Image

ആഴിമലയിൽ ശിവ താണ്ഡവം; വിളിപ്പാടകലെ ആഴക്കടൽ തുറമുഖം (കുര്യൻ പാമ്പാടി)

Published on 02 February, 2025
ആഴിമലയിൽ ശിവ താണ്ഡവം; വിളിപ്പാടകലെ ആഴക്കടൽ  തുറമുഖം (കുര്യൻ  പാമ്പാടി)

ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ  തുറമുഖം വിഴിഞ്ഞത്തു തുറന്നതിന്റെ ആഹ്ളാദം തിരയടിക്കുന്നതിനിടയിൽ  ആഴിമല ശിവക്ഷേത്രത്തിൽ ഉത്സവക്കാലം. ഞായറാഴ്ച സമാപിച്ച പത്തു ദിവസം നീണ്ട  എഴുപത്തൊമ്പതാം  ഉത്സവത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.

ഭക്തിയും വിഭക്തിയും കലയും സംഗീതവും നൃത്തവും നിറഞ്ഞാടിയ അന്തരീക്ഷത്തിൽ നടന്ന മൃഷ്ട്ടാന്ന ഭോജനത്തിൽ  അരലക്ഷം പേരാണ് സംബന്ധിച്ചത്.  മനസും ശരീരവും ഒരുപോലെ നിറഞ്ഞ അവർ അടുത്ത തവണ  80 ആം ഉത്സവത്തിന് വീണ്ടും വരാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിച്ചു.  

ആഴിമല ശിവപ്രതിമക്ക് മുമ്പിൽ മലയാളികൾ, ബിഹാറികൾ, ചെക്ക് റിപ്പബ്ളിക്ക്കാർ

ആഴിയും മലയും പരിരംഭണം ചെയ്യുന്ന ആഴിമല,  ശ്രീനാരായണ ഗുരുവിന്റെ പാദസ്പശത്താൽ  പുളകിതമായ മണ്ണാണ്. അദ്ദേഹം സ്ഥാപിച്ച പാഠശാലയാണ് ആരാധനാലയമായി വളർന്നത്.

നോക്കെത്താത്ത ദൂരം  കണ്ണ് നട്ടു കിടക്കുന്ന കടൽ, ആഞ്ഞടിച്ചുയരുന്ന തിരകൾ വൻപാറക്കെട്ടുകളിൽ ചെന്നലയ്ക്കുമ്പോൾ കാണുന്ന പാലഭിഷേകം. അതെല്ലാം ആഴിമലയൂരുടെ  പ്രത്യേകതകളാണ്.

വിളിപ്പാടകലെ വിഴിഞ്ഞം  ആഴക്കടൽ തുറമുഖത്തു നങ്കൂരമിടുന്ന കണ്ടൈനർ  കപ്പൽ

ക്ഷേത്ര പരിസരത്തു നിന്നാൽ തെക്കു വശത്തു  അഞ്ചു കിമീ നീളത്തിൽ സ്വർണ്ണത്തരിമണൽ ബീച്ച്‌ കാണാം.  രാത്രിയിൽ കടലിൽ മിന്നാമിനിങ്ങിന്റെ വെളിച്ചം പരത്തുന്ന നൂറുകണക്കിന്  മൽസ്യബന്ധനബോട്ടുകൾ. രാവിലെ വല വലിച്ച് കയറ്റുന്ന  തൊഴിലാളികൾ.

വല കരക്കെത്തുമ്പോൾ ആർക്കും പോയി വാങ്ങാം-അയലയും ചാളയും താരനും ചെമ്മീനുമൊക്കെ. പക്ഷെ ഫോർട്ട് കൊച്ചിപോലെയോ  വേളാങ്കണ്ണിപോലെയോ ഗോവയിലെ കലാംഗോട്ടെ  പോലെയോ മൽസ്യം കയ്യോടെ പൊരിച്ച് തരുന്ന രീതി ആഴിമലയിൽ ഇല്ല.  അതെല്ലാം ചുറ്റുമുള്ള റിസോർട്ടുകളിലോ ഹോട്ടലുകളിലോ മാത്രം.

ക്ഷേത്രപരിസരത്തു ഇറ്റാലിയൻ സന്ദര്ശകയ്ക്കു മെഹന്ദി

ക്ഷേത്രത്തിൽ വെളുപ്പിനു തന്നെ ആളുകൾ വന്നു തുടങ്ങും. 4.50 നു പള്ളിയുണർത്തൽ. 5 നു നിർമ്മാല്യം.  മേൽശാന്തി ജ്യോതിസ് പോറ്റിയും സഹായികളും നടത്തുന്ന ദീപാരാധനയിൽ പങ്കെടുത്തു പൂജാപുഷ്പങ്ങൾ വാങ്ങാൻ ആളുകളുടെ പ്രവാഹമാണ്.

തിരുവനന്തപുരത്തുനിന്നു കോവളം,വിഴിഞ്ഞം വഴി പൂവാർ വരെയുള്ള തീരദേശപാതയിൽ 27 കിമീ അകലെയാണ്  ആഴിമല. തിരുവനന്തപുരത്തു തമ്പാനൂർ നിന്നും കിഴക്കേ കോട്ടയിൽ നിന്നും ആഴിമല ബോർഡ് വച്ച് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളും  സ്വിഫ്റ്റ് ബസുകളും സർവീസ് നടത്തുന്നു. മുക്കാൽ മണിക്കൂർ യാത്ര.

അന്നദാനത്തിനു ആയിരങ്ങൾ

പള്ളിയുണർത്തലോടെ ആരംഭിക്കുന്ന ഉത്സവനാളുകളിൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവു മെല്ലാം സൗജന്യമാണ്. ദീപാരാധന  കഴിഞ്ഞാൽ 6നു ഗണപതിഹോമം. 6.15 നു പ്രഭാതഭക്ഷണം. 12.5 നു   അന്നദാനം, 5.25  തിരുവാതിര, 5.30 പ്രസാദം ഊട്ട്.  രാത്രി കലാപരിപാടികൾ- ഭക്തിഗാനമേള, കരോക്കെ ഗാനമേള, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ.

ഒമ്പതാം ഉത്സവത്തിന് പ്രധാന ആകർഷണം ജാസിഗിഫ്റ്റും രേഷ്മ രാഘവേന്ദ്രയും നയിച്ച സൂപ്പർ മെഗാഹിറ്റ് ഗാനമേളയായിരുന്നു. പത്താം നാൾ  12നു  ആറാട്ടു സദ്യ, ആറാട്ടു ബലി, കൊടിയിറക്ക്, 3.30 നു ആറാട്ട്

 ക്ഷേത്രത്തിന്റെ സ്വർണതീരം, ബിസിനസുകാരൻ അബ്ബാസ്, സ്കോട്ട് ലണ്ടിൽ നിന്നെത്തിയ ബോബി

കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി എന്ന അഞ്ചാം വാർഡിൽപെട്ടതാണ്.ആഴിമല. പഞ്ചായത്തിൽ നിന്ന് ആയിരങ്ങൾ  ഗൾഫിൽ പണിയെടുക്കുന്നു. ഉത്സവത്തിലെ എല്ലാപരിപാടികൾക്കും സ്പോൺസർമാരുണ്ട്.  "ആഴിമലാധിപനു അർച്ചന' യായി അതിനൊക്കെ പണം മുടക്കാൻ ഭക്തർ ക്യൂ നിൽക്കുന്നു. രണ്ടു മൂവ്വായിരം പേർ  പങ്കെടുക്കുന്ന അന്നദാനത്തിനും പ്രസാദം ഊട്ടിനും ഒരുനേരം 15-20 ചാക്ക് അരി വരെ വേണ്ടിവരും. ലക്ഷങ്ങൾ ചെലവ്.

ഇരുപതു വർഷം തുടർച്ചയായി പ്രസാദം ഊട്ട്  സ്പോൺസർ ചെയ്യുന്ന  അബ്ബാസിനെ പരിചയപെട്ടു. സനൽ എന്നാണ് യഥാർത്ഥ പേര്, പക്ഷെ നാട്ടുകാർ വിളിക്കുന്നത്  അബ്ബാസ് എന്ന്. വിഴിഞ്ഞത്ത്  ബിഎൻപി എന്റർപ്രൈസസ് എന്ന ഹാർഡ് വെയർ ഷോപ് നടത്തുന്നു. തന്റെ എല്ലാ ഐശ്വര്യങ്ങളും ഗംഗാധരേശ്വരന്റെ കൃപാകടാക്ഷമാണെന്നു  അദ്ദേഹം കരുതുന്നു. അഞ്ചാം ഉത്സവനാളിലെ  പ്രസാദം ഊട്ടിൽ പങ്കെടുക്കാൻ അബ്ബാസ് എന്നെ ക്ഷണിച്ചു.

ആറാം തവണ ട്രസ്റ് പ്രസിഡന്റ്  ഒമാൻ പ്രവാസി എസ്. രാജേന്ദ്രൻ

വിഴിഞ്ഞം പോർട്ടിന്റെ തൊട്ടു മുമ്പിൽ സെൻട്രൽ ജുമാമസ്‌ജിദിനോട് ചേർന്നാണ് അബ്ബസിന്റെ ഷോപ്. വിഴിഞ്ഞം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ട്രഷറർ കൂടിയാണ്. ബിജി രമ ഭാര്യ, അമൃത, അക്ഷയ മക്കൾ.

ആറാട്ടു ദിവസം പ്രഭാത ഭക്ഷണവും ആറാട്ടു പൂജയും ആറാട്ടു സദ്യയും സ്പോൺസർ ചെയ്തത് ദുബൈയിൽ നിന്ന് ഡോ. പ്രദീപ്.

ജർമ്മനിയിൽ നിന്ന് ഡെർക് മെസ്‌മറും കൂട്ടാളി സിന മെസ്‌മറും

ആഴിമലക്കാരനും തിരുവനന്തപുരം ഫൈൻ ആർട്സ്  കോളജ് പൂർവ വിദ്യാർഥിയുമായ ദേവദത്തൻ രൂപകൽപന ചെയ്തുനിർമിച്ച 58  അടി ഉയരമുള്ള ശിവപ്രതിമയാണ് ആഴിമലയെ അട്ടിമറിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏഷ്യയിലെ ഏറ്റവുംവലിയ ശിവവിഗ്രഹത്തെപ്പറ്റി അറിഞ്ഞ  ഭകതജനം ഒഴുകിത്തുടങ്ങി.  നാടൊട്ടുക്ക് ക്ഷേത്രകലാശില്പങ്ങൾ ഒരുക്കി പണവും പെരുമയും നേടിയ ദേവദത്തനാണ് ഒമ്പതാം ഉത്സവത്തിന് ജാസി  ഗിഫ്റ്റനെയും സംഘത്തെയും എത്തിച്ചത്.

ഭക്ഷ്യ സിവിൽ സപ്ലൈസ്  മന്ത്രി ജി. ആർ. അനിൽ ആണ്  ഉത്സവത്തിന് തിരികൊളുത്തിയത്. രാഷ്രീയ ഭേദമെന്യേ നേതാക്കൾ പരിപാടികളിൽ അണിനിരന്നു. കലാപരിപാടികൾ ഉദ്‌ഘാടനം ചെയ്യാൻ എത്തിയവരിൽ ചലച്ചിത്രതാരം ശരണ്യമോഹനെയും കണ്ടു. വിഴിഞ്ഞം പോർട്ട് മാനേജിങ് ഡയറക്ടറും നർത്തകിയുമായ ദിവ്യ എസ അയ്യർ ഐഎഎസ് മറ്റൊരാൾ.

 ഗുജറാത്തിലെ സൂറത്തിൽ നിന്നെത്തിയവർ

കടലോരത്തെ കൊച്ചു ക്ഷേത്രമെന്ന നിലയിൽ നിന്ന് അഴിമലയെ അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനമായി ഉയർത്താൻ കഴിഞ്ഞതിൽ അഭിമാനവവും ചാരിതാർത്യവുമുണ്ടെന്നു ആറാം തവണവും ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ആയ എസ്. രാജേന്ദ്രൻ എന്നോട് പറഞ്ഞു. അന്നദാനത്തിനു  ക്യൂ  നിന്ന എന്നെ അദ്ദേഹം മുൻനിരയിൽ കൊണ്ടുചെന്ന് നിർത്തി.

രാജേന്ദ്രനും പിതൃസഹോദര പുത്രൻ വി. രാധാകൃഷ്ണനും മാറിമാറി ക്ഷേത്രം ട്രസ്റ്റിന്റെ അധ്യക്ഷന്മാരായി. ഇരുവരും ഒമാനിൽ പോയി വന്നവർ.  ക്ഷേത്രത്തിനു  ചുവർ ചിത്രങ്ങളോടു  കൂടിയ ചുറ്റുമതിൽ നിർമിച്ചു  കൊണ്ടായിരുന്ന വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ട്രസ്റ്റ് മുൻ പ്രസിഡന്റ് വി. രാധാകൃഷ്ണൻ, തന്ത്രി ജ്യോതിഷ്,  ഭാരവാഹികൾ

ഇന് ആര്ട്ട് ഗാലറിയും ഷോപ്പിംഗ് കോംപ്ലക്സും റെസ്റ്റോറന്റും പാർക്കിങ് അറീനയും കോഫീ ഷോപ്പുകളു മൊക്കെ ആയിട്ടുണ്ട്.  ഗുരുവായൂർ പോലെ ഭക്തർക്ക്  താമസിക്കാൻ പറ്റിയ സമുച്ചയങ്ങൾ  ഇല്ല. വേണ്ടെന്നല്ല. സ്ഥലമില്ല. ഒരു വശം കടൽ, മറുവശത്ത്‌ റിസോർട്ടുകൾ-സോമതീരം, മണൽത്തീരം, നിക്കിസ് നെസ്റ്റ് എന്നിങ്ങനെ. ഇവരെല്ലാം ഉത്സവത്തിനു കയ്യയച്ചു സംഭാവന ചെയ്യുന്നു. ആശംസാ പ്രസംഗകരുടെ കൂടെ നിക്കീസ് ഉടമ മരിയ ജേക്കബും.

തിരക്കേറിയ കോവളത്തിനു തൊട്ടരിൽ അതിനേക്കാൾ മനോഹര തീരവുമായി  ശാന്ത സുദാരമായ ഗ്രാമം ആയിരുന്നു ഒരുകാലത്തു ആഴിമല. പാവപെട്ട മൽസ്യബന്ധകാരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും. ഗൾഫുമായി സമ്പർക്കമുള്ളവർ. രാവിലെ ഗൾഫിൽ നിന്നു കടലിനു മുകളിലൂടെ പറന്നെത്തുന്ന ഏഴെട്ടു വിമാനങ്ങൾ  ലാൻഡിംഗ് ഗീയർ തുറന്നു ശംഖുമുഖം ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ ഇടംതിരിഞ്ഞു താണു പറക്കുന്നത് ആഴിമല ബീച്ചിനു മുകളിലൂടെയാണ്.

ശിവതാണ്ഡവം അവതരിപ്പിച്ച വിദ്യാർത്ഥിനി നിള ;  നൃത്തം ഉദ്‌ഘാടനം ചെയ്ത നടി ശരണ്യ മോഹൻ, ഭർത്താവ് ഡോ. അരവിന്ദ്   

ശിവ പ്രതിമക്കു പിപിന്നാലെ സന്ദശകരുടെ പ്രവാഹം പതിന്മടങ്ങു വർദ്ധിച്ചതിനാൽ ആഴിമലയുടെ പ്രശാന്തത എന്നെന്നേക്കുമായി നഷ്ട്ടപെട്ടു എന്ന  പക്ഷക്കാരാണ് പലരും.  വിഴിഞ്ഞം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ തിരക്ക്‌ വർധിക്കുമെന്ന് ഉറപ്പാണ്.  ഈശ്വരോ രക്ഷത് എന്ന് പ്രാർത്ഥിക്കാനേ കഴിയൂ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക