Image

പ്രണയ വാര ചിന്തകളിലെ ശിഥില ചിത്രങ്ങൾ ! (ജയൻ വർഗീസ്)

Published on 09 February, 2025
പ്രണയ വാര  ചിന്തകളിലെ ശിഥില ചിത്രങ്ങൾ ! (ജയൻ വർഗീസ്)

പതിനൊന്നു മുതൽ ഏഴു വരെയുള്ള ഷിഫ്റ്റിൽ ഒഴിവുണ്ടെന്ന് ഗ്യാസ് സ്റ്റേഷനിൽ നിന്നും വിളി വന്നു. ഗ്യാസ്സ്റ്റേഷനിൽ എത്തി സൂപ്പർ വൈസറെ കണ്ട് അപേക്ഷാ ഫാറം പൂരിപ്പിച്ചു കൊടുത്ത് ജോലി ഏറ്റെടുത്തു. ഇപ്പോൾമൂന്നു ജോലിയായി. ഗ്യാസ് സ്റ്റേഷൻ ജോലി രാത്രിയിൽ ആയതു കൊണ്ട് മറ്റു ജോലികൾക്ക് തടസം ഉണ്ടാവില്ല എന്ന് തന്നെ കരുതി. ബംഗ്ളാദേശ് കാരനായ ഒരു നസീർ ആണ് സൂപ്പർ വൈസർ. ലോട്ടറി വിസയിൽ അയാൾ എത്തിയിട്ടും ഏറെയായിട്ടില്ല. അങ്ങിനെ വന്ന ഒരു കൂട്ടം ബംഗ്ളാ യുവാക്കൾ ഫെറിയുടെ അടുത്തുള്ള ഒരു വീട്വാടകക്കെടുത്ത് ഒരുമിച്ചു താമസിക്കുകയാണ്. ഒന്നര ഡോളർ വിലയുള്ള ബട്ടർ റോളും, ചായയുമാണ്മിക്കവരുടെയും ലഞ്ചും, ഡിന്നറും ഒക്കെ എന്നറിഞ്ഞു. ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന തുക ഇപ്രകാരം ജീവിച്ചു മിച്ചം വരുന്നത് നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ് അവർ. നസീറുമായി കൂടുതലെടുത്തപ്പോൾ അയാൾ പറഞ്ഞ കഥകളാണ് ഇതെല്ലാം.

മൂന്നാമത്തെ ആഴ്ച വരെ  ക്ളീനിങ് കമ്പനിയിൽ നിന്നുള്ള ചെക്കുകൾ കൃത്യമായി എത്തിയിരുന്നു. അത്കഴിഞ്ഞപ്പോൾ ഇനിയുള്ള പേയ്‌മെന്റുകൾ ക്ളീൻ ചെയ്യുന്നിടത്ത് നിന്ന് കളക്ട് ചെയ്തു കൊള്ളണം എന്നകമ്പനിയുടെ ഒരു ലെറ്റർ വന്നു. കമ്പനി   ഇതിന് അവരുടെ കസ്റ്റമേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും കത്തിലുണ്ടായിരുന്നു. നമുക്ക് പണം കിട്ടേണ്ട സമയമായപ്പോൾ ഒരു പാർട്ടി മാത്രമേ ചെക്ക് തരുന്നുള്ളു. അടുത്തതവണ ഒരുമിച്ചു തരാം എന്നാണ് മറ്റുള്ളവർ പറയുന്നത്. ഇതിനിടയിൽ ക്ളീനിങ് ശരിയാവുന്നില്ല എന്ന പരാതിയും ഉയർന്നു തുടങ്ങി. ഒന്നാം ഓഫീസിന്റെ വൈനൽ ഫ്ലോർ ബഫ്  ചെയ്യുന്നില്ല എന്ന പരാതി വന്നു. അതും കൂടി ചെയ്താലേ കൂലി തരികയുള്ളു എന്നായി അവർ.

ബഫ്  ചെയ്യണമെങ്കിൽ ബഫിങ്  മെഷീൻ വേണം. അത് നമുക്കില്ല, .കമ്പനി തന്നിട്ടുമില്ല. അന്വേഷിച്ചപ്പോൾ  ടൂളുകൾ  വാടകക്ക് കൊടുക്കുന്ന .കമ്പനികൾ ഉണ്ട്  എന്നറിഞ്ഞു. വാടക ശകലം കൂടുതലാണ് എന്നേയുള്ളു. ഒരു ദിവസത്തേക്ക് ഇരുപത് ഡോളർ. ബഫിങ്പാഡിന് വില പത്തു ഡോളർ. നമുക്ക് രണ്ടു മണിക്കൂർ മതി. പക്ഷെ, ഒരു ദിവസത്തെ വാടക കൊടുത്തേ തീരൂ; അതാണ് അവരുടെ പോളിസി. പേരും വിലാസവും സെക്യൂരിറ്റി ഡെപ്പോസിറ്റും ഒക്കെ കൊടുത്ത്‌  ബഫിങ്മെഷീൻ  കൈയേറ്റ്‌ കൊണ്ട് വന്നു. ഞാനാണെങ്കിൽ ആദ്യം കാണുകയാണ്  അത്തരം  മെഷീൻ. ശക്തിയേറിയ ഒരു മോട്ടോറിൽ ഘടിപ്പിച്ചിട്ടുള്ള  ബഫിങ് പാട് വൈനൽ ഫ്ലോറിൽ റൗണ്ടായി ഉരസിയിട്ടാണ് ഫ്ലോർ ക്ളീനാവുന്നത്‌. ഇത് ചെയ്യുവാൻ തീർച്ചയായും പ്രാക്ടീസ് വേണം. മോട്ടോറിന്റെ കറക്കത്തിന് അനുസരിച്ചു നമ്മൾ ഹാൻഡിൽ പിടിച്ചു കൊടുക്കണം. നമ്മുടെ നിയന്ത്രണത്തിൽ മിഷ്യൻ കൊണ്ടുവരാൻ ശ്രമിച്ചാൽ മോട്ടോർ അതിന്റെ വഴിക്കു പോകും.

മിഷ്യനിൽ നിന്നുള്ള നീണ്ട കോർഡ് ഔട്ട് ലറ്റിൽ പ്ളഗ് ചെയ്തു. ഈ കോർഡിന് അമ്പത് അടി വരെ നീളം ഉണ്ടാവാറുണ്ട്. അത്രയും ദൂരം വരെയുള്ള ഭാഗം മിഷ്യൻ കൊണ്ട് നടന്ന് ബഫ് ചെയ്യാമെന്നതാണ് ഇതിന്റെ ഗുണം. മിഷ്യന്റെ സ്വിച്ച് നമ്മൾ പിടിച്ചിട്ടുള്ള ഹാൻഡിലിൽ ആണ്. ഒന്നമർത്തിയാൽ ഓൺ ആവുകയും, ഒന്നുകൂടി അമർത്തിയാൽ ഓഫ് ആവുകയും എന്നതാണ് മെക്കാനിസം.

എന്തും  വരട്ടെ എന്ന് കരുതി മെഷീൻ ഓൺ ചെയ്തു. ഇലക്ട്രിക് മോട്ടോർ കറങ്ങുകയാണ്. ഞാനുദ്ദേശിക്കുന്നദിശയിലൊന്നുമല്ല മിഷ്യൻ നീങ്ങുന്നത്. എന്നെയും വലിച്ചു  കൊണ്ട്  പേയ്‌ പിടിച്ച പട്ടിയെപ്പോലെ മിഷ്യൻ ലക്കില്ലാതെ ഓടുകയാണ്. ഒന്ന് നിർത്തണമെന്ന് കരുതി ഞാൻ സ്വിച്ച് അമർത്തുന്നുണ്ട്. ഒരു രക്ഷയുമില്ല. എന്നേയും വലിച്ചു കൊണ്ട് മിഷ്യൻ അടുത്ത മുറിയിലെത്തി. അവിടെ ക്ളീൻ ചെയ്തു നിൽക്കുകയായിരുന്ന മേരിക്കുട്ടിയെ ഇടിച്ചു വീഴ്‌ത്താൻ നോക്കി. തല നാരിഴക്കാണ്‌ അവൾ രക്ഷപ്പെട്ടത്. ഞങ്ങൾക്ക് ഓഫീസ് തുറന്നു തരാൻ വന്ന യുവതിയുടെ പിറകെയും മിഷ്യൻ എത്തിയപ്പോൾ അവൾ പേടിച്ചു പുറത്തേക്ക് കടന്നു. മിഷ്യൻനിർത്തു, നിർത്തു എന്ന് എല്ലാവരും പറയുന്നുണ്ട്. ആവും വിധത്തിലൊക്കെ ഞാൻ സ്വിച്ച്അമർത്തുന്നുണ്ടെങ്കിലും മിഷ്യൻ നിൽക്കുന്നില്ല. അവസാനം എന്നെയും വലിച്ചു കൊണ്ടോടിയ മിഷ്യൻ ഓഫീസിന്റെ ഡ്രൈവാൾ ഭിത്തി ഇടിച്ചു തകർത്ത് കൊണ്ട് അതിനടിയിൽ കിടന്നായി കറക്കം. പെട്ടന്നൊരു ബുദ്ധിതോന്നി. ഔട്ട് ലറ്റിൽ നിന്ന് " കോർഡ് വലിച്ചൂര് " എന്ന് ഞാൻ ഭാര്യയോട് വിളിച്ചു പറഞ്ഞു. അവളതു ചെയ്തു; മിഷ്യൻ നിന്നു. ( ഈ മിഷ്യന്റെ സ്വിച്ച് കേടായിരുന്നുവെന്ന്  പിന്നീടാണറിഞ്ഞത്.)

നമ്മുടെ ക്ളീനിങ് സർവീസ് ആ ഓഫീസിന് ആവശ്യമില്ലെന്നുള്ള അറിയിപ്പ് കിട്ടി. രണ്ടാഴ്ചത്ത പ്രതിഫലവും, മെഷീൻ വാടകയും ഒക്കെക്കൂടി ഇരുന്നൂറ് ഡോളർ സ്വാഹ. അവരുടെ ഭിത്തി ഇടിച്ചു പൊളിച്ചു കളഞ്ഞതിന് നഷ്ടപരിഹാരം ഒന്നും ചോദിച്ചില്ല, അത് തന്നെ ഭാഗ്യം.

ഇനി രണ്ട് ഓഫീസുകൾ. അതിൽ ന്യൂ ജേഴ്‌സി ഓഫീസിനു  പണം തരാൻ വലിയ മടിയാണ്. തരാനുള്ളതിന്റെ പകുതിയൊക്കെ തന്ന് അവരങ്ങിനെ നിൽക്കുന്നു. ഒരു ദിവസം ക്ളീനിംഗിന് ചെല്ലുമ്പോൾ ഓഫീസ്തുറന്നിട്ടിരിക്കുകയാണ്. ( സാധാരണ ഞങ്ങൾ ചെന്ന ശേഷമാണ് ഒരു കൃശഗാത്രി വാതിൽ തുറന്നു തരാറുള്ളത്. ) ഞങ്ങൾ  ക്ളീനിങ് ആരംഭിച്ചു. ധാരാളം കാബിനുകൾ ഉള്ള അവിടെ ഓരോ  കാബിനുകളുടെയും ഉള്ളിൽകടന്ന് ഗാർബേജ് ക്യാനുകളിൽ നിന്ന് ഗാർബേജ് എടുത്തു പുതിയ ബാഗുകൾ ഇട്ടു കൊണ്ടിരിക്കുകയാണ് ഞാൻ. ഒരു കാബിൻ ചേർത്തടച്ചിരിക്കുകയാണ്. അതിൽ അസ്വാഭാവികമായി ഒന്നും കാണാൻ വിവര ദോഷിയായഎനിക്ക് കഴിഞ്ഞില്ല. ഞാൻ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നതും, നേർത്ത ഇരുട്ടിൽ കുറെ ' ഭക്കി ' ങ്ങുകളും, അതിന്റെ അവസാനം ' ഗെരൗട്ട് ' എന്ന കൃശ ഗാത്രിയുടെ ആക്രോശവും ഞാൻ കേട്ടു. ഒറ്റ നോട്ടത്തിൽഞാൻ കണ്ടു പോയി : സോഫയിൽ കേട്ട് പിണഞ്ഞു കിടക്കുന്ന രണ്ട് ആത്മാവുകളെ. നമ്മുടെ കൃശ ഗാത്രിയും, മറ്റൊരു യുവാവും.

' മാനേഴ്‌സ് ഇല്ലാത്ത മനുഷ്യൻ ' എന്ന അപഖ്യാതിയും തലയിൽ ചാർത്തി ആ ജോലിയിൽ നിന്നും ഫയർചെയ്തതായി അറിയിപ്പ് വന്നു. കിട്ടാനുണ്ടായിരുന്ന പണം സ്വാഹ. ഇനിയുള്ളത് ഓഫീസ് ക്ളീനിങ് എന്നപേരിലുള്ള കിച്ചൻ ക്ളീനിങ് മാത്രം. ആ മനുഷ്യനും, അയാളുടെ മകൾക്കും ഞങ്ങളെ വലിയ കാര്യമായിരുന്നു എന്ന് മാത്രമല്ലാ, കൃത്യമായി ആഴ്ചകൾ തോറും ചെക്ക് തരുന്നതിനും അവർ മടി കാണിച്ചിരുന്നില്ല. എങ്കിലും ഇനി ഈ ജോലി തുടരുന്നതിൽ ഞങ്ങളിൽ ആർക്കും തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ആകുടുംബത്തോട് നല്ലവാക്ക് പറഞ്ഞ്  ഒഴിവായിപ്പോന്നു. വസ്തു നിഷ്ഠമായി വിലയിരുത്തുമ്പോൾ  ബാങ്കിലുണ്ടായിരുന്ന രണ്ടായിരം ഡോളർ സുഖമായി പോയിക്കിട്ടുകയും, നാലഞ്ചാഴ്ചകൾ മൂന്ന് ഓഫീസുകൾ വണ്ടിയോടിച്ചു ചെന്ന് വെറുതേ ക്ളീൻ ചെയ്തു കൊടുത്തു എന്നതിലുപരി, ചില വാരഫലക്കാർ പറയുന്നത്പോലെ ധന നഷ്ടവും, മാനഹാനിയും ഫലം.

സത്യ സന്ധന്മാരുടെ നാട് എന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും തികച്ചും മാന്യമായി ആളുകളെ കെണിയിൽ വീഴ്‌ത്തുന്ന  ഇത്തരം പ്രസ്ഥാനങ്ങളും ഉണ്ട് എന്ന് പിറകേ വരുന്നവർ അറിഞ്ഞിരിക്കാൻ കൂടിയാണ്ഈ കഥ ഇവിടെ പറയുന്നത്.

ക്ളീനിങ് ഫ്രാൻഞ്ചൈസി ബിസിനസ്സ് പരിപൂർണ്ണ നഷ്ടത്തിൽ കലാശിച്ചെങ്കിലും, മറ്റു രണ്ടു ജോലികളും കൂടുതൽ നല്ല നിലയിൽ മുന്നോട്ടു പോവുകയായിരുന്നു. കമ്പനിയിൽ എനിക്ക് ' കട്ടർ ' ആയി പ്രമോഷൻ കിട്ടുകയും, ശമ്പളം മണിക്കൂറിന് ആറര  ഡോളറായി ഉയരുകയും ചെയ്‌തു. സ്ത്രീകൾക്ക് അഞ്ച് - അഞ്ചരഡോളർ എന്ന നിരക്കിലുള്ള ഉയർച്ചയുണ്ടായി. രണ്ടു മുതൽ നാല് വരെ മണിക്കൂറുകൾ എല്ലാവർക്കും ഓവർ ടൈം ചെയ്യുവാനുള്ള അവസരവും ആ മണിക്കൂറുകൾക്ക് ടൈം ആൻഡ് ഹാഫ് എന്ന നിരക്കിൽ വേതനം കിട്ടുന്നതിനും ഇടയായി. മുമ്പ് കട്ടർ ആയി പ്രവർത്തിച്ചിരുന്ന സാമുവൽ തോമസ് എന്ന  ബാബു അസിസ്റ്റന്റ് സൂപ്പർവൈസറായി പ്രമോഷൻ നേടിയത് കൊണ്ട് ഞാനും, ഫിലിപ്പ് തോമസ് എന്ന  തമ്പിയും ഫുൾ ടൈം കട്ടർമാരാവുകയും, മറ്റു മലയാളികൾക്കെല്ലാം ആനുപാതികമായി സ്‌പ്രെഡ്‌ഡർ ഉൾപ്പടെയുള്ള തസ്തികകളിൽ ഉയർച്ച കിട്ടുകയുമുണ്ടായി. ആകെയുള്ളതിൽ പകുതിയിലേറെയും മലയാളികൾ ആയിരുന്നത് കൊണ്ട് കട്ടിങ് റൂമിൽ  ഒരു മലയാളി മേൽക്കോയ്‌മ നിലവിൽ വന്നു.

ഗ്യാസ് സ്റ്റേഷനിൽ ജോലിക്കാരായിരുന്ന പാക്കിസ്ഥാൻ കാരായ യുവാക്കളോട് ഞാൻ വളരെ വേഗം അടുത്തു.  കോളേജുകളിൽ പഠിക്കാൻ വന്നിട്ടുള്ളവരാണ് അവരിൽ മിക്കവരും. അത് കൊണ്ട് തന്നെ ചില ഷിഫ്റ്റുകളിൽ അവർക്ക് എത്താൻ കഴിയാതെ വരുമ്പോൾ അവരുടെ ഷിഫ്റ്റ് കൂടി എനിക്ക് ചെയ്‌യേണ്ടി വന്നിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ പകൽ ഷിഫ്റ്റുകൾ കൂടി ഞാൻ ചെയ്യുമ്പോൾ ‌ ചില ആഴ്ചകളിൽ എട്ടു ഷിഫ്റ്റുകൾ വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ ഷിഫ്റ്റുകളും, കമ്പനിയിലെ ഓവർ ടൈമും ഒക്കെക്കൂടി 118 മണിക്കൂർ  വരെ ഒരാഴ്ചയിൽ ജോലി ചെയ്തിട്ടുണ്ട് എന്നതാണ് എന്റെ സർവകാല റിക്കോർഡ്. ഒരാഴ്ചയിൽ ആകെ 168 മണിക്കൂറുകൾ മാത്രമേ ഉള്ളു എന്നറിയുമ്പോൾ ഇതിൽ ശകലം അത്ഭുതമുണ്ടല്ലോ?

അമേരിക്കൻ ജീവിത രീതിയുടെ അസുലഭങ്ങളായ നേർക്കാഴ്ചകൾ ആയിരുന്നു എന്റെ ഗ്യാസ് സ്റ്റേഷൻരാത്രികൾ. പതിവായി നിശ്ചിത സമയത്ത് ബുള്ളറ്റ് പ്രൂഫ് ക്യാബിനു മുന്നിൽ വന്നു നിന്ന് എന്നെഭീഷണിപ്പെടുത്തിയിരുന്ന ഒരു വെള്ളക്കാരൻ പയ്യനെ ആദ്യം ഓർക്കാം. പതിനാറു വയസിൽ താഴെയുള്ള ഒരുതടിച്ച പയ്യനായിരുന്നു അവൻ. അടുത്തുള്ള കഫെറ്റേറിയയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് കക്ഷിയുടെ വരവ്. ഒരു ബീയർ കുപ്പി കൈയിലുണ്ടാവും. ഞാൻ കാണുന്ന ആദ്യ ദിവസം കക്ഷി എന്നോട് ഒരു പാക്കറ്റ് സിഗരറ്റ്ചോദിക്കുന്നു. പ്രായപൂർത്തി ആകാത്തവർക്ക് സിഗരറ്റ് വിൽക്കാൻ നിയമം അനുവദിക്കാത്തത് കൊണ്ട് ഞാൻഐ. ഡി. ചോദിച്ചു. "ഫക്കിങ് ഐ. ഡി. " എന്ന് പറഞ്ഞ് പയ്യൻ വീണ്ടും സിഗരറ്റ് ചോദിക്കുകയാണ്. മുമ്പ്  ഉണ്ടായിരുന്നയാൾ ഒന്നും ചോദിക്കാതെ തനിക്ക് സിഗരറ്റ് തരുമായിരുന്നു  എന്നും, വേണമെങ്കിൽ ഒരു ഡോളർകൂടുതൽ തരാമെന്നുമാണ് പയ്യന്റെ വിശദീകരണം. അങ്ങിനെ ചെയ്‌യാൻ എനിക്ക് പറ്റില്ല എന്ന് ഞാൻപറഞ്ഞതാണ് കക്ഷിയുടെ വിരോധത്തിന് കാരണം. ആദ്യ ദിവസം ഗ്ളാസ്സിൽ ശക്തിയായി ഇടിക്കുകയും, ഉറക്കെ കുറെ തെറി വിളിക്കുകയും ചെയ്‌തെങ്കിലും, ഞാൻ ഫോൺ എടുത്തപ്പോൾ  പോലീസിനെ വിളിക്കാനാവും എന്ന്ഭയന്നിട്ടാവണം, പയ്യൻ ശാന്തനായി. പോകാൻ നേരം തല ഒരു വശത്തേക്ക് ചരിച്ച്, വലതു കൈയിലെ ചൂണ്ടാണിവിരൽ  തെറിപ്പിച്ച് മുകളിലുയർത്തി ദേഷ്യത്തോടെ ഇത്രയും പറഞ്ഞിട്ട് പോയി : " ഫക്കിങ് ഇന്ത്യൻസ്. ഗെരൗട്ട്ഫ്രം ഹിയർ. "  വർഷങ്ങളോളം പയ്യൻ നിശ്ചിത സമയത്ത് സ്ഥലത്തെത്തി ഈ വാക്കുകൾ പറയാൻ മറന്നിരുന്നില്ല എന്നതാണ് രസകരം.

പയ്യന്റെ ഭീഷണിയിൽ നിന്നും ഞാൻ ഒഴിവായത് ഒരു ആകസ്‌മിക സംഭവത്തെ തുടർന്നായിരുന്നു. ഒരുരാത്രിയിൽ ഒന്നരമണി സമയത്ത് സ്ട്രോബ് ലൈറ്റുകൾ മിന്നിച്ചെത്തിയ കുറേ വെഹിക്കിൾസ് ഗ്യാസ് സ്റ്റേഷൻവളഞ്ഞു. അതിൽ പോലീസും, ഫയർ ഫോഴ്‌സും, ആംബുലൻസും, എമർജൻസി വിഭാഗത്തിൽ പെട്ട മറ്റു ചിലവാഹനങ്ങളും ഉണ്ടായിരുന്നു. നാല് വശത്തു നിന്നുമുള്ള റോഡുകളിൽ വാഹനങ്ങൾ വിലങ്ങനെയിട്ട് പോലീസ്ട്രാഫിക് ബ്ളോക്ക് ചെയ്തു. ചുവപ്പൻ ലൈറ്റുകളുടെ പ്രളയത്തിൽ പ്രദേശം ഒരു രക്തക്കടലായി മാറി. രണ്ടു പോലീസുകാർ ഓടിയെത്തി വാതിലിൽ മുട്ടി അത് തുറക്കാൻ ആവശ്യപ്പെട്ടു. ഞാൻ വാതിൽ തുറന്നപ്പോൾ " ഈഗ്യാസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നും, ഉടൻ കൂടെ വരണ " മെന്നും അവർ ആവശ്യപ്പെട്ടു. അവരോടൊപ്പം പോയ എന്നെ കുറച്ചു ദൂരെ നിർത്തിയിട്ട് ഒരാൾ തിരിച്ചു പോയി.

ഞാൻ നോക്കി നിൽക്കുമ്പോൾ അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത തരം  ഒരു വാഹനത്തിൽ നിന്ന് ശൂന്യാകാശസഞ്ചാരിയെപ്പോലെ വേഷം ധരിച്ച ഒരാൾ ഇറങ്ങി ഗ്യാസ് സ്റ്റേഷന്റെ പിന്നിലേക്ക്  പോകുന്നതും, മറ്റുള്ളവർ എന്തുംസംഭവിക്കാം എന്ന നിലയിൽ ശ്വാസമടക്കി നിൽക്കുന്നതും കണ്ടു. കുറച്ചു നേരം കഴിഞ്ഞ് അയാൾ ഒരു പ്ലാസ്റ്റിക്സഞ്ചയിൽ ഭാരമുള്ള ഒരു വസ്തുവുമായി വന്ന് അത് മറ്റുള്ളവരെ കാണിക്കുന്നതും, അവർക്കെല്ലാം ശ്വാസം കിട്ടി ചലന ശേഷി നേടുന്നതും ഞാൻ കണ്ടു. എന്നെ വിട്ടു പോയ പോലീസുകാരൻ തിരിച്ചു വന്ന് ഗ്യാസ്സ്റ്റേഷനിലേക്ക്  പൊയ്‌ക്കൊള്ളാൻ അനുവാദം തന്നു. ഗ്യാസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശത്തെ തുടർന്നുള്ള പരിശോധനയാണ് നടന്നതെന്നും, സൂചിപ്പിച്ചിരുന്ന സ്ഥലത്തു നിന്ന് പ്ലാസ്റ്റിക്സഞ്ചിയിൽ പൊതിഞ്ഞ ഒരു കരിങ്കൽ കഷണമാണ് കണ്ടെടുത്തതെന്നും പിന്നീടറിഞ്ഞു. ചോരക്കടൽ ഒഴിഞ്ഞുപോയപ്പോൾ സാധാരണ നിലയിൽ ഗ്യാസ് സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങി. ഈ സംഭവത്തിനു ശേഷം നമ്മുടെ ഭീഷണിക്കാരൻ പയ്യനെ ഒരിക്കലും ആ ഭാഗത്ത് കണ്ടിട്ടേയില്ല.

രാത്രി രണ്ടര മണിക്ക് ഒരു ഷർട്ട് മാത്രം ധരിച്ച് സൈക്കിളിൽ വന്ന് ഒരു പാക്ക് മാൾബറോ സിഗരറ്റ് പതിവായി വാങ്ങിച്ചിരുന്ന സുന്ദരിയായ ഒരു മുപ്പതു കാരിയെ മറക്കാൻ കഴിയുന്നില്ല. ഇറുകിയ ഷർട്ടിന്റെ മുകളിലത്തെ കുറെ ബട്ടണുകൾ എപ്പോഴും തുറന്നിട്ടിരിക്കും എന്നത് കൊണ്ട് അകത്ത് തുള്ളി തുളുമ്പുന്ന  നിറ യൗനത്തിന്റെമനോഹര കാഴ്ച സൗജന്യമായി എന്നും എനിക്ക്  കിട്ടിയിരുന്നു. നഗ്നമായ തുടകളെ തൊട്ടു, തൊട്ടില്ല എന്നനിലയിൽ ഷർട്ട് ഉണ്ടായിരിക്കുമ്പോളും കറുത്ത സൈക്കിൾ സീറ്റിൽ ഉരസുന്ന വെളുത്ത ഗുഹ്യ ഭാഗങ്ങളുടെഅപൂർവ ദൃശ്യവും എന്നും സൗജന്യമായിരുന്നു.  കൃത്യ സമയത്ത് കൃത്യമായി എത്തിയിരുന്നത് കൊണ്ട് ഏതോതൊഴിൽ മേഖലയിൽ നിന്നുള്ള റിലീവ് കിട്ടിയിട്ടാവും ഈ വരവ് എന്ന് ഞാൻ കണക്കു കൂട്ടി. ഒരിക്കൽ പോലും എന്നോട് ഹായ് പോലും പറയാതെയുള്ള ഈ യാത്ര ഞാൻ പിരിഞ്ഞു പോരുന്ന കാലം വരെ തുടർന്നിരുന്നു. ( എന്നെപ്പോലെ ഇടക്കിടക്ക് ഈ കാഴ്ച കാണാറുള്ള ബംഗ്ളാദേശുകാരൻ അലി തമാശയായി പറയുന്നത് : " ഒരുപുനർജ്ജന്മമുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ തനിക്കൊരു ലേഡീസ് സൈക്കിൾ സീറ്റായി ജനിച്ചാൽ മതി " എന്നായിരുന്നു. )

അതി സുന്ദരിയായ ഒരു ദുഃഖ പുത്രിയുടെ കഥ കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. ഞാൻ ചാർജെടുത്ത്അടുത്ത ദിവസം തന്നെ അവൾ വന്ന് ഒരു പാക്ക് സിഗരറ്റ് ആവശ്യപ്പെട്ടു. ഒരു അഞ്ചരയടിയിൽ താഴെ പൊക്കവും, മാൻ പേടയുടെ മിഴികളും, അഴിച്ചിട്ട കറുത്ത നീണ്ട മുടിയും, ചുവപ്പു നിറവുമുണ്ടായിരുന്ന ആ കൃശ ഗാത്രി പ്രായപൂർത്തി എത്തിയവളാണെന്ന് എനിക്ക് തോന്നിയില്ല. അത് കൊണ്ട് തന്നെ ഞാൻ ഐ. ഡി. ആവശ്യപ്പെട്ടു. പൊട്ടിച്ചിരിച്ചു കൊണ്ട് തന്നെക്കണ്ടാൽ പ്രായം തോന്നുന്നില്ലേ എന്നവൾ എന്നോട് ചോദിച്ചു. " ഇല്ല " എന്ന എന്റെഉത്തരത്തിന് തന്റെ മുഴുത്ത ശരീര ഭാഗങ്ങൾ ഒന്നുകൂടി ഇളക്കിക്കൂട്ടി " ഇപ്പോഴോ? " എന്നവൾ ഒന്നുകൂടിഎന്നോട് ചോദിച്ചു. " ഐ ഫീൽ യു ലൈക്ക് എ ടീനേജർ. " എന്ന എന്റെ ഉത്തരം അവളെ സന്തോഷിപ്പിച്ചു എന്നാണു എനിക്ക് തോന്നിയത്. " ഓക്കേ " എന്ന് പറഞ്ഞു കൊണ്ട് അവൾ ഐ.ഡി. എടുത്ത് ഡ്രോവറിൽ ഇട്ടു.

ഞാൻ നോക്കുമ്പോൾ അവൾക്ക് ഇരുപത്തി രണ്ടു വയസ് കടന്നിരിക്കുന്നു. " സോറി " എന്ന് പറഞ്ഞു കൊണ്ട്ഞാൻ സിഗരറ്റ് പാക്ക് ഡ്രോവറിൽ ഇട്ടു. ഏതോ മദ്യത്തിന്റെ ലഹരി കത്തി നിൽക്കുന്ന കണ്ണുകളോടെ എന്നെ നോക്കി കണ്ണിറുക്കിയിട്ട് അവൾ പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഇൻഡ്യാക്കാരിയുടെ മുഖമുള്ള ഒരു കൂട്ടുകാരിയുമൊത്ത് തിരിച്ചു വന്ന അവൾ ഗ്യാസ് സ്റ്റേഷന്റെ ഒരരികിൽ പണിതിട്ടുള്ള സിമന്റു തറയിൽ ഇരിപ്പുറപ്പിച്ചു. നിറുത്താതെ സിഗരറ്റ് വലിച്ചും, കൈയിലുള്ള കുപ്പിയിൽ നിന്ന് നിറമുള്ള ഏതോ ദ്രാവകം ഇടക്കിടെകുടിച്ചു കൊണ്ടുമുള്ള അവരുടെ ഇരിപ്പു മണിക്കൂറുകളോളം നീളാറുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന വർഷങ്ങളോളം ഇതൊരു നിത്യ കാഴ്ച ആയിരുന്നു എന്നത് കൊണ്ട്  ഒരു ദിവസം അവളെ കണ്ടില്ലെങ്കിൽ അകാരണമായ ഒരു ആധി എന്നെയും അലോസരപ്പെടുത്തിയിരുന്നു.

പക്ഷെ, അവൾ വരാത്ത ദിവസങ്ങൾ വളരെ അപൂർവമായേ ഉണ്ടായിട്ടുള്ളൂ. അവളുടെ കൂട്ടുകാരികൾ മാറിമാറി വരാറുണ്ടെങ്കിലും, ഒരേ ചേഷ്ടകളും ശൈലിയുമായി അവൾ എന്നുമുണ്ടാവും. വരുന്ന വഴിയെ എന്റെ ക്യാബിനുമുമ്പിൽ വന്ന് മഴവില്ലിനെ ഓർമ്മിപ്പിക്കുന്ന ഒരു ചിരി സമ്മാനിക്കും. എന്നിട്ടു എന്നെ കളിയാക്കി " യു വാണ്ട് ആൻ ഐ.ഡി.?" എന്ന് ചോദിക്കും. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ ബ്രാൻഡ് സിഗരറ്റ് കൊടുക്കുന്നതോടെ അവൾ അവിടെ നിന്ന് പോവുകയും, കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു സിമന്റു തറയിൽ ഇരിക്കുകയും, ഒരു റൊട്ടീൻ പോലെ പതിവ് പരിപാടികൾ ആവർത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവളെ കാണുമ്പോൾ ചില ആണുങ്ങൾ വണ്ടി നിർത്തി ഇറങ്ങി അവളോട് സംസാരിക്കുകയും, അവൾ നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ തിരിച്ചു വണ്ടിയിൽ കയറിപ്പോകുന്നതും മിക്ക ദിവസങ്ങളിലും ഞാൻ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.

ഞാൻ ജോലി തുടങ്ങിയിട്ട് ഒരു രണ്ടു വർഷത്തിന് അടുത്തായിക്കാണും. പതിവ് പോലെ പെൺകുട്ടിയും, അവളുടെ ഇന്ത്യൻ മുഖമുള്ള കൂട്ടുകാരിയും ചിരിച്ചു കളിച്ച് പുകവലിയുമായി സിമന്റു തറയിൽ ഇരിക്കുന്നു. സമയം ഒരു രണ്ടര മണി ആയിട്ടുണ്ടാവും. പെട്ടെന്ന് ഒരു ഇടത്തരം വാൻ വന്ന്  അവരുടെ സമീപത്ത് നിൽക്കുന്നു. അതിൽ നിന്ന് തീരെ യുവാക്കളല്ലാത്ത രണ്ടുപേർ ചാടിയിറങ്ങി പെൺകുട്ടികളോട് എന്തൊക്കെയോ പറയുന്നു. വേറെ രണ്ടു പേര് കൂടി വാനിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കാണാം. കുറെ സംസാരിച്ചു കഴിഞ്ഞ് പെൺകുട്ടികൾ അവരോടൊപ്പം വാനിലേക്ക് കയറി. വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് വാൻ  സൗത്ത്‌ ദിശയിലേക്ക് ചീറിപ്പാഞ്ഞുപോയി.

പിന്നീടൊരിക്കലും ഇന്നുവരെയും ഞാനാ പെൺകുട്ടികളെ കണ്ടിട്ടില്ല. അവിടന്ന് പോരുന്നത് വരെ മഴവിൽചിരിയുമായി ആ സുന്ദരിക്കുട്ടി എന്നെങ്കിലും എന്റെ മുന്നിൽ വന്ന് " യു വാണ്ട് ആൻ ഐ. ഡി.? " എന്ന് എന്നോട്ചോദിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നുവെങ്കിലും, ഇന്ന് വരെയും അത് സംഭവിച്ചില്ല. അവളെ ആകർഷിക്കുന്ന ഏതോ ഓഫറുമായി വന്ന് രാത്രി രണ്ടര മണിക്ക് ആ കറുത്ത വാനിൽ അവളെക്കൂട്ടി ഇരുട്ടിൽമറഞ്ഞ ആ നാൽവർ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷ പെടാനാവാതെ മരണത്തിലേക്കോ, സമാനമായ മറ്റേതെങ്കിലും ദുരൂഹതയിലേക്കോ ആ പെൺകുട്ടികൾ മറഞ്ഞിരിക്കാം എന്നാണ് എന്റെ മനസ്സ് തന്നെ എന്നോട്പറയുന്നത്. വർഷങ്ങൾ എത്ര കൊഴിഞ്ഞിരിക്കുന്നു? മനസിനുള്ളിൽ കുത്തുന്ന ഒരു മുൾമുനയായി ആ ഓർമ്മകൾ സജീവതയോടെ   ഇന്നും എന്നിൽ നില നിൽക്കുന്നു.

* ‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക