ദേശീയ ഗെയിംസിൽ ഏറ്റവും അധികം മെഡൽ നേടിയ ഡൽഹിയുടെ റിച്ച മിശ്ര ഇത്തവണ മത്സരരംഗത്തില്ല. പക്ഷേ, ആകെ 49 മെഡൽ; 29 സ്വർണം എന്ന റിച്ചയുടെ റെക്കോർഡ് തകരാതെ നിൽക്കുന്നു.
ഒരു ദേശീയ ഗെയിംസിൽ കൂടുതൽ സ്വർണമെന്ന റെക്കോർഡ് കർണാടകയുടെ നിഷാ മിലൈറ്റിനു സ്വന്തം.1999ൽ മണിപ്പൂരിൽ നിഷ നീന്തിയെടുത്തത് 14 സ്വർണവും ഒരു വെള്ളിയും .മത്സരിച്ചത് 15 ഇനങ്ങളിൽ.50 മീറ്റർ ബട്ടർഫ്ളൈയിൽ മാത്രമാണ് സ്വർണം കൈവിട്ടത്.ബംഗാളിൻ്റെ ശ്രീജ മജുംദാറിനോട് പരാജയപ്പെട്ടു.നേരത്തെ 97 ൽ കർണാടകയിൽ നടന്ന ദേശീയ ഗെയിംസിൽ നിഷയ്ക്ക് എട്ടു സ്വർണമുണ്ടായിരുന്നു.94 ൽ പുനെയിൽ വെങ്കലുമായി തുടങ്ങിയ നിഷ മൂന്നു ദേശീയ ഗെയിംസിൽ മാത്രമാണു മത്സരിച്ചത്. ഇപ്പോൾ ബെംഗളുരുവിൽ നീന്തൽ അക്കാദമി നടത്തുന്നുണ്ട് നിഷ.
2023 ൽ ഗോവ ദേശീയ ഗെയിംസിൽ നാലാം സ്ഥാനത്തായതോടെ മെഡൽ നേട്ടത്തിൽ അർധ സെഞ്ചുറി എന്ന ലക്ഷ്യം റിച്ച മിശ്ര ഉപേക്ഷിച്ചു.2022 ൽ ഒരു വെള്ളി കിട്ടി. പക്ഷേ, നീന്തൽ ഉപേക്ഷിച്ചിട്ടില്ല . അഖിലേന്ത്യാ പൊലീസ് ഗെയിംസിനുള്ള തയാറെടുപ്പിലാണ് റിച്ച.സി.ആർ.പി.എഫിൽ ആണ് റിച്ച.
2002 ൽ ദേശീയ ഗെയിംസിൽ 11 സ്വർണം നേടിയ റിച്ച 2002, 07, 11 ദേശീയ ഗെയിംസിൽ മികച്ച വനിതാ കായിക താരമായിരുന്നു.
ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസില്‍ ഏതെങ്കിലും താരത്തിന് കൂടുതൽ മെഡൽ നേടാവുന്ന നീന്തലും തുഴച്ചിലും അവസാനിച്ചു. ഇക്കുറി കർണാടക നീന്തൽ താരങ്ങളായ ദിനിധി മേശിങ്കു ഒൻപത് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ശ്രീഹരി നടരാജ് ഒൻപത് സ്വർണവും ഒരു വെള്ളിയും നേടി.
റിച്ച മിശ്ര നിഷ മില്ലെറ്റ്.
2007 ൽ കർണാടകയുടെ രഹൻ പോഞ്ച 15 ഇനങ്ങളിൽ മൽസരിച്ച് 14 മെഡൽ നേടിയെങ്കിലും ഒൻപത് ഇനങ്ങളിൽ മാത്രമാണ് സ്വർണത്തിളക്കം സാധ്യമായത്. മൂന്നു വെള്ളിയും രണ്ടു വെങ്കലവും ലഭിച്ചു.2011 ൽ ഡൽഹിയുടെ റിച്ച മിശ്ര 17 ഇനങ്ങളിൽ മത്സരിച്ചു. 16 മെഡൽ കിട്ടി.( 11 സ്വർണം, നാലു വെള്ളി, ഒരു വെങ്കലം.മെഡൽ കിട്ടാതെ പോയ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ അഞ്ചാമതായി.
പുരുഷ വിഭാഗത്തിൽ ഒരു ദേശീയ ഗെയിംസിൽ 11 മെഡൽ (എട്ടു സ്വർണം) നേടാൻ 2011 ൽ വീർധവാൽ ഖാദേയ്ക്കു സാധിച്ചു.
1998 ൽ ദേശീയ ചാംപ്യൻഷിപ്പിൽ ആദ്യ മെഡൽ നേടിയ റിച്ച മിശ്ര നാല്പതിലും മത്സരരംഗത്ത് സജീവമായിരുന്നു. നീന്തൽ മത്സര രംഗത്ത് കാൽ നൂറ്റാണ്ടിൻ്റെ അനുഭവസമ്പത്ത്.
ഇപ്പോഴും മൂന്നു ദേശീയ റെക്കോർഡുകൾ സ്വന്തം പേരിൽ. 200 മീറ്റർ ബട്ടർഫ്ളൈ (2007) ,800 മീറ്റർ ഫ്രീസ്റ്റൈൽ (2011), 400 മീറ്റർ വ്യക്തിഗത മെഡ്ലെ ( 2018). ഇതിൽ ബട്ടർഫ്ളൈയിലെ റെക്കോർഡ് ഏറ്റവും അധികനാൾ നിലനിന്ന റെക്കോർഡ് ആയി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.
മൂന്നു വർഷം മുൻപ് ദേശീയ നീന്തലിൽ 400 മീറ്റർ മെഡ്ലെ സ്വർണം നേടിയ റിച്ച കൗമാര, യുവ താരങ്ങൾക്ക് ആവേശം പകരാനാണ് മത്സരരംഗത്ത് തുടരുന്നത്.
ചരിത്രം ഇങ്ങനെ പോകുമ്പോൾ ദേശീയ ഗെയിംസിൽ ഏറ്റവും അധികം സ്വർണം നേടിയ കായിക താരം കേരളത്തിൻ്റെ കെ.മിനിമോൾ ആണെന്നു വിശ്വസിക്കാം.കയാക്കിങ് താരമായ മിനിമോൾ എട്ട് ദേശീയ ഗെയിംസിൽ നിന്ന് 32 സ്വർണം നേടി.(മിനിമോളുടെ നേട്ടം നേരത്തെ മറ്റൊരു കുറിപ്പിൽ വിശദീകരിച്ചിരുന്നു)