കോവിഡാനന്തരമുള്ള സ്കൂൾ കോളേജ് കാമ്പസ്സുകളിൽ നടമാടുന്ന കുത്തഴിഞ്ഞ അവസ്ഥയ്ക്ക് കാരണം തേടേണ്ടത് അധ്യാപകരിലോ വിദ്യാർത്ഥികളിലോ രക്ഷിതാക്കളിലോ മൊബൈൽ ഫോണിലോ അല്ല , മറിച്ച് ശിശു സൗഹൃദം , പ്രക്രീയാധിഷ്ഠിതം എന്നൊക്കെയുള്ള വ്യാജേന മുപ്പത് വർഷമായി ഇവിടെ നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പരിഷ്കൃത പാഠ്യപദ്ധതിയിലാണ് .
തിങ്കൾ തൊട്ട് വെള്ളി വരെ 10 മണി മുതൽ 4 മണിയോളം ഏഴ് പിരീഡുകളിൽ അധ്യാപകർ കുട്ടികളെ ക്ളാസിലിരുത്തി വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിക്കുകയും ഇടയ്ക്ക് സംഗീതം , ചിത്രകല , പ്രവൃത്തി പരിചയം , കായിക വിനോദം എന്നീ ഉല്ലാസനേരങ്ങൾ പകരുകയും ചെയ്ത പഴയ സമ്പ്രദായം മുഴുവനായും മാറ്റുകയാണ് ഡീപീ ഈ പി വന്ന് പ്രൈമറി ക്ളാസ്സുകളിൽ ചെയ്തത് . ഇത് 1994 ൽ ഏതാനും ജില്ലകളിലാണ് . 2000 ൽ SSA ആകുമ്പോഴേക്കും അത് മുഴുവൻ ജില്ലകളിലുമായി - എട്ടാം ക്ളാസിലേക്കും നീട്ടി.
പഴയ പാഠ്യപദ്ധതി പ്രകാരം പല അധ്യാപകരും പഠിപ്പിക്കുന്നില്ല , ചില അധ്യാപകർ ടെക്സ്റ്റ് പുസ്തകത്തിനടിയിൽ ഗൈഡ് വച്ച് നോട്ട് കൊടുക്കുന്നു . അതുകൊണ്ട് പഠിപ്പുകാരായ ഏതാനും വിദ്യാർത്ഥികൾക്ക് മാത്രമേ ഉയർന്ന മാർക്കു കിട്ടുന്നുള്ളൂ . കൂടുതലും ശരാശരി ക്കാരാണ് . പിന്നോക്കക്കാരെ തോൽപ്പിക്കുന്നത് കൊണ്ട് അവർ സ്കൂളിൽ വരാതെയാകുന്നു . അതു കൊണ്ട് എല്ലാവരെയും എല്ലാ കാര്യത്തിലും മിടുക്കരാക്കുന്ന പുതിയ രീതിയാണ് വേണ്ടത് . ആ രീതി പ്രകാരം പഠനം പാൽപ്പായസമാവണം , വായനയും എഴുത്തും കൂട്ടലും കുറക്കലുമൊന്നുമല്ല അതിന് വേണ്ടത് . ഗ്രൂപ്പ് ചർച്ച , ചാർട്ട് തയ്യാറാക്കൽ , സെമിനാർ , പ്രോജക്ട് , പച്ചക്കറി കൃഷി , സ്കൂൾ മൈതാനത്ത് നെല്ല് വിതക്കലും കൊയ്യലും , പീടികക്കാരോടും പഞ്ചായത്ത് പ്രസിഡൻ്റോടും അഭിമുഖം , പോസ്റ്റോഫീസിലും റെയിൽവേസ്റ്റേഷനിലും സന്ദർശനം , പത്രവാർത്ത തയ്യാറാക്കൽ , പോസ്റ്ററും നോട്ടീസും ഉണ്ടാക്കൽ , ഒരു കൂട്ടം