അത് നിരവധി
ഉപരതിക്രിയകളുടെ
അനന്തരഫലമൊ
പ്രപഞ്ചത്തിന്റെ
ഇടതടവില്ലാത്ത
നിശ്ചിതമല്ലാത്ത
നൈസ്സർഗീകമായ
ചെറുവിസ്ഫോടനമൊ?
2
അഗ്നി മോഹരഹിതമായി
അവധാനതയോടെ
കത്തിയാളട്ടെ
നിശ്ചലതയുടെ
മഹാസമാധിയിൽ;
ജലസമാധി
കൈവരിച്ച ഒരുവന്റെ ശവം
പുഴ അനവധാനതയോടെ
കടലിലേക്കെടുക്കുമ്പോൾ
ശവസമാധി.
3
ചാനലിലെ അർദ്ധജ്ഞാനികളായ
അവതാരകന്മാർ
ആത്മാവിന്റെ ജന്മസിദ്ധമായ
സാദ്ധ്യതകൾക്ക് നേരെ കണ്ണടയ്ക്കും
ഇത് മാദ്ധ്യമസമാധി
യുദ്ധത്തെ
അധിനിവേശത്തെ ചോദ്യം ചെയ്യാം
സമാധാനത്തെ എന്തിന്
ചോദ്യം ചെയ്യണം?
4
പരയുടെ പാല് നുകർന്ന
ഋഷികവിയുടെ
സ്വപ്നസമാധിയിൽ നിന്ന്
ആരോഹണത്തിനും
അവരോഹണത്തിനുമതീതമായി
നാഡീതന്ത്രികൾ മീട്ടിയുള്ള
പ്രണയമിഥുനങ്ങളുടെ
ഭോഗസമാധിയിലേക്ക്
അധികം ദൂരമില്ല.
5
രാവിലെ മുറ്റത്ത് വിരിയും
മന്ദാരത്തിന്റെ ഹരിതവെണ്മസമാധി
സന്ധ്യയ്ക്ക് പൂത്തുലയും
കുടമുല്ലയുടെ പൂർണ്ണസൌരഭ്യസമാധി
കൃഷ്ണപരുന്തിന്റെ
വാനപ്രദക്ഷിണസമാധി
പൊട്ടക്കുളത്തിനരികെ
വെള്ളക്കൊക്കിന്റെ
ഒറ്റക്കാലൻ ചൂണ്ടസമാധി
അസംഖ്യം വേർപ്പടർപ്പിൽ
കുത്തി നിർത്തിയ
ആൽമരത്തിന്റെ
ഏകാന്തപരിനിർവ്വാണസമാധി
ഇവയൊക്കെയും
തത്വത്തിൽ ഒന്ന് തന്നെ.
സത്യാന്വേഷിക്കും സ്വപ്നദർശിക്കും
ഒരു പോലെ അനുകരണീയം.
5
മനോശരീരങ്ങളുടെ
ഇടുങ്ങിയ അന്ധകാരത്തിൽ
വർണ്ണപ്രകാശവും വിസ്തൃതിയും
വിതറുന്ന ഒരു മഴവിൽസമാധി
ശിശുവിനെന്ന പോലെ
വൃദ്ധനും ഒരന്ത്യപ്രലോഭനമത്രെ!
6
കണ്ണോർമ്മയും പോയി
കാതോർമ്മയും പോയി
നാക്കോർമ്മയും പോയി
മൂക്കോർമ്മയും പോയി
ത്വക്കോർമ്മയും പോയി
രതിയോർമ്മയും പോയി
പകയോർമ്മയും പോയി
മൃതിയോർമ്മയും പോയി
സമാധിനിരതനായ നേരം
പിൻമുൻസ്മൃതിശ്രുതികളെല്ലാം
ഒന്നൊന്നായി സമാധിയായി
സമാധിവിരതനായ നേരം പാർത്തേൻ
അഭേദത്തിന്റെ പുണ്യനിലയും.
7
ബുദ്ബുദം
ബോധം സരളം
ക്ഷണികം വൻമായികം;
പാവനം ബോധാതീതസമാധി
ശാന്തം മോഹനം വിശ്വമഹാത്ഭുതം;
യത്നമന്യെ ഇഷ്ടമന്യെ
അഭീഷ്ടകാര്യസിദ്ധി!
8
സന്തുഷ്ടർക്കിടയിലും
ആധി സമമായി വീതിച്ച്
സന്തുലനം നിർവ്വഹിക്കുന്ന സ്രഷ്ടാവിന്
എന്ത് സവികൽപ്പം
എന്ത് നിർവികൽപ്പം
അനർഗ്ഗളമായ ഊർജ്ജ-
സ്പന്ദനങ്ങളുടെ
തുരീയാതീതലഹരിയിൽ
ആറാടുന്നവന്
കൽമണ്ഡപങ്ങളെന്തിന്
സ്തുതിഗീതങ്ങളെന്തിന്?