പറന്നുപോവുക, കൂടെപ്പോരുകെന്നും
നിന്നൊടൊരാരാർദ്രമർത്ഥിച്ചതേവം
കാലവൈകല്യംമൂലമെന്നറിഞ്ഞാലും.
കിളിപ്പാട്ടുകാരന്യോന്യം കലമ്പവേ,
പിണങ്ങിയെന്തൊക്കെയോ പുലമ്പി, നീ
തൂവൽ മിനുക്കിയിരിപ്പതെന്തേ?
ഉയർന്നു മലകൾക്കുംമീതേ പറന്നു വാ:
താൻ കണ്ടതേ കാഴ്`ചയെന്നാർപ്പോർക്ക്
ജ്ഞാനസാരങ്ങൾതൻ ഗീതികൾ ചൊല്ലുക:-
ജ്വലിക്കുമുച്ചക്കുപോലും ചന്ദ്രതാരങ്ങൾ
തങ്ങടെ മാർഗ്ഗേ ചലിപ്പതുണ്ടെന്ന്,
പാഴ്`ക്കുണ്ടിൽ മാഴ്`കും സരടം നൃഗനെന്ന്,
പൊട്ടനും കിട്ടും പൊന്നാടയെന്നതിൽ
പൊട്ടിച്ചിരിക്കയേ വേണ്ടുവെന്ന്.
അസുരാവേഗം തടുക്കവേണ്ടേ?
ലങ്കാദിശ കാട്ടിത്തരേണ്ടേ?
ഖഗോളഗീതങ്ങളുതിർക്കവേണ്ടേ?
ഇന്ദ്രന്റെ പട്ടമെനിക്കു വേ,ണ്ടെന്നുടെ
നാവിന്റെ തുമ്പത്തു നേരേയിരിക്കു,കെൻ-
നാരായമുഷ്`ടിമേൽ നേരേയിരിക്കുക.
മൃദുലങ്ങൽ മുറിവേറ്റൊലിക്കും നിലയ്‌ക്കാ-
ച്ചലം തൂത്തു കർമ്മം പിഴച്ചല്ലൊ ഞാൻ,
സർവ്വ പ്രിയതമങ്ങളാൽ വഞ്ചിതം,
കാലുറയ്‌ക്കാച്ചുരങ്ങളിലൂടെയങ്ങെത്തി-
യപ്പോളത്താഴ്‌വാരം മുങ്ങുകയായിരുന്നു.
അപ്പോൾ ഞാൻ നിന്നെ വിളിച്ചുകേണു:-
“പ്രളയത്തിൽ മുങ്ങുമിക്കുഞ്ഞുറുമ്പിന്നായി
കുഞ്ഞിലയൊന്നു നീ നുള്ളിവീഴ്‌ത്തീടുക.”
സമുദ്രം വിളിച്ചതു കേട്ടുവന്നെത്തി,
എന്നെ കോരിയെടുത്തിങ്ങു ഭദ്രമെത്തിച്ച
നീതന്നെനിക്കിനീം കാവലയ് നിൽക്കുക.
വിൺവിളക്കെല്ലാം കെടുത്തുമീ ഭീതിദ-
പ്പേമാരിനേരത്തെൻകൂടെയിരിക്കുക
കണയാലോ കെണിയിലോ നീ വീണിടാ-
ത്തൊരു നല്ലിടത്തു ചെന്നെത്തീടുക.
പ്രിയംപെടും പക്ഷീ, ബൃഹ്മനന്ദിനീ,
എൻ ജാഗരസുഷിപ്‌തികളിലെപ്പൊഴും
സ്വയംപ്രഭാപുഞ്ജമായ്, സുരഭിലശ്വാസ-
മായ് നി,ന്നാ മഞ്ജുചെഞ്ചുണ്ടിനാൽ,
സ്ഫുടഹൃദയഭാഷയിൽ,
ഭയാശങ്കാരഹിത,മുദാരം,
വാക്കിന്റെ വാടാസുമങ്ങൾ കൊരുക്കുക▲
2004: സർഗ്ഗവേദി ന്യൂയോർക്ക്
1993: ചെറിയാൻ കെ. ചെറിയാൻ: ‘പോരൂ, പ്രിയപ്പെട്ട പക്ഷീ’
1982: ബാലചന്ദ്രൻ ചുള്ളിക്കാട്: ‘പോകൂ, പ്രിയപ്പെട്ട പക്ഷീ’