ട്രംപ് ഭരണകൂടം വെറും 14 ദിവസം പിന്നിടുമ്പോൾ, അമേരിക്കൻ ജനതയ്ക്ക് പ്രചാരണ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നു, പൂർത്തീകരിക്കുന്നു! ട്രംപ് പരസ്യമായി പറഞ്ഞ കാര്യങ്ങൾ, അദ്ദേഹം ചെയ്യുന്ന കാര്യങ്ങളുമായി 100% പൊരുത്തപ്പെടുന്നു.
പ്രസിഡൻറായി മത്സരിക്കുമ്പോൾ ട്രംപ് പറഞ്ഞ കാര്യങ്ങളിൽ പ്രധാനമാണ് താരിഫ്. ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞാൽ, രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന, വിദേശത്ത് നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയാണ് താരിഫ്. അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നതിനും ആഭ്യന്തര വ്യവസായങ്ങളെ വിദേശ മത്സരത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഒരു ഉപകരണമായി താരിഫ് വ്യാപകമായി ഉപയോഗിക്കുന്നു.
ഏത് രാജ്യവും സ്വയം പര്യാപ്തമാകണമെങ്കിൽ, ആ രാജ്യത്ത് വ്യവസായങ്ങൾ വളരണം, പ്രോത്സാഹിപ്പിക്കപ്പെടണം. ഉദാഹരണത്തിന്, അമേരിക്കയിൽ നിർമ്മിക്കുന്ന ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ, യഥാർത്ഥ വിലയുടെ 90 ശതമാനത്തോളം കൂടുതൽ കൊടുക്കണമായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനായി, ചെലവ് കുറയ്ക്കാനും ഉയർന്ന ഇറക്കുമതി തീരുവ ഒഴിവാക്കാനും ഇന്ത്യയിലെ ഹരിയാനയിൽ ഹാർലി-ഡേവിഡ്‌സൺ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിച്ചു. ഫലത്തിൽ ഇന്ത്യ എന്തുനേടി? അത്രയും തൊഴിൽ അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചു. വലിയ വിലകൊടുക്കാതെ തന്നെ ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാൻ ഇന്ത്യയിലെ സാധാരണക്കാർക്കും അവസരം ലഭിച്ചു.
ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് ലോകത്തിലെ താഴ്ന്ന ശരാശരി താരിഫ് നിരക്ക്. വ്യാപാരങ്ങൾ കാനഡയുടെ ജിഡിപിയുടെ 67%, മെക്‌സിക്കോയുടെ ജിഡിപിയുടെ 73%, ചൈനയുടെ ജിഡിപിയുടെ 37% തലത്തിൽ നിൽക്കുമ്പോൾ, വ്യാപാരം യു.എസ്. ജി.ഡി.പി.യുടെ 24% മാത്രമാണ്. എന്നിരുന്നാലും യുഎസ് വ്യാപാര കമ്മി ലോകത്തിലെ ഏറ്റവും വലിയ 1 ട്രില്യൺ.
അമേരിക്കൻ ജനതയുടെ സുരക്ഷാ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അമേരിക്കയുടെ അസാധാരണമായ ശക്തിയും, ലോക വ്യാപാരത്തിൽ അതിൻറെ അതുല്യമായ പങ്കും പ്രയോജനപ്പെടുത്തുന്നതിൽ മുൻ ഭരണകൂടങ്ങൾ പരാജയപ്പെട്ടെങ്കിലും, ട്രംപ് അദ്ദേഹത്തിന് പറ്റുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട്. വ്യാപാര പങ്കാളികളായ മെക്സിക്കോ, കാനഡ, ചൈന തുടങ്ങിയ മൂന്ന് രാജ്യങ്ങളുടെമേൽ പുതിയ ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയത് അതിൻറെ ഭാഗമാണ്.
എണ്ണവില വളരെ ഉയർന്നുനിന്ന കാലത്തുപോലും മുൻ പ്രസിഡന്റ് ജോ ബൈഡൻ എണ്ണയുടെ താരിഫ് കുറയ്ക്കാതിരുന്നത്, വിലക്കയറ്റത്തിൻറെ പ്രധാന കാരണം താരിഫ് അല്ല എന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് തന്നെയാണ്. "നല്ല നാളെ"-യാണ് മുന്നിൽ കാണുന്നതെങ്കിൽ താൽക്കാലികമായി ഭയപ്പെടുത്തിയിട്ടാണെങ്കിൽ പോലും താരിഫ് ഘടനയിൽ മാറ്റം വരുത്തും എന്ന് പറയാൻ വിമുഖത കാണിക്കേണ്ട ആവശ്യമില്ല. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, ആഗോള വിപണികളിലെ മാറ്റങ്ങൾ കണക്കിലെടുത്ത്, ആഭ്യന്തര സാമ്പത്തിക നയങ്ങൾക്ക് യോജിച്ച പുതിയ താരിഫ് ഘടന വരുന്നത് രാജ്യത്തിന് ഗുണകരമാണ്.
പക്ഷേ മയക്കുമരുന്ന്, പ്രത്യേകിച്ച് ഫെന്റനൈൽ, ഈ രാജ്യത്തേക്ക് ഒഴുകുന്നത് തടയുന്നത് വരെ ഈ താരിഫ് പ്രാബല്യത്തിൽ തുടരും എന്ന ന്യായവാദം വസ്തുതകളുമായി പൂർണ്ണമായും യോജിക്കുന്നില്ല. പല യു.എസ്. സംസ്ഥാനങ്ങളിലും മരിവാന പോലെയുള്ള മയക്കുമരുന്നുകൾ നിയമവിധേയമാണ്. അവക്ക് നികുതി ചുമത്തിയത് സംസ്ഥാന സർക്കാരുകൾക്ക് ഗണ്യമായ വരുമാനം ഉണ്ടാക്കികൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, കൊളറാഡോയിൽ, മരിവാന വിൽപ്പന, നികുതി വരുമാനത്തിൽ ദശലക്ഷക്കണക്കിന് ഡോളർ കൊണ്ടുവന്നു. അമേരിക്കയിൽ ഉപയോഗിക്കാൻ അനുവദനീയമായ ഒരു സംഗതി, മറ്റ് രാജ്യങ്ങൾ അതിർത്തിയിൽ നിയന്ത്രിക്കണം എന്ന് പറയുന്നതിൽ വലിയ ന്യായമില്ല.
ട്രംപ് ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയല്ല - ജനങ്ങൾ രാജ്യത്തെ നയിക്കാൻ തിരഞ്ഞെടുത്ത പ്രസിഡന്റാണ് അദ്ദേഹം. അമേരിക്കയുടെ മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ അദ്ദേഹത്തിൻറെ മേശപ്പുറത്ത് “The Buck Stops Here” എന്നെഴുതിയ ബോർഡ് വെച്ചിരുന്നത്രെ. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം തൻറെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമെന്ന് ഓർമ്മിപ്പിക്കാനായി.