വിശ്വവിഖ്യാത തൂലികക്കാരി Kamala Das എഴുതിയ ഒരു ആംഗലേയ കവിതയുണ്ട്. Punishment in Kindergarten എന്നാണ് അതിൻ്റെ ശീർഷകം. കുട്ടിക്കാലത്തെ പഠനാനുഭവ നോവുകളെയാണ് അവർ ആ കവിതയിൽ വരഞ്ഞിട്ടത്. ആ കവിത ഇന്ന് ഒരു തവണ കൂടി ഞാൻ വെറുതെയൊന്ന് വായിച്ചു. ആ വരികൾ ഏറെ ഹൃദയ സ്പർശിയായാണ് എനിക്ക് തോന്നിയത്. കുട്ടിക്കാലത്തെ അധ്യാപകരെ മുഴുവൻ ഓർത്തുവെക്കുന്നത് കൊണ്ടായിരിക്കാം അത്. ആ കവിത ഇന്ന് വായിക്കാനും ഇവിടെ പറയാനും ഒരു കാരണമുണ്ട്.
ഈ കവിതയിൽ പറഞ്ഞ അധ്യാപകരെ പോലെയല്ലാത്ത അതിൻ്റെ നേർ വിപരീതക്കാരായ നിരവധി ഗുരുവര്യരാൽ അനുഗ്രഹീതനാണ് ഈ കുറിപ്പുകാരൻ. അങ്ങനെയുള്ള ഒരു മനുഷ്യൻ - എൻ്റെ പ്രിയ ഗുരുനാഥൻ പ്രൊഫ. പി.പി അബ്ദുൾ റഷീദ് സാർ Abdul Rasheed ഇന്ന് ഇവിടെ ക്യാമ്പസിൽ വന്നിരുന്നു. ഫോണിലൂടെ പലപ്പോഴും സംസാരിക്കാറുണ്ടെങ്കിലും നേരിട്ട് കാണലും സംസാരിക്കലും വിരളമായിരുന്നു. തലമുറകൾ കടന്നു പോയ ഇവിടുത്തെ ക്യാമ്പസിലെ അത്തിമരച്ചുവട്ടിലെ സ്റ്റോൺ ബെഞ്ചിലിരുന്ന് ഞങ്ങൾ പഴയതും പുതിയതുമായ കുറേ കാര്യങ്ങൾ സംസാരിച്ചു.
സാറിൻ്റെ പഴയ അലീഗർ പഠനകാലത്തെ കഥകളും അവിടെ നിന്നും ഇകണോമിക്സിന് പുറമെ ലൈബ്രറി സയിൻസ് പഠിച്ചതും പിന്നീട് വ്യത്യസ്ത ഇടങ്ങളിൽ ജോലി ചെയ്ത കാലയളവിലെ അനുഭവങ്ങളും കഥകളുമൊക്കെയായി കുറെ സംസാരിച്ചിരുന്നു. അതിലെ നടന്നു പോയ വിദ്യാർത്ഥി സുഹൃത്തുകളിൽ ചിലർ ഞങ്ങളുടെ അടുത്ത് വന്ന് ലോഹ്യം പറഞ്ഞു. സംസാരത്തിനിടെ ഒരു കുട്ടിയോടെ സാറ് പറഞ്ഞു I am 76 years old. അതിലും വലിയ ശുജായിയായ ഓള് എൻ്റെ സാറോട് ചോദിച്ചു - "സാറെ ഇങ്ങള് മമ്മൂട്ടിൻ്റെ കുടുംബക്കാരാണോ?". സാറ് ആ തമാശ ശരിക്കുമാസ്വദിച്ചു.
റഷീദ് സാറ് പുസ്തകം വായിക്കുന്നതുപോലെ വായിക്കാൻ പഠിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊരു റീഡിംഗ് കൾച്ചറായിരുന്നു. ഒരു പെൻസിലും സ്കെയിലും നോട്സും പേനയും അടുത്ത് വെച്ചായിരിക്കും സാറ് വായിക്കാനിരിക്കുന്നത്. വായിച്ചതിന് താഴെ മനോഹരമായി അടിവരയിട്ട് സൂക്ഷിച്ചിട്ടുണ്ടാകും. സാറിൻ്റെ കൈപ്പട(Handwriting)യും അത്യാകർശകമാണ്. മുമ്പ് എഴുതിത്തന്ന ഏതൊക്കയോ കുറിപ്പുകൾ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
കുറച്ചായി സാറ് താടി നീട്ടിയിട്ടുണ്ട്; താടിയും മുടിയും വെള്ള കളറായിട്ടുമുണ്ട്. ഈ കാര്യങ്ങളൊഴിച്ചാൽ വേറെ പ്രത്യേക മാറ്റങ്ങളൊന്നുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. പഴയ പ്രസരിപ്പും വാചാലതയുമെല്ലാം ഒട്ടും കുറയാതെ ഇപ്പോഴുമുണ്ട്. ശുഗറും ബ്ലഡ് പ്രഷറുമൊക്കെ ഇപ്പോൾ വേണ്ടുവോളമുണ്ട്. അതിന് മെഡിസിൻ ഉപയോഗിക്കുന്നുണ്ട് എന്നും പറഞ്ഞു. മാഷ് ആത്മാർത്ഥതയുടേയും കഠിനാധ്വാനത്തിൻ്റെയും പര്യായമാണ്. എന്നും വലിയ സ്വപനങ്ങൾ കാണാനും അവ കരഗതമാക്കാനും നേരിൻ്റെയും ന്യായത്തിൻ്റേയും വഴിയിൽ മാത്രം നിലകൊള്ളാനും ഒരാളുടെ മുന്നിലും നട്ടെല്ല് വളക്കാതെ സംസാരിക്കാനും പ്രചോദനം നൽകുന്ന അധ്യാപന ജീവിതമായിരുന്നു സാറിൻ്റേത്. ആയുരാരോഗ്യത്തോടെ ഇനിയുമൊരുപാട് ജീവിത കർമ്മങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സാറിനാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
°°°° °°°° °°°°° °°°°° °°°°°°
വിശ്വവിഖ്യാത റഷ്യൻ തൂലികക്കാരൻ മാക്സിം ഗോർക്കി എഴുതിയ My University Days എന്ന കൃതി വിദ്യാർത്ഥികളും അധ്യാപകരും ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. റഷ്യയിലെ കസാനി(Kazan)ലെ പാർശ്വവൽക്കരിക്കപ്പെട്ട അടിസ്ഥാന തൊഴിലാളി വർഗ ജനവിഭാഗങ്ങൾക്കിടയിൽ അവരിലൊരാളായി ജീവിക്കുകയും അവർ നേരിടുന്ന നീറുന്ന ജീവിതാനുഭവങ്ങൾ നേരിട്ടനുഭവിക്കുകയും Kazan University യിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള ശ്രമത്തിനിടെ അത് പൂർത്തീകരിക്കാൻ കഴിയാതെ പോവുകയും ചെയ്ത ഒരു പച്ച മനുഷ്യൻ്റെ ആത്മകഥ (Autobiography) ഉൾക്കൊള്ളുന്ന കൃതിയാണിത്. യഥാർത്ഥത്തിൽ തെരുവുകളിലും തൊഴിലിടങ്ങളിലും അദ്ദേഹം നേരിട്ട ജീവിതത്തിൻ്റെ കഠിനമായ യാഥാർത്ഥ്യങ്ങളാണ് അദ്ദേഹത്തിൻ്റെ "സർവകലാശാല" എന്ന് വിമർശനാത്മകമായി നൽകിയ ആ ശീർഷകം!
ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂനിവാഴ്സിറ്റി - സെകൻ്റ് UG വിദ്യാർത്ഥികളുടെ റിസൾട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ Regional College ലെ വിദ്യാർത്ഥികൾ മിന്നും ജയമാണ് കരഗതമാക്കിയിട്ടുള്ളത്. അതിൽ ഏറെ സന്തോഷം തോന്നിയത് സോഷ്യോളജി ഡിപ്പാർട്ട്മെൻ്റിലെ സെകൻ്റിയർ വിദ്യാർത്ഥികളുടെ വിജയമാണ്. ആ ക്ലാസിൽ വൈകി വരുന്ന കുട്ടികളെ കുറിച്ചന്വേഷിച്ചപ്പോൾ ഒരു കാര്യം ഗ്രഹിക്കാനായി. മാക്സിം ഗോർക്കി എഴുതിയത് പോലെ ജീവിത യാഥാർത്ഥ്യങ്ങളുടെ കണക്കുപുസ്തകത്തിലെ പറ്റു തീർക്കാൻ രാവും പകലും പണിയെടുക്കുന്ന മക്കളാണ് അവരിലധികവും. അവരോട് ഇഷ്ടവും ബഹുമാനവും മാത്രം.
പലപ്പോഴും പലരും ആ കുട്ടികളെ തള്ളിപ്പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സ്നേഹത്തോടെ ചേർത്ത് നിർത്തേണ്ട മക്കളെ അകറ്റി നിർത്തുന്നതിലെ നിർധൈഷണികത എത്ര മോശമാണ്.
Typically അധ്യാപകർ പറയുന്ന ഒരു ക്ലീഷെയുണ്ട് - "കുട്ടികളൊന്നും ശരിയല്ല" എന്നതാണ് ആ സംജ്ഞ! ഒരു മഹിത മാനവ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ഉത്തമരായ ഉൾക്കാഴ്ച്ചയുള്ള അധ്യാപകരെയാണ് സമൂഹത്തിനാവശ്യം.
കാലം മുന്നോട്ടാണൊഴുകുന്നതെന്ന് ഖലീൽ ജിബ്രാൻ. ആ കാലചക്രത്തിൻ്റെ ഹൃദയത്തിൽ കൈയൊപ്പ് ചാർത്താൻ നിങ്ങൾക്കാവട്ടെ കുട്ടികളെ - ഭാവുകങ്ങൾ