Image

സംഘമിത്രാ കാണ്ഡം ( നോവൽ - 5 - പുഷ്പമ്മ ചാണ്ടി , ചെന്നൈ )

Published on 04 February, 2025
സംഘമിത്രാ കാണ്ഡം ( നോവൽ - 5 - പുഷ്പമ്മ ചാണ്ടി , ചെന്നൈ )

സിത്തു ഇടക്ക് ഇങ്ങനെ കരയാറുണ്ട്. ഭക്ഷണം കൊടുക്കാൻ ശ്രമിക്കുമ്പോൾ , കട്ടിലിൽ കിടത്തുമ്പോൾ...  ചില സമയങ്ങളിൽ കരയുന്നത്  എന്തിനാണെന്ന്  ആർക്കും  മനസ്സിലാകില്ല 

" ഞാൻ ഓട്സ് കാച്ചിയത്  കൊടുക്കാൻ ശ്രമിക്കുകയായിരുന്നു "

ആശ വിക്കിയാണത് പറഞ്ഞത് .

“ആശ പേടിക്കണ്ട , ഇടയ്ക്ക് എന്നെ കണ്ടില്ലെങ്കിൽ അവൾ ഇങ്ങനെയാണ് . 

നിലത്തു കിടന്ന ഫീഡിങ് ബോട്ടിൽ എടുത്തു  സിത്തുവിനെ വീൽ ചെയറിൽ ഇരുത്തി അതുന്തിക്കൊണ്ടു , ജനനി മുറിയിലേക്ക് പോയി .

ഉറങ്ങുമ്പോഴല്ലാതെ  , സിത്തുവിനെ കുറച്ചു സമയം പോലും മറ്റാരെയും ഏൽപ്പിക്കാൻ സാധിക്കില്ല . എല്ലാ കുട്ടികളുമായും ഇണങ്ങുന്ന സംഘമിത്രക്ക് പോലും അവളെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടാണ് .

സുമേദ് സൈലോഫോൺ എടുത്ത് അതിൽ പുതിയൊരു ഈണമിട്ടു കൊണ്ട് ജനനിയുടെ പിന്നാലെ പോയി . സിത്തു പെട്ടെന്ന്തന്നെ  കരച്ചിൽ നിർത്തി. അത് മനസ്സിലാക്കിയ അവൻ ജനനിയുടെ മുറിയുടെ ഒരു കോണിലിരുന്നു  തുടർന്ന് വായിക്കാൻ തുടങ്ങി . സിത്താരയെ സുമേദിന് ഇഷ്ടമാണെന്നു തോന്നിയിട്ടുണ്ട് . ആർക്കും കൊടുക്കാത്ത ഒരു പരിഗണന അവൾക്ക് അവൻ കൊടുക്കാറുണ്ട്  . അവളെ കാണുമ്പോൾ അവന്റെ കണ്ണിൽ സ്നേഹവും അനുകമ്പയും നിറഞ്ഞു ,  പെയ്യാനോങ്ങി നിൽക്കുന്ന മേഘത്തെ ഓർമ്മിപ്പിക്കും . സുമേദ്  സിത്തുവിന്റെ സാമീപ്യത്തിൽ മറ്റൊരാളാകുന്നു . സൈലോഫോണിൽ  അവൾക്കായി  പുതിയ ഈണം കണ്ടെത്തുന്നു . 

സ്നേഹം മനുഷ്യർ ഏതൊക്കെ വിധത്തിലാണ് പ്രകടിപ്പിക്കുന്നത് . 

ഓട്സ് കഞ്ഞി, ജ്യൂസ് ഇവയിൽ മരുന്ന് പൊടിച്ചു  ചേർത്താണ് മിക്കവാറും  കൊടുക്കുന്നത് . അല്ലാതെ  കൊടുക്കാൻ നിർവാഹമില്ല . ഓട്ടിസത്തിന് പ്രത്യേകിച്ച്  മരുന്നുകൾ ഇല്ല എന്നാലും ഡോപാമൈനും  സെറോടോണിനും അടങ്ങിയ ചില മരുന്നുകൾ കൊടുക്കാറുണ്ട് .

കൂടെ റിസ്‌പെരിഡോൺ , ആന്റി ഡിപ്രെസന്റ്  മുതലായവ.

അവയൊക്കെ അവരെ ഒരു പരിധിവരെ ശാന്തമാക്കും . 

കുഞ്ഞുങ്ങളെ ഉറക്കിക്കിടത്താൻ ഉറക്കഗുളിക കൊടുത്ത ഒരു ആയയെ കഴിഞ്ഞ മാസം പുറത്താക്കി . ആ ഒഴിവിൽ ആണ് ആശയെ  നിയമിച്ചത്.

സ്കൂളിന്റെ നടത്തിപ്പ് പരുങ്ങലിലാണ്. വാടക കൊടുക്കേണ്ട എന്നത് ഒഴിച്ചാൽ ബാക്കി എല്ലാത്തിനും ചിലവുണ്ട് . സിത്താരയുടെ അച്ഛൻ കഴിഞ്ഞ രണ്ടു മാസമായി പണം അയക്കുന്നില്ല. ചില കുട്ടികളുടെ മാതാപിതാക്കൾ  മാസം തോറും തരേണ്ട ഫീസ് മുടക്കുന്നു . കോവിഡ് കാലഘട്ടത്തിനു ശേഷം ചെറിയ തുക തന്നു സഹായിച്ചിരുന്ന ആളുകൾ അത് നിർത്തി . മുക്കിയും  മൂളിയും മലകേറുന്ന വണ്ടി പോലെ  ഉന്തിക്കൊണ്ടാണ് സ്കൂൾ മുൻപോട്ടു കൊണ്ടുപോകുന്നത് .

എ ആൻഡ് എൻ തരുമെന്ന് പ്രതീക്ഷിച്ച ഫണ്ട് എന്താകുമെന്ന് അറിയില്ല . അയാളെ ഒന്ന് ഫോണിൽ വിളിക്കാൻ മനസ്സ് പറഞ്ഞെങ്കിലും  അയാൾ ഒരു നോ പറഞ്ഞാലോ എന്നാണ് മിത്രയുടെ ഭയം ..

അത് കേൾക്കാൻ ശക്തിയില്ല .

സംപ്രീതി , എല്ലാം നടക്കും എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമെങ്കിലും എവിടെയൊക്കെയോ ആശങ്കകൾ പിടികൂടിയിരിക്കുന്നു . സർക്കാർ , ഫണ്ട് തരുന്നുണ്ട് എന്നാലും അതിനൊക്കെ  പരിധിയുണ്ട് . കൂടാതെ സ്ഥലം വാങ്ങി കുറച്ചുകൂടെ മെച്ചപ്പെട്ട ഒരിടത്തേക്ക് പോകാൻ അതൊന്നും തീരെ പോരാ .

സ്കൂളിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ്  മേഴ്‌സി ആൻറി ഫോൺ വിളിച്ചത്..

" മിത്ര സ്കൂൾ വിട്ടു വരുമ്പോൾ ഒന്ന് വീട്ടിലേക്കു വരുമോ ?"

വരാമെന്നു പറഞ്ഞു ഫോൺ വെച്ചപ്പോൾ , ആൻറി നാട്ടിലെ എന്തെങ്കിലും  പലഹാരം ഉണ്ടാക്കി വെച്ചിരിക്കുമെന്നു കരുതി.

ഇടയ്ക്കു  ഇലയട, ഏത്തക്കാപ്പം , പരിപ്പുവട ഇങ്ങനെ എന്തെങ്കിലും  ഉണ്ടാക്കിവെച്ചു  വിളിക്കാറുണ്ട് . ടീച്ചറായിരുന്ന ആന്റിയുടെ ഭർത്താവ് മരിച്ചിട്ടു  കുറെ നാളായി . പെണ്മക്കൾ രണ്ടുപേരും വിദേശത്താണ് . 

ആന്റിയെ പരിചയപ്പെട്ടിട്ടു അധികം നാളായില്ല . പാലവാക്കം ബീച്ചിൽ നടക്കാൻ പോയവഴി കണ്ടുമുട്ടിയതാണ് . പിന്നെ അതൊരു സ്നേഹബന്ധം ആയി . ആന്റിക്കൊരു ഗോൾഡൻ റിട്രീവർ നായ ഉണ്ട് . ആറു വയസ്സുകാരൻ റസ്റ്റി . അവനെയും കൂട്ടിയാണ് ആന്റി നടക്കാൻ വരുന്നത് .

മേഴ്‌സി ആൻ്റിയുടെ വീട്ടിൽ എത്തി ബെല്ലടിച്ചു . ആന്റി ബുദ്ധിമുട്ടി നടന്നു വന്നു.

കാലിൽ ഒരു ബാൻഡേജ്.

" എന്തുപറ്റി കാലിനു ? "

"ഇന്നലെ, കുപ്പ കൊണ്ടു കളയാൻ പോയതാണ് , കാലൊന്നു ഇടറി . സംഘമിത്ര എനിക്കൊരു സഹായം ചെയ്യുമോ ?

റസ്റ്റിക്കു പുറത്തു പോകാഞ്ഞിട്ടു വലിയ വിഷമം . എന്റെ കാലൊന്നു  ശരിയാകുന്ന വരെ അവനെയും കൊണ്ട് ഒന്ന് പുറത്തു പോകുമോ ? ദിവസവും വേണ്ട , സമയം പോലെ ."

" ഞാൻ ,.ആൻ്റി വിളിച്ചപ്പോൾ വല്ല പലഹാരവും ഉണ്ടാക്കി വെച്ചെന്നു കരുതി "

" നീ ഒന്ന് സഹായിച്ചാൽ മതി. ഇപ്പോൾ തന്നെ  അട ഉണ്ടാക്കി തരാം.. "

" വേണ്ട ആൻ്റി ഞാൻ ചുമ്മാ പറഞ്ഞതല്ലേ .. ഞാൻ ആൻ്റിക്കു കാപ്പിയിട്ടുതരാം "

"വല്ലി ഇപ്പോഴാണ് പോയത് . കാപ്പി ഫ്ലാസ്കിൽ ഉണ്ട് . അവൾ വൈകിട്ട്  വരും. കാലൊന്നു ശരിയാകുന്ന വരെ , രാത്രിയും അവള് കൂട്ട് കിടക്കാൻ വരും ."

"വല്ലിക്കു വരാൻ സാധിക്കാത്ത ദിവസം ഞാൻ വരാം.. "

ആൻ്റി ചിരിച്ചുകൊണ്ട് പറഞ്ഞു

" അതെനിക്ക് അറിയില്ലേ ?

എന്നിട്ടാണോ കാലിങ്ങനെ  ആയത് എന്നോട് പറയാതിരുന്നത്.. "

"വെറുതെ  എന്തിനു നിന്നെ ബുദ്ധിമുട്ടിക്കണം.. ? "

അടുക്കളയിലേക്കു നടക്കുമ്പോൾ ആൻ്റി പറഞ്ഞു .

ഞാൻ കുടിച്ചതാണ്, എനിക്ക് കാപ്പി വേണ്ട.. "

കാപ്പിയുമെടുത്തു തിരികെ വന്നപ്പോൾ റസ്റ്റി ഓടി വന്നു സ്നേഹം പ്രകടിപ്പിച്ചു . മിത്ര അവനോടായി പറഞ്ഞു..

" നിനക്കെങ്കിലും എന്നെ വിളിച്ചു പറയാമായിരുന്നില്ലേ ... ? "

റസ്റ്റി മിത്രയെ ഒന്നു  നോക്കിയിട്ടു കാലിന്റെ ചുവട്ടിൽ കിടന്നു .

കാപ്പി കുടിച്ചു  മഗ് കഴുകി വെച്ചിട്ട് , റസ്റ്റിയുടെ ലീഷ് എടുത്തു കോളറിൽ പിടിപ്പിച്ചു കൊണ്ടു ആൻ്റിയോട് ചോദിച്ചു..

" ഒരു അരമണിക്കൂർ പോരെ ?."

" ആ പൂപ് ബാഗ് കൂടി എടുത്തോ , രണ്ടു ദിവസമായി അവന്റെ  വയറ്റിൽനിന്നും നന്നായിട്ടു പോയിട്ട് .

പുറത്തേക്കിറങ്ങുമ്പോൾ റസ്റ്റിയുടെ മുഖത്തു സന്തോഷം പടർന്നത് പോലെ തോന്നി .

കടലിന്റെ ഓരത്തു നടപ്പാതയിൽ കൂടി മെല്ലെ റസ്റ്റിയോട് ഓരോന്ന് പറഞ്ഞവൾ നടന്നു . റോഡിന്റെ സൈഡ് അവൻ വൃത്തികേടാക്കിയപ്പോൾ  കൂടെ കൊണ്ടുവന്ന പ്ലാസ്റ്റിക് കവറിൽ അതെടുത്തിട്ടു. ആ സമയത്ത് റോഡരികിൽ നിർത്തിയ കാറിൽ നിന്നും അഭിനന്ദൻ ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു .

അയാൾ നടന്നടുത്തപ്പോൾ  സംഘമിത്ര ഒരു നിമിഷനേരം അന്ധാളിച്ചു പോയി.

" സംഘമിത്ര അല്ലേ? നമ്മൾ ഡേ ബിഫോർ കണ്ടിരുന്നു."

"അതേ .. "

റസ്റ്റിയേ നോക്കി , "ഗോൾഡൻ റിട്രീവർ എന്താ ഇവൻ്റെ പേര് ..?

"റസ്റ്റി"

അനിമൽ ലവർ കൂടിയാണ് അല്ലേ.. ?

" ഇവൻ എൻ്റെതല്ല .അടുത്ത ഫ്ലാറ്റിലെ ആൻ്റിയുടെയാ . ആന്റിക്ക് കാലിന് ഒരു ഹെയർ ലൈൻ ക്രാക്ക്.. അതുകൊണ്ട്  ഇവനെ നടക്കാൻ കൊണ്ടുപോകാൻ എന്നെ ഏല്പിച്ചു.

റസ്റ്റി മുൻപോട്ടു പിടിച്ചു വലിക്കാൻ തുടങ്ങിയതുകൊണ്ട് മിത്രയും അവന്റെ കൂടെ നടക്കാൻ തുടങ്ങി. അവൾക്കൊപ്പം അഭിനന്ദനും.

" സോറി അന്നു കുറച്ച് തിരക്കായിപ്പോയി. അതാണ് പെട്ടെന്ന് മീറ്റിംഗ് വൈൻഡ് അപ്പ് ചെയ്യേണ്ടി വന്നത് .

അയാളുടെ ശബ്‍ദത്തിൽ  ക്ഷമാപണം ഉണ്ടായിരുന്നു .

“നിങ്ങളുടെ പ്രപ്പോസൽ ഞാൻ വായിച്ചു. അത് സി. എസ്സ്. ആർ. നോക്കുന്ന ടീമിന് അയച്ചിട്ടുണ്ട് .. ”

കേട്ട കാര്യം മിത്രയെ അത്ഭുതപ്പെടുത്തി. അഭിനന്ദന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു..

" ഒരു പാട് നന്ദി.. ”

അന്ന് ഓഫീസിൽ വെച്ച് കണ്ട ആളേയല്ല , 

മുഖത്തു സൗഹൃദഭാവം, ചുണ്ടിൽ പുഞ്ചിരി..

"ഇവിടെ അടുത്താണോ താമസം.." അയാൾ ചോദിച്ചു .

“അതേ ..”

" ഞാനും...”

അയാൾ ദൂരേയ്ക്ക് കൈചൂണ്ടി കാണിച്ചു .

അവൾ ദിവസവും കടന്നു പോകുന്ന ഒരു പടുകൂറ്റൻ ബംഗ്ലാവ് . അതുവഴി കടന്നുപോകുമ്പോൾ പലപ്പോഴും ഓർത്തിരുന്നു .. അത് ആരുടേതാണെന്ന് .

റസ്റ്റിയുടെ തലയിൽ അയാൾ തലോടി . അവനും പരിചയഭാവത്തിൽ ആ തലോടൽ ആസ്വദിച്ചു നിന്നു.

അഭിനന്ദനും സംഘമിത്രക്കുമിടയിൽ മൂകത പടർന്നു . എങ്കിലും ജിജ്ഞാസ അടക്കാൻ സാധിക്കാതെ മിത്ര ചോദിച്ചു..

" ഫണ്ട് കിട്ടുമോ .. ?" അതിനുവേണ്ട ഡോക്യൂമെന്റസ് ഒക്കെ ഞാൻ അറ്റാച്ച് ചെയ്തിരുന്നു .. ”

"നമുക്ക് നോക്കാം , വാക്കു പറയുന്നില്ല . എന്നാലും ഐ വിൽ ട്രൈ മൈ ലെവൽ ബെസ്റ്. 

ഈ ഫിനാൻഷ്യൽ ഇയറിലെ ഫൻഡ്സ്  , ആൾമോസ്റ്റ് കഴിഞ്ഞു .

അടുത്ത വർഷത്തേക്ക് പ്രിയോറിറ്റി നൽകാം.."

പിന്നെ , ഞാൻ അന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരം തന്നില്ല.. "

"എന്താ ഐ. ടി. ജോലി വിട്ട കാര്യമാണോ ..

അന്ന് പറഞ്ഞത് സത്യമാണ്.  ഇപ്പോൾ  ഞാൻ ചെയ്യുന്നതാണ് എൻ്റെ ഉൾവിളിയെന്നു തോന്നി.. "

" നമ്മൾ ഇതിനുമുൻപേ ഒരിക്കൽ കണ്ടിട്ടുണ്ട് , ഐ. ഐ. ടി. യിൽ നിന്നും പാസ്സായി വളരെനാളുകൾ ആകുന്നതിനു മുൻപേ ..

സംഘമിത്ര പോയിക്കഴിഞ്ഞാണ് , നമ്മൾ തമ്മിൽ കണ്ടത് എനിക്ക് ഓർമ്മ വന്നത്.. "

" ആണോ എനിക്ക് ഓർമ്മ കിട്ടുന്നില്ല.. "

" ഞാൻ കമ്പനി ജസ്റ്റ് ആരംഭിച്ച സമയം , ഞങ്ങളുടെ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ സംഘമിത്രയും  ബാലമുരുകനും ചേർന്നാണ് ചെയ്തു തന്നത് .."

വിശ്വാസം വരാതെ അവൾ അയാളെ നോക്കി .

" എനിക്കന്നു ഷോളിങ്കനെല്ലൂരിൽ ഒരു ചെറിയ ഓഫീസ് ഉണ്ടായിരുന്നു.. "

" എനിക്ക് ഓർമ്മ വരുന്നു..

അന്ന് ആ കമ്പനിയുടെ പേര് അരുൾ ആൻഡ് നന്ദൻ എന്നായിരുന്നു.. "

"അതെ അരുൾ പെട്ടെന്ന് ഒരു ദിവസം ഈ ലോകത്തോട് യാത്ര പറഞ്ഞു.."

"ഞാൻ ഫേസ്‍ബുക്കിൽ കണ്ടിരുന്നു..."

ബാലമുരുകനുമായി കുറച്ചു നാൾ മുൻപ് വരെ കോൺടാക്ട് ഉണ്ടായിരുന്നു .. ഈവൻ ഐ അറ്റെൻഡഡ്‌ ഹിസ് മാര്യേജ് .. "

" എപ്പോഴോ ഒരിക്കൽ , നിങ്ങൾ പിരിഞ്ഞെന്നും  സംഘമിത്ര അമേരിക്കയിൽ സെറ്റിൽ ആയെന്നും പറഞ്ഞു.. "

അപ്പോഴേക്കും റസ്റ്റി അവരെ വിട്ടു കുറെ ദൂരം തനിയെ പോയിരുന്നു .

" അയ്യോ റസ്റ്റി ... എന്നു പറഞ്ഞിട്ട് , അവൾ വേഗം മുന്നോട്ടുനടന്ന് അവന്റെ ലീഷ് കൈയിൽ എടുത്തു .

അഭിനന്ദന് അപ്പോൾ ഒരു ഫോൺ വന്നു .

അയാൾ സംസാരിച്ചുകൊണ്ടു നടന്നു നീങ്ങി.  

കൈ ഉയർത്തി, പിന്നെ വിളിക്കാം എന്ന് ആംഗ്യം കാണിച്ചിട്ട് അയാൾ കാറിൽ കയറി പോയി .

തുടരും...

Read More: https://emalayalee.com/writer/186

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക