പ്രണയദിനത്തിനു എന്താണ് ഇത്ര സവിശേഷത എന്ന് ഇപ്പോൾ പലരും ചോദിക്കുന്നുണ്ട്. പകൽ വന്ന് രാത്രിയായി പോകുന്ന മറ്റൊരു ദിവസം. അല്ലാതെന്തു? എന്നാൽ അനുഭവങ്ങളും അവയുടെ ഓർമ്മകളും മനസ്സിൽ തിങ്ങി നിറയുമ്പോൾ ഉണ്ടാകുന്ന വികാരം മനുഷ്യരെ ചിന്തിപ്പിക്കുന്നു അവനു സ്വപ്‌നങ്ങൾ നൽകുന്നു. കൂട്ടിരിക്കാൻ, കഥ പറയാൻ, സ്വപ്‌നങ്ങൾ നെയ്യാൻ, കളിചിരികൾ പങ്കുവയ്ക്കാൻ വെറുതെ ഓമനിക്കാനൊക്കെ മനസ്സെന്ന വാനരൻ വാലുപൊക്കി മരച്ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചാഞ്ചാടുന്നു. അപ്പോൾ പ്രണയ ഉറവ ഉണ്ടാകുന്നു. പ്രണയം വളരെ നിർമ്മലമായ ഒരു വികാരമാണ്. അത് വികൃതമാക്കി കളയുന്നത് കാമം അനധികൃത കുടിയേറ്റം നടത്തുമ്പോഴാണ്.
ഫെബ്രുവരി 14 എന്ന ദിവസത്തിൽ മാത്രം ഒതുങ്ങിനിന്നു അന്ന് അവസാനിക്കുന്ന ഒന്നല്ല പ്രണയം. ആ ദിവസം അനവധി ദിവസങ്ങളുടെ ഓർമ്മക്കായി അടയാളപ്പെടുത്തുന്ന ഒരു ദിവസം മാത്രം.. എതിർലിംഗത്തിലുള്ളവരോട് നിർവചിക്കാനാവാത്ത ഒരു ഹൃദയവികാരം ഉണ്ടാകുന്നത് പ്രകൃതിയുടെ ആവശ്യമാണ്. സ്നേഹിക്കുന്ന പുരുഷനോട് സ്ത്രീക്കും, സ്ത്രീയോട് പുരുഷനും അനിയന്ത്രിതമായ ആവേശവും അഭിനിവേശവും ഉണ്ടാകുന്നു. എന്നെ മാത്രം സ്നേഹിക്കുക എന്ന സ്വാർത്ഥതയും അവിടെ ജനിക്കുന്നു. പാണ്ഡവന്മാരുടെ വനവാസകാലത്ത് അരോഗദൃഢഗാത്രനായ ഭീമനെ കണ്ടു രാക്ഷസകുലത്തിൽ ജനിച്ച ഹിഡുംബി എന്ന കന്യകക്ക് അനുരാഗം മുളച്ചു. അവർ ഒന്നായി. അവൾ ഭീമന് ഒരു കണ്ണാടി കൊടുത്തു. ഛായാമുഖി. അതാണ് പ്രണയത്തിന്റെ മാന്ത്രിക ദർപ്പണം. അതിൽ നോക്കുമ്പോൾ നോക്കുന്ന ആളുടെ പ്രതിബിംബം അല്ല മറിച്ച് അയാൾ സ്നേഹിക്കുന്ന വ്യക്തിയുടെ രൂപമാണ് തെളിയുക. ഹിഡുംബി എന്ന അനുരാഗിണി തന്റെ ഛായ കണ്ണാടിയിൽ പതിയുമെന്നു വിശ്വസിച്ച് മോഹിച്ച് കണ്ണാടി ഭീമന്റെ കയ്യിൽ കൊടുത്തു. ഭീമൻ നോക്കിയപ്പോൾ കണ്ടത് പാഞ്ചാലിയെയാണ്. അത് ഹിഡുംബിയെ നോവിപ്പിച്ചു. പക്ഷെ എന്ത് ചെയ്യാം. ആർക്കും ആരോടും സ്നേഹം പിടിച്ചു പറ്റാൻ കഴിയില്ല. ഭീമൻ ആ കണ്ണാടി കൈക്കലാക്കി അത് പാഞ്ചാലിയെ കാണിച്ചു. പാഞ്ചാലി കണ്ണാടിയിൽ നോക്കിയപ്പോൾ ഭീമന്റെ ഹൃദയത്തെ കഷ്ണം കഷണമാക്കികൊണ്ടു അതിൽ അർജുനൻ സുസ്മേരവദനായി പ്രതിബിംബിച്ചു.
പ്രണയം നമ്മൾ ആഗ്രഹിക്കുന്നവരിൽ നിന്ന് കിട്ടിയില്ലെങ്കിൽ വേദനയാണ്. ഹിന്ദുമത വിശ്വാസികളുടെ കള്ളകണ്ണന് പിന്നെ പ്രണയിനികളെ, ഒന്നിൽ കൂടുതൽ ഉണ്ടായിട്ടും, മയക്കാൻ നല്ല വിരുതുണ്ടായിരുന്നു. കമിതാക്കളെ പ്രണയകലഹത്തിൽ കൊണ്ട് ചാടിക്കുക നാരദന്റെ പതിവാണ്. അദ്ദേഹം ദേവലോകത്ത് ചെന്നപ്പോൾ ഇന്ദ്രന്റെ നന്ദനോദ്യാനത്തിൽ പൂത്തു സുഗന്ധം പൊഴിക്കുന്ന പാരിജാതപ്പൂക്കൾ കണ്ടു അതിൽ നിന്നും ഒരെണ്ണം ചോദിച്ചുവാങ്ങി. പാലാഴി കടഞ്ഞപ്പോൾ കിട്ടിയ പുഷ്പമാണിത്. ഇന്ദ്രൻ അന്ന് അടിച്ചുമാറ്റിയതാണ്. ഇത് തന്നെയാണ് പവിഴമല്ലിയെന്നും അറിയപ്പെടുന്നത്. ഇതിന്റെ പൂക്കൾക്ക് നക്ഷത്രങ്ങളുടെ ആകൃതിയാണ്. അതുകൊണ്ടായിരിക്കും “പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം” എന്ന് കവി എഴുതിയത്. നാരദൻ ഭൂമിയിൽ വന്ന് അന്ന് കൃഷ്ണനായി അവതരിച്ചു കഴിയുന്ന മഹാവിഷ്ണുവിനു കൊടുത്തു. കൃഷ്ണൻ പ്രേമപൂർവം അത് രുഗ്മണിക്ക് നൽകി. നാരദൻ ആ വിവരം സത്യഭാമയെ അറിയിച്ചു. സത്യഭാമ ഒരു പൂവല്ല മറിച്ച് പാരിജാത ചെടി തന്നെ വേണമെന്ന് ശാഠ്യം പിടിച്ചു. കൃഷ്ണനും സത്യഭാമയും ഇന്ദ്രലോകത്ത് ചെന്ന് ചെടി ചോദിച്ചു.ഇന്ദ്രൻ കൊടുത്തില്ല. യുദ്ധമുണ്ടായി. കൃഷ്ണൻ ജയിച്ചു. ചെടി ഭൂമിയിലെത്തി. തീർച്ചയായും രുഗ്മണി കോപിക്കുമെന്നു കൃഷ്‌നറിയാം. സത്യഭാമ വളരെ സന്തോഷിച്ചു. പക്ഷെ കള്ളക്കണ്ണൻ ഒരു വിദ്യ ഒപ്പിച്ചിരുന്നു. സത്യഭാമ അതു നട്ടിരിക്കുന്ന സ്ഥലത്തുകൂടി വരുന്ന കാറ്റ് രുഗ്മണിയുടെ മുറി വഴിയാണ് കടന്നുപോകുക. ചെടിപൂത്തപ്പോൾ മുഴുവൻ പൂവും രുഗ്മണിയുടെ മുറിയിൽ. ഭാര്യയെ പ്രീതിപ്പെടുത്താൻ പാരിജാതച്ചെടികൾ നടുന്ന ഭർത്താക്കന്മാര്ക്ക് അയല്പക്കകാരിയോട് അവിഹിഹിതമുണ്ടെങ്കിൽ കാറ്റിന്റെ ഗതി നോക്കി ചെടി നട്ടു പൂക്കളൊക്കെ അവരുടെ മുറിയിൽ എത്തിക്കാവുന്നതാണ്. പാവം ഭാര്യമാർ സത്യമറിയാതെ കാറ്റിനെ പഴിച്ച് ഭർത്താവ് ദൈവമെന്നും പറഞ്ഞു നടക്കും.
പെൺകുട്ടികൾ ദീർഘദർശനം ചെയ്യുന്നവരാണ്.അവർ ഓരോന്നും വിശദമായി വിശകലനം ചെയ്യുന്നു. കോളേജ് കാമ്പസ്സിൽ വച്ച് സുന്ദരിയായ കൂട്ടുകാരിയോട് ഈ ലേഖകൻ പറഞ്ഞു പ്രണയം ചൂയിങ് ഗം പോലെയാണെന്ന്. ഉടനെ വ്യാഖ്യാനം വന്നു അതായത് ആദ്യത്തെ മധുരം കഴിഞ്ഞാൽ പിന്നെ തുപ്പി കളയുക അല്ലേ? വാസ്തവത്തിൽ തുപ്പി കളയാൻ പറ്റാത്തവിധം കുറേശ്ശേ മധുരം ഇറ്റിച്ചുകൊണ്ട് വായിൽ അത് സ്ഥിരമായി പറ്റിപിടിക്കുന്നു എന്നാണ് ഞാൻ ഉദേശിച്ചത്. പ്രണയബന്ധങ്ങളിൽ ഒരാൾ മറ്റൊരാളോട് എങ്ങനെ പെരുമാറുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അവരുടെ ബന്ധത്തിന്റെ ദൃഢത. കൃഷ്ണന്റെ കാമുകി ചന്ദ്രവല്ലിയും രാധയും തമ്മിലുള്ള വ്യത്യാസം അറിയാമോ? ചന്ദ്രവല്ലിക്ക് കൃഷ്ണനോടുള്ള മനോഭാവം “ത്വം മമ അസി” അതായത് അങ്ങ് എന്റേതാണ്. എന്നാൽ രാധക്ക് “അഹം തവ” അതായത് ഞാൻ അങ്ങയുടേതാണ്. ഈ വ്യത്യാസം കാരണം രാധ ചന്ദ്രവല്ലിയെക്കാൾ ശ്രെഷ്ഠയാകുന്നു. ഇങ്ങനെ മാനസികചിന്താഗതിയിലെ വ്യത്യാസങ്ങൾ കൊണ്ടാണ് ചില ബന്ധങ്ങൾ അറ്റുപോകുന്നതും അവർ പിന്നെ വേറൊരു ബന്ധത്തിൽ ദീർഘകാലം സന്തോഷത്തോടെ കഴിയുന്നതും.
പ്രണയദിനത്തിന്റെ ചരിത്രം തേടുമ്പോൾ അത് പുരുഷന്മാരുടെ കുടുംബസ്നേഹത്തിന്റെ കഥയാണ് പറയുന്നത്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർ കുടുംബകാര്യങ്ങളിൽ ശ്രദ്ധിച്ച് യുദ്ധകാര്യങ്ങളിൽ നിന്നും മാറി നിൽക്കുന്നതുകൊണ്ട് റോമിലെ ചക്രവർത്തി വിവാഹം നിഷേധിച്ചു . വൈദികർ വിവാഹ കൂദാശ ചെയ്തുകൊടുക്കാൻ മടിച്ചു. പക്ഷെ സ്നേഹിക്കുന്ന മനസ്സുകളെ കൂട്ടിച്ചേർക്കാൻ ഒരു ബിഷപ്പ് തീരുമാനിച്ചു. അദ്ദേഹം രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ പേരിലാണ് ഈ ദിനം ആഘോഷിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ അതിനു കാരണമായത് പുരുഷ്നമാരുടെ കുടുംബസ്നേഹമാണ്. ബിഷപ്പിനേക്കാൾ കൂടുതൽ ഓർക്കേണ്ടത് പുരുഷനു കുടുംബമെന്ന ദേവാലയത്തോടുള്ള കർത്തവ്യവും സ്നേഹവുമാണ്. അതുകൊണ്ടല്ലേ പ്രണയദിനത്തിൽ കേക്കിനൊപ്പം പൂക്കൾ കൊണ്ടുവരാൻ മറന്ന കാമുകനോട് കാമുകി അതേപ്പറ്റി ചോദിച്ചപ്പോൾ നീ ചിരിക്കു നിന്റെ ചുണ്ടിൽ നിന്നും പൂക്കൾ ഇവിടെ കൊഴിഞ്ഞുവീഴുമെന്നു സാഹിത്യകാരനായ കാമുകന് പറയാൻ കഴിഞ്ഞത്.
ലവ് ഹോർമോണുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ശാരീരിക ബന്ധത്തിലേക്കും നീയല്ലാതെ എനിക്ക് ജീവിതമില്ലെന്ന അലറലിനുമൊക്കെ കാരണം. ഇവരെ നിയന്ത്രിക്കേണ്ടതുണ്ട്. വിവേകം വികാരത്തിന് വഴി മാറരുത്. ലൈംഗീക ആകർഷണം പ്രണയമല്ലെന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. നമ്മൾ ഇപ്പോൾ നമുക്ക് ചുറ്റും കാണുന്ന സ്ത്രീ പുരുഷ ബന്ധങ്ങൾ എന്ന പേരിൽ നടക്കുന്ന കോലാഹലങ്ങൾ ഒന്നും പ്രണയമല്ല. അതൊക്കെ അവരുടെ ഹോർമോണുകൾ അവരെക്കൊണ്ടു ചെയ്യിക്കുന്ന സർക്കസ്സുകൾ മാത്രം. പ്രണയത്തെ തിരിച്ചറിയുക. പ്രണയം വളരെ സുന്ദരവും, സുഖകരവും, അനുഭൂതിദായകവുമാണ്. ഒരു ഹിന്ദി സിനിമയിൽ നായകൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. കിസിസ്സേ പ്യാർ കർ കേ ദേഖിയെ സിന്ദഗി കിത്തനി ഹസീൻ ഹേ = അർഥം, ആരെയെങ്കിലും പ്രണയിച്ചുനോക്കു അപ്പോൾ അറിയാം ജീവിതം എത്ര സുന്ദരമാണെന്നു.
എല്ലാവർക്കും പ്രണയനിർഭരമായ ജീവിതം ആശംസിക്കുന്നു.
ശുഭം