ബാലമുരുകൻ - ബാലു , ഒരിക്കൽ തന്റെ ജീവാത്മാവായിരുന്ന കൂട്ടുകാരൻ .
കുറെ നാളുകളായി അവനെ ഓർമ്മകളിലേക്ക് തിരികെ വിളിച്ചിട്ട് .
പ്രേമമായിരുന്നു അവനോട് , ഒപ്പം കടുത്ത ആരാധനയും .
അവൻ്റെ ചിരി, കളിതമാശകൾ .. എല്ലാ ചോദ്യത്തിനും ഉത്തരം തരുന്നവൻ.
ആറു വർഷം ഒന്നിച്ചുണ്ടായിരുന്നു. ആഴത്തിൽ വേരുകളുള്ള മരം വീഴുമെന്ന് ആരും കരുതില്ല. പക്ഷേ ചില കൊടുങ്കാറ്റുകളെ അതിനും അതിജീവിക്കാനാവില്ല.
ജീവിതം മാറുന്നു. നമ്മൾക്ക് നഷ്ടപ്പെടുന്ന അല്ലെങ്കിൽ നമ്മൾ വേണ്ടായെന്നു തീരുമാനിക്കുന്ന മനുഷ്യർ തന്നെയാണ് നമ്മളെ നമ്മളാക്കുന്നത് .
ഇറങ്ങിപ്പോകുന്ന നേരത്ത് ഒരു വാക്കുകൊണ്ടു പോലും വേണ്ടായെന്നു പറയാത്തതിൽ വിലക്കാത്തതിൽ ഹൃദയവേദന തോന്നിയോ എന്ന് ചോദിച്ചാൽ , ഇല്ല എന്നുപറഞ്ഞാൽ അത് കളവായിരിക്കും . പതുക്കെ വേരിലെ ജലാംശം വറ്റി , ആ മരം ഇലകൾ പൊഴിച്ച് , ഉണങ്ങാൻ തുടങ്ങിയിരുന്നു . മരം മുൻപേ നിന്നയിടം പോലും അടയാളമില്ലാതെ മണ്മറഞ്ഞു .
കാലം കടന്നു പോകുന്നു . പരിണാമം എവിടെയൊക്കെയോ തന്നെ എത്തിച്ചു.
ഡിഗ്രി എടുത്ത ഉടനെ തന്നെ ബാലുവുമായി ചേർന്ന് ഒരു സോഫ്റ്റ് വെയർ കമ്പനി ആരംഭിച്ചു . ആദ്യം കിട്ടിയ ഓർഡറാണ് അഭിനന്ദൻ്റെ.
അരുൾ , ബാലുവിൻ്റെ നാട്ടുകാരൻ. അങ്ങനെയാണ് ആ ഓർഡർ കിട്ടിയത്. രണ്ടു വർഷം കമ്പനി കൊണ്ടു നടന്നു. പിന്നെ എല്ലാം തകിടം മറിഞ്ഞ്
ഈ രാജ്യം വിട്ട് ഒളിച്ചോടുകയായിരുന്നു അമേരിക്കയിലേക്ക് എന്നു പറയാം .
റസ്റ്റിയെ മേഴ്‌സി ആന്റിയെ ഏല്പിച്ച് നാളെ വരാമെന്നു പറഞ്ഞു സംഘമിത്ര ഫ്‌ളാറ്റിലേക്കു പോയി.
ചെന്നു കയറിയതും സംപ്രീതിയെ വിളിച്ചു. ബീച്ചിൽ അഭിനന്ദനെ കണ്ടതും സംസാരിച്ചതും വിശദമായി പറഞ്ഞു കേൾപ്പിച്ചു .
അവരുടെ പഴയ കമ്പനിയുടെ പേര് ചുരുക്കിയാണ് A & N - അരുൾ ആൻഡ് നന്ദൻ - എന്നാക്കിയത്.
അരുളിന്റെ പേരും മരണവും അവൾ ഓർത്തെടുത്തു . അവൻ സ്വയം ജീവനൊടുക്കുകയായിരുന്നു .
കാരണം ദുരൂഹമാണ്.
അത്ര അടുപ്പമുള്ള സുഹൃത്തല്ല .
ഒന്നു രണ്ടു പ്രാവശ്യം കണ്ടിട്ടിട്ടുണ്ട് . മരണവാർത്ത പോലുംകുറെ നാളുകൾക്ക് ശേഷം ആരോ പറഞ്ഞാണ് ഫേസ്‍ബുക്കിൽ കണ്ടത് .
പിറ്റേ ദിവസം ഉച്ചഭക്ഷണത്തിന്റെ സമയത്താണ് അഭിനന്ദന്റെ ഫോൺ വന്നത്.
" ഇതെന്റെ പ്രൈവറ്റ് നമ്പർ ആണ് , സേവ് ചെയ്തോളു . വേറൊരു കാര്യം, നാളെ എന്റെ ഓഫീസിൽ നിന്നും പതിനൊന്നു മണിക്ക് ഒരു ടീം നിങ്ങളുടെ സ്കൂൾ സന്ദർശിക്കാൻ വരും .
സമയം അനുവദിച്ചാൽ ഞാനും കൂടെ കാണും ."
മിത്ര അപ്പോൾ തന്നെ, എല്ലാ ടീം ലീഡേഴ്‌സിനെയും വിളിച്ചു വിവരം പറഞ്ഞു . സ്കൂളും പരിസരവും നന്നായി വെച്ചിട്ടുണ്ട് എന്നാൽ കൂടി , ഒന്നൂടെ എല്ലാം നോക്കാൻ പറഞ്ഞേൽപ്പിച്ചു .
സിത്താരക്ക് രണ്ടു ദിവസമായി ഒരു അസ്വസ്ഥത ആണ് . സാധാരണ വരുന്ന ഡോക്ടർ വന്നു പരിശോധിച്ചു.. മരുന്നിന്റെ ഡോസ് കുറച്ചു മാറ്റി .
സംഘമിത്ര എട്ടുമണി വരെ ജനനിയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു .
റസ്റ്റിയെ നടക്കാൻ കൊണ്ടുപോകാൻ സമയം അനുവദിക്കില്ല എന്ന് മേഴ്‌സി ആന്റിയെ വിളിച്ചു പറഞ്ഞു .
സംപ്രീതിയെ മാത്രം ഫോണിൽ കിട്ടിയില്ല , വിശദവിവരത്തിന് അവൾക്കൊരു മെസ്സേജ് അയച്ചു .
സന്തോഷം കൊണ്ടാണെന്നു തോന്നുന്നു , വിശപ്പ് ഒട്ടും അനുഭവപ്പെടുന്നില്ല .
രാത്രിയിൽ ഒട്ടും തന്നെ ഉറക്കം വന്നില്ല.
തിരിഞ്ഞും , മറിഞ്ഞും കിടന്നു നേരം വെളിപ്പിച്ചു.
പ്രീതിക്ക് അമ്മയെ കീമോതെറാപ്പിക്ക് കൊണ്ടുപോകേണ്ട ദിവസമാണ് . അതിനാൽ അവൾ വരുന്ന കാര്യം ഉറപ്പില്ല എന്ന വിവരം അറിയിച്ചു .
പ്രീതിയുടെ അമ്മ കുറച്ചു നാളായി കാൻസർ ചികിത്സയിലാണ് . അവളാണ് അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്.
രാവിലെ കുറച്ചു നേരെത്തെ സ്കൂളിലേക്ക് പുറപ്പെട്ടു,
സ്കൂളിന്റെ ഓരോ മുക്കിലും മൂലയിലും അവളുടെ കണ്ണുകൾപെട്ടു .
ഒരു കുറ്റവും ആരും കണ്ടുപിടിക്കരുത് .
പതിനൊന്നു മണിക്ക് തന്നെ അഞ്ചു പേരടങ്ങുന്ന എ ആൻഡ് 'ൻ ടീം എത്തി . മാനേജിങ് ഡയറക്ടർ , സി. സ്സ്. ആർ. ടീം , അഭിനന്ദൻ അയാളുടെ സെക്രട്ടറി ഹന്നാ എലിസബത്ത് .
എല്ലായിടവും ചുറ്റിനടന്നു കണ്ടവർ , ആർട്ട് റൂമിനെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറച്ചു സമയം അവിടെ ചിലവഴിച്ചു . ഓക്ക്യൂപ്പേഷണൽ തെറാപ്പി റൂമിലെ സൗകര്യങ്ങൾ ടീം ഫോട്ടോ എടുത്തു . ബേക്കറിയിൽ ഉണ്ടാക്കി വെച്ചിരുന്ന ബിസ്ക്കറ്റ് , കോഫി ഒക്കെ അവർക്കു നൽകി.
പോകാൻ തുടങ്ങുന്ന സമയം , അഭിനന്ദൻ കുട്ടികൾ ഉണ്ടാക്കിയ തുണികൊണ്ടുള്ള സഞ്ചിയിൽ , അവരുടെ എംബ്ലം പ്രിന്റ് ചെയ്തു കൊടുക്കാൻ സാധിക്കുമോ എന്ന് ആരാഞ്ഞു . അങ്ങനെയെങ്കിൽ ആയിരം ബാഗുകൾ വേണമെന്നു പറഞ്ഞു .
ഫണ്ടിനെക്കുറിച്ച് ഒന്നും പറയാതെയാണ് പോയെതെങ്കിലും അവരുടെ മുഖഭാവത്തിൽ നിന്നും , അത് കിട്ടുമെന്ന് സംഘമിത്രക്ക് തോന്നി .
സംഘമിത്ര അവരെ കാറുവരെ അനുഗമിച്ചു .
സന്തോഷം കൊണ്ട് മതിമറന്നവൾ സംപ്രീതിയെ വിളിച്ചു വിശദമായി എല്ലാം പറഞ്ഞു.
" പ്രീതി അന്ന് നമ്മൾ കണ്ട ആളേ അല്ല അഭിനന്ദൻ , വളരെ പ്ലെസന്റ് ആയിരുന്നു "
" എത്ര പണക്കാർ ആണെങ്കിലും എല്ലാവർക്കും അവരുടേതായ വിഷമങ്ങൾ ഇല്ലേ ? അന്ന് അങ്ങനെയുള്ള ഒരു ദിവസമായിരുന്നിരിക്കും അയാൾക്ക് "
ആകാശം പെട്ടെന്ന് ഭൂമിയിലേക്ക് ആലിപ്പഴം അയക്കും . ഓർക്കാപ്പുറത്തു ചറ പറ എന്ന് ഭൂമിയെ ഞെട്ടിച്ചുകൊണ്ട്... സംഘമിത്രക്ക് അതാണ് അപ്പോൾ തോന്നിയത് .
എത്ര പെട്ടെന്നാണ് ആകാശം ഭൂമിയെ വാരിപ്പുണരുന്ന പ്രതീതി ഉളവായത് ..!
വൈകുന്നേരം വീട്ടിലേക്കു പോകുന്നതിനു മുൻപുതന്നെ ഫണ്ട് അലോട്ട് ചെയ്തു കൊണ്ടുള്ള ഇമെയിൽ വന്നു . പത്തു ലക്ഷം രൂപ .. ഒരുപാട് താൽക്കാലിക പ്രശ്ങ്ങൾ തീർക്കാൻ ഇത്ര മതി.
നന്ദി പറഞ്ഞു കൊണ്ട് ഒരു ഇ - മെയിൽ സംഘമിത്ര തിരികെ അയച്ചു . കൂടാതെ , അഭിനന്ദന്റെ പ്രൈവറ്റ് നമ്പറിലേക്ക് ഒരു മെസ്സേജും.
ജനനിയെ കെട്ടിപ്പിടിച്ചു , വട്ടം കറക്കി സംഘമിത്ര സന്തോഷം ആഘോഷിച്ചു .
സംപ്രീതിയെ വിളിച്ചു വിവരം പറഞ്ഞപ്പോൾ സന്തോഷം കൊണ്ടവൾ കരയുന്നതു കേൾക്കാമായിരുന്നു .
അമ്മയെ വിളിച്ചും പണം കിട്ടിയത് അറിയിച്ചു. സ്കൂളിന്റെ നടത്തിപ്പിൽ അമ്മയ്ക്കും താല്പര്യമുണ്ട് .
" നീ എന്നാണു വരുന്നത്. അച്ഛനെയും കൊണ്ട് യാത്ര ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ ഞങ്ങൾ വരുമായിരുന്നു . "
പറയുന്ന ദിവസം ചെല്ലണം.
പാവം , തനിക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ച് കാത്തിരിക്കും . അച്ചാച്ചന്റെ കണ്ണ് നമ്മൾ എത്തുന്നത് വരെ മുഴുവൻ സമയവും ഗേറ്റിൽ ആയിരിക്കും .
" പറ്റിയാൽ ഞായറാഴ്ച വരാം"
പിറ്റേ ദിവസം സ്കൂളിലേക്ക് പോകുമ്പോൾ പതിവു കവിഞ്ഞ സന്തോഷം തോന്നി.
പക്ഷെ അവിടെ എത്തിയപ്പോൾ , സുമേദ് ആകെ ദേഷ്യത്തിലാണ് . രാവിലെ മുതൽ ഒന്നും കഴിക്കാൻ കൂട്ടാക്കിയിട്ടില്ല . അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സൈലോഫോണിൽ നിന്നും പിടിവിടാതെ , അവൻ അതിൽ എന്തോ കൊട്ടിക്കൊണ്ടിരുന്നു.
സംഘമിത്ര എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു .
പക്ഷെ അവൻ കൂട്ടാക്കിയില്ല .
വെള്ളം പോലും കുടിച്ചിട്ടില്ല .
" നീ എന്താ ഇങ്ങനെ എന്നെ വിഷമിപ്പിക്കുന്നത് ?"
അത് ചോദിക്കുമ്പോൾ മിത്രയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി .
പെട്ടെന്ന് അവൻ സൈലോഫോണിൽ വീണ്ടും കൊട്ടി.
മിത്ര ചെവിയോർത്തപ്പോൾ
" 'അമ്മ എന്നാണെന്ന് അവൾക്കു മനസ്സിലായി "
" ഓ അമ്മയെ കാണണമോ . നമുക്ക് പോകാം , നീ ഇതു കുടിക്കൂ ...."
പതുക്കെ അവൻ അവളുടെ കൈയിൽ നിന്നും കഞ്ഞി വാങ്ങി കുടിച്ചു . മുഖം മിത്രയുടെ ദുപ്പട്ടയിൽ തുടച്ചു . അവന്റെ ശ്രദ്ധ പിന്നെയും സൈലോഫോണിലേക്കു തിരിഞ്ഞു .
സ്കൂൾ കഴിഞ്ഞു മേഴ്‌സി ആൻറിയുടെ വീട്ടിൽ ചെന്നു റസ്റ്റിയെക്കൂട്ടി നടക്കാൻ പോയി .. കടലിൽ തിരയടിക്കുന്നതും നോക്കി ഏറെ നേരം നിന്നു.
തിരമാലകൾ തീരത്തെ സ്നേഹിക്കും, പിന്നെ വേദനപ്പിക്കും i അങ്ങനെയാണ് ജീവിതവും . ശക്തിയേറിയ ഒരു തിരമാല പോലെ വന്നു നമ്മളെയങ്ങു കെട്ടിപ്പുണരും .. യാത്രപോലും പറയാതെ , വന്നതിലും ശക്തിയിൽ തിരികെ പോകും.
എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുൻപേ നമ്മളും തീരവും മാത്രം ബാക്കിയാകും ..
ബാലമുരുകൻ എന്ന ബാലു ജീവിതത്തിലേക്ക് വന്നു കയറിയതും ഇറങ്ങിപ്പോയതും അങ്ങനെയായിരുന്നു .
ഇനി ഒരിക്കലും ആ ഓർമ്മയിലേക്ക് തിരികെ നടക്കില്ലായെന്നു കരുതിയതാണ് .. പക്ഷെ വഴി മറന്നാലും കാല്പാടുകൾ ചില അടയാളങ്ങൾ തീർക്കും.നമ്മളെ അത് വീണ്ടും ഓർമ്മകളിലാഴ്ത്തും .
പുറകിൽ നിന്നൊരു ഹോൺവിളി സംഘമിത്രയെ ചിന്തകളിൽ നിന്നും തിരികെ കൊണ്ടുവന്നു . തിരിഞ്ഞു നോക്കുമ്പോൾ അഭിനന്ദൻ ആണ് .
നേരിൽ നന്ദി അറിയിക്കാൻ ഒരു അവസരം .
ബീച്ചിന്റെ അടുത്തുള്ള എല്ലാ കാർപാർക്കിങ്ങും നിറഞ്ഞിരിക്കുന്നു . അയാൾ വണ്ടി നിർത്തിയിടാൻ കുറച്ചു മുൻപോട്ടു പോയി .
മിത്ര ആ വാഹനത്തെ അനുഗമിച്ചു .
വണ്ടിയിൽനിന്നും ഇറങ്ങിയ അയാളോട് അവൾ പറഞ്ഞു.
" നന്ദി ഒരു വാക്കിൽ ഒതുക്കുവാൻ സാധിക്കില്ല . സത്യമായിട്ടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ് ഞാൻ,
സ്കൂളിലെ കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി .. "
അത് പറഞ്ഞു തീർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു .
" എന്താ സംഘമിത്ര ഇത് , അത്രക്കൊന്നും ഞാൻ ചെയ്തില്ല , ഈ വർഷം അവൈലബിൾ ആയ ഫണ്ട് തന്നു . അതേയുള്ളൂഇതു പോലെയുള്ള ഒരു സ്കൂളിന് ഇത്രമാത്രം ചെയ്യാൻ സാധിച്ചുള്ളു എന്നൊരു വിഷമമേ എനിക്കുള്ളു. അടുത്ത വർഷം മാർച്ച് കഴിയട്ടെ , എന്നെക്കൊണ്ട് സാധിക്കുന്നത് അപ്പോൾ ചെയ്യാം.. "
മിത്ര കൂപ്പു കൈകളോടെ ഒരു നിമിഷം അങ്ങനെ നിന്നു .
" ഏഴു മണിക്ക് ഒരു ഓവർസീസ് ഓൺലൈൻ മീറ്റിങ്ങുണ്ട് , ഞാൻ വിളിക്കാം .. "
അതും പറഞ്ഞയാൾ തിരികെ കാറിൽ കയറി.
കണ്മുൻപിൽ നിന്നും അയാൾ മറയുന്നതുവരെ സംഘമിത്ര അവിടെത്തന്നെ നിന്നു .
പിന്നെ റസ്റ്റിയെക്കൂട്ടി ആൻറിയുടെ വീട്ടിലേക്കു പോയി .
ആൻറി കുറച്ചു പാലപ്പവും വെജിറ്റബിൾ കറിയും അവൾക്കു കൊടുത്തുവിട്ടു.
സഹായത്തിന്റെ പെരുമഴയാണ് രണ്ടു ദിവസമായിട്ട് .
മിത്ര മനസ്സിൽ ഓർത്തു .
വീട്ടിലെ കുറച്ചു പണികൾ കുറെ ദിവസമായി അലക്ഷ്യമായിട്ടിരിക്കയാണ് .
മടി കൊണ്ടൊന്നുമല്ല , എന്തോ ഒരു ആലസ്യം.
ഒന്നും ചെയ്യാൻ തോന്നിയില്ല .
ഫ്ലാറ്റ് അടിച്ചു വൃത്തിയാക്കി , അലക്കിയ തുണികൾ മടക്കി വെച്ചു. രാത്രിയിൽ ഇനി ഭക്ഷണം ഉണ്ടാക്കേണ്ട . ആൻറിക്കു നന്ദി .
പണം കിട്ടിയത് വെച്ച് ഒരു ബജറ്റ് ഉണ്ടാക്കി . ആവശ്യങ്ങളുടെ , അത്യാവശ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി ജനനിക്കു മെയിൽ ചെയ്തു .
വെറുതെ ഒന്ന് കണ്ണടപ്പോൾ ഫോൺ ബെൽ അടിക്കാൻ തുടങ്ങി .
അഭിനന്ദൻ ആണ് വിളിക്കുന്നത് .
" സംഘമിത്ര കിടന്നോ ? മീറ്റിംഗ് കഴിയാൻ കുറച്ചു സമയമെടുത്തു. അതാണ് വിളിക്കാൻ വൈകിയത് .."
അയാളുടെ ഫോൺ അവൾ പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ മറുപടി പറയാതെ വെറുതെ മൂളി .
" ഭക്ഷണം ഒക്കെ കഴിഞ്ഞോ ? "
" കഴിഞ്ഞു .."
" എന്തായിരുന്നു.. ?"
" മേഴ്‌സി ആൻറി അപ്പവും സ്റ്റൂവും തന്നുവിട്ടു.
അത് കഴിച്ചിട്ട് , നിങ്ങൾ തന്ന പണത്തിൽ നിന്നും ചെയ്യാനുള്ളതിന്റെയൊക്കെ ഒരു എസ്റ്റിമേറ്റ് ഇടുകയായിരുന്നു .."
" ഇത്ര പെട്ടെന്നു ചെയ്തോ.. ?"
" കുറെ ആവശ്യങ്ങൾ പെൻഡിങ്ങായിരുന്നു.. "
" അപ്പോൾ പണി നടക്കട്ടെ , ഞാൻ ശല്യം ചെയ്യുന്നില്ല .."
" അങ്ങനെ ഒന്നും തിരക്കില്ല .."
"ശരി ഞാൻ പിന്നെ വിളിക്കാം .."
എന്നു പറഞ്ഞയാൾ ഫോൺ വെച്ചു.
പെട്ടെന്ന് മിത്രക്കു കുറച്ചു വിഷമം തോന്നി .
അയാൾക്ക് കുറച്ചു നേരംകൂടി തന്നോട് സംസാരിക്കാമായിരുന്നു .
പൊടുന്നനെ സംഭാഷണം നിലച്ചു പോയി.
രാത്രിയിൽ കിടന്നപ്പോൾ അഭിനന്ദനെക്കുറിച്ചവൾ ആലോചിച്ചു . ഗൂഗിൾ സേർച്ച് ചെയ്തു നോക്കി . കമ്പനിയുടെ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും ഇല്ല . എന്തോ അയാളെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹം തോന്നി .
എപ്പോഴെങ്കിലും സാവകാശം കിട്ടുമ്പോൾ അന്വേഷിക്കാം .
ഫോണിൽ അലാറം അടിച്ചപ്പോഴാണ് കണ്ണ് തുറന്നത് . രാത്രിയിൽ ഇടയ്ക്ക് എഴുന്നേൽക്കാതെ വല്ലാത്തൊരു ഉറക്കം ഉറങ്ങി ; വളരെ നാളുകൾക്കു ശേഷം .
അഭിനന്ദന്റെ ഗുഡ് മോർണിംഗ് മെസ്സേജ് ഉണ്ടായിരുന്നു . അയാളുടെ ഓഫീസിലേക്ക് ചെല്ലണമെന്നും ഫണ്ട് കിട്ടാൻ ആവശ്യമുള്ള രേഖകളുടെ ഒറിജിനൽ കൊണ്ടുചെല്ലണം എന്നും അഭിനന്ദൻ പ്രത്യേകം എഴുതിയിരുന്നു.
തുടരും ...