Image

കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തി ട്രംപ്; പ്രതികാര നടപടി സ്വീകരിക്കുമെന്ന് രാജ്യങ്ങൾ

രഞ്ജിനി രാമചന്ദ്രൻ Published on 03 February, 2025
കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തി ട്രംപ്;  പ്രതികാര നടപടി സ്വീകരിക്കുമെന്ന് രാജ്യങ്ങൾ

കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും തീരുവ ചുമത്താനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഒപ്പുവച്ചിരുന്നു. അതിന്റെ തുടർച്ചയെന്ന നിലയിൽ കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളിൽ താരിഫ് ഏർപ്പെടുത്തിയതായി ശനിയാഴ്ച രാത്രി പ്രസിഡന്റ് ട്രംപ് പറഞ്ഞു.

ഇതിന്റെ കാരണം വ്യക്തമാക്കികൊണ്ട്  അദ്ദേഹം ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റും ഇടുകയുണ്ടായി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർസ് ആക്ട് (ഐഇഇപിഎ) വഴിയാണ് ഈ തീരുമാനമെടുത്തതെന്ന് ട്രംപ് എഴുതി. ‘കാരണം, നമ്മുടെ പൗരന്മാർക്ക് അനധികൃത വിദേശികളുടെ ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ‘ഫെന്റാലിനും മറ്റ് മാരകമായ മരുന്നുകളും നമ്മുടെ പൗരന്മാരെ കൊല്ലുകയാണ്. ഞങ്ങൾക്ക് അമേരിക്കക്കാരെ സംരക്ഷിക്കേണ്ടതുണ്ട്, പ്രസിഡന്റ് എന്ന നിലയിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്. നമ്മുടെ അതിർത്തികളിലുടനീളം അനധികൃത വിദേശികളുടെയും മയക്കുമരുന്നുകളുടെയും പ്രളയം തടയുമെന്ന് ഞാൻ എന്റെ കാമ്പെയ്‌നിൽ വാഗ്ദാനം ചെയ്തു, അമേരിക്കക്കാർ അതിന് വൻതോതിൽ വോട്ട് ചെയ്തുവെന്നും അദ്ദേഹം എഴുതി. ട്രെംപിന്റെ നടപടിയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വരുന്നത്. ട്രെംപിന്റെ മിന്നൽ നടപടിയ്‌ക്കെതിരെ മറുപടി നൽകി മൂന്നു രാജ്യങ്ങളും.

കാനഡയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് കാനഡ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ വരുന്ന മിക്ക കനേഡിയൻ സാധനങ്ങൾക്കും 25 ശതമാനം താരിഫുകളും ഊർജത്തിന് 10 ശതമാനം താരിഫുകളും ചുമത്താൻ ഉദ്ദേശിക്കുന്നതായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സ്ഥിരീകരിച്ചുവെന്ന് ട്രൂഡോ. അതേസമയം മെക്‌സിക്കോയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം താരിഫിനെതിരെ മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമും പ്രതികരിച്ചു. അമേരിക്കയ്‌ക്കെതിരെ താരിഫ് ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ  ഞങ്ങളും സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

ചൈനയ്ക്ക് മേൽ 10 ശതമാനം തീരുവ ചുമത്താനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതോടെ ചൈനയുടെ വാണിജ്യ മന്ത്രാലയവും ഇതിനോട് പ്രതികരിച്ചു, ഈ നടപടിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ നീക്കത്തിൽ ചൈന പൂർണമായും അതൃപ്തരാണെന്നും ശക്തമായി എതിർക്കുന്നതായും ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

 

 

 

 

English summery :
Trump imposed additional tariffs on imports from Canada, Mexico, and China; countries to take retaliatory action.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക