Image

കെ ഹോംസ് സ്വാഗതാർഹമായ സർക്കാർ പദ്ധതി (ജെറി പൂവക്കാല)

Published on 09 February, 2025
കെ ഹോംസ് സ്വാഗതാർഹമായ  സർക്കാർ പദ്ധതി (ജെറി പൂവക്കാല)

കെ ഹോംസ് സ്വാഗതാർഹമായ ഒരു സർക്കാർ പദ്ധതി. നമ്മുടെ പ്രോപ്പർട്ടി നമ്മൾക്ക് സമ്പത്ത് തരുമ്പോൾ
ആണ് നമ്മൾ സമ്പന്നർ ആകുന്നത്. നമ്മുടെ പല വീടുകൾ നമ്മൾ കോടികൾ ഇൻവെസ്റ്റ് ചെയ്യുമെങ്കിലും തിരിച്ചു നമുക്ക് അതിനകത്ത് നിന്ന് ഒന്നും ലഭിക്കുന്നില്ലെങ്കിൽ ആ പണം dead മണിയായി .
നമ്മുടെ വീട് നമുക്ക്  പണം നൽകാത്തിടത്തോളം
കാലം അത് ഒരു ആസ്തി അല്ല അതൊരു ബാധ്യത ആണ്
ഒരുപാട് വീടുകൾ നാട്ടിൽ അടഞ്ഞു കിടക്കുമ്പോൾ ടൂറിസം പ്രോജക്ടുമായി സഹകരിക്കുകയാണെങ്കിൽ നല്ലൊരു വരുമാനം ഉണ്ടാകുവാൻ കഴിയും. വീട് കാട്പിടിച്ചും ചിലന്തിവല പിടിച്ചും നശിക്കില്ല.

നമ്മുടെ ഓരോ ഗ്രാമങ്ങളും ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്.14 ജില്ലകളിൽ 1670 ഗ്രാമങ്ങൾ ഉണ്ട് .ഇന്ന് വട്ടവട പോലുള്ള ഗ്രാമങ്ങൾ പ്രസിദ്ധമായിരിക്കുന്നതുപോലെ നമ്മുടെ ഗ്രാമത്തെയും വികസിപ്പിച്ചെടുക്കണം. അതിന് ഓരോ വില്ലേജ് ഓഫീസുകൾ കാര്യങ്ങൾ ഏറ്റെടുക്കണം. നെയ്യാറ്റിൻകര തുടങ്ങി മഞ്ചേശ്വരം വരെ ഉള്ള ഗ്രാമങ്ങൾ വിനോദ സഞ്ചാര മേഖല ആക്കി മാറ്റണം. ഗ്രാമങ്ങളിൽ ഇന്ത്യയുടെ ആത്മാവ് മാത്രമല്ല അനന്തമായ ടൂറിസം സാധ്യതയും ഒളിഞ്ഞിരിപ്പുണ്ട്.താമസിക്കാൻ പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകളും ഭക്ഷിക്കാൻ കോണ്ടിനന്റൽ വിഭവങ്ങളും സഞ്ചരിക്കാൻ ആഡംബര വാഹനങ്ങളുമാണു സഞ്ചാരികൾ ഇഷ്ടപ്പെടുന്നതെന്ന തെറ്റിദ്ധാരണ ടൂറിസം മേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം വൃത്തിയായി തിരുത്തിയ ചിലർ നമുക്കിടയിലുണ്ട്. അവർ 7 സ്റ്റാർ ഹോട്ടലിൽ നിന്നു സഞ്ചാരികളെ പരിമിതമായ സൗകര്യമുള്ള സ്വന്തം വീട്ടിലെത്തിച്ചു. ഉറങ്ങാൻ കയറുകട്ടിലിൽ തഴപ്പായ വിരിച്ചു നൽകി. രാവിലെ കരിച്ച ഉമി ഉപ്പു ചേർത്തു നൽകി അവരെ പല്ലു തേയ്പ്പിച്ചു. അടുക്കളയിലെ വിറകടുപ്പിൽ മുളംകണയിൽ പുട്ട് തയാറാക്കുന്നത് ലൈവ് ആയി കാണിച്ചു. പച്ച വാഴയിലക്കീറിലേക്ക് ആവി പറക്കുന്ന പുട്ട് ഊർന്നിറങ്ങുന്നതു കാണിച്ചു. ആവിപ്പുട്ടിൽ വാടിയ വാഴയിലയുടെ സുഗന്ധത്തോടൊപ്പം അവർ പ്രാതൽ കഴിച്ചു. കൊഴുക്കട്ടയ്ക്കകത്ത് പീര വരുന്നതെങ്ങനെ എന്ന മഹാത്ഭുതം കാട്ടി കൊടുത്തു

മുറ്റത്തെയും പറമ്പിലെയും പതിവുകാഴ്ചകൾ അവർ അത്ഭുതത്തോടെ കണ്ടു. അരയിൽ ചെത്തുകത്തിയും ചുരക്ക കുഭവുമായി ഒരു ഞാൺ കയറിന്റെ കരുത്തിൽ തെങ്ങിന്റെ മണ്ടയിലേക്കു കയറിപ്പോകുന്ന ചെത്തുകാരനെ ശ്വാസം അടക്കിപ്പിടിച്ചുനിന്നു കണ്ടു. തെങ്ങ് ഒളിപ്പിച്ചുവച്ച മധുര ലഹരി അവർ നുകർന്നു.
കരിമടൽ തല്ലി സ്വർണ നാരുകളാക്കുന്നവർ, അവ കൈവെള്ളയിലിട്ടു കയറാക്കി മാറ്റുന്നവർ... അവർക്കൊപ്പം സഞ്ചാരികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തെങ്ങോലകൾ വകഞ്ഞു മെടയുന്ന കരകൗശലം അവരെ ആകർഷിച്ചു. വീശുവലകൾ മണി കിലുക്കത്തോടെ മൽസ്യ സമൃദ്ധിയിലേക്ക് എറിയുന്നതു കണ്ടിട്ടും കണ്ടിട്ടും അവർക്കു മതിവന്നില്ല.

ഓട്ടോയിലും പഴയ സൈക്കിളിലും മത്തി നെയ് മണക്കുന്ന വള്ളത്തിലും അവർ ആനന്ദത്തോടെ സഞ്ചരിച്ചു. നാട്ടിലുള്ള ആന പുറത്ത് കയറി. റബ്ബറു വെട്ടി. റബ്ബര് ഷീറ്റ് മിഷനിൽ അടിച്ചു. പാക്ക് പൊട്ടിച്ചു.
വിദേശ സഞ്ചാരികൾ ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും ഇത്തരം ഗ്രാമക്കാഴ്ചകളും നാട്ടുരുചികളുമാണ്. അതുകൊണ്ടാണ് ആലപ്പുഴയിലെ ഏതോ ഉൾഗ്രാമത്തിൽ ചൂണ്ടയുമായി വന്ന വീട്ടമ്മ വീടിന്റെ പിന്നാമ്പുറത്തെ കായലിൽനിന്നു പിടിച്ചെടുത്ത മീൻ, തൊട്ടടുത്ത കൽപ്പടവിൽ ഇരുന്നു വെട്ടി വെടിപ്പാക്കി മൺചട്ടിയിൽ വേവിച്ചെടുക്കുന്ന രണ്ടര മിനിറ്റ് വിഡിയോ ആഗോളതലത്തിൽ വൈറലായത്.
നമ്മൾ കണ്ടു പതം വന്ന ചുറ്റുവട്ടക്കാഴ്ചകൾ അവർ തിരിച്ചറിഞ്ഞ് ഏറ്റെടുത്തുകൊള്ളും. അവരെ കാഴ്ചകൾ കാണാൻ അനുവദിച്ചാൽ മാത്രം മതി.

ഇവിടെയാണ് കെ ഹോംസിന്റെ പ്രസക്തി. ലണ്ടനിലെ ടൂറിസം വളർച്ചയ്ക്കു കരുത്തു നൽകിയ പദ്ധതിയാണ് ‘ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ്’ കുറഞ്ഞ ചെലവിൽ കിടക്കാൻ ഇടവും രാവിലെ കഴിക്കാൻ ഭക്ഷണവും നൽകുന്ന സംവിധാനമാണ് ‘ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ്’. ഇതിന്റെ ചുവടുപിടിച്ചാണു കേരളത്തിൽ ഹോംസ്റ്റേ പദ്ധതി ആരംഭിച്ചത്.
ഹോംസ്റ്റേകൾ ഒട്ടേറെ കുടുംബങ്ങൾക്ക് അധിക വരുമാനത്തിനുള്ള മാർഗമാണ്. എന്നാലും അതിന്റെ സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ നമുക്കു സാധിക്കണം
നമ്മുടെ ഇൻവെസ്റ്റ്മെന്റ് നമുക്ക്വേണ്ടി പണിയെടുക്കുമ്പോൾ ആണ് നമ്മൾ സമ്പന്നർ ആകുന്നത്
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല
https://www.facebook.com/jerryjohnsroy

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക