"പ്രണയ ലേഖനമെങ്ങിനെയെഴുതണം.
മുനികുമാരികയല്ലോ ഞാൻ.
മുനികുമാരികയല്ലോ ഞാൻ "
റേഡിയോയിലൂടെ കാതുകളിലേക്ക് ഇമ്പമൂറും തേൻ കണമായി കിനിഞ്ഞിറങ്ങുകയാണാ പാട്ട് !
അതിത്രയും മധുരതരമാകാൻ കാരണം ഞാനും അതിലെ 'ശകുന്തള' യുടെ അവസ്ഥയിലായിരുന്നു അപ്പോൾ എന്നതിനാലാണ്.
അറിയാതെ യറിയാതെ , നിനച്ചിരിക്കാതെ, ഒരു പ്രണയം കാതുകളിലൂടെ കയറി ഹൃദയ ഭിത്തികളൊക്കെ തുരന്ന് അവിടെ കയറിക്കൂടി കഴിഞ്ഞിരുന്നു.
ഇനി അടുത്തപടി ഒരു പ്രണയ ലേഖനമെഴുതുക തന്നെ. പക്ഷേ ആദ്യാക്ഷരം കുറിക്കുന്ന പിഞ്ചു കുഞ്ഞിന്റെ അതേ അവസ്ഥ!
ഒന്നും വരുന്നില്ല.
എന്തെഴുതും? എങ്ങിനെ എഴുതും? പേപ്പറും പേനയുമായി പുളിമരച്ചോട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നുവെന്ന് റേഡിയോ മനസിലാക്കിത്തന്നു . അവിടെ ചലച്ചിത്ര ഗാനങ്ങളും കഴിഞ്ഞ് വയലും വീടും കഴിഞ്ഞ്
"സംപ്രതി വാർത്തായാം സൂയന്താ പ്രവാചകാ ബലദിവാനന്ത സാഗര ഹ ..."
ഇതു കേട്ടതും അരോ അതിന്റെ കഴുത്തിന് പിടിച്ച് ശ്വാസം നിർത്തിയിരിക്കുന്നു.. .! ഒരു മണിക്കൂർ കഴിഞ്ഞൂന്നർത്ഥം.. വെള്ളയും നീലയും യൂണിഫോമിട്ട സ്കൂൾ കുട്ടിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള Reynolds പേനയുടെ ഗോപുരം പോലെ ഷേയ്പുള്ള നീല ക്യാപ്പ് പകുതിയോളം കടിച്ചു തുപ്പി ക്കഴിഞ്ഞിരിക്കുന്നു..ഇനി അത് പേനയിൽ അടച്ചാൽ റീഫില്ലറിന്റെ തുമ്പ് പുറത്തു കാണും. ആ പരുവമായി.!
അത്രയും ക്യാപ്പ് തിന്നു തീർത്തിട്ടും ഒരക്ഷരം പോലും പേപ്പറിലേക്ക് വരുന്നില്ല.
ചുമ്മാതല്ല ശകുന്തളചേച്ചി ഇങ്ങനെയൊക്കെ പാടിപ്പോയത് . മുനികുമാരിക്കു മാത്രമല്ല, മനുഷ്യ കുമാരിയായാലും, മൽസൃ കന്യകയായാലും ആദ്യമായിട്ട് പ്രണയ ലേഖനമെഴുതുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അവസാനം സകല 'പ്രേമപരമ്പര' ദൈവങ്ങളേയും ഒപ്പം സ്പെഷ്യൽ ആയിട്ട് 'ശകു' നേയും മനസ്സിൽ ധ്യാനിച്ച് ഒര് കാച്ചങ്ങ് കാച്ചാൻ തീരുമാനിച്ചു.
"പ്രിയപ്പെട്ട കൂട്ടുകാരന്" ......
ശ്ശെ
വേണ്ട.
സ്നേഹം നിറഞ്ഞ... അയ്യേ '
ഇതൊക്കെ വളരെ ഫോർമാലിറ്റി ആയിപ്പോയല്ലോ.
ഇതും വേണ്ട.
കുറച്ചു മോഡേൺ ആയാലോ?
പേരു പറഞ്ഞു തുടങ്ങാം.
നല്ല ഐഡിയ. ! അല്ലെങ്കിൽ, നല്ല കാവ്യാത്മകമായി , വളരെ റൊമാന്റിക്കായി ഒരു പാട്ടിൽ തുടങ്ങിയാലോ.? :
"അവിടുന്നെൻ ഗാനം കേൾക്കാൻ
ചെവിയോർത്തിട്ടരികിലിരിക്കെ, സ്വരരാഗസുന്ദരിമാർക്കോ വെളിയിൽ വരാനെന്തൊരു നാണം....!"
ഒരു തോട്ടിന്റെ കരയിൽ, വാഴത്തോട്ടത്തിൽ ഇരുന്ന് ഞാനെഴുതുന്നു!!
എഴുതി ശരിയാകാത്ത കാരണം കീറിയടുത്ത് ചുരുട്ടിക്കൂട്ടി വെള്ളത്തിലേക്കിട്ട പേപ്പർ വെള്ളത്തിലൂടെ വലിയ ഓരോ പത പോലെ ഒഴുകിപ്പോകുന്നു. അപ്പോൾ താഴെ നിന്ന് തൂമ്പ കൊണ്ട് വാഴയ്ക്ക് തടമെടുക്കുന്ന അവൻ അതെല്ലാം പിടിച്ചെടുത്ത് നിവർത്തി വായിച്ചിട്ട് എന്നെയന്വേഷിച്ചു വന്ന് കണ്ടു പിടിക്കും.
എന്നിട്ട് ഞങ്ങൾ രണ്ടു പേരും ചേർന്നൊരു യുഗ്മഗാനം...
ശ്ശൊ!
'ഇത് മഴയെത്തും മുമ്പേ'- സിനിമയിലെ രംഗമല്ലേ.?
ഇവിടിപ്പോ എവിടെ തോട് ?.
ഒരു രക്ഷയുമില്ല.
ഒരു തോടുണ്ടായിരുന്നെങ്കിൽ. തോട്ടിൽ കാലിട്ടിരുന്ന് എഴുതാമായിരുന്നു. തോടില്ലെങ്കിലും അപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു. അതിനാൽ മഴയെത്തും മുമ്പേ കീറിയിട്ട പേപ്പറെല്ലാം ഞാൻ തന്നെ പെറുക്കിയെടുത്ത് കുനുകുനെ നുള്ളിക്കീറി കത്തിക്കാൻ വേണ്ടി കരിയില കൂട്ടിയിട്ടതിന്റെ അടിയിലാക്കി
'ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ ' എന്ന ഭാവത്തിൽ വീട്ടിൽ ക്കേറിപ്പോയി.
അങ്ങനെ എന്റെ ആദ്യ പ്രണയ ലേഖനത്തിന്റെ യോഗം കുരുത്തപ്പഴേ സമാധിയാവാനായിരുന്നുവല്ലോന്നോർത്ത് നെടുവീർപ്പിട്ടു.
എന്നാലും പക്ഷേ അങ്ങനെയങ്ങ് നിരാശപ്പെട്ട് പിന്മാറാൻ പാടില്ലല്ലോ.
ശ്രമം തുടരുക തന്നെ. ഇതുവരെ കണ്ടിട്ടുള്ള സകല പ്രേമ സിനിമകളും ഓർമ്മയിലൂടെ മിന്നിമറഞ്ഞു. എന്തെങ്കിലുമൊരഡിയ?
എന്തായാലും വെറൈറ്റി വേണം.
അതു നിർബന്ധം.
പരമ്പരാഗത പ്രേമ ലേഖനങ്ങളായ
"ചോട്ടാ നമുക്ക് ചാണകം ചോട്ടാ .."
ടൈപ്പ് ഒന്നും വേണ്ട.
പെട്ടെന്ന് ബുദ്ധിയിലൊരു ലൈറ്റ് മിന്നി.
ഒന്നുമെഴുതാത്ത ഒരു വെറും വെള്ളക്കടലാസ് കാമുകൻ കാമുകിക്കു കൊടുക്കുന്ന ഏതോ ഒരു സിനിമയിലെ ഒരു സീൻ.!
അതു കൊള്ളാമല്ലോ.
ഒന്നും എഴുതുകയും വേണ്ട എന്നാൽ
'മൗനം വാചാലം' എന്നൊക്കെ പറയും പോലെ സിംബോളിക്കും ആയി
ആഹാ..
അതു പൊളിക്കും.! ഒന്നുമെഴുതാതെ രക്ഷപ്പെടുകയും ചെയ്യാം. എന്നാൽ മനസ്സ് നിറഞ്ഞു കവിഞ്ഞ കാരണം മനസ്സിൽ ഇനി എഴുതാൻ ഒരു തരി സ്ഥലം ബാക്കിയില്ലെന്ന ഭാവനയിൽ അവനെത്തുകയും ചെയ്യും.
തീർച്ച.
നാലായി മടക്കിയ വെള്ളപേപ്പർ പ്രേമലേഖനത്തെ തന്നെ അനുസ്മരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. . വായിക്കാനുള്ള ആകാംക്ഷയിൽ അത് തുറന്നു നോക്കുന്ന അവനു മുന്നിൽ തരിശ്ശായി കിടക്കുന്ന വെള്ളപ്പേപ്പർ ആയിരിക്കില്ല കാണുക. മറിച്ച്,
എന്റെ മനസ്സ് നിറഞ്ഞു തുളുമ്പി അതിൽ നിൽക്കുന്നതായിരിക്കും കാണുക.
ഇങ്ങനെ പ്രണയ വിഹായസ്സിൽ അതിരില്ലാ കനവുകൾ കണ്ട എന്റെ മനസ്സിനെ അറഞ്ചo പുറഞ്ചം കീറി മുറിച്ചു കൊണ്ട് അവന്റെ പ്രതികരണമെത്തി.
"ഓ ഇന്ന് ഞാൻ 'world History '-Note Book കൊണ്ടു വരാൻ മറന്നു. ഈ പേപ്പർ കിട്ടിയതു നന്നായി.
ഇന്നത്തെ 'Russian Revolution' Notes ഇതിൽ എഴുതാമല്ലോ.
അങ്ങനെ ഒന്നുമെഴുതാത്ത എന്നാൽ നിറയെ എഴുതിയ, എന്റെ പ്രണയ ലേഖനമാകുന്ന വെള്ളപ്പേപ്പറിന്റെ മാറിലൂടെ 'നെപ്പോളിയൻ ബോണപ്പാർട്ട്' - നിർദ്ദയം 'റഷ്യൻ വിപ്ലവം' അഴിച്ചു വിട്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു.
'Russian Revolution'- ൽ തോറ്റുപോയ ഒരു സേനാനായകന്റെ ഹൃദയം പോലെ എന്റെ ഹൃദയവും അപ്പോഴേക്കും ഛിന്നഭിന്നമായി നാലുപാടും ചിതറിത്തെറിച്ചിരുന്നു.