴിഞ്ഞ വർഷം അന്തരിച്ചു)
വീരൻ ചിറ്റപ്പൻ്റെ ദീപ്തസ്മരണയ്ക്കു മുമ്പിൽ പ്രണാമം ..!