Image

തിലോത്തമയും വാലന്‍(ന്റീ)നും (കഥ -ജോസഫ്‌ എബ്രഹാം)

Published on 10 February, 2025
തിലോത്തമയും  വാലന്‍(ന്റീ)നും  (കഥ -ജോസഫ്‌  എബ്രഹാം)

തിലോത്തമ  ദേവലോക നര്‍ത്തകിമാരില്‍ ഒരാളാണെന്ന കാര്യമൊക്കെ കേള്‍ക്കുന്നതിനു മുന്‍പേതന്നെ എനിക്കു പരിചയമുണ്ടായിരുന്ന  സുന്ദരിയായിരുന്നു തിലോത്തമ.

വൈക്കം കായലിന്‍റെ തീരത്തെവിടെയോ താമസിച്ചിരുന്ന അവര്‍ മീന്‍നിറച്ച കുട്ടയും  ചുമന്നുകൊണ്ട്   വീടുകളില്‍ വരുമായിരുന്നു. മീന്‍ വില്‍ക്കാന്‍  നടക്കുന്ന അവളെപ്പോലുള്ളവര്‍ വാലത്തികള്‍ എന്നാണ് അവിടെ അറിയപ്പെട്ടിരുന്നത്,  അവരുടെ പുരുഷന്മാരെ  വാലന്മാരെന്നും.

വാലെന്റീന്‍ എന്ന പേരിന്‍റെ ഉത്ഭവംതന്നെ വാലന്‍ന്മാര്‍ എന്ന നാമശ്രേണിയില്‍നിന്നും യൂറോപ്യന്മാര്‍ പരിഷ്കരിച്ചെടുത്തതായിരിക്കാം  എന്നാണു അടുത്തകാലത്ത്  മലയാള ഭാഷയില്‍ ഗവേഷണബിരുദവും ഡോക്ടറേറ്റും നേടിയ എന്‍റെ ഉറ്റചങ്ങാതി മാത്തുക്കുട്ടി വക്കീല്‍  പറഞ്ഞത്. ഞാന്‍ എഴുതിയ  പലകഥകളുടെയും സ്ഫുലിംഗങ്ങള്‍ എനിക്കു നല്കിയിട്ടുള്ളത്  മാത്തുക്കുട്ടിയാണ്. എന്നെക്കാളും നിരവധി വയസുകള്‍ മൂപ്പുള്ള മാത്തുക്കുട്ടി വക്കീല്‍  എന്‍റെ നിരവധി കഥകളില്‍  കഥാപാത്രമായി വന്നിട്ടുണ്ട്.


തിലോത്തമ  എന്ന വാലത്തി  വളരെ സുന്ദരിയായിരുന്നു.

അവള്‍   മീന്‍കുട്ടയും തലയില്‍വച്ചു അവള്‍ നടന്നുവരുന്നതും പോകുന്നതും കാണാന്‍ വളരെ ശേലാണെന്നു  മാത്തുക്കുട്ടി  അന്നു പറഞ്ഞതിന്റെ  പൊരുളൊക്കെ മനസ്സിലായതു കുറെകാലങ്ങള്‍ക്കു ശേഷമായിരുന്നു.   പില്‍ക്കാലത്ത് സിനിമകളില്‍ സുന്ദരികളായ മീന്‍കാരികള്‍ നിതംബ-മാറിടകമ്പിത കാമിനികളായി നടിക്കുന്നതു കാണുമ്പോളെല്ലാം തിലോത്തമയെയായിരുന്നു ഞാന്‍ ഓര്‍ത്തിരുന്നതു.


മറ്റേതൊരു കായലിനെക്കാളും കാല്‍പനികവും പ്രേമാതുരവുമായ  ശീലുകള്‍ കേട്ടിട്ടുള്ളത്  വൈക്കം കായലിനെക്കുറിച്ചായിരുന്നു.

കല്യാണം കഴിക്കുവാണെങ്കില്‍  അതു വൈക്കത്തുനിന്നും വേണമെന്ന ഒരു മോഹം മനസ്സില്‍ തോന്നാന്‍ കാരണം  ഈ പാട്ടുകളാണോ, തിലോത്തമയാണോ,   അതോ കോളേജില്‍ കൂടെപഠിച്ച,  വിടര്‍ന്ന കണ്ണുകളുള്ള  എണ്ണക്കറപ്പഴകി  വൈക്കംകാരിയെക്കുറിച്ചുള്ള ഓര്‍മ്മകളാണോന്നു നിശ്ചയമില്ല. എന്നാലും വൈക്കത്തുനിന്നും പെണ്ണ് കെട്ടണമെന്ന്  മനസ്സില്‍ ഉറപ്പിച്ചിരുന്നു. പക്ഷെ അതൊന്നും നടന്നില്ല. വൈക്കത്തുനിന്നും കിട്ടാതെപോയ സുന്ദരിയും ശ്വശുരഭവനവും സ്യാലന്മാരും  വള്ളവും വെള്ളവും  മനസ്സിലെന്നും ഒരുനഷ്ട്ട വസന്തത്തിന്‍റെ  വേദനയും കുളിരും തന്നുകൊണ്ടിരിക്കുന്നു.

അങ്ങിനെ ഈ അവധിക്കാലത്ത്  കള്ളും കക്കായിറച്ചിയും കഴിച്ചു വൈക്കം  കായലോരത്തെ തെങ്ങില്‍ ചാരിയിരുന്നു കായലിലേക്ക് കണ്ണുംനട്ടുകൊണ്ട്   നഷ്ട്ട  സ്വപ്‌നങ്ങള്‍  കണ്ടുകൊണ്ടിരിക്കെ  അരികിലുള്ള നടപ്പാതയില്‍ നിന്നും വളകിലുക്കം കേട്ടത്.

“വള കിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ..

കരയോടു കളി പറയും കായൽചിറ്റലകളാണേ…”


എന്ന പാട്ടാണ് കേട്ട കേഴ് വിയില്‍ ആദ്യം ഓര്‍മിച്ചത്‌.

പക്ഷെ അങ്ങിനെയല്ല ആരോ  തൊട്ടുപിന്നിലുണ്ട്. ഒരുപക്ഷെ ഞാന്‍ എന്നോ തേടിയലഞ്ഞ സുന്ദരിയെ കാലവും കായലും ചേര്‍ന്നു അരികത്തു കൊണ്ടുവന്നതായിക്കൂടെ?


തിരിഞ്ഞു നോക്കിയപ്പോള്‍  കൈനിറയെ കുപ്പിവളകള്‍  അണിഞ്ഞ ഒരു അമ്മച്ചി പ്രവചിക്കുന്നു.


“മോനെ നീ ഇവിടെയെങ്ങും  ഇരിക്കേണ്ട ആളല്ല. എവിടെയോ പോയിരിക്കേണ്ട ആളാണ്‌!”

സത്യം!.  ഞാന്‍ അവിടെയെങ്ങും അപ്പോള്‍ ഇരിക്കേണ്ട ആളായിരുന്നില്ല.  വെറുതെ നേരം കളയാന്‍  കായല്‍ തീരത്തു ചെന്നിരുന്നതാണ്.

“മോനെ കാക്കാലത്തിയമ്മ  കൈനോക്കി പറയാം. മോനിങ്ങനെ വിഷമിച്ചിരിക്കേണ്ട കാര്യമില്ല”

ഞാന്‍ ഒറ്റയ്ക്ക്  അവിടെയിരിക്കുന്നത് എന്തോ വിഷമംകൊണ്ടാണെന്ന്  കരുതി കാക്കാലത്തിയമ്മ പറഞ്ഞപ്പോള്‍  അറിയാതെ  കൈകള്‍ കാക്കാലത്തിയമ്മയുടെ കയ്യില്‍ വച്ചുകൊടുത്തു.

“ഒത്തിരിപ്പേര്‍ക്കു  സഹായം ചെയ്യുന്ന കയ്യാണിത്. ആര്‍ക്കും കൊടുക്കാന്‍ ഒരു മടിയുമില്ലാത്ത കയ്യാണിത്”

മഹാപിശുക്കനായ എന്‍റെ കയ്യില്‍ നോക്കി കാക്കാലത്തിയമ്മ പറഞ്ഞു തുടങ്ങിയതില്‍  തന്നെ പിശകുണ്ടാല്ലോന്നു തോന്നി.

“എന്നാലും അങ്ങിനെ മുന്നും പിന്നും നോക്കാതെ  ധാരാളിത്തം നടത്തി പണം വെറുതെ കളയുന്ന കയ്യല്ല. ആളെ നോക്കിയേ കൊടുക്കൂ.

“ഞാന്‍  എല്ലാം പറയാം. മോന്‍ ഐശ്വര്യമായിട്ടു ഒരു ഇരുന്നൂറു രൂപ  അമ്മയുടെ കയ്യില്‍ വച്ചുതാ  അടുത്ത പ്രാവശ്യം കാണുമ്പോള്‍ ഞാന്‍ ചോദിക്കാതെ തന്നെ മോന്‍ എനിക്കു അഞ്ഞൂറ് രൂപാ തരും.”


പേഴ്സ്  തുറന്നു ഇരുന്നൂറു രൂപാ കാക്കാലത്തിയമ്മയുടെ കയ്യില്‍ കൊടുത്തു.

അപ്പോള്‍ സമയം ഉച്ചകഴിഞ്ഞിരുന്നു.

പണം കയ്യില്‍ വിടര്‍ത്തിപ്പിടിച്ചു  ഇരുകണ്ണിലും മുട്ടിച്ചശേഷം  കയ്യില്‍തന്നെ  ചുരുട്ടിപ്പിടിച്ചുകൊണ്ട്  കാക്കാലത്തിയമ്മ പറഞ്ഞു.

“ അമ്മയ്ക്ക്  മോന്‍റെ കയ്യില്‍ നിന്നുമാണ് ഇന്നു കൈനീട്ടം കിട്ടിയത്”

എനിക്കു വരാന്‍ പോകുന്ന സൌഭാഗ്യങ്ങളെക്കുറിച്ചും  വിദേശത്തു പോകാനുള്ള യോഗത്തെക്കുറിച്ചുമൊക്കെ കാക്കാലത്തിയമ്മ വാതോരാതെ പ്രവചിച്ചു കൊണ്ടിരുന്നു.

 എന്‍റെ മനസ്സപ്പോള്‍  ചികഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

‘ഇവരെ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ?’

പക്ഷെ എവിടെ?

ഒരുപിടിയും കിട്ടിയില്ല. രൂപമോ ശബ്ദമോ  പിടി തരുന്നുമില്ല   പക്ഷെ   എവിടെയോ വച്ചു കണ്ടിട്ടുണ്ട്.  ചിലപ്പോള്‍ തോന്നലാകാം!


കാക്കാലത്തിയമ്മയ്ക്കു നല്ല വിശപ്പുണ്ടെന്നു  തോന്നിച്ചു.

അടുത്തു കണ്ട തട്ടുകടയില്‍ നിന്നും ഓരോ ചായകുടിക്കാം എന്നുള്ള  ക്ഷണത്തെ അവര്‍ നിരസിച്ചില്ല ചായകുടിക്കുമ്പോള്‍ അവര്‍ എന്നോടു പലതും പറഞ്ഞുകൊണ്ടിരുന്നു.

അപ്പോഴെല്ലാം അവരെ എവിടെവെച്ചായിരുന്നു കണ്ടതെന്ന   കാര്യത്തില്‍ എന്‍റെ മനസ്സു മനനവും ഖനനവും നടത്തികൊണ്ടിരിക്കുകയായിരുന്നു.


“മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിവരുമ്പോള്‍ ഈ അമ്മയെ കണ്ടിട്ടേ പോകാവൂ”

ചായ കുടികഴിഞ്ഞു യാത്രപറഞ്ഞു നടന്നു തുടങ്ങിയ  അവരുടെ ഒപ്പമെത്തി ഞാന്‍ ചോദിച്ചു

“അമ്മയുടെ  പേരെന്താണ്?”

“ എന്‍റെ പേരോ?,

“ തിലോത്തമ”

അതും പറഞ്ഞുകൊണ്ട്  ഒരു ചിരിയോടെ നടന്നു പോകുന്ന അവരുടെ പുറകില്‍ നിന്നും ഞാന്‍ നോക്കിനിന്നു.

നടക്കുമ്പോള്‍ അവരുടെ കാലിനു വേദനയുണ്ടെന്ന് തോന്നുന്നു. വലതുകാല്‍  അല്പം വലിച്ചു വച്ചുകൊണ്ടായിരുന്നു  കാക്കാലത്തിയമ്മ പതിയെ നടന്നു മറഞ്ഞത്. 
 

Join WhatsApp News
Sudhir Panikkaveetil 2025-02-10 13:17:24
സ്വപ്നസുന്ദരിമാർ കാക്കാലത്തികളായി വന്നു നമ്മുടെ ഭാവി പ്രവചിക്കുക ഓ അതിലും ഒരു പ്രണയം നിഴൽ വീശുന്നു. അനുഗ്രഹീത കഥാകൃത്ത് ശ്രീ ജോസഫ് എബ്രഹാമിന്റെ രചനകളിൽ നിന്നും ഇത് വേറിട്ട് നിൽക്കുന്നു. പക്ഷെ ഈ പ്രണയകാലത്ത് അത് ആസ്വദിക്കപ്പെടും. വൈക്കം കായലിലെ ഓളങ്ങൾ അടങ്ങുന്നില്ല കരളിലെ ഓളങ്ങളും.
Joseph Abraham 2025-02-10 13:52:41
നന്ദി പ്രിയ സുധീർ സാർ, എഴുതി അയച്ചെങ്കിലും ഇതൊരു കഥയായോ നന്നായോ എന്നൊരു വിഷമത്തിലായിരുന്നു. അങ്ങയുടെ പക്കൽ നിന്നും ഒരു നല്ല അഭിപ്രായം കേട്ടതോടെ ആ സന്ദേഹം മാറി. നന്ദി സന്തോഷം
Seema p 2025-02-10 16:36:30
കഥ നന്നായിട്ടുണ്ട് അവസാന ഭാഗം വരെ അതു തിലോത്തമ ആണോ എന്ന് തോന്നിച്ചില്ല.... ആശംസകൾ..
ജോസഫ് എബ്രഹാം 2025-02-10 17:29:31
നന്ദി സീമ. By the bye സീമയുടെ നാട്ടുകാരിയായിട്ടുവരും ഈ തിലോത്തമ. 😀 വായനക്കു അഭിപ്രായത്തിനും നന്ദി സന്തോഷം. ഇ മലയാളി മാഗസിനിൽ 'അയ്യപ്പൻറെ ദശാവതാരങ്ങൾ ' കൂടിയുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക