വനിതകളുടെ കായികരംഗത്ത്, ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ സ്ത്രീകളുമായി മത്സരം നടത്തുന്നത് ന്യായമാണോ? സ്ത്രീകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് മത്സരിക്കാനുള്ള അവകാശങ്ങൾക്കായി മുൻ പ്രസിഡന്റ് ജോ ബൈഡൻ വാദിച്ചു; സ്ത്രീകളെ അപേക്ഷിച്ച് ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക്, അന്യായമായ ശാരീരിക നേട്ടങ്ങളുണ്ടാകാമെന്നും ഇത് മത്സരത്തിലെ ന്യായതയെ ദോഷകരമായി ബാധിക്കുമെന്നും ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാടെടുത്തു!
അത്‌ലറ്റുകളെക്കുറിച്ചും സ്‌പോർട്‌സുകളെക്കുറിച്ചും ഉള്ള കാഴ്ചപ്പാടുകൾ, രണ്ട് നേതാക്കന്മാരിലും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു! അതേ സമയം ഒന്നുകിൽ സ്ത്രീകൾ അല്ലെങ്കിൽ പുരുഷന്മാർ മാത്രമായി അറിയപ്പെട്ടിരുന്ന ഒരു കാലം മാറിയിരിക്കുന്നു എന്ന യാഥാർഥ്യം ഒഴിവാക്കാനാകാത്തതാണ്, ഇന്ന് LGBTQ+ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വിയർ) എന്ന അക്ഷരങ്ങൾ ഓരോ ആന്തരിക ബോധത്തെ, ജീവിത ശൈലിയെ സൂചിപ്പിക്കുന്നു.
മറ്റ് സ്ത്രീകളിലേക്ക് പ്രണയമോ ലൈംഗികമോ ആയി ആകർഷിക്കപ്പെടുന്ന സ്ത്രീകളാണ് ലെസ്ബിയൻ; വൈകാരികമായും ശാരീരികമായും സ്വവർഗ്ഗാനുരാഗികളായ പുരുഷമാരാണ് ഗേ; സ്ത്രീകളോടും പുരുഷന്മാരോടും, അഥവാ ഒന്നിലധികം ലിംഗഭേദങ്ങളോട് പ്രണയപരമായോ ലൈംഗികമായോ ആകർഷിക്കപ്പെടുന്ന ഒരു വ്യക്തിയെ ബൈസെക്ഷ്വൽ എന്ന പദം നിർവചിക്കുന്നു.
ജനനസമയത്ത് നിയോഗിക്കപ്പെട്ട ലിംഗഭേദത്തിൽ നിന്ന് വ്യത്യസ്തമായ ലിംഗഭേദം ഉള്ള ആളുകളെ ട്രാൻസ്‌ജെൻഡർ സൂചിപ്പിക്കുന്നു! സ്ത്രീയായി ജനിക്കുകയും, എന്നാൽ പിന്നീട് പുരുഷനായി ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ ട്രാൻസ്‌ജെൻഡർ പുരുഷനായി കണക്കാക്കും; അതുപോലെ ജനനസമയത്ത് പുരുഷനായി കണക്കാക്കിയാലും, സ്ത്രീയായി തിരിച്ചറിയാൻ ഇഷ്ടപ്പെടുന്ന വ്യക്തി ട്രാൻസ്ജെൻഡർ സ്ത്രീയായി കണക്കാക്കുന്നു. ഈ നാലിലും വരാത്തവരാണ് ക്വിയർ-ൻറെ നിർവചനത്തിൽ വരുന്നത്. മറ്റുള്ളവരോട് ലൈംഗിക ആകർഷണം ഇല്ലാത്ത ആളുകളേയും ഉൾകൊള്ളുന്നതിനാണ് +.
സമൂഹങ്ങൾ സ്വകാര്യത നിലനിർത്താൻ ലിംഗഭേദത്തെ അടിസ്ഥാനമാക്കി ഇടങ്ങൾ വിഭജിച്ചു; കുളിമുറിയിൽ സാധാരണയായി "പുരുഷന്മാർ" അല്ലെങ്കിൽ "സ്ത്രീകൾ" എന്നിങ്ങനെയുള്ള അടയാളങ്ങൾ ലേബൽ ചെയ്യപ്പെട്ടു. കാലക്രമേണ നിയമങ്ങളും കെട്ടിട കോഡുകളും സ്ഥാപിക്കപ്പെട്ടു, അത് പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുസ്ഥലങ്ങളിൽ, വാണിജ്യ ഇടങ്ങളിൽ പ്രത്യേക സുഖസൗകര്യങ്ങളും നീതിയും ഉറപ്പാക്കാനുള്ള ഒരു മാർഗമായി കാണപ്പെട്ടു.
എയർപോർട്ടുകളിലും പൊതുസ്ഥലങ്ങളിലും പുരുഷൻമാർക്ക് ടോയ്‌ലെറ്റിലേക്ക് പ്രവേശിക്കാനായുള്ള കാത്തിരിപ്പ് സമയവുമായി താരതമ്യം ചെയ്യുമ്പോൾ, സ്ത്രീകളുടെ വിശ്രമമുറികൾക്ക് മുന്നിൽ നീണ്ട വരികൾ കാണുന്നത് സാധാരണമാണ്! ശരാശരി എടുത്തു നോക്കിയാൽ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ സമയം വിശ്രമമുറിയിൽ ചെലവഴിക്കുന്നത്, കാരണം സ്ത്രീകൾക്ക് പൊതുവെ വ്യക്തിശുചിത്വത്തിനോ വസ്ത്രം മാറാനോ കൂടുതൽ സമയം ആവശ്യമാണ്.
പുരുഷനോ സ്ത്രീയോ, ട്രാൻസ്ജെൻഡറോ, നോൺ-ബൈനറിയോ അല്ലെങ്കിൽ മറ്റേതെങ്കിലും വർഗ്ഗീകരണമോ ആകട്ടെ, ഓരോ ഐഡന്റിറ്റിക്കും വ്യത്യസ്‌തമായ ബാത്ത്‌റൂമുകൾ സൃഷ്ടിക്കുന്നത് പ്രായോഗികമല്ല. സ്ഥലം പരിമിതമാണ്, ഉള്ള സൗകര്യങ്ങൾ കാര്യക്ഷമമാക്കേണ്ടതുണ്ട്. നിലവിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ശുചിമുറികൾ നിലവിൽ ഉണ്ട്, അവ ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ ലിംഗഭേദം പരിഗണിക്കാതെ എല്ലാവരെയും ഉൾക്കൊള്ളാൻ യുണിസെക്‌സ് ബാത്ത്‌റൂമുകൾ വേണ്ടിവരും.
ചോദ്യം ചെയ്യപ്പെടുമെന്നോ ലജ്ജിക്കുമെന്നോ ഭയപ്പെടാതെ, അസ്വസ്ഥതയോ വിവേചനമോ തോന്നാതെ ആളുകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും സൗകര്യപ്രദമെന്ന് തോന്നുന്ന ബാത്ത്റൂം നിലവിലുള്ളതിൽ നിന്ന് തിരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ, എല്ലാവരേയും തുല്യമായി പരിഗണിക്കുന്ന, കൂടുതൽ ഉൾക്കൊള്ളുന്ന അന്തരീക്ഷം മുന്നോട്ട് വെക്കുന്ന യുണിസെക്സ് ബാത്ത്റൂമുകളായിരിക്കും ഇനി വരാൻ പോകുന്നത്.