മുന്‍കൂര്‍ ജാമ്യം എടുത്തുകൊണ്ടാണ് ഈ എഴുത്ത്.രക്തബന്ധങ്ങള്‍ പരസ്പരം സംശയത്തോടെ നോക്കാന്‍ ഇന്നത്തെ എന്റെ കോളം ഇടയാക്കാതിരിക്കട്ടെ.നമ്മുടെയൊക്കെ ചുറ്റും അദൃശ്യമേറിയ ഒരു ലക്ഷ്മണരേഖയുണ്ട്.ദൈവവും മനുഷ്യരും വരച്ച രേഖകളാണവ.രേഖയുടെ അതിര് വിടരുത്.രസം , തമാശ,ആവേശം തുടങ്ങി ചില പൊന്‍മാനുകള്‍ നമ്മെ മോഹിപ്പിക്കാന്‍ മാരീചനെപ്പോലെ ഒടിയവേഷം കെട്ടി കാത്തിരിപ്പുണ്ട്.അത്തരത്തിലുള്ള മോഹങ്ങള്‍ തകര്‍ത്തുകളഞ്ഞ ചില കുടുംബങ്ങളെപ്പറ്റി പറയാതെ വയ്യ.സമൂഹമധ്യത്തില്‍ തകര്‍ന്നുപോയ കുടുംബങ്ങള്‍..
ഒരാഴ്ച മുമ്പാണ് അവിശ്വസനീയമായ ആ വാര്‍ത്ത ആദ്യം കേട്ടത്.16 വയസ്സ് മാത്രം പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടു.്ല്‍പ്പം കഴിഞ്ഞപ്പോള്‍ കുട്ടി പ്രസവിച്ചു.സുഖപ്രസവം !.ആസ്പത്രി അധികൃതര്‍ പൊലിസില്‍ അറിയിച്ചു.ചൈല്‍ഡ്‌ലൈന്‍ പാഞ്ഞെത്തി. കുഞ്ഞുങ്ങള്‍ പാവക്കുട്ടിയെ അരികില്‍ കിടത്തിയിരിക്കുന്നതുപോലെ , ഒരു കുട്ടിയുടെ അരികില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കുഞ്ഞ് !.പത്തുമുപ്പതു വയസ്സായ പെണ്ണുങ്ങള്‍പ്പോലും എന്നാ ബഹളമാ പ്രസവത്തിനു ലേബര്‍റൂമില്‍ കയറുമ്പോള്‍.ഇവിടെ ദേ പുല്ലുപോലെ ഒരു കൊച്ചിനെ പെറ്റിട്ട്് പെണ്‍കുട്ടി ചുമ്മാ കിടക്കുന്നു.ചോദ്യമായി ,പറച്ചിലായി,കാരണക്കാരനെ അതായത് പീഡിപ്പിച്ച കശ്മലനെ കണ്ടെത്താനുള്ള തിടുക്കമായി.കുറേ ചോദ്യം ആയപ്പോള്‍ കുട്ടി കാര്യം തെളിച്ചു പറഞ്ഞു. അനിയനാണ് കൊച്ചിന്റെ അച്ഛന്‍ !.
എന്നു വച്ചാല്‍ 14 വയസ്സുള്ള സ്വന്തം അനിയന്‍ ചേച്ചിയെ അമ്മയാക്കി.പീഢനം ഒന്നുമല്ലായിരുന്നു.രണ്ടുപേരും ഒരു രസത്തിന് ഏര്‍പ്പെട്ടുതുടങ്ങിയതാണേ്രത.സംഭവം ഇങ്ങനെയൊക്കെയാവുമെന്ന് അവര്‍ക്കറിയില്ലായിരുന്നു.ഇപ്പോഴാ കാര്യങ്ങളുടെ ഗുട്ടന്‍സ് പിള്ളാര്‍ക്ക് പിടികിട്ടിയത്. ആസ്പത്രിയില്‍ പ്രസവിച്ചതുകൊണ്ട് ഒരു കുഞ്ഞുജീവന്‍ രക്ഷപ്പെട്ടു.അല്ലെങ്കില്‍ ഞെക്കിക്കൊന്ന നിലയിലോ,ആറ്റിലെറിഞ്ഞോ ശ്വാസംമുട്ടിച്ചോ ആ പൊടിക്കുഞ്ഞിന്റെ ജഡം കിട്ടുമായിരുന്നു.കുഞ്ഞിനെ ചൈല്‍ഡ്‌ലൈന്‍ കൊണ്ടുപോയി.അല്ലാതെന്തു ചെയ്യാന്‍..14 കാരന്‍ അപ്പനും 16 കാരി അമ്മയുംകൂടെ ഇന്നാട്ടില്‍ അവരുടെ സ്വന്തം വീട്ടില്‍ കുട്ടിയെ വളര്‍ത്തി ജീവിക്കാന്‍ പറ്റുമോ ?.
ആങ്ങള-പെങ്ങള്‍ ബന്ധത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ട സ്ഥിതിക്ക് ആ കുട്ടികള്‍ ഇനി എങ്ങനെ ഒരു കൂരയ്ക്കു കീഴില്‍ ജീവിക്കും .നമ്മുടെ നാട്ടില്‍ ആ കുട്ടികളുടെ ഭാവി എന്താകും.അവരുടെ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും.അവര്‍ക്ക് തക്കസമയം കൗണ്‍സലിംഗ് നല്‍കിയില്ലെങ്കില്‍ അവരുടെ മാനസ്സികാവസ്ഥ എന്താവും ?ഈ സംഭവത്തില്‍ നിയമ നടപടിക്കു സാധ്യതയെങ്ങനെ.എന്തു നിയമനടപടി ?രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍,വാഗ്ദാനങ്ങളോ ഭീഷണികളോ ബ്‌ളാക്ക്‌മെയ്‌ലിംഗോ ഒന്നുമില്ലാത്ത ഒരു ലൈംഗികഇടപെടല്‍.ഒരുപിടി ചോദ്യങ്ങള്‍ ബാക്കി.
സംശയം അതൊന്നുമല്ല.ആ വീട്ടില്‍ അച്ഛനും അമ്മയും ഇല്ലായിരുന്നോ?.കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും മോളുടെ ശരീരത്തിനുണ്ടായ മാറ്റം രണ്ടു പ്രസവിച്ച ആ അമ്മയ്ക്കു മനസ്സിലായില്ലേ.കുഞ്ഞുടുപ്പിനുള്ളിലും സ്‌കൂള്‍യൂണിഫോമിലും പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഗര്‍ഭം എങ്ങനെ ഒളിച്ചുകളിച്ചു.ഏതു ജീവിതപ്പാച്ചിലിനിടയിലും സ്വന്തം മകളെ വല്ലപ്പോഴുമെങ്കിലും ശ്രദ്ധിക്കാന്‍ ആ അമ്മ മറന്നു എന്നതാണ് സത്യം.മിക്ക വീട്ടിലും അച്ഛനെക്കാള്‍ അമ്മയാണ് മക്കളുമായി അടുത്തിടപഴകുക.സ്ത്രീശരീരത്തിന്റെ മാറ്റങ്ങള്‍ അമ്മയ്ക്കാണ് വേഗം പിടികിട്ടുക...അതൊക്കെ തെറ്റിയിരിക്കുന്നു.
മയക്കുമരുന്ന് മാഫിയ,സോഷ്യല്‍മീഡിയവഴിയുള്ള പ്രലോഭനങ്ങള്‍,ചതിവുകള്‍ ഒക്കെ ചുറ്റും അരങ്ങുതകര്‍ക്കുമ്പോഴും മാതാപിതാക്കള്‍ മക്കളെ ശ്രദ്ധിക്കുന്നതില്‍ പരാജയമാകുന്നു എന്നതാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.ബന്ധങ്ങള്‍ രസങ്ങള്‍ക്കു വഴിമാറിത്തുടങ്ങിയിരിക്കുന്നു.സ്വന്തം ചേച്ചിയെ ലൈംഗികമായി പങ്കാളിയാക്കാന്‍മാത്രം തമാശകള്‍ വളര്‍ന്നിരിക്കുന്നു.അനിയന്‍ ചെക്കന്‍ തന്റെ ശരീരത്തില്‍ പന്തിയല്ലാത്ത രീതിയില്‍ സ്പര്‍ശിക്കുമ്പോള്‍ തെറ്റാണെന്ന് ചിന്തിക്കാനോ വിലക്കാനോ ചേച്ചിക്കു കഴിയുന്നില്ല.അമ്മയും അച്ഛനുമറിയാതെ അവരത് ശീലമാക്കുന്നു.കഷ്ടം !.
അച്ഛന്‍ പീഡിപ്പിച്ച ഒരു കുഞ്ഞിനെ ഞാന്‍ കണ്ടതിന്റെ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ല.രണ്ടരവയസ്സുകാരി. മാനസ്സികരോഗിയായ അമ്മ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ അച്ഛന്‍ ജയിലിലായി.പക്ഷേ പരോളിലിറങ്ങിയപ്പോള്‍ അയാള്‍ മകളെ വീണ്ടും ദ്രോഹിച്ചു.അയാളുടെ സഹോദരിതന്നെയാണ് ഇത്തവണ പൊലീസില്‍ അറിയിച്ചത്.ഞാന്‍ അംഗമായ ,അശരണര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലാണ് ആ കുഞ്ഞ് പിന്നെ ഏറെനാള്‍ വളര്‍ന്നത്.മുത്തശ്ശന്റെ പീഡനമേറ്റ മറ്റൊരു കുട്ടിയും അതേ സ്ഥാപനത്തിലുണ്ടായിരുന്നു.മനുഷ്യ മൃഗങ്ങള്‍ എന്നൊക്കെ നാട്ടുകാര്‍ അവരെ വിശേഷിപ്പിച്ചു.പക്ഷേ ഇത്...
പെണ്‍കുട്ടികള്‍ പ്രായമായാല്‍ അച്ഛനായാലും സഹോദരനായാലും ഒരാണുമായും അധികം ഇടപഴകരുതെന്ന് മുത്തശ്ശിമാര്‍ നിഷ്‌കര്‍ഷിച്ച ഒരു കാലമുണ്ടായിരുന്നു.നമ്മള്‍ ന്യൂജന്‍ ആയപ്പോള്‍ നിബന്ധനകളും കല്‍പ്പനകളും കാറ്റില്‍ പറന്നു.അച്ഛനെ പേരുചൊല്ലിവിളിച്ച് കൊഞ്ചിക്കാനും അമ്മയെ ചെല്ലപ്പേരിട്ട് തമാശിക്കാനും കുട്ടികള്‍ മിടുക്കരായി.സിനിമയില്‍പ്പോലും അതാണല്ലോ കണ്ടുവരുന്നത്.അതുകേട്ട് നമ്മള്‍ ആനന്ദിച്ചു.അമ്മയും ഞാനും ഫ്രണ്ട്‌സാണെന്ന് ഗമയടിക്കുന്ന കുട്ടികളുടെ കാലമാണ് കേരളത്തിലിപ്പോള്‍..അമ്മ അമ്മയായിത്തന്നെ ജീവിക്കണം.അച്ഛന്റെ സ്ഥാനം കളിക്കൂട്ടുകാരന് തുല്യമാകരുത്.
ഈ സംഭവത്തിനു രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഇതേപോലെ സ്‌കൂള്‍ കുട്ടി പ്രസവിച്ച മറ്റൊരു സംഭവവും ഉണ്ടായി.ഭാഗ്യം !.അതുപക്ഷേ രക്തബന്ധമില്ലാത്ത സമപ്രായക്കാരനായ മറ്റൊരു കുട്ടിയുമായുള്ള ബന്ധമായിരുന്നു.ഇരുവര്‍ക്കും 14 വയസ്സ്.എവിടെ നമ്മുടെ ഹൈസ്‌കൂള്‍ ക്‌ളാസ്സുകളിലെ ഏറെ കൊട്ടിഘോഷിച്ച ബയോളജി പഠനം.വല്ല ഗുണവും ഉണ്ടായോ ?.ഇനി അത്യാവശ്യം വേണ്ടത് ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെപ്പറ്റി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊടുക്കുക എന്നതാണ്.നാപ്കിന്‍ കിട്ടുന്ന മെഷീന്‍ സ്‌കൂളിലും പൊതുഇടങ്ങളിലും സ്ഥാപിച്ചതുപോലെ കോണ്ടം മെഷീനും സ്ഥാപിക്കണം.മെഡിക്കല്‍ ഷോപ്പുകളില്‍ പോയി കോണ്ടം ചോദിച്ച് നാണംകെടാതെ കുട്ടികള്‍ യഥേഷ്ടം വാങ്ങി തമാശിക്കട്ടെ.ഇല്ലെങ്കില്‍ ഇതുപോലെ ധാരാളം കുഞ്ഞുങ്ങള്‍ ഉത്പാദിക്കപ്പെടും.അടുത്ത രക്തബന്ധം വഴി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ജനിതക രോഗം ഉണ്ടാകാമെന്ന്ാണല്ലോ പഠനങ്ങള്‍ പറയുന്നത്.അതൊക്കെ ഒഴിവാക്കാന്‍ ഈ സൗകര്യങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ചെയ്തു കൊടുക്കണം.
ഭാര്യ ചെറുപ്പത്തില്‍ മരിച്ചുപോയിട്ടും അമ്മ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ വീണ്ടുമൊരു വിവാഹത്തിനു തയ്യാറാകാതെ ജീവിതം ബലികഴിച്ച എത്രയെത്ര അച്ഛന്‍മാര്‍.മാതാപിതാക്കള്‍ ഇളംപ്രായത്തില്‍ നഷ്ടപ്പെട്ട വീട്ടിലെ മൂത്ത ഏട്ടന്‍മാര്‍ ഇളയസഹോദരങ്ങള്‍ക്ക് ചേട്ടച്ഛനായ അനുഭവങ്ങള്‍..അവരാരും അരുതാത്തത് ചെയ്തില്ല.പക്ഷേ കാലം ചെല്ലുന്തോറും എല്ലാം തകിടം മറിയുന്ന കാഴ്ച.വാര്‍ത്ത കാണുന്ന മാതാപിതാക്കള്‍ക്ക് മക്കളെ ഓര്‍ത്ത് ഭയം തോന്നിത്തുടങ്ങി.ബന്ധങ്ങളില്‍ അവിശ്വാസം പരന്നു തുടങ്ങിയിരിക്കുന്നു.മാനം രക്ഷിക്കാന്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയ്ക്കും ഓടാമ്പലിട്ട് പെണ്‍കുട്ടികള്‍ കിടന്നുറങ്ങേണ്ടിവരുന്ന കാലം.ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞ് ലളിതവത്കരിക്കാന്‍ നോക്കരുത്.പുറത്തുവന്നത് ചില കേസുകള്‍ മാത്രം.എന്റെ സുഹൃത്തായ കോട്ടയത്തെ പ്രശസ്ത അഭിഭാഷക അവര്‍ക്കരികിലെത്തിയ കേസിന്റെ കാര്യം കഴിഞ്ഞയാഴ്ച ഇതോടനുബന്ധിച്ചു പറഞ്ഞത് ഓര്‍ക്കുന്നു.അതും ആങ്ങള-പെങ്ങള്‍ ബന്ധമായിരുന്നു .പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ സംഭവം പുറത്തായി.പീഡനക്കേസായി.അച്ഛനമ്മമാര്‍ വലഞ്ഞു.ആര്‍ക്കെതിരെ ആര് കേസുകൊടുക്കും.രണ്ടു മക്കള്‍ക്കിടയില്‍ മരിച്ച വീട്ടിലെന്നപോലെ അവര്‍ കഴിയുന്നു.അതെ ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവ.എന്താണ് പരിഹാരം ?
മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവിടുക.വീട്ടിലെത്തിയാലും സോഷ്യല്‍മീഡിയയില്‍ അഭിരമിച്ച് അവരവരുടെ ലോകത്ത് ജീവിക്കുന്ന അവസ്ഥ മാറണം. ഓവര്‍ടൈം ചെയ്ത് തളര്‍ന്നു കയറിവരുന്നത് പണ്ടൊക്കെ അച്ഛന്‍മാരായിരുന്നു.ഇപ്പോള്‍ അച്ഛനും അമ്മയും അതേ തളര്‍ച്ചയോടെയാണ് വീടണയുന്നത്.സ്‌കൂളില്‍നിന്നു വരുന്ന കുട്ടികള്‍ അതുവരെ വീട്ടില്‍ ഒറ്റയ്ക്ക് .സ്വാഭാവികമായും അവര്‍ മൊബൈല്‍ഫോണുകളിലേക്ക് കൂപ്പുകുത്തുന്നു.അവിടെ ശരീരത്തിന്റെ ആസക്തികളെ പ്രോത്സാഹിപ്പിക്കാന്‍ ഒരുപാട് വഴികാട്ടികളുണ്ട്.പിന്നെ സംഭവിക്കുന്നത് ...
ഞങ്ങളെ ശ്രദ്ധിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവരുത്.അതവരില്‍ അനാഥത്വം വളര്‍ത്തും.ഏതു വിശ്വാസവുമാവട്ടെ,കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരുമിച്ചു കുടുംബപ്രാര്‍ത്ഥന മറക്കരുത്.തെറ്റും ശരിയും അവര്‍ക്ക് ഇളംപ്രായത്തിലേ മനസ്സിലാക്കിക്കൊടുക്കണം.വീട്ടില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കണം.അഭിനന്ദിക്കേണ്ട കാര്യങ്ങളില്‍ പിശുക്കില്ലാതെ അഭിനന്ദിക്കണം.എന്തും ഓടിച്ചെന്നു പറയാവുന്ന അഭയകേന്ദ്രമാണ് മാതാപിതാക്കള്‍ എന്ന വിശ്വാസം കുട്ടികളില്‍ ഉണ്ടാവണം.