ആക്ഷന്‍ ഡ്രാമ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്നതും പ്രേക്ഷകരുടെ കൈയ്യടി നേടും വിധം അണിയിച്ചൊരുക്കിയ മികച്ച ചിത്രമാണ് അജിത് കുമാറിനെ നായകനായി മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയര്‍ച്ചി'. ബില്ല, ആരംഭം തുടങ്ങിയ ചിത്രങ്ങളിലെ അജിത്തിന്റെ കിടിലന്‍ മാസ്സ് പെര്‍ഫോമന്‍സ് പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് അത്രയും ലഭിച്ചില്ലെങ്കിലും ത്രില്ലടിക്കാന്‍ ഏറെ വകയുണ്ട്.
നീണ്ട 12 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചനത്തിന് തയ്യാറെടുക്കുന്ന ദമ്പതിമാരാണ് അര്‍ജ്ജുനും കായലും. അര്‍ജ്ജുനുമായുളള എല്ലാ ബന്ധവും അവസാനിപ്പിച്ച് കായല്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. പരസ്പരം ഒത്തു പോകാന്‍ കഴിയില്ലെന്ന ഘട്ടത്തില്‍ ഇരുവര്‍ക്കും പോറലേല്‍പ്പിക്കാതെ സന്തോഷത്തോടെ പിരിയാമെന്ന തീരുമാനമാണ് ഇരുരുടേതും. അവസാന യാത്രയില്‍ കായലിനെ അവളുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കണമെന്ന് അര്‍ജ്ജുന്‍ ആഗ്രഹിക്കുന്നു. റോഡ് മാര്‍ഗ്ഗം വീട്ടിലേക്ക് പോകാനാണ് അവര്‍ തീരുമാനിച്ചത്. അസര്‍ബൈജാനില്‍ നിന്നും ഒമ്പത് മണിക്കൂര്‍ ദൂരമുണ്ട് കായലിന്റെ വീട്ടിലേക്ക്. എങ്കിലും അവര്‍ ഒരുമിച്ച് റോഡ് മാര്‍ഗം പോകാമെന്ന് തീരുമാനിക്കുന്നു. ആ യാത്രയ്ക്കിടയില്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതി പതിഞ്ഞ താളത്തിലാണ് പോകുന്നതെങ്കിലും ഇടവേളയ്ക്ക് തൊട്ടു മുമ്പ് നല്ലൊരു പഞ്ച് നല്‍കിയാണ് അവസാനിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ വളരെ ത്രില്ലിങ്ങ് ആയ സംഭവ വികാസങ്ങള്‍ കൊണ്ട് സമ്പന്നമാണ്. പ്രേക്ഷനെ സ്‌ക്രീനില്‍ തന്നെ എന്‍ഗേജ് ചെയ്യിക്കാന്‍ സംവിധായകന് കഴിയുന്നു. കെട്ടുറപ്പുള്ള തിരക്കഥയുടെ പിന്‍ബലത്തില്‍ ത്രില്ലിങ്ങ് ആയ രീതിയില്‍ പറഞ്ഞു പോകുന്ന കഥയില്‍ ഉദ്വേഗം നിറയ്ക്കാനും സംവിധായകന് കഴിയുന്നുണ്ട്.
ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നായകനായ അജിത്തിന് ഒട്ടും തന്നെ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമല്ല, അര്‍ജ്ജുന്‍. എങ്കിലും തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയും സ്വാഗും സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് അദ്ദേഹം പ്രേക്ഷകരെ കൈയ്യിലെടുക്കുകയാണ്. അജിത്തും തൃഷയുമൊത്തുല്‌ള ഫ്‌ളാഷ് ബാക്ക് സീനുകള്‍ ഏറെ മനോഹരമായി. ആരംഭം എന്ന ചിത്രത്തിലും ഇരുവരുടെയും രസതന്ത്രം വളരെയികം അഭിനന്ദിക്കപ്പെട്ടിരുന്നു. അതു പോലെ തന്നെ ഈ ചിത്രത്തിലും വളരെ തന്‍മയത്വത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇരുവര്‍ക്കുമായി. അര്‍ത്ഥഗര്‍ഭമായ നോക്കിലും വാക്കിലും പ്രേക്ഷകനെ തളച്ചിടുന്ന മാന്ത്രികത ഇരുവരും ഉപയോഗിച്ചിട്ടുണ്ട്.
പ്രതിനായക വേഷങ്ങളില്‍ അര്‍ജ്ജുന്‍ സര്‍ജ്ജയും റെജീന കസാന്‍ഡ്രയും തിളങ്ങി. ആരവാണ് പ്രതിനായക ടീമിലെ മറ്റൊരാള്‍. സമീപകാലത്ത് തമിഴ് സിനിമയില്‍ കണ്ട മികച്ച വില്ലന്‍ എന്ന വിശേഷണം ആരവിന് നല്‍കാവുന്നതാണ്. മൂന്നുപേരും കാണിക്കുന്നത് വില്ലത്തരമാണെങ്കിലും ഗെറ്റപ്പിലും ശരീരഭാഷയിലും സ്‌ക്രീന്‍ പ്രസന്‍സിലും പുലര്‍ത്തുന്ന സ്റ്റൈല്‍ പ്രേക്ഷകന്റെ കൈയ്യടി നേടാന്‍ പര്യാപ്തമാണ്. ഇവര്‍ക്കൊപ്പം ജീവ രവി, രമ്യസുബ്രഹ്‌മണ്യന്‍, രവി രാഗവേന്ദ്ര, നിഖില്‍ നായര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചു.
അനിരുദ്ധ് രവിചന്ദ്രന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്‌ളസ് പോയിന്റ്. മൂന്നു ഗാനങ്ങളും അതി മനോഹരമാണ്. ചിത്രത്തിന്റെ മൂഡിന് ചേരുന്ന ഗാനങ്ങള്‍ പ്രേക്ഷകന്റെ ഹൃദയം കവരും. ഓം പ്രകാശിന്റെ ഛായാഗ്രഹണവും എന്‍.ബി ശ്രീകാന്തിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ത്രില്ലടിപ്പിക്കുന്ന എക്‌സ്പീര്യന്‍സ് ലഭിക്കണമെങ്കില്‍ ഈ ചിത്രം തിയേറ്ററില്‍ തന്നെ കാണണം.