Image

വ്യാധി (കഥ ഭാഗം- 2: അനില്‍ ഉത്തമന്തില്‍)

Published on 09 February, 2025
വ്യാധി (കഥ ഭാഗം- 2: അനില്‍ ഉത്തമന്തില്‍)

മലമുകളിലെ അനാഥത്വത്തെ വരിച്ചിട്ട് ഇന്നേക്കു രണ്ടു വര്‍ഷമായി. മക്കള്‍ രണ്ടുപേരുമില്ലാതെ ഈ വീടിന്റെ ശൂന്യതയുടെ വലയത്തില്‍ കുടുങ്ങിയ ജീവിതം രവിക്കു കൂടുതല്‍ അസഹനീയമായിരിക്കുന്നു. വിളറിവെളുത്ത നിലാവുകളോടുള്ള കൂട്ട് ഇപ്പോള്‍ അയാള്‍ക്കു ശീലമായിരിക്കുന്നു. പകല്‍ക്കാഴ്ചകളുടെ തെളിച്ചം തീരെ മങ്ങിയിരിക്കുന്നു. 
    ക്ഷീണിച്ചുമെലിഞ്ഞ ഒരു പുഴ, ഗതി മാറി വീടിനടുത്തേക്കു വരുന്നത് ദൂരെനിന്നുതന്നെ കാണാം. തീരെ ഉറക്കം കിട്ടാത്ത ഒരു ദിനമാണ്. എന്നത്തെയുംപോലെ ക്ഷമയെ പരീക്ഷിക്കുന്ന അനന്തമായ ദിവസം. ശരിയായി കിടക്കയില്‍ കിടന്നുറങ്ങിയ കാലം മറന്നുപോയിരിക്കുന്നു. കസേരക്കൈകളിലൂന്നി, ദുര്‍ബ്ബലമായ ശരീരത്തെ ഒന്നുറപ്പിച്ചിരുത്താന്‍ ഏറെ പണിപ്പെട്ടു. വെയിലേറ്റ് അസ്ഥികളായിത്തീര്‍ന്ന മരങ്ങളായിരുന്നു പുറത്തെങ്ങും. അവ നിര്‍വ്വികാരതയോടെ, ജീവനറ്റ ആ പുഴയിലേക്കു മെല്ലെമെല്ലെ പൊടിഞ്ഞുവീഴുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം. ഇടവിട്ടുവരുന്ന ആ ഒച്ചകള്‍ മനസ്സിനെത്തളര്‍ത്തുന്ന നിലവിളികളായി രവിയുടെയുള്ളിലേക്കു തുളച്ചുകയറിക്കൊണ്ടിരുന്നു.
    അയാളോര്‍ത്തു: 
    വസുധയുടെ മെല്ലെയുള്ള കാല്‍പ്പെരുമാറ്റം വീട്ടിലെ നിശ്ശബ്ദതയുടെ കനം കൂട്ടിയ നാള്‍. 
    'അവനെ നിങ്ങള്‍ തടഞ്ഞില്ലല്ലോ, അച്ഛാ!'
    ആകാശത്തു നിറഞ്ഞുനില്‍ക്കുന്ന കരിമേഘങ്ങളെ, രാത്രിയാണെങ്കിലും വ്യക്തമായിക്കാണാം. അതു കനമാര്‍ന്നു താഴേക്കിറങ്ങിവന്നു ചൂഴ്ന്നുകൊണ്ടിരുന്നത് അറിയുന്നുണ്ടായിരുന്നു. തടയാന്‍ പറ്റുന്നില്ല...
    'അവനെ അച്ഛന്‍ തടുത്തില്ല, ഒരിക്കല്‍പ്പോലും...'
    'വസൂ, അവന്‍ നിന്റെ അനിയനാണ്...'
    അസഹിഷ്ണുതയോടെ വസുധ പിറുപിറുത്തുകൊണ്ടിരുന്നു: 
    'എല്ലാം നശിപ്പിക്കുന്നതു കണ്ടിട്ടും ഒന്നും കാണാത്തതുപോലെയിരുന്നു...'
    അവളുടെ വാക്കുകളുടെ മൂര്‍ച്ചയില്‍ അയാളാകെ ചുരുങ്ങിപ്പോയി. 
    'മോളേ, ഞാന്‍ ആരുടെ പക്ഷം ചേരാനാണ്?'
    വസുധ ഒന്നു മുഖമുയര്‍ത്തി നോക്കാന്‍പോലും ശ്രമിച്ചില്ല. അവള്‍ കണ്ണുനീര്‍ തടയാന്‍ പാടുപെടുകയായിരുന്നു. അച്ഛനെതിരെയുള്ള, എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ പറ്റാതിരുന്ന പ്രതിഷേധവും പൊങ്ങിവന്ന ദുഃഖവുമുയര്‍ത്തിയ പ്രതിസന്ധിയില്‍ അവള്‍ തളര്‍ന്നുപോയി. 
    'മോളേ, ഞാന്‍ നിന്നെ ശക്തിയുള്ളവളായിക്കരുതി... എന്റെ സഹായം കൂടാതെതന്നെ അരവിന്ദിനെ തിരുത്താന്‍ നിനക്കാവുമെന്നു കരുതി... നീ വിചാരിക്കുന്നതുപോലെ, ഞാനതിനെപ്പറ്റി ആലോചിക്കാതിരുന്നില്ല...'
    'അച്ഛാ, മിണ്ടാതിരിക്കുന്നതുകൊണ്ട് ഒന്നില്‍നിന്നും രക്ഷപ്പെടുന്നില്ല. അച്ഛന്റെ ധൈര്യം ആവശ്യമുള്ള സമയത്ത് ഒരു മകള്‍ പ്രതീക്ഷിക്കുന്നതു തെറ്റാണോ?'
    കുറ്റബോധം രവിയുടെ ശരീരത്തെ മൊത്തം കനപ്പിച്ചു. ഗതി തെറ്റിവന്ന കാറ്റുകള്‍ അവിടെയെങ്ങും അവശതയോടെ കറങ്ങി. അവളെ നോക്കി ഒരു വാക്കെങ്കിലും പറയാന്‍ പറ്റിയെങ്കിലെന്നാശിച്ചു. ഒന്നു കരയാന്‍പോലും പറ്റുന്നില്ല. 
    വസുധ ആ രാത്രിയില്‍ ഏറെനേരം അതിഭാരമുള്ള ചുവടുകളോടെ അവിടെയാകെപ്പടര്‍ന്നു. അവളുടെ മുഖം- ഏറെ പ്രിയപ്പെട്ട മകളുടെ മുഖം- നിലാവെളിച്ചത്തിലെങ്കിലും ഒരിക്കല്‍ക്കൂടി അയാള്‍ക്കു കാണണമെന്നുണ്ടായിരുന്നു. അവളുടെ തെളിച്ചമുള്ള ആ മുഖവും കളിചിരികളുമെല്ലാം മനസ്സിലേക്കിറങ്ങിവരുന്നുണ്ടായിരുന്നു. അവളുടെ അവഗണന ഒരുതരത്തില്‍ നന്നായി. ആ കണ്ണുകളിലെ പ്രതീക്ഷയില്ലാത്ത പ്രകാശത്തെ നേരിടാനാവുമോ? യാത്ര പറയാതെ അവള്‍ നടന്നകന്നു. വാതില്‍ കടന്നപ്പോള്‍ വസുധ മെല്ലെയൊന്നു തിരിഞ്ഞുനോക്കി. 'പോട്ടേ' എന്ന ശബ്ദത്തെ നേര്‍ത്ത, ദയനീയമായ ചിരിയിലലിയിക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. ആ പഴയ കസേരയില്‍ വരിഞ്ഞുമുറുകി എത്രനേരമിരുന്നു എന്നയാള്‍ക്കറിയില്ല.
    'മുഖം തരാതെ പോകാമായിരുന്നില്ലേ മോളേ...' എന്ന നേര്‍ത്ത തേങ്ങല്‍ അവിടെയെങ്ങും ലക്ഷ്യമില്ലാതെയലഞ്ഞു.  

    അവസാനത്തിന്റെ വരവ് കുറെ ദൂരെയായിരുന്നെങ്കിലും അതു വ്യക്തമായി കാണാന്‍ പറ്റിയിരുന്നു; മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെയെന്നപോലെ! ചില സത്യങ്ങള്‍ക്കു സാക്ഷിയായി ജീവിക്കുന്നതു മരണതുല്യമാണ്. ഇപ്പോള്‍ നിശ്ശബ്ദതയില്‍ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുമ്പോള്‍ ആലോചിക്കാറുണ്ട്: ഇതെല്ലാം തടയേണ്ടിയിരുന്നോ? എന്നാല്‍ ഒരച്ഛന് മക്കളുടെ വിധിയെ അപ്പാടെ തടയാന്‍ കഴിയുമോ? മക്കളായ വസുധയും അരവിന്ദുമെടുക്കുന്ന നിലപാടുകള്‍ക്കുമുന്നിലുള്ള, തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കു നടുവിലുള്ള നിശ്ശബ്ദസാക്ഷ്യം, അച്ഛനെന്ന നിലയില്‍ താങ്ങാവുന്നതിലധികമായിരുന്നു, എന്നും. ആരുമറിയാതെ, ആരെയുമറിയിക്കാതെ അവരെ പൊതിഞ്ഞുനില്‍ക്കാന്‍ പെടുന്ന പാട് പറഞ്ഞറിയിക്കാനാവില്ല. ഇവിടെ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇതിന്റെ മുഴുവന്‍ ഭാരവുമേറ്റുവാങ്ങാതെ കടന്നുപോകാന്‍ കഴിയില്ലെന്നയാള്‍ക്കു മനസ്സിലാകുന്നു. മൗനം, അതു ഭയപ്പെടുത്തുന്നതും അസ്വസ്ഥതയുളവാക്കുന്നതുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, ഉറപ്പായും കാത്തിരിക്കുകയായിരുന്നു. ഒരു ഊഷ്മളമായ സാന്നിധ്യം ഇവിടെയെല്ലാം നിറയുന്നുണ്ടായിരുന്നു: മകളുടെ... വസുധയുടെ...
    വസുധ രവിക്കെല്ലാമായിരുന്നു. ഭാര്യയുടെ വേര്‍പാടിനുശേഷം ഇത്രയും പച്ച നിറഞ്ഞതാണ് ഈ ലോകമെന്നു കണ്ടത് അവളിലൂടെയാണ്. ചുറ്റുമുള്ള മരങ്ങളുടെ കൂട്ടില്‍, ജീവിതം ഇത്രയും ആയാസരഹിതവും ആസ്വാദ്യകരവുമാണെന്നു കാട്ടിക്കൊടുത്തതും അവള്‍തന്നെ. 
    'അച്ഛാ, ജീവിതം എത്ര സുന്ദരമാണ്! വസന്തത്തിലെ ആദ്യപുഷ്പംപോലെയാണത്. നമുക്കതിനെ സ്വന്തമാക്കാന്‍ കഴിയില്ല; അതിനു ശ്രമിക്കുകയുമരുത്. അതിനെ സൂക്ഷ്മമായി പരിപാലിക്കുക മാത്രം ചെയ്യുക...'
    കാറ്റിനു കൃത്യമായ താളമുണ്ടെന്നും ശബ്ദങ്ങള്‍ ഹൃദ്യമാണെന്നും മണ്ണിനു സുഗന്ധമുണ്ടെന്നും വസുധയാണു ബോധ്യപ്പെടുത്തിയത്. അവള്‍ക്കു വീടിനടുത്തുള്ള പുഴയെ വളരെയിഷ്ടമായിരുന്നു. പരന്നുകിടക്കുന്ന വയലിനു നടുവിലൂടെ, ഉള്ളുചീന്തിയൊഴുകുന്ന ധമനിപോലെയാണ് പുഴ അവളിലേക്കു വേരോടിയിരുന്നത്. വിളിച്ചാലും വിളിച്ചാലും വരാതെ, കാലുകള്‍ പുഴയുടെ തെളിനീരിലാഴ്ത്തി, കൈവിരലുകള്‍കൊണ്ട് അതിലെ കൊച്ചുതിരകളെ ലാളിച്ച്, ഒടുവില്‍ അവള്‍തന്നെ ആ പുഴയായി മാറിയിരുന്നു! 
    മകന്‍ അരവിന്ദ് എന്നും ആരെയും വകവയ്ക്കാത്ത തീയെയാണ് ഓര്‍മിപ്പിക്കാറുള്ളത്. 
    'മോനേ, നീ കുഞ്ഞായിരിക്കുമ്പോള്‍ കാറ്റോടൊത്തു നമ്മള്‍ പാടിയ നാളുകളോര്‍മയില്ലേ? അതിന്റെ നനുത്ത താളത്തില്‍ നിന്നില്‍നിന്നുയര്‍ന്നിരുന്ന മന്ദസ്മിതങ്ങള്‍... നിന്റെ സൗമ്യതയാല്‍ നീ ഇവിടമാകെ വിതറിയ വിത്തുകള്‍... അതെല്ലാം വളരുംമുമ്പേ നീ നശിപ്പിച്ചില്ലേ മോനേ?'
    'അച്ഛാ, കാലം മാറ്റത്തെയല്ലേ കാക്കുന്നത്? പുതിയ പാട്ടുകള്‍, ചുവടുകള്‍... അതല്ലേ ആവശ്യപ്പെടുന്നത്? പഴയ ചരല്‍പ്പാതകളില്‍ത്തന്നെ നിരങ്ങിനീങ്ങുകയാണോ വേണ്ടത്? നമുക്ക് അതിവേഗപാതകളല്ലേ സൃഷ്ടിക്കേണ്ടത്?'
    'മോനേ, ജീവിതത്തില്‍ ലാഭം മാത്രമേ കുറിക്കേണ്ടതുള്ളോ? നഷ്ടപ്പെട്ടതെല്ലാം പ്രിയതരമായിരുന്നില്ലേ?'
    'അച്ഛാ, പഴയവ... പ്രിയപ്പെട്ടവ... അതെല്ലാം വളര്‍ച്ച പ്രാപിക്കാത്ത ഉറച്ച പാറകള്‍ മാത്രം! വച്ചു പ്രാര്‍ത്ഥിക്കാന്‍ കൊള്ളാം. അവ തകര്‍ത്ത് പുതുവഴികളുണ്ടാക്കണം. ഇളകാതെ നില്‍ക്കുന്നതിനെല്ലാം ഞാനെന്റെ കൈകള്‍കൊണ്ടു പുതുരൂപം നല്‍കും. എനിക്കു വേണ്ടുന്നവിധം... നിഷ്‌കളങ്കമായതിലും സുന്ദരമായതിലുമെല്ലാം ഞാന്‍ കാരണം കരിനിഴല്‍ വീണേക്കാം... അതൊന്നും എന്നെ ബാധിക്കുകയേയില്ല...'
    അവരുടെ സംഘര്‍ഷം അനിവാര്യമായിരുന്നു. അച്ഛനെന്ന നിലയില്‍ എന്തു നിലപാടെടുക്കണമെന്നു രവിക്കറിയില്ലായിരുന്നു. തുറന്ന മനസ്സുള്ള വസുധയ്ക്ക്, സ്വന്തം നിലനിലനില്‍പ്പിനായുള്ള സമരങ്ങളെയും ഒപ്പം കളിച്ചുവളര്‍ന്നവരെയും അനുജന്‍ തകര്‍ക്കുന്നതു സഹിക്കാനാകാതെപോയി. ഭാവനാലോകത്തെ സൃഷ്ടിക്കാന്‍ മകന്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ നിഷ്‌ക്രിയതയോടെ ദൂരെനിന്നു വീക്ഷിക്കാനേ കഴിഞ്ഞുള്ളുവെന്നത് അയാളെ ദുഃഖിപ്പിച്ചു.  ഇപ്പോഴയാള്‍ ഒറ്റയ്ക്കായി. വസുധ എന്നെന്നേക്കുമായി മറഞ്ഞു. അരവിന്ദ് അവന്റെ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അലയുന്നു. രണ്ടു മക്കളുടെയും തിരഞ്ഞെടുപ്പുകള്‍, സ്വപ്നങ്ങള്‍, നാശം... എല്ലാ ഭാരവും ചുമന്ന്, രാജ്യമില്ലാത്ത രാജാവിനെപ്പോലെയുള്ള ഈ ജീവിതം ദുസ്സഹമാണ്. സ്വന്തം ലോകം തകര്‍ന്നടിയുന്നതു കാണുകയും അതിനെതിരെ ഒന്നും ചെയ്യാനാകാതിരിക്കുകയും ചെയ്തതിന്റെ പിഴ! വെറും സാക്ഷിയായി നില്‍ക്കാതെ, സ്വന്തം മൗനത്തിനെതിരെ സമരം ചെയ്യേണ്ടിയിരുന്നു. പക്ഷേ വെറുമൊരു മനുഷ്യനായി, നിസ്സഹായനായി രവിക്കു ജീവിക്കേണ്ടിവന്നു! 
    ശബ്ദമില്ലാത്ത ഒരു കാറ്റടിച്ചു. 
    ഒരു ചെറുമഴ പൊടിഞ്ഞു. 
    ഒരച്ഛന് മക്കളെയോര്‍ത്തു കരയാതിരിക്കാനാവില്ലല്ലോ!

4
    അസഹ്യമായ കാറ്റിനിടയിലും രാത്രിമഴയിലൂടെ മഞ്ഞുതിര്‍ന്നു.
    അരവിന്ദ് മെല്ലെ നടന്നു. ഉടഞ്ഞ മണ്ണിന്റെ മണം അവിടെയെങ്ങുമുണ്ട്. അയാളുടെ മുമ്പിലേക്ക്, മീന, കനത്ത വേദനയില്‍ ജീവിതത്തിന്റെ അവസാനത്തെ ഓര്‍മിപ്പിച്ചുകൊണ്ടു കടന്നുവന്നു. ദുഃഖവും ജീവിതത്തിന്റെ ശൂന്യതയും നിരര്‍ത്ഥകതയുമെല്ലാം അവളില്‍ നിറഞ്ഞിരുന്നു. 
    'മീന ഇവിടെയെന്തിന്...?! എന്റെപേരിലൊരു പ്രതീക്ഷ നീ ഇന്നും നിലനിര്‍ത്തുന്നുണ്ടോ?'
    വേദനയില്‍ ചിതറി, മീന തല താഴ്ത്തി. 
    'പ്രതീക്ഷകള്‍...! അതിനെല്ലാം എന്തു മൂല്യമുണ്ട് അരവിന്ദ്? നിന്റെ കണ്ണുകളില്‍ എനിക്കു കാണാന്‍ പറ്റുന്നതു വെറും കളിമണ്‍പ്രതിമകള്‍ മാത്രം! ഒരു ഭാവിയുമില്ലാത്തവ! നീ ചവിട്ടിയരച്ചവരുടെ വേദനയില്‍, നീ മറ്റുള്ളവര്‍ക്കു കാഴ്ചവച്ചവരുടെയുള്ളില്‍, നീയൊരടയാളംപോലും ബാക്കിവച്ചിട്ടില്ലെന്നറിയുക...'
    മീനയുടെ കണ്ണുകളെ നേരിടാനാവാതെ അരവിന്ദ് നിശ്ചലനായി. വസുധ പോയതോടെ അവള്‍ കരയാന്‍തന്നെ മറന്നിരുന്നു; ജീവിതവും! അരവിന്ദ്, സ്വന്തം കൈകള്‍ മണ്ണില്‍ ആഞ്ഞുകുത്തി. 
    'ഞാന്‍ എന്റെ വഴിയേ പോയി. ആരെയും കണ്ടില്ല...'
    മീനയുടെ ശബ്ദത്തില്‍ മുറിവുകള്‍ വീണു:
    'ആരെയും നോക്കാന്‍ ശ്രമിച്ചില്ല... നിന്റെ വഴികളില്‍ തടസ്സമായി നില്‍ക്കുന്നവരെ ഇല്ലാതാക്കുക... കാര്യസാധ്യത്തിനായി ആരെയും, എന്തിനെയും നിര്‍ലജ്ജം വ്യാപാരച്ചരക്കാക്കുക... വസുധ വീണു... നീയവളെ വീഴ്ത്തി! പിന്നെ ഞാനും... വേണ്ടപ്പെട്ട സകലതും... എന്നിട്ടും ഒന്നും മനസ്സിലാക്കാതെ, അല്ലെങ്കില്‍ അറിയില്ലെന്നഭിനയിച്ച് സ്വന്തം നാശത്തിലേക്കു നീ നടന്നുകൊണ്ടേയിരിക്കുന്നു. അവളുടെ ആത്മാവിനെ, അവളുടെ അനുഭവങ്ങളെ നീയൊരിക്കലും മാനിച്ചില്ല... നിന്നോടുള്ള പ്രണയവെപ്രാളത്തില്‍ ഞാനും... എനിക്കും മറക്കേണ്ടിവന്നു, അവളെ. ഏറെ മുന്നറിയിപ്പുകള്‍ വസുധ തന്നിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല... അന്ധമായ പ്രേമത്തിന്റെ ചതിക്കുഴികള്‍ താണ്ടാന്‍ എനിക്കായില്ല...'
    അരവിന്ദ് അവളെ തുടരാനനുവദിച്ചില്ല. 
    'എനിക്കു പറയാന്‍ ഒന്നുമില്ല. ഞാന്‍ നിങ്ങളെയാരെയും കീഴ്‌പ്പെടുത്തിയിട്ടില്ല. ഞാന്‍ എന്റെ വഴിയിലൂടെ മാത്രം പോയി.' 
    'നിനക്കതു പറയാം. നഷ്ടങ്ങള്‍ എനിക്കാണ്... നീ ഉയരങ്ങളിലേക്കു പോയപ്പോള്‍ ഞങ്ങളെ ആഴങ്ങളിലേക്കു തള്ളിവിട്ടു. നീ ഞങ്ങളെ തളര്‍ത്തി, മരണംമാത്രം തിരഞ്ഞുനടന്നു. ഞാന്‍ പോകുന്നു... ഇനിയെനിക്കാവില്ല...'
    നേര്‍ത്തൊരു ആര്‍ത്തനാദം മുഴങ്ങി. ചില്ലകളിലുറങ്ങിയിരുന്ന പക്ഷികള്‍ പതിഞ്ഞ ചിറകടികളോടെ അവിടെനിന്ന് അലക്ഷ്യമായി പറന്നകന്നു. അരവിന്ദ് ഒന്നും പറഞ്ഞില്ല. അയാളുടെ ചുണ്ടുകള്‍ ശൂന്യമായിരുന്നു. നില്‍ക്കുന്ന തകര്‍ന്ന നിലം അയാളുടെ കണ്ണുകളില്‍ വികൃതമായി പ്രതിഫലിച്ചു.

5
    ബൂട്ടുകള്‍ക്കു താഴെ, ഉണങ്ങിയ ഇലകളുടെ കലപിലശബ്ദം അരവിന്ദിനെ അസ്വസ്ഥനാക്കി. 
    'എല്ലാം പോയി...' 
    അയാള്‍ പിറുപിറുത്തു. അച്ഛനെ നോക്കിയതേയില്ല. 
    രവി, നിലാവിന്റെ ശൂന്യതയില്‍ കണ്ണുനട്ടിരുന്നു. പിന്നെ, വര്‍ഷങ്ങളുടെ ഭാരം വഹിക്കുന്ന ഒച്ച അവിടെ മുഴങ്ങി: 
    'അരവിന്ദ്, മോനേ, നീ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ? നീ എല്ലാമെടുത്തു...!'
    അച്ഛന്റെ വാക്കുകള്‍ക്ക് അയാള്‍ ചെവി കൊടുത്തു. ആ കൈകള്‍ ചേര്‍ത്തുപിടിച്ചു. അതു നിഷേധിക്കാന്‍ അദ്ദേഹമാഗ്രഹിച്ചു. 'ഞാനെന്തെങ്കിലും നിര്‍മിക്കാന്‍ മാത്രമാണു ശ്രമിക്കുന്നതെന്നും എന്റെ ദര്‍ശനങ്ങള്‍ ഗംഭീരമാണെ'ന്നും ഉച്ചത്തില്‍ പറയണമെന്നുണ്ടായിരുന്നു, അരവിന്ദിന്. എന്നാല്‍ പുറത്തുള്ള ശൂന്യതയുടെ പരിഹാസത്തില്‍ അയാള്‍ തളര്‍ന്നുപോയി. എങ്ങും നിശ്ശബ്ദതയായിരുന്നു. പക്ഷേ, ആ മൗനം സത്യത്തെ വിളിച്ചുപറഞ്ഞു! 
    'എന്താണു ബാക്കിയായത്?'
    ഒടുവില്‍ രവി ചോദിച്ചു. വസുധയുടെയും മീനുവിന്റെയും ഓര്‍മകളില്‍ അയാളുടെ ശബ്ദം ആര്‍ദ്രമായി. അതു കേള്‍ക്കാന്‍തന്നെ പ്രയാസമായിരുന്നു. 
    'ഒന്നും പറയാനില്ല, അല്ലേ?'
    രാത്രിയുടെ ആഴമേറി. രവിയും അരവിന്ദും, ഒരുകാലത്ത് ഊര്‍ജ്ജസ്വലമായിരുന്ന ആ വീട്ടിലും പരിസരത്തും കൂനകൂടിയിരുന്ന അവശിഷ്ടങ്ങളിലകപ്പെട്ട് ഏറെനേരം മിണ്ടാതിരുന്നു. 
    'പരാജയങ്ങളുടെ നിഴലുകളല്ലാതെ മറ്റൊന്നുമവശേഷിപ്പിക്കാതെ, ജീവിതത്തിന്റെ വെളിച്ചം കാഴ്ചയില്‍നിന്നു മങ്ങിപ്പോയച്ഛാ...!'
    ഒടുവില്‍ അരവിന്ദ് പറഞ്ഞു. 
    'നമ്മളിക്കാണുന്നതു പല സത്യങ്ങളുടെയും ഭാരമാണു മോനേ... നിനക്കുള്ള മറുപടി!'
    ചുറ്റുമുള്ള പ്രകൃതി മുഴുവന്‍ രവിയിലേക്കു ചുരുങ്ങി.
    'എനിക്കെങ്ങനെ സമാധാനം ലഭിക്കും?' 
    അരവിന്ദ് സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഓരോ വാക്കും അവന്റെ ഹൃദയത്തിലെ പ്രക്ഷുബ്ധത അവിടെയെങ്ങും പ്രതിധ്വനിപ്പിച്ചു. 
    'നിന്റെ കുതിപ്പുകള്‍ മുഴുവന്‍ സത്യത്തിനു മുകളില്‍ക്കൂടിയായിരുന്നു.'
    രവി മകനെത്തന്നെ നോക്കിയിരുന്നു. 
    താഴേക്കു നോക്കിയാല്‍ കാണുന്ന ശൂന്യമായ താഴ്‌വാരത്തിലുടനീളം ചന്ദ്രപ്രകാശം സൗമ്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവ ഒരിക്കല്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നൊരു ലോകത്തിന്റെ അവശിഷ്ടങ്ങളെ പ്രകാശിപ്പിച്ചു. ആയുസ്സെത്തിയ നക്ഷത്രത്തിന്റെ അവസാനശ്വാസതാളം അവിടമെങ്ങും അസ്വസ്ഥമാക്കി. 
    അവന്റെ യാത്രയുടെ പ്രതിഫലങ്ങള്‍ക്ക് അവന്‍തന്നെ വിശദീകരണം നല്‍കട്ടെ. സ്വയം അതിനശക്തനാണെന്നു തിരിച്ചറിഞ്ഞ രവി മകനെ നോക്കിയതേയില്ല. അരവിന്ദ് ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരുന്നു: 
    'ഈയേകാന്തതയില്‍ എനിക്കെങ്ങനെ ജീവിക്കാന്‍ കഴിയും?'
    രാത്രിയുടെ ആഴത്തിലേക്കവന്‍ നീങ്ങി. വാക്കുകളുടെയും പാഠങ്ങളുടെയും പുതിയൊരു വെളിച്ചം കിട്ടിയിരുന്നെങ്കിലെന്ന് അവനാശിച്ചു. 
    നിസ്സംഗമായൊരു കാറ്റ് വീടിനുചുറ്റും ചലനങ്ങളുണ്ടാക്കി. രവിയുടെ മനസ്സില്‍ ദുഃഖം കുമിഞ്ഞു. വസുധയുടെ ഓര്‍മകളായിരുന്നു മനസ്സു മുഴുവന്‍. അനിശ്ചിതത്വവും വേദനയും അന്ധകാരമായി അയാളെ മൂടിക്കെട്ടി. മണ്ണില്‍പ്പതിഞ്ഞ മൃതപ്രായമായ ഇലകള്‍ വിഷാദത്തില്‍ കുതിര്‍ന്നിരുന്നു.         നിലാവ് ഭൂമിയിലുടനീളം നിര്‍ലോഭം പടര്‍ന്നു. അതിന്റെ മൃദുവായ ശീതളമായ സ്പര്‍ശം രവിയെയുണര്‍ത്തി. അയാള്‍ കണ്ടു...
    വസുധ സൂക്ഷ്മമായ ഒരു ശാന്തതയോടെ രവിയെ നോക്കുന്നു; മീനയും! അവരുടെ വിശാലമായ കണ്ണുകള്‍ ചുറ്റുപാടും പടരുന്നു...
    പാതിരാത്രിയിലെ നീലവെളിച്ചത്തിന്റെ ശീതളിമയില്‍, അവിടെയവശേഷിച്ചിരുന്ന പ്രിയപ്പെട്ട മരങ്ങളിലൊന്നിന്റെ, ഉറങ്ങാതെ നനയുന്ന ഇലകളെ വസുധ ദയാപൂര്‍വം തലോടി. പിന്ന, ആ മരക്കൊമ്പുകള്‍ മെല്ലെമെല്ലെ ഒരേ താളത്തില്‍ കുലുക്കി. മീനയും അതാവര്‍ത്തിച്ചു. അതിനൊപ്പം ആ മരവും കൂടി... അവരുടെ മുമ്പില്‍, അവിടെയുള്ള മരങ്ങളെല്ലാം വൃത്താകാരത്തില്‍നിന്നു നൃത്തം ചെയ്തു.
    ഇരച്ചെത്തിയ മഴമേഘങ്ങള്‍ എമ്പാടും നിറഞ്ഞു. മൂടിനില്‍ക്കുന്ന മൗനത്തിലേക്ക് ഇലകളില്‍നിന്നു നീര്‍ഗോളങ്ങളുയര്‍ന്നു. ബാഷ്പഭാരംകൊണ്ട് ആ മൗനം തുളുമ്പി. ആകാശമില്ലാതാക്കി മഴയുണര്‍ന്നു. അതു വര്‍ദ്ധിച്ച പ്രണയത്തോടെയും കൊതിയോടെയും താഴ്‌വാരത്തെ പുണര്‍ന്നു. 
    രവി ഒരു വിറങ്ങലിപ്പോടെ അതു നോക്കിനിന്നു.

(അവസാനിച്ചു)
 

Read Part 1: https://emalayalee.com/vartha/334243

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക