അടുത്ത മാസം ഗവൺമെൻറ് അടച്ചു പൂട്ടേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ റിപ്പബ്ലിക്കന്മാരെ സഹായിക്കാൻ ഡെമോക്രറ്റുകൾ തയാറാവില്ലെന്നു ന്യൂ ജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ആൻഡി കിം വ്യക്തമാക്കി. കോൺഗ്രസിന്റെ അധികാരങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈയ്യാളിയത് അനുവദിക്കാൻ ആവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപ് രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിൽ എത്തിച്ചു. എക്സിക്യൂട്ടീവ് അധികാരങ്ങൾ അമിതമായാണ് ഉപയോഗിക്കുന്നത്. "അവർക്കു ഭൂരിപക്ഷമുണ്ട്. പക്ഷെ അവർ ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അതിനു മറുപടി നൽകേണ്ടത് അമേരിക്കൻ ജനതയാണ്."
കോൺഗ്രസ് നടപടി എടുത്തില്ലെങ്കിൽ മാർച്ച് 14നു ഗവൺമെന്റ് അടച്ചു പൂട്ടേണ്ടി വരും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇരു സഭകളിലും ഭൂരിപക്ഷം ഉണ്ടെങ്കിലും അടച്ചു പൂട്ടൽ ഒഴിവാക്കാൻ ഡെമോക്രാറ്റിക് സഹായം കൂടിയേ തീരൂ.
ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തലനാരിഴയുടെ ഭൂരിപക്ഷമേയുള്ളൂ. ഉള്ള വോട്ട് തന്നെ ഉറപ്പിക്കാനും വയ്യ.
അടച്ചു പൂട്ടാൻ തനിക്കു താല്പര്യമില്ലെന്നു കിം പറഞ്ഞു. എന്നാൽ ഈ ഭരണഘടനാ പ്രതിസന്ധിയെ നേരിട്ടേ തീരൂ. ഭരണകൂടം കൈക്കൊള്ളുന്ന നടപടികൾ വ്യക്തമായും നിയമവിരുദ്ധമാണ്.
അടച്ചുപൂട്ടൽ ഉണ്ടാവാമെന്നു ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസും (ന്യൂ യോർക്ക്) പറഞ്ഞു.
2018ൽ അതിർത്തിയിൽ മതിൽ കെട്ടാൻ ട്രംപ് പണം ചോദിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അടച്ചു പൂട്ടൽ ഉണ്ടായത് 35 ദിവസം നീണ്ടു.
Democrats threaten shutdown