കുട്ടികൾ ചേർന്ന് കവിതയ്ക്ക് ഈണം കണ്ടെത്തൽ , ഓരോരോ കൂട്ടങ്ങളായി ചർച്ച ചെയ്ത് കഥയും കവിതയും നാടകവും തിരക്കഥയും ഓർമ്മക്കുറിപ്പും പ്രകൃതിവർണ്ണനയും ചിത്രവിവരണവും സിനിമാ നിരൂപണവും വിശകലനക്കുറിപ്പും ആസ്വാദനവും താരതമ്യക്കുറിപ്പും പ്രസംഗവും തൂലികാചിത്രവും കഥാപാത്രനിരൂപണവും കഥാപ്രസംഗവും ഏ ഫോറിലോ ചാർട്ടി ലോ എഴുതി സ്കെച്ചു കൊണ്ട് ബോർഡർ വരച്ച് ക്ളാസ് ചുമരുകളിലൊട്ടിക്കലോ പ്രത്യേകം പ്രത്യേകം പ്ളാസ്റ്റിക് ഫയലുകളിൽ സൂക്ഷിക്കൽ ഇങ്ങനെയുള്ള പല പല പ്രക്രീയകൾ കുട്ടികളോട് സൗഹൃദത്തിൽ ആവശ്യപ്പെടുന്ന നിർദ്ദേശകരായാൽ മതി അധ്യാപകർ . അതായത് പാഠപുസ്തകം ക്ളാസിൽ കൊണ്ടു പോയി അതിലെ കാര്യങ്ങൾ ബോധപൂർവ്വവും യാന്ത്രികവുമായി കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് . മറിച്ച് കുട്ടികൾ കൂട്ട് ചേർന്നോ വീട്ടിലോ നാട്ടിലോ ചോദിച്ച് അവർ സ്വയം തന്നെ കണ്ടെത്തി പഠിച്ച് രസിക്കട്ടെ . അതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്ന ഫെസിലിറ്റേറ്റർമാരും അതൊക്കെ ചെയ്യുന്നതിന് അവർക്ക് കൈത്താങ്ങ് നൽകുന്ന സ്കഫോൾഡർമാരും ചെയ്യാൻ കഴിയാതെ പ്രയാസപ്പെടുന്നവരെ ചേർത്തു പിടിക്കുന്ന മെൻ്റർമാരാവുമാവാനാണ് 2000 - 2015 കാലയളവിൽ കേരളത്തിലെ മുഴുവൻ പ്രൈമറി അധ്യാപകർക്കും നിരന്തര പരിശീലനം നൽകിയത് .
ഈ പറഞ്ഞ കാര്യങ്ങളിൽ എന്തൊക്കെ ആരെല്ലാം എവിടെയൊക്കെ എപ്പോഴെല്ലാം സത്യസന്ധവും ഫലപ്രദവുമായി ചെയ്തു എന്ന് ചോദിച്ചാൽ പലരും നിസ്സഹായരായിരുന്നു എന്നതാണ് വാസ്തവം . സൂത്രക്കാർ കുറേപ്പേർ ഇതിൽ താല്പര്യമുള്ള ചിലതിൻ്റെ സംഘാടകരായി ചാർട്ടെഴുത്തും കമ്പ്യൂട്ടർ കൈകാര്യവും കൊണ്ട് അരങ്ങു തകർത്തു . കുറേപ്പേർ അതിനെ അനുകരിച്ച് അഭിനയ പ്രഹസന പുറംപൂച്ചുകളുമായി ചാടി വീണു . പഴയ രീതിയിൽ കുറച്ചെങ്കിലും നന്നായി പഠിപ്പിച്ചിരുന്ന കുറേ ടീച്ചർമാരും മാഷന്മാരും "പഠിപ്പിക്കരുത്" എന്ന പാഠ്യപദ്ധതിയുടെ ഭീഷണമായ താക്കീതിന് മുന്നിൽ അസ്തപ്രജ്ഞരായി .
കേട്ടെഴുത്ത് , നോക്കിയെഴുത്ത് , കോപ്പിയെഴുത്ത് , ഗുണ കോഷ്ഠം , ഹോംവർക്ക് , പരീക്ഷാ ത്തോൽവി ഇവയിൽ നിന്ന് രക്ഷപ്പെട്ട എൽപി യുപി കുട്ടികൾക്ക് ഇതെല്ലാം നൽകിയ സന്തോഷം ചെറുതായിരുന്നില്ല . അവരിൽ കുറച്ച് പേർ വീട്ടുകാരുടെ സഹായത്തിൽ മിടുക്കരായി പഠിച്ചു . എന്നാൽ കുറേപ്പേർ സാമാന്യമായ വായനയും എഴുത്തും പോലും അറിയാത്തവരായാണ് എവിടെയും തോൽക്കാതെ ഒമ്പതാം ക്ളാസിലെത്തിയത് . പഠിപ്പിൽ മുഴുകാനോ കഴിയും പോലെ പഠിക്കാനോ ഉള്ള യാതൊരു അടിത്തറയുമില്ലാത്ത പാവം കുട്ടികൾ . അവരെ പഴയ രീതിയിൽ പഠിപ്പിക്കാൻ അധ്യാപകർ ബുദ്ധിമുട്ടി . പ്രശ്ന പരിഹാരാർത്ഥം9 തൊട്ട് പ്ളസ് ടു വരെയും നീട്ടി എട്ടാം ക്ളാസു വരെ അഴിഞ്ഞാടിയ സകല പ്രക്രീയാവിക്രിയകളും .
സ്കൂളുകളിൽ ഔപചാരികമായി നടന്നു പോന്ന അധ്യാപനത്തെ മാറ്റി നിർത്തി പകരം കുട്ടികൾ ചെയ്യുന്ന പഠന പ്രവർത്തനങ്ങളെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചതോടെ ഔപചാരികവിദ്യാഭ്യാസത്തിൻ്റെ സ്വാധീനം വഴി വിദ്യാർത്ഥികളിലുണ്ടാവേണ്ട ഗുണകരമായ വർത്തനവ്യതിയാനങ്ങൾക്ക് ഗുരുതരമായ മങ്ങലേറ്റു . എന്നാൽ പൊതു സമൂഹത്തിൽ ശക്തമായ ഇലക്ട്രോണിക് മാധ്യമ സ്വാധീനത്തിൻ്റെ പ്രധാന ഇരകൾ വിദ്യാർത്ഥിസമൂഹമായിരുന്നു. അനൗപചാരികമായി അത് അവർക്ക് നൽകിയ വിനോദ വിജ്ഞാനങ്ങളെ വിവേചനബുദ്ധിയോടെ കൈകാര്യം ചെയ്യാൻ ജാഗ്രത്തായ ഒരു സ്കൂളിങ്ങ് അനിവാര്യമായിരുന്നു . എന്നാൽ ഇനി ഒരിക്കലും അത് സാധിക്കാത്ത വിധത്തിൽ പുതിയ പാഠ്യപദ്ധതി അധ്യാപനത്തെ മൊത്തം അട്ടിമറിച്ചിരുന്നു .
ഐ ടി പഠനം എന്ന മട്ടിൽ കമ്പ്യൂട്ടർ ലാബിലെത്തിയ കുട്ടികളിൽ ഗെയിം അഡിക്ഷൻ പുതിയ പ്രശ്നമാവാൻ തുടങ്ങിയ ഘട്ടം അതാണ് . മൊബൈൽ വ്യാപനത്തോടെ ഗെയിം കേവലം ഗെയിമിലൊതുങ്ങാതായി . ഇതിനൊക്കെ നമ്മൾ കുട്ടികളെ എങ്ങനെയാണ് കുറ്റം പറയുക ? ഈ വഴിക്ക് പോകാൻ അധ്യാപകരും നിർബന്ധിതരായി . വിസമ്മതിച്ചാൽ അവർ പാഠ്യപദ്ധതി വിരുദ്ധരായി ഒറ്റപ്പെടില്ലേ ?
ചൊറിച്ചിൽ സാർവത്രികമായി അസഹ്യമായപ്പോൾ 2010- 19 കാലയളവിൽ സർക്കാരിന് സ്കൂൾ കോളേജ് കാമ്പസുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗം നിരോധിക്കേണ്ടി വന്നു .
എന്നിട്ടും പലയിടത്തും കുട്ടികളുടെ മൊബൈൽ സൂക്ഷിക്കാൻ രഹസ്യ സങ്കേതങ്ങളായി പെട്ടിക്കടകളും ഫാൻസി ഷോപ്പുകളും കമ്പ്യൂട്ടർ സെൻ്ററുകളും മാറി . സ്കൂളിനേക്കാൾ ഇമ്പമുള്ള ഇത്തരം നിഗൂഢകേന്ദ്രങ്ങൾ പരിസരത്തുണ്ടായിരുന്നത് സ്കൂൾ അധി:കൃതർ അറിയുന്നത് വൈകിയാണ് . അപ്പോഴേക്കും നമ്മുടെ ബാല്യ കൗമാരങ്ങളിൽ ഒരു വിഭാഗം അധ്യാപകരോട് എന്നതിനേക്കാൾ പുറത്തുള്ള ചില മുതിർന്നവരോട് സൗഹൃദത്തിലായിക്കഴിഞ്ഞിരുന്നു . അവരുടെ വ്യാപാരവാണിജ്യ ലൈംഗികതാല്പര്യങ്ങൾക്ക് ഇരയായവരിൽ അത് പുറത്തു പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കിയവരുടെ നൂറിരട്ടി വരും അതിൻ്റെ ഉപഭോക്താക്കൾ .സെക്സ് വീഡിയോയ്ക്ക് പുറമേ , മൊബൈൽ വഴിയുള്ള ഓൺലൈൻ വ്യാപാരവും സജീവമായപ്പോൾ പർഫ്യൂമും ലിപ്സ്റ്റിക്കും സ്പ്രേയും മാത്രമല്ല ചില വിദ്യാർത്ഥികൾക്ക് രഹസ്യമായി ലഭിക്കാൻ തുടങ്ങിയത് . കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകന്ന് അന്തർമുഖരായി വാതിലടച്ചിരിക്കുന്ന സൈബർ കൗമാരം - വിരൽത്തുമ്പിൽ അവർക്കു ലഭിച്ച വിജ്ഞാനത്തിൽ രതിഅനുഭൂതി കൂടാതെ നിറമോ മണമോ ഇല്ലാത്ത , ഒരു തരത്തിലും ആരാലും തിരിച്ചറിയാൻ കഴിയാത്ത അങ്ങേയറ്റം മാരകമായ ലഹരി വസ്തുക്കളാണ് . സ്കൂളിൽ മാഷും ടീച്ചറും അടിച്ചേൽപ്പിക്കുന്ന പ്രക്രീയാവിക്രീയകൾ ഏറ്റെടുക്കാൻ ശേഷിയില്ലാത്ത നിരക്ഷരരും എന്നാൽ ഉയർന്ന സാമ്പത്തികനിലയിൽ നിന്ന് വരുന്നവരും രക്ഷിതാക്കൾ സ്ഥലത്തില്ലാത്തവരുമായ വിദ്യാർത്ഥികൾ അവർ അഭയം പ്രാപിച്ച പുതിയ ആനന്ദത്തിലേക്ക് കൂട്ടുകാരെയും ക്ഷണിക്കുമെന്ന് ഉറപ്പല്ലേ ?
ഈ അണിയറക്ഷുദ്രത കൾ പ്രതിസന്ധിയിലാവാനാണ് കോവിഡ് സത്യത്തിൽ കാരണമായത് . ആ സമയത്ത് എത്ര കൗമാരപ്രായക്കാരാണ് ആത്മഹത്യ ചെയ്തത് എന്നോർത്തു നോക്കൂ - അടച്ചിടൽ ആഹ്വാനത്തിനു മുമ്പേ അടിച്ചിടലിൽ ഹരം പൂണ്ടവർ , ലോക്ഡൗൺ ഏകാന്തതയിൽ മനം മടുത്താണ് ജീവനൊടുക്കിയതെന്ന് ഇനിയും കരുതാൻ മാത്രം പൊട്ടന്മാരായിക്കൂടാ രക്ഷിതാക്കളും അധ്യാപകരും .
സ്കൂളുകളിൽ അത്രയ്ക്ക് തകൃതിയായ പഠിപ്പ് ഒരു ദിവസം പോലും മുടങ്ങാതിരിക്കാനാണല്ലോ , ലോക്ഡൗൺ കാലത്ത് നമ്മൾ കുട്ടികൾക്ക് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കാൻ മൊബൈൽ സൗകര്യമൊരുക്കിയത്! അങ്ങനെ വില്ലൻ നായകനായി ! ! ഇത് ചരിത്രത്തിൻ്റെ കാവ്യനീതിയായി കാണാൻ കഴിയുന്ന മനുഷ്യരും നമ്മൾക്കിടയിലുണ്ട് . പണമില്ലാത്ത കുട്ടികൾക്ക് ഫോൺലഭ്യമാക്കാൻ മൊബൈൽ ചാലഞ്ച് . അന്ന് തൊട്ട് ഒരു അഞ്ചുവർഷത്തിനിടയിൽ പെരുകിയ മൊബൈൽ അഡിക്ഷൻ കേരളീയ സമൂഹത്തിൻ്റെ ഒരു പൊതു പ്രശ്നമാണ് . എന്നാൽ അതിൻ്റെ അങ്ങേയറ്റത്തെ ഇരകൾ വിദ്യാർത്ഥികളുമാണ് .ലിറ്ററു കണക്കിന് മദ്യവുമായി സ്കൂൾ കോമ്പൗണ്ടിലെത്തുന്ന വരും , സഹപാഠിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച് ആ ദൃശ്യം റീലാക്കുന്നവരും കണ്ണും ചുവപ്പിച്ച് കവിൾ തുടുത്ത് തല മാന്തിപ്പറിച്ച് അലറുന്നവരും അധ്യാപകരെ അക്രമിക്കുന്നവരും രക്ഷിതാക്കളെ കൊലവിളിക്കുന്നവരുമൊക്കെ വർത്തമാന കേരളത്തിലെ വിദ്യാർത്ഥിസമൂഹത്തിൽ പെടും . പക്ഷേ , ഇതിനൊക്കെ കാരണം അധ്യാപകരോ രക്ഷിതാക്കളോ ആണ് എന്ന് പക്ഷം പിടിക്കാനാണ് കൊതുകിന്ന് കൗതുകം . അവസാനം എല്ലാവരും കൂടി കുറ്റം മൊബൈലിൽ കൊണ്ട് ചാർത്തും . കാൽ നൂറ്റാണ്ടിലേറെക്കാലമായി നമ്മുടെ വിദ്യാലയങ്ങളിൽ അധ്യാപകർക്ക് വിദ്യാർത്ഥികളെ പെരുമാറ്റവും മര്യാദയും ധാർമ്മികതയും ഉന്നത ജീവിതമൂല്യങ്ങളും ശീലിപ്പിക്കാൻ തീരെ കഴിയാതായിരിക്കുന്നു . സ്കൂളുകൾ എടുക്കേണ്ട പണിയിൽ നിന്ന് പിൻമാറിയിരിക്കുന്നു . അതാണ് അടിസ്ഥാന കാരണങ്ങളിലൊന്ന് . താൻ ഇരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ മൊബൈൽ റീലുകളും എംഡിഎംഎയും കയറിയിരിക്കും .
( തുടരും )
see part 1: ശിശുസൗഹൃദ പ്രഹസനങ്ങളുടെ മൂന്ന് പതിറ്റാണ്ടുകൾ : പ്രകാശൻകരിവെള്ളൂർ