നാടകങ്ങൾ എഴുതിയിരുന്ന കാലത്ത് അതിലെ ആശയ സംഘട്ടനങ്ങൾ രൂപപ്പെടുത്താനായി വേനൽക്കാലങ്ങളിൽഞാൻ ചില യാത്രകൾ നടത്തിയിരുന്നു. എവിടെയാണ് പോകുന്നതെന്ന് ഭാര്യയോട് പോലും പറയുകയില്ല. പറഞ്ഞാൽ ഒരുപക്ഷേ അവൾ അപ്പനമ്മമാരെ വിളിച്ചു പറഞ്ഞ് തടസ്സം സൃഷ്ടിച്ചേക്കും എന്ന ഭയം മൂലമാണ്പറയാതിരുന്നിട്ടുള്ളത്. സന്ധ്യക്കെ തിരിച്ചെത്തുകയുള്ളു എന്ന് മാത്രം പറയും. രാവിലെ ഏതെങ്കിലുംചായക്കടയിൽ നിന്ന് രണ്ടു കഷ്ണം പുട്ടും, ഒരേത്തപ്പഴവും, ചായയും കഴിക്കും. പിന്നെ രണ്ടു മൈൽ നടന്നുവനത്തിൽ കയറും. അര മൈൽ കൂടി നടന്നാൽ പുഴയിലെത്തും. പോത്തുകുഴി എന്നാണ് ആഭാഗത്തിന് പേര്. ഗണപതി, തോണിക്കുഴി, കാക്ക മുതലായ കുറെ കുഴികളും കൂടി മുകൾ ഭാഗത്തുണ്ട്. മുള്ളരിങ്ങാടൻ മലനിരകളിൽ നിന്നാരംഭിച്ച് പരീക്കണ്ണി, കുത്തുകുഴി ഭാഗങ്ങൾ പിന്നിട്ട് കോതമംഗലം കൂടി കക്കടാശേരിയിൽ വച്ച്മൂവാറ്റു പുഴയാറിൽ ലയിക്കുന്ന ഈ പുഴ മൂന്നു പുഴകൾ സംഗമിക്കുന്ന മൂവാറ്റു പുഴയുടെ ഒരു പുഴയാണ്. പുഴയിൽവെള്ളം കുറവായതു കൊണ്ട് മിനുത്ത പാറക്കല്ലുകൾ അടുക്കി വച്ചതു പോലെ പരന്നും, ഉയർന്നുമായിനിൽക്കുന്നുണ്ട്. അതിലൂടെ ചവിട്ടിയും ചാടിക്കടന്നുമാണ് മുകൾ ഭാഗത്തേക്കുള്ള യാത്ര.
ഗണപതിയിൽ എത്തുമ്പോൾ മരച്ചാർത്തുകൾ തണൽ വിരിക്കുന്ന മിനുത്ത പാറപ്പുറത്ത് കുറെ കിടക്കും. ഒരുവശത്തുകൂടി നവ വധുവിനെപ്പോലെ നാണം കുണുങ്ങി പാറകളിൽ തട്ടി പതഞ്ഞൊഴുകുന്ന യുവതിയായ പുഴ. സഹസ്രാബ്ദങ്ങളുടെ കാലടിപ്പാടുകൾ പതിഞ്ഞു മിനുസമായിത്തീർന്ന പാറക്കൂട്ടങ്ങൾ. നനഞ്ഞ പാറയിലെ നറുംപായലുകൾ നക്കി നക്കി പുളക്കുന്ന കല്ലേമുട്ടി മീനുകൾ. വനശീതളിമയിൽ പാടിപ്പറക്കുന്ന കാക്കാംപീച്ചികളും, കാക്കക്കുയിലുകളും. പകലിരവില്ലാതെ വീണമീട്ടി പാടിപ്പാടി മരിക്കുന്ന ചീവീടുകൾ.
ദൈവവും പ്രകൃതിയും മനുഷ്യനും ഇവിടെ ഒരേ നേർരേഖയിൽ വരുന്നതായി എനിക്ക് തോന്നും. മനസിന്റെമായാലോകത്തു നിന്നും കഥയും, പാത്രങ്ങളും, സംഭാഷണങ്ങളും, സംഘട്ടനങ്ങളും ഒഴുകിയൊഴുകി വന്നുകൊണ്ടേയിരിക്കും. എഴുതാൻ എന്റെ കയ്യിൽ ഒന്നുമില്ല. മനസിൽ എവിടെയോ അനവരതംഎഴുതിക്കൊണ്ടേയിരിക്കും. ഇത്തരം ഒരു യാത്ര പൂർത്തിയാവുമ്പോളേക്കും ഒരു നാടകം മുഴുവനുമായി എന്റെമനസിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കും. പിന്നെ വീട്ടിലെത്തിയാൽ സൗകര്യം പോലെ അത്കടലാസിലേക്ക് പകർത്തിയാൽ മതി. ഞാനെഴുതിയിട്ടുള്ള മിക്ക നാടകങ്ങളും ഇത്തരം വനയാത്രകൾക്കു ശേഷംഎഴുതിയിട്ടുള്ളതാണ്.
ഗണപതിയിൽ നിന്നും നേരെ വടക്കു കിഴക്കോട്ടു വനത്തിലൂടെ നടന്നാൽ പിന്നെ കുത്തനെയുള്ള കയറ്റമാണ്. മീനുളിഞ്ഞാൻ മുടി ( മല ) യുടെ തെക്കേ ചെരിവാണത്. ആ ചെരിവ് കുത്തനേ കയറി മുകളിലെത്തിയാൽ പിന്നെനിരപ്പാണ്. ഈ നിരപ്പിലൂടെ കിഴക്കോട്ടു നടന്നാൽ നേര്യമംഗലം ഭാഗത്തു കൂടി കടന്നു പോകുന്നഇടുക്കിയിലേക്കുള്ള റോഡിൽ ഇറങ്ങാം. മല മുകളിലൂടെ നടന്നു പോകുമ്പോൾ താഴെ ചെമ്പൻകുഴി ( ഈചെമ്പൻകുഴി സ്‌കൂളിൽ ആർ. എസ് . തീയറ്റേഴ്സിന്റെ കാലത്ത് ഞങ്ങൾ നാടകം അവതരിപ്പിച്ചുണ്ട്.) നീണ്ടപാറഭാഗത്തു കൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന കൃശ ഗാത്രിയായ പെരിയാർ കാണാം. സാധാരണ ഗതിയിൽ അവിടംവരെ പോയാൽ രാത്രിയായിപ്പോകും. റോഡിലിറങ്ങിയാൽ പിന്നെ ബസ് കിട്ടാൻ പ്രയാസമാകും. ഒരിക്കൽ ഇത്തരംഒരബദ്ധം പറ്റിയത് കൊണ്ട് പിന്നീടുള്ള യാത്രകളിൽ സന്ധ്യക്ക് മുമ്പ് നേര്യമംഗലത്തിനു രണ്ടുമൂന്നു മൈൽപിന്നിലുള്ള തലക്കോട് എന്ന സ്ഥലത്ത് റോഡിലിറങ്ങി തിരിച്ചു പോരും.
തികച്ചും അര വട്ട് എന്നും, അപകടകരം എന്നും മറ്റുള്ളവർക്ക് തോന്നിയേക്കാവുന്ന ഇത്തരം ഏകാന്ത യാത്രകൾകുറേ വർഷങ്ങളിൽ പതിവായി ഞാൻ നടത്തിയിരുന്നു. ആദ്യ കാലങ്ങളിൽ മുള്ളരിങ്ങാടിനും, വണ്ണപ്പുറത്തിനുംഇടയിൽ ഉയർന്നു നിൽക്കുന്ന ' തീയെരിയാൻ മുടി ' യുടെ മുകളിലൂടെയായിരുന്നു യാത്ര. മലമുകളിലെനിരപ്പിലൂടെ കിഴക്കോട്ടു നടന്നാൽ മുള്ളരിങ്ങാട്ടോ, വണ്ണപ്പുറത്തോ ഇറങ്ങി തിരിച്ചു പോരാം. മുകളിൽ നിന്ന്നോക്കുമ്പോൾ ഇരു വശങ്ങളിലുമായി കോടമഞ്ഞു പുതച്ചുറങ്ങുന്ന ഈ മലമടക്കുകളിലൂടെ ഇപ്പോൾ വണ്ണപ്പുറം - മുള്ളരിങ്ങാട് ടാർ റോഡും, ബസ് സർവീസുമുണ്ട്. തീയെരിയാന്റെ ഇരു വശങ്ങളിലുമായി ധാരാളം കയ്യേറ്റക്കാർഭൂമി കയ്യേറി താമസം തുടങ്ങിയത് കൊണ്ട് ആ വഴിയുള്ള യാത്രകൾ അവസാനിപ്പിക്കുകയാണുണ്ടായത്.
വലിയ പ്രകൃതി നാശം സംഭവിക്കാതെ മീനുളിഞ്ഞാൻ ഇപ്പോഴും നിലവിലുണ്ട്. മീനുളിഞ്ഞാന്റെ മുകളിൽനിന്നാരംഭിക്കുന്ന അള്ളുങ്ങൽ തോട് ചുള്ളിക്കണ്ടം എന്ന സ്ഥലത്ത് വച്ച് പുഴയിൽ ചേരുന്നു. ജല സമൃദ്ധമായഈ തോട് പിറവിയെടുക്കുന്ന മീനുളിഞ്ഞാൻ മുടിയുടെ മുകളിൽ ' ആലി വീണ കുത്ത് ' എന്ന വെള്ളച്ചാട്ടമുണ്ട്. മഹാരാജാവിന്റെ കാലത്തെന്നോ മുറിച്ചിട്ട മരങ്ങൾ വലിച്ചു മാറ്റാനെത്തിയ ഒരാനയും, ആനക്കാരനായ ആലിയും, ആന വലിച്ചിരുന്ന മരവും കൂടി ഈ കുത്തിൽ വീണു കാലപുരി പൂകിയെന്നും, അന്ന് മുതൽക്കാണ് ഈ കുത്ത് ( വെള്ളച്ചാട്ടം ) ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയതെന്നും പഴമക്കാർ പറയുന്നു.
നാട്ടുകാരുടെ വിവരണങ്ങളിൽ ആലി വീണ കുത്ത് ഒന്നേയുള്ളൂ എന്നാണ് കേൾവി. ഏറ്റവും താഴത്തുള്ള ഏറ്റവുംവലിയ കുത്ത്. ആലി വീണ കുത്തിൽ നിന്ന് വീണ്ടും മുകളിലേക്ക് ചെന്നാൽ മീനുളിഞ്ഞാൻ മുടിയുടെവിവിധങ്ങളായ മടക്കുകളിൽ നിന്ന്, കരിമ്പാറകളെ തഴുകി താഴേക്ക് നിപതിക്കുന്നതും, ആലിക്കുത്തിനോളംതന്നെയോ, അതിലും ചെറുതോ ആയ ആറോ, ഏഴോ കുത്തുകൾ കൂടിയുണ്ടെന്ന് ഞാൻ ഒറ്റക്ക് നടന്ന്കണ്ടെത്തിയിട്ടുണ്ട്. നേച്വർ ടൂറിസത്തിനു വിശാല സാധ്യതകളുള്ള ഈ മേഖല ഇത് വരെയും വേണ്ടപ്പെട്ടവരുടെകണ്ണിൽ പെട്ടിട്ടില്ലാ എന്ന് തോന്നുന്നു.
ഇത്തരം വനയാത്രകളിൽ ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത് വിശപ്പാണ്. ഭക്ഷണം കരുതിക്കൊണ്ടുപോകുന്ന ഒരു ശീലം പണ്ടേ എനിക്കില്ല. ( അങ്ങിനെ ചെയ്‌താൽ ഭാര്യ രഹസ്യം കണ്ടു പിടിക്കും എന്ന ഭയവുംഉണ്ട്.) ഉച്ച കഴിയുന്നതോടെ കഴിച്ച പുട്ടും പഴവും, ചായയുമൊക്കെ തീരും. പകുതി വഴി ആയിട്ടുമില്ല. വിശപ്പ് തീരെസഹിക്കാൻ പറ്റാതെ വരുമ്പോൾ ' വെട്ടി ' എന്ന് പേരുള്ള മരത്തിന്റെ തളിരിലകൾ കുറച്ചൊക്കെ ചവച്ച് തിന്നും. ഒട്ടൊരു ചെറു മധുരവും പുളിയുമുള്ള ഈ ഇലകൾ തിന്ന് അരുവിയിലെ വെള്ളവും കുടിച്ചു കഴിഞ്ഞാൽ വിശപ്പുംക്ഷീണവുമൊക്കെ മാറും. ഒരു സന്ദർഭത്തിൽ അരുവിയിൽ നിന്ന് കിട്ടിയ ' ചില്ലൻകൂരി ' എന്ന മീനിനെപാറപ്പുറത്തിട്ട് അൽപ്പം ഉണക്കി പച്ചക്ക് തിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ( എന്നോ, എവിടെയോ എന്നെപ്പോലെവിശന്നു വലഞ്ഞ ഏതോ ജപ്പാൻ കാരൻ കൈയിൽ കിട്ടിയ മീനിനെ പച്ചക്ക് ശാപ്പിട്ട അനുഭവത്തിൽ നിന്നാകുമോആധുനിക തീൻ മേശകളുടെ അവിഭാജ്യ ഘടകമായി മാറിയ ' സൂഷി ' നിലവിൽ വന്നത് എന്ന് ഇപ്പോൾ ഞാൻസംശയിക്കുന്നുണ്ട്.)
വനത്തിൽ മുഴുവൻ പാമ്പാണ് എന്നൊരു സംസാരമാണ് നാട്ടിലുള്ളത്. ഈ യാത്രകളിൽ ഒരിക്കൽ പോലുംഞാനൊരു പാമ്പിനെ കണ്ടിട്ടില്ല. കാട്ടു മൃഗങ്ങളും എന്റെ കണ്മുന്നിൽ വന്നിട്ടില്ല. എന്നെക്കണ്ട് ഭയന്നിട്ടാണോഎന്നറിയില്ല, പത്തോളം വരുന്ന ഒരു പന്നിക്കൂട്ടം കുറച്ചു ദൂരേക്കൂടി കല്ലുരുട്ടി, കാട് കുലുക്കി പാഞ്ഞു പോകുന്നത്കണ്ടിട്ടുണ്ട്. പിന്നെ കാണാറുള്ളത് കാട്ടു കോഴികൾ. ആളനക്കം കണ്ടാൽ അതിവേഗത്തിൽ അവ അകലങ്ങളിൽഅപ്രത്യക്ഷരായിക്കൊള്ളും. " ഇപ്പപ്പോയാൽ കിഴക്കെത്താം, തത്തിത്തത്തി തിരിച്ചെത്താം " എന്ന റിഥത്തിലുള്ളകാട്ടുകോഴിപ്പൂവൻമാരുടെ പ്രേമ സംഗീതം എവിടെയും കേൾക്കാം എന്നല്ലാതെ അവയെ നേരിട്ടു കാണുക വളരെവിഷമമാണ്.
( കാട്ടിൽ വച്ച് പാമ്പുകളെ കണ്ടിട്ടില്ലെങ്കിലും, ഒരു വലിയ മൂർഖൻ പാമ്പിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടഒരനുഭവവും എനിക്കുണ്ട്. ഞാറക്കാട്ടു നിന്ന് പാറത്തോട്ടിൽ താമസമാക്കിയ എന്റെ അമ്മയുടെ അപ്പനെ കാണാൻപോയതാണ് ഞാൻ. പാറത്തോട്ടിൽ നിന്നും കുറെയേറെ മൈലുകൽക്കലെയുള്ള പതിനാറാം കണ്ടം എന്നസ്ഥലത്ത് അപ്പൻ കുറെ ഭൂമി സ്വന്തമാക്കിയിരുന്നു. ഞാൻ ഒരു ഗതിയും, പരഗതിയുമില്ലാതെ നടക്കുന്ന കാലത്ത്എനിക്ക് കുറെ ഭൂമി തന്ന് ഒരു ജീവിത മാർഗ്ഗം ഉണ്ടാക്കി തരാനായിരുന്നു അപ്പന്റെ പ്ലാൻ.
ആവേശം മൂത്ത് ഞാൻ പാറത്തോട്ടിൽ എത്തുമ്പോൾ അപ്പൻ അവിടെയില്ല, പതിനാറാം കണ്ടത്തിൽ ആണ്. ' ആനയുള്ള വഴിയാണ്, തനിയെ പോകണ്ട ' എന്ന ചാച്ചന്റെയും, വല്യാമ്മയുടെയും മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട്, ആരെയും ഒറ്റയടിക്ക് അനുസരിക്കാൻ മടിയുള്ള ഞാൻ പതിനാറാം കണ്ടത്തിലേക്ക് പുറപ്പെട്ടു. സമയംഉച്ചയായിട്ടുണ്ട്. പാറത്തോട്ടിൽ നിന്ന് കമ്പിളികണ്ടം കൂടി ചിന്നാർ വരെ ഒരു ജീപ്പ് കിട്ടി. അവിടെ നിന്ന് വീണ്ടുംമൈലുകൾ ഉണ്ട് സ്ഥലത്തേക്ക്. ചിന്നാറിൽ ഒരു ചായക്കട ഉണ്ടായിരുന്നതിൽ നിന്ന് ഒരു ചായ കുടിച്ചു. ചായക്കടയിൽ വച്ച് മുരിക്കാശേരിക്ക് പോകുന്ന രണ്ടു പേരെ കണ്ടു മുട്ടി. ഒരു മധ്യ വയസ്ക്കനും, മകനും.
അനാഘ്രാതയായ ഒരു ഒരു നാടൻ പെണ്ണിനെപ്പോലെ മനോഹരിയായിരുന്നു അന്ന് ചിന്നാർ. കുണുങ്ങിയൊഴുകുന്ന ചിന്നാറിനു മുകളിലൂടെ ഒരു മരത്തടി പാലമായി ഉണ്ടായിരുന്നു. അതിലൂടെ നടന്നുഅക്കരെയെത്തി. ഇനിയുള്ളത് വെറും നടപ്പു വഴിയാണ്. ചുറ്റും കാട്ടുപുല്ലുകൾ വളന്നു നിൽക്കുന്ന വഴി. അതിലൂടെ പതിനാറാം കണ്ടത്തിൽ എത്താനുള്ള മാർഗ്ഗമൊക്കെ മുന്നമേ ഞാൻ അന്വേഷിച്ചു അറിഞ്ഞിരുന്നു. ചിന്നാറിൽ നിന്ന് ചാലെയുള്ള കയറ്റമാണ്. സ്വന്തം കാര്യങ്ങൾ പരസ്പരം പറഞ്ഞ് അപ്പനും മകനും മുൻപേ. സമൃദ്ധമായ വന സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഞാൻ കുറച്ചു പിറകിൽ. പുൽവഴി കഴിഞ്ഞാൽ പിന്നെ കുറെ ദൂരംഏലക്കാടാണെന്നും, അവിടെ ആനയുണ്ടാവാൻ ഇടയുണ്ടെന്നുമാണ് ചാച്ചൻ പറഞ്ഞിരിക്കുന്നത്.
സമയം രണ്ടു മണി കഴിഞ്ഞു കാണണം. മുരിക്കാശേരിക്കുള്ളവർ വഴി തിരിഞ്ഞു പോയി. ' സൂക്ഷിച്ചു പോകണേ ' എന്ന അവരുടെ വാക്കുകളെ ' ഓ! ഇതൊക്കെ എനിക്ക് പരിചയമുള്ള വഴിയാ' എന്ന ഭാവത്തിൽ ഞാൻ തള്ളി. അര മൈൽ കൂടി നടന്നു കാണണം, പെട്ടെന്ന് കാൽച്ചുവട്ടിൽ പുൽത്തലപ്പുകളിൽ ഒരിളക്കവും പിടച്ചിലും. ഞാൻനോക്കുമ്പോൾ എന്റ മുട്ടിനും മുകളിൽ വരുന്ന പൊക്കത്തിൽ തലയുയർത്തി നിന്ന് ഉലക്കയോളം വണ്ണമുള്ള ഒരുമൂർഖൻ ചീറ്റുകയാണ്. വിടർന്ന പത്തിയിൽ വെയിലിൽ വെട്ടിത്തിളങ്ങുന്ന കടുത്ത നീല നിറം. ഒന്നാഞ്ഞാൽഎന്നെ കൊത്താവുന്ന അത്ര അടുത്താണ് കക്ഷി. ഒന്നേ നോക്കിയുള്ളൂ. തിരിച്ചൊരൊറ്റയോട്ടമാണ്. പാമ്പ് എന്റെപിന്നാലെയുണ്ടെന്നാണ് എന്റെ ധാരണ. ഇറക്കമായതു കൊണ്ട് ഓടിയും, പറന്നുമാണ് ചിന്നാറിലെത്തി നിന്നത്. തടിപ്പാലത്തിൽ കയറി നിന്ന് ഒന്ന് തിരിഞ്ഞു നോക്കി. ഒന്നും സംഭവിച്ചിട്ടില്ല. പുൽ നാമ്പുകൾ തലയാട്ടുന്നു. ആരെയോ തേടിയുള്ള അനന്തമായ യാത്ര പോലെ ചിന്നാർ കുണുങ്ങിയൊഴുകുന്നു.
പിറ്റേ ദിവസം ചാച്ചനോടൊപ്പം അപ്പനെ പോയിക്കണ്ടു. കുടിയേറ്റ മേഖലയിൽ കുറച്ചാളുകൾ. ഏറുമാടം കെട്ടിഅതിലാണ് വാസം. പന്ത്രണ്ടു വയസുള്ള മന്ദ ബുദ്ധിയായ മകനോടൊപ്പം ഒറ്റക്ക് ഏറു മാടത്തിൽ താമസിക്കുന്നയുവതിയായ ഒരമ്മയെയും ആ യാത്രയിൽ കണ്ടു. ഇഷ്ടമുള്ള ഭാഗത്ത് രണ്ടേക്കർ തെളിച്ചെടുത്തോളാൻ അപ്പൻപറഞ്ഞു. അപ്പനോടും, ചാച്ചനോടും ഒപ്പം തിരിച്ചു പൊന്നു. പോരും വഴിയിൽ ഏലക്കാട്ടിലെ വഴിയിൽ ആവിപറക്കുന്ന ആനപ്പിണ്ടം. അടുത്ത കാടുകളിലെവിടെയോ നിന്ന് ആനക്കൂട്ടത്തിന്റെ ചിന്നം വിളി. ' ഒച്ചയുണ്ടാക്കരുത് ' എന്ന അപ്പന്റെ വാക്കുകളുടെ മറപറ്റി ഏലക്കാടിനു പുറത്തു കടന്നു പോരുമ്പോൾ ഞാൻകണ്ടു, തലേ ദിവസം എന്നെ തിരിച്ചോടിച്ച മൂർഖന്റെ മേഖല. ഒന്നെനിക്കു മനസ്സിലായി ഇന്നലെ ആ സുഹൃത്ത്എന്നെ തിരിച്ചോടിച്ചില്ലായിരുന്നെങ്കിൽ, സന്ധ്യയോടെ ആ ആനക്കൂട്ടിൽ അകപ്പെട്ട് എന്റെ ചരിത്രം മറ്റൊന്നായിതീരുമായിരുന്നു എന്ന്. വീട്ടിലെത്തി വിവരം പറയുമ്പോൾ 'അമ്മ തീരെ സമ്മതിക്കുന്നില്ല. " ഉള്ള കഞ്ഞി കുടിച്ചുവീട്ടിൽ കിടന്നാൽ മതി " എന്ന് കൽപ്പന. )
ഒട്ടും ഭയമില്ലാതെ നമ്മുടെ അടുത്തെത്തി കഴുത്തു ചരിച്ചു നമ്മളെത്തന്നെ നോക്കി നിൽക്കുന്ന ഒരു പക്ഷിയുണ്ട്. ' കല്ലിറുങ്ങാണി ' എന്നാണ് വിളിപ്പേര്. ( വല്ല ശാസ്ത്രീയ നാമവും ഉണ്ടാവാം, അറിയില്ല ) പാറയും വെള്ളവുംഒക്കെച്ചേർന്ന പരിസരങ്ങളാണ് ഏറെയിഷ്ടം. നമ്മൾ അനങ്ങാതെ ഒരിടത്ത് ഇരിക്കുകയാണെങ്കിൽ നീലയും, പച്ചയും, ചുവപ്പുമണിഞ്ഞ ഈ സുന്ദരികൾ വളരെ അടുത്തെത്തി അത്ഭുതത്തോടെ നമ്മളെത്തന്നെനോക്കികൊണ്ടിരിക്കും, നമ്മൾ അനങ്ങുന്നത് വരെ. നമ്മൾ അനങ്ങിയാൽ പേടിച്ചരണ്ട് " കൊക്കരക്കി, കൊക്കികൊക്കി " എന്ന് കരഞ്ഞു കൊണ്ട് ദൂരേക്ക് പറന്നു പോകും. മീനുളിഞ്ഞാൻ മുടിയുടെ പാറമടക്കുകളിലെവെള്ളച്ചാട്ടങ്ങൾക്കരികിൽ നൂറു കണക്കിന് കല്ലിറുങ്ങാണികളെ ഞാൻ കണ്ടു മുട്ടിയിട്ടുണ്ട്. ( ഈ പക്ഷികൾമലർന്നു കിടന്നാണ് ഉറങ്ങുന്നതെന്നും, കാലുകൾ ഉയർത്തി വിരലുകൾ നിവർത്തി വച്ചിരിക്കും എന്നും, ആകാശംഇടിഞ്ഞു വീണാൽ തടുക്കാനാണ് അങ്ങിനെ ചെയ്യുന്നതെന്നും, ഞാൻ ബാലനായിരിക്കുമ്പോൾ ഞാറക്കാട്ടുള്ളകാഞ്ഞാമ്പുറം പാറപ്പുറത്ത് വച്ച് കണ്ടു മുട്ടിയ ഒരു കല്ലിറുങ്ങാണിയെ ചൂണ്ടി 'അമ്മ പറഞ്ഞു തന്നിട്ടുണ്ട്.)
‘ പാടുന്നു പാഴ്മുളം തണ്ടു പോലെ ‘എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്.