Image

സൗത്ത് ടെക്സസ് സ്കൂൾ ബസുകളിൽ പരിശോധന നടന്നേക്കാം എന്ന് മുന്നറിയിപ്പ്‌ (ഏബ്രഹാം തോമസ്)

Published on 10 February, 2025
സൗത്ത് ടെക്സസ് സ്കൂൾ ബസുകളിൽ പരിശോധന നടന്നേക്കാം എന്ന് മുന്നറിയിപ്പ്‌ (ഏബ്രഹാം തോമസ്)

ആലിസ്, സൗത്ത് ടെക്സാസ്: സൗത്ത് ടെക്സസിലെ ആലിസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് അധികാരികൾ യു എസ് ബോർഡർ പെട്രോൾ ഏജന്റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താമെന്നു അറിയിച്ചു രക്ഷ കർത്താക്കൾക്കു സന്ദേശം നൽകി. പാഠ്യേതര പരിപാടികൾക്ക് സ്കൂൾ കുട്ടികളെയും വഹിച്ചു ബസുകൾ പോകുമ്പോൾ ബോർഡർ പെട്രോൾ ഏജന്റുമാർ ബസിനുള്ളിൽ കയറി പരിശോധന നടത്താൻ സാധ്യത ഉണ്ട് എന്നാണ് റിയോ ഗ്രാൻഡ് പ്രദേശത്തെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പു നൽകിയത്.

അത്ലറ്റുകളും ബാൻഡ് അംഗങ്ങളുമായ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് സന്ദേശം. ആലിസ് സ്കൂൾ ഡിസ്ട്രിക്ടിലെ കുട്ടികൾ 88 % വും ലാറ്റിനോ വംശജരാണ്. ഫേസ് ബുക്കിൽ നിന്നും പ്രാദേശിക വാർത്താ മാധ്യമങ്ങളിൽ നിന്നും ഈ അറിയിപ്പുകൾ പിന്നീട് നീക്കം ചെയ്തതായാണ് അറിയുന്നത്.

'ഇത്തരം സംഭവവികാസങ്ങളുടെ സാദ്ധ്യതകൾ മുന്നിൽ കാണുകയും അവയെ കുറിച്ച് ബോധവാന്മാരായി ഇരിക്കുകയും വേണമെന്ന് അറിയിക്കുകയാണ്. ഒരു വിദ്യാർത്ഥിയുടെ കൈവശം നിയമപരമായ (കുടിയേറ്റ) രേഖകൾ ഇല്ലെങ്കിൽ ആ വിദ്യാർത്ഥിയെ ബസിൽ നിന്നും പുറത്താക്കി തടഞ്ഞു വയ്ക്കുവാനോ നാട് കടത്തൽ നടപടിയുമായി മുന്നോട്ടു പോകുവാനോ സാദ്ധ്യതകൾ ഉണ്ടെന്നും' അറിയിപ്പ് തുടർന്ന് പറഞ്ഞു.

 ഈ കത്തുകൾ മുൻ കരുതലുകൾ എന്ന നിലയിൽ സ്വീകരിച്ച നടപടിയാണെന്നും മാതാപിതാക്കൾക്ക് ബോധപൂർവ്വമായി ഉചിത തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുവാൻ വേണ്ടി അയച്ചതാണെന്നും ആലിസ് ഐ എസ് ഡി പിന്നീട് അറിയിച്ചു. ബോർഡർ പെട്രോൾ ഏജന്റുമാർ സ്കൂൾ ബസുകൾ ലക്‌ഷ്യം വയ്ക്കുന്നതായി തങ്ങൾക്കു അറിയില്ല എന്നും പറഞ്ഞു.

ഇമ്മിഗ്രേഷൻ നടപടികൾ മറ്റു സ്കൂൾ ഡിസ്ട്രിക്ടുകളെപോലെ ആലിസ് ഐ എസ് ഡി യും നടപ്പാക്കുകയാണെന്നും പറഞ്ഞു. ഐ എസ് ഡി ആദ്യം അയച്ച കത്തിൽ തങ്ങളുടെ കുടിയേറ്റ വിവരങ്ങളെ കുറിച്ച് കളവു പറയുന്ന കുട്ടികൾക്ക് ഭാവിയിൽ കുടിയേറ്റ അപേക്ഷകൾ സമർപ്പിക്കാനാവില്ല എന്ന്പറഞ്ഞിരുന്നു. ഡിസ്ട്രിക്ട് അധികാരികൾ ഓരോ സ്കൂൾ ബസിനും ഒപ്പം ഓരോ ഡെസിഗ്നേറ്റഡ് ഷപെറോൺ വാഹനങ്ങൾ അയക്കുവാൻ ശ്രമിക്കുകയാണ്.

ഏജന്റുമാർ സ്കൂൾ ബസുകളെയോ കുട്ടികളെയോ ലക്‌ഷ്യം വയ്ക്കുകയാണ് എന്ന ആരോപണം യു എസ് ബോർഡർ പെട്രോൾ ചീഫ് മൈക്ക് ബാങ്ക്സ് ഒരു സ്വകാര്യ ടെലിവിഷൻ ചാനെലിലൂടെ നിഷേധിച്ചു. 'ഏജൻറുമാർ സ്കൂൾ ബസുകളെയോ കുട്ടികളെയോ ലക്‌ഷ്യം വയ്ക്കുന്നില്ല എന്ന് പറഞ്ഞു.

'ഞങ്ങൾ ക്രിമിനലുകളെയാണ് ലക്‌ഷ്യം വയ്ക്കുന്നത്. നിയമം ലംഘിച്ചു നിയമവിരുദ്ധമായി ഈ രാജ്യത്തു കടന്നവരെയും.', ബാങ്ക്സ് തുടർന്ന് പറഞ്ഞു.

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൂട്ട നാടുകടത്തലുകളും

നിയമ വിരുദ്ധമായി കുടിയേറ്റം നടത്തിയവരുടെ മേൽ ശക്തമായ നടപടികളും നടത്തുകയാണ്. അതിർത്തിയിലേക്ക് മിലിട്ടറിയെ അയക്കുന്നതും ജന്മനാ പൗരത്വം നൽകുന്നതും നിയമപരമല്ലാതെ കുടിയേറിയ കുട്ടികൾക്ക് പൗരത്വം നൽകുന്നതും എല്ലാം നിരോധിച്ചത് കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്.

ടെക്സാസ് ഗവർണർ ഗ്രെഗ് അബ്ബോട്ട് ടെക്സാസ് നാഷണൽ ഗാർഡിനു രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും തിരിച്ചു അയക്കുകയും ചെയ്യുന്ന അധികാരത്തിൽ ഒപ്പു വച്ച് കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക