കെ ആർ മീരയുടെ പ്രസ്താവന കേട്ട് ഭയം തോന്നി. കഷായം എന്ന് പറഞ്ഞു കഴിഞ്ഞതും കെ ആർ മീരക്ക് ചിരി വന്നുവെന്ന കാര്യം ശ്രദ്ധിച്ചപ്പോൾ എനിക്ക് ഞെട്ടലുണ്ടായി. ആ ചിരിയിൽ പുരുഷവിദ്വേഷം തലക്ക് കയറി പിടിച്ച കൊടൂരമായൊരു മാനസികാവസ്ഥ കിടപ്പുണ്ടെന്ന് തോന്നി. കാരണം, ഏത് കഷായത്തെ കുറിച്ച് പറഞ്ഞാണവർ ചിരിക്കുന്നതെന്നോർക്കണം ? ചുണ്ട് മുതൽ ആന്തരിക അവയവം വരെ തകരാറിലാക്കി ഒരു ചെറുപ്പക്കാരനെ കൊല്ലാൻ പാകത്തിൽ സ്നേഹം നടിച്ചു ഗ്രീഷ്മ കൊടുത്ത കഷായത്തെ പറ്റി പറഞ്ഞാണവർ ചിരിക്കുന്നത്. അതൊരു തമാശയാണോ? ചിരിക്കാൻ പാകത്തിലുള്ളൊരു കണ്ടന്റാണോ?
‘ഒരു സ്ത്രീക്ക് ഒരു ബന്ധത്തിൽ നിന്നിറങ്ങി പോവാനുള്ളൊരു സ്വാതന്ത്ര്യമില്ലാതായാൽ ചിലപ്പോളവൾ കുറ്റവാളിയായി തീരും’ - ആഹാ! മീരയുടെ അടുത്ത ന്യായീകരണം.
സീ ഒരു ക്രിമിനൽ ആക്റ്റിവിറ്റി മാത്രമാണ് ഗ്രീഷ്മ ചെയ്തത്. ഒരു പെണ്ണിന്റെ പകയും തന്ത്രവുമൊക്കെയായി റൊമാന്റിസൈസ് ചെയ്യാനുള്ള സാഹചര്യമൊന്നും തൽക്കാലം ഗ്രീഷ്മയിലില്ല. വഞ്ചന, ആക്രമണം, പശ്ചാത്താപമില്ലായ്മ എന്നിവയാൽ അടയാളപ്പെടുത്തുന്ന ആൻറിസോഷ്യൽ പേഴ്‌സണാലിറ്റി ഡിസോർഡറിന്റെ സൂചനകളാണ് ഗ്രീഷ്മയിൽ പ്രത്യക്ഷയാൽ കാണപ്പെടുന്നത്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക എന്നതു മാത്രം ലക്ഷ്യമായി കാണുന്ന ഈ കൂട്ടർ അതിനു സാധിക്കാതെ വരുമ്പോൾ എന്തും ചെയ്യും. അത് മൂഡ് വ്യതിയാനമല്ല, വ്യക്തിത്വ വൈകല്യമാണ്.
മറ്റുള്ളവരുടെ ആവശ്യങ്ങളോ വികാരങ്ങളോ അവഗണിക്കുക.
നിരന്തരം കള്ളം പറയുക, മോഷ്ടിക്കുക, അപരനാമങ്ങൾ ഉപയോഗിക്കുക.
ആവർത്തിച്ചുള്ള നിയമ പ്രശ്നങ്ങൾ.
മറ്റുള്ളവരുടെ അവകാശങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം.
ആക്രമണാത്മക, പലപ്പോഴും അക്രമാസക്തമായ പെരുമാറ്റം.
സ്വയം അല്ലെങ്കിൽ മറ്റുള്ളവരുടെ സുരക്ഷയെ അവഗണിക്കുക.
ആവേശകരമായ പെരുമാറ്റം.
സ്ഥിരമായി നിരുത്തരവാദപരമായ പെരുമാറ്റം.
പെരുമാറ്റത്തോടുള്ള പശ്ചാത്താപത്തിന്റെ അഭാവം.
ഇതൊക്കെ ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോഡറുള്ളവരിൽ കാണപ്പെടാൻ സാധ്യതയുള്ള ട്രെയ്റ്റ്സാണ്. ഗ്രീഷ്മക്ക് ആന്റിസോഷ്യൽ സ്വഭാവമില്ലെന്നും ആത്മഹത്യാ പ്രവണത ഉണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നുവെന്ന് വായിച്ചതായി ഓർക്കുന്നു. അപ്പോഴും പ്രത്യക്ഷയാൽ ശ്രദ്ധിക്കപ്പെടുന്ന ആന്റിസോഷ്യൽ സ്വഭാവ രീതി കേസിന്റെ സമയത്തും വിഷയമായി വന്നുവെന്നത് എന്റെ സംശയത്തെ പിന്നെയും ബലപ്പെടുത്തുന്നു.
എനിവേ വ്യക്തിത്വ വൈകല്യം എന്നത് ഒരുതരം മാനസിക വിഭ്രാന്തിയാണ്. അതിൽ കർക്കശവും അനാരോഗ്യകരവുമായ ചിന്താഗതി, പ്രവർത്തനം, പെരുമാറ്റം എന്നിവയെല്ലാം ഉൾപ്പെടും. അതിൽ ആൺ പെൺ എന്നൊന്നുമില്ല. വ്യക്തിത്വ വൈകല്യമുണ്ടോ എങ്കിലാ വൈകല്യത്തിന്റെതായ സ്വഭാവ രീതികൾ പ്രകടിപ്പിച്ചിരിക്കും. അത്ര തന്നെ. അത്തരമൊരു തലതിരിഞ്ഞ മാനസികാവസ്ഥയെയാണ് കെ ആർ മീര ചിരിച്ചു കൊണ്ട് ഗ്ലോറിഫൈ ചെയ്യുന്നത്. പെണ്ണിന്റെ പകയും അവസ്ഥയും ഗതികേടുമൊക്കെയായി റൊമാന്റിസൈസ് ചെയ്യുന്നത്.
മീരയുടെ വായിച്ച പുസ്തകങ്ങളോടുള്ള എല്ലാ തരം ബഹുമാനവും നിലനിർത്തികൊണ്ട് പറയട്ടെ - ഉള്ളിലുള്ള പുരുഷവിദ്വേഷം നിറഞ്ഞു കവിയുന്നത് മനസിലാക്കാം. പക്ഷേ ഒരാൾ ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിക്കരുത്. അതിനെ പെണ്ണിന്റെ അവകാശമാക്കി റൊമാന്റിസൈസ് ചെയ്യരുത്. ഗ്രീഷ്മ അതിനൊന്നും അർഹയല്ല. ഇനിയിപ്പോ ഗ്രീഷ്മ ചെയ്ത പ്രവർത്തി ചെയ്തത് ഒരു ആണായാലും ശരി പെണ്ണായാലും ശരി അവൾക്ക് ചേരുന്നത് ഒരൊറ്റ പേരാണ്. അതിന് ജണ്ടർ വ്യത്യാസമൊന്നും കൊടുക്കേണ്ടതില്ല. അതാണ് ;
ക്രിമിനൽ !