ഫോൺ ബെല്ലിന്റെ ശബ്‍ദമാണ് മിത്രയെ ഉണർത്തിയത് ; അമ്മയാണ് .
സമയം പത്തു കഴിഞ്ഞിരിക്കുന്നു .
അമ്മയുടെ ശബ്‍ദത്തിൽ ഒരു പരിഭ്രാന്തി
" എന്താ മോളെ നീ ഫോൺ എടുക്കാഞ്ഞത് ?"
"ജോലിയെല്ലാം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി .. "
" എന്നാലും ഇങ്ങനെ ഒരുറക്കമുണ്ടോ...! പേടിച്ചു പോയല്ലോ
നീ , പോയ കാര്യം എന്തായി ?"
"കമ്പനിയുടെ സി. ഇ. ഓ. ഒട്ടും ഫ്രണ്ട്‌ലി അല്ലായിരുന്നു , മെയിൽ അയക്കാൻ പറഞ്ഞു.. "
" നീ വിഷമിക്കാതെ എല്ലാം നടക്കും "
" മുത്തശ്ശന് നിന്നെ കാണാൻ കൊതിയാകുന്നു എന്ന് പറയുന്നു , ഈ ആഴ്ച വരില്ലേ .. ?"
" നോക്കാം , സാധിച്ചാൽ വരാം"
അമ്മയും മുത്തശ്ശനും മാത്രമേ വീട്ടിലുള്ളു . അച്ഛൻ സന്യാസ ജീവിതം തിരഞ്ഞെടുത്തു . ഇപ്പോൾ എവിടെയുണ്ടെന്ന് ഒരു വിവരവുമില്ല . സ്വന്തം പിതാവ് . ഭാര്യ , മക്കൾ ഇവരെ ഉപേക്ഷിച്ച സന്യാസി .
ഏതു വൈകാരികതയിലും സങ്കീർണ്ണതകളിലും ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടി സന്യാസി ആണെന്ന് സ്വയം പ്രഖ്യാപിക്കുന്നവരിൽ ഒരാൾ .
സന്യാസിയായി ഈ ലോക ജീവിത്തിന്റെ ബാധ്യത അമ്മയെ ഏല്പിച്ചു രക്ഷപെട്ടയാൾ. മനുഷ്യരായി മനുഷ്യത്വത്തിലേക്ക് പലായനം ചെയ്യാതെ , സന്യാസിയായി എങ്ങോട്ടോ ഒളിച്ചു പോക്ക് നടത്തിയ ആ അച്ഛനെ എന്നെങ്കിലും കണ്ടുമുട്ടിയാൽ ചോദിയ്ക്കാൻ കുറെ ചോദ്യങ്ങളുണ്ട് മനസ്സിൽ .
അന്തരീഷം നിശ്ശബ്ദം , നിസ്സംഗത മനസ്സിനെ ബാധിച്ചു . പക്ഷെ ആമാശയം ശബ്ദമുണ്ടാക്കി വിശപ്പ് ..
അടുക്കളയിൽ പോയി , ഫ്രിഡ്ജ് തുറന്നു . ഇന്നലെ ഉണ്ടാക്കിയ ചോറ് കുറച്ചു മിച്ചമുണ്ട് . അത് ചൂടാക്കി , വറ്റൽക്കുഴമ്പു റെഡിമിക്സ് ചേർത്ത് കഴിച്ചു . ഒരു പപ്പടം കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു . അതിനുള്ള ക്ഷമ ഇല്ല .
രാവിലെ നേരത്തെ എഴുന്നേറ്റു . എഴുന്നേറ്റതല്ല സംപ്രീതിയുടെ ഫോൺ എഴുന്നേൽപ്പിച്ചു .
" ഉറങ്ങിയോ ഇന്നലെ ?"
" ഉറങ്ങിയെന്നു പറയാം "
" നീ ഇന്നലത്തെ കാര്യം വിട്ടേക്കൂ . നമുക്ക് വേറെ ഏതെങ്കിലും കമ്പനിയോട് സഹായം ചോദിക്കാം .
പിന്നെ പ്രസന്റേഷൻ പ്രിപ്പേർ ചെയ്തത് വേസ്റ്റ് ആകില്ല . അത് വീണ്ടും ഉപയോഗിക്കാം ."
" അയാളുടെ ആറ്റിട്യൂഡ് , അതാണ് വിഷമിപ്പിച്ചത് . എത്ര പേര് നോ പറഞ്ഞിരിക്കുന്നു . പക്ഷെ ഇങ്ങനെ ആരും ഇതുവരെയും പെരുമാറിയിട്ടില്ല "
" അത് വിട്ടുകള "
"സ്കൂളിൽ പോകാൻ താമസിക്കുന്നു . ചെന്നിട്ടു വിളിക്കാം"
ചില സങ്കടങ്ങൾ ആവർത്തിച്ചു പറയുന്നത് പോലും വിഷമമാണ്. ഇനി എന്ത് സംസാരിക്കാനാണ് ഇതിനെക്കുറിച്ചു.
നമ്മൾ നമ്മളെത്തന്നെ പിന്നെയും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു സങ്കടപ്പെടുത്തി
ദുഃഖിക്കരുത് . അനുഭവത്തിൽനിന്നും പഠിച്ച പാഠം .
ഫോൺ വെച്ചപ്പോഴാണ് സ്കൂട്ടി സ്കൂളിൽ നിന്നും എടുത്തില്ല എന്നോർത്തത്. ഓട്ടോ പിടിക്കണം .
കാപ്പി കുടിച്ചു വേഗം പുറപ്പെട്ടു .
കാലത്തെ ഓട്ടോ കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് , റോഡിന്റെ അങ്ങേ സൈഡിൽ പോയി നിൽക്കണം .
റോഡ് മുറിച്ചു കടന്നു വണ്ടിക്കു കൈ നീട്ടിയപ്പോൾ , അഭിനന്ദനെ പോലെ ഒരാൾ ബെൻസിൽ കടന്നു പോകുന്നത് കണ്ടു .
അയാളെപ്പോലെയല്ല , അയാൾ തന്നെ. ഭാഗ്യം അയാൾ തന്നെ കണ്ടില്ല.
സ്കൂളിൽ എത്തിയാൽ പിന്നെ ഒന്നും ചിന്തിക്കാൻ സമയമില്ല .
അവിടം മറ്റൊരു ലോകമാണ് .
ട്രസ്റ്റീ മീറ്റിംഗ് ഉണ്ടെന്നു മെസ്സേജ് വന്നു .
പത്തരക്കാണ് മീറ്റിംഗ് . സ്കൂളിലെ തന്നെ അന്തേവാസിയായ സിത്താരയുടെ മാതാപിതാക്കളാണ് ഗോഡ്സ് ഹോം ആരംഭിച്ചത് . അവൾക്കു വേണ്ടിയാണ് ഇത് തുടങ്ങിയതെന്ന് പറയാം . സിത്താര എന്ന സിത്തു ! അവർ കുടുംബസമേതം അമേരിക്കയിൽ ആയിരുന്നു . സിത്തു ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ അമ്മ ജനനി ഇന്ത്യയിലേക്കു തിരികെ വന്നു . അച്ഛൻ അവിടെത്തന്നെ തുടർന്നു . അയാളുടെ സമ്പാദ്യം മകൾക്കു താമസിക്കാൻ ഒരിടം ഉണ്ടാക്കാൻ വേണ്ടി ചിലവഴിച്ചു . അദ്ദേഹം വേറെ വിവാഹം കഴിച്ചെങ്കിലും മാസാമാസം ഒരു തുക മകൾക്കയച്ചു കൊടുക്കുന്നു . ജനനി എന്ന അമ്മയുടെ പ്രയത്നം ആണ് ഈ സ്കൂൾ. മറ്റു ചിലർക്കും ഇവിടം വീടായത് ഒരുപാട് സുമനസ്സുകൾ കൂടെ ചേർന്നത് കൊണ്ടാണ്.
പത്രത്തിൽ വന്ന ജനനിയുടെ ഇന്റർവ്യൂ കണ്ടാണ് സംഘമിത്ര ഈ സ്കൂൾ തേടി വന്നതും ജോലി ഉപേക്ഷിച്ചു
ബി എഡ് എടുത്ത് ഈ സ്ഥാപനത്തിൽ ചേർന്നതും .
ജനനിക്കു മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരു വലിയ സഹായമാണവൾ . ചിലർ വലിച്ചെറിഞ്ഞു പോയാലും കൂടെ നിൽക്കാൻ പ്രപഞ്ചം നമുക്കായി ആരെയെങ്കിലും അയക്കും . അവരുടെ സ്വപ്നങ്ങളിൽ പൂക്കൾ വിരിയുന്നത് സഹ ജീവിക്കൾക്കായാണ് . മനസ്സിലെ കനൽ ഊതിക്കെടുത്താൻ പ്രാപ്തരായ ചിലർ . ഭൂമിയിലെ മാലാഖമാരാണവർ .!
സിത്താരക്ക് പതിനേഴു വയസ്സായി , കാഴ്ചയിലും അതു തോന്നിക്കും. അവൾ സംസാരിക്കില്ല, ഒരു പ്രവൃത്തിയിലും ഏർപ്പെടില്ല. ഭക്ഷണം കഴിപ്പിക്കാൻ കൂടി ബുദ്ധിമുട്ടാണ് . ദ്രാവകരൂപത്തിൽ മാത്രമേ അവൾ ഭക്ഷിക്കൂ . സിത്തു പതുക്കെ പിടിച്ചു നടക്കുമെന്നൊഴിച്ചാൽ അവളെ പരിപാലിക്കുന്നത് അത്ര എളുപ്പമല്ല .
ദിവസം മുഴുവനും ജനനി അവൾക്കായിട്ടാണ് ചിലവഴിക്കുന്നത് .
സിത്തുവും ജനനിയും ഓഫീസ് റൂമിലുണ്ടായിരുന്നു .
മിത്രയെ കണ്ടതും , അവൾ കൈകൊട്ടാൻ തുടങ്ങി . അതൊരു സന്തോഷ പ്രകടനമാണ് .
"ഇന്നലെ പോയ കാര്യം ശരിയായില്ല , അയാൾ നമ്മുടെ കാര്യത്തിൽ തീരെ ഇൻട്രസ്റ്റ് കാണിച്ചില്ല.. " മിത്ര സങ്കടത്തോടെ ജനനിയോടായി പറഞ്ഞു .
" അത് കാര്യമാക്കേണ്ട , ഇത്രയും ദൂരം നമ്മൾ വന്നില്ലേ, ഇനിയും മുൻപോട്ടു പോകും . ദൈവം ആരെയെങ്കിലും നമുക്കായി അയക്കും. നീ വിഷമിക്കേണ്ട , നിന്നെക്കൊണ്ട് ചെയ്യാവുന്നത് ചെയ്തു. "
മീറ്റിംഗ് തുടങ്ങിയപ്പോൾ , കുട്ടികളെ നോക്കാൻ ആശയെ ഏൽപ്പിച്ചു .
അടുത്ത ഒരു മാസത്തേക്കുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു വരികയായിരുന്നു. പെട്ടെന്നാണ് സിത്തു കൈയും കാലുമിട്ടടിച്ചു ശബ്‍ദമുണ്ടാക്കാൻ തുടങ്ങിയത് .
അവൾ എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് മനസ്സിലായില്ല . ആശ കുറച്ചു പേടിച്ചു എന്ന് മുഖം വ്യക്തമാക്കി .
ജനനി , സിത്തുവിനെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം ആശയോട് പേടിക്കേണ്ട എന്ന് പറയുന്നുണ്ടായിരുന്നു .
തുടരും ...
Read More: https://emalayalee.com/writer/186