Image

കൈപ്പത്തി പാലം വലിച്ചപ്പോള്‍ ആപ്പ് വീണു; തലയില്‍ വിരിഞ്ഞത് താമര... (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 10 February, 2025
 കൈപ്പത്തി പാലം വലിച്ചപ്പോള്‍ ആപ്പ് വീണു; തലയില്‍ വിരിഞ്ഞത് താമര...  (എ.എസ് ശ്രീകുമാര്‍)

'തല'സ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ തകര്‍പ്പന്‍ ജയം ഇന്ത്യയില്‍ 'മോദിപ്രഭാവ'ത്തിന് മങ്ങലേറ്റിട്ടില്ലെന്ന് വീണ്ടും അടിവരയിടുന്നതാണ്. 'ബ്രാന്‍ഡ് കെജ്രിവാള്‍' നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സൗജന്യ രാഷ്ട്രീയത്തെക്കാള്‍ വികസനമാണ് വേണ്ടതെന്ന ബി.ജെ.പിയുടെ പ്രചാരണം 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഷ്പ്രയാസം അധികാരത്തിലെത്താന്‍ അവരെ സഹായിച്ചു. 2013 വരെ തുടര്‍ച്ചയായി മൂന്നു തവണ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്, ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളിലും മല്‍സരിച്ചെങ്കിലും വെറും മൂന്ന് സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് കൈവിട്ട് പോകാതിരുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹിയില്‍ സമ്പൂര്‍ണ പരാജയം നേരിട്ട കോണ്‍ഗ്രസിനെ ഡല്‍ഹി ഫലം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുറപ്പാണ്.

ആം ആദ്മി നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍, മഹാഭാരതത്തില്‍ കാളിന്ദി എന്ന് വിശേഷിപ്പിക്കുന്ന യമുന നദിയുടെ പരിതാപകരമായ അവസ്ഥ, വിവാദ മദ്യനയം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സൂക്ഷമമായി മെനഞ്ഞെടുത്ത രാഷ്ട്രീയ തന്ത്രമാണ് ബി.ജെ.പി വിജയത്തിന്റെ അടിസ്ഥാന കാരണം. ബി.ജെ.പിയുടെ പ്രാദേശിക തലത്തിലേക്കുള്ള ഇടപെടല്‍, പ്രത്യേകിച്ച് മുസ്ലീം വോട്ടര്‍മാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ അവരുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതേസമയം, പ്രധാനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി പാടുപെടുകയും മധ്യവര്‍ഗത്തിന്റെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു. ആദായ നികുതി ഇളവ് പരിധി വര്‍ധിപ്പിച്ച കേന്ദ്ര ബജറ്റും ബി.ജെ.പിക്ക് വോട്ടായി.

കെജ്രിവാളിനെതിരെ ഉയര്‍ന്ന അഴിമതി കേസുകളും ബി.ജെ.പിയെ സഹായിച്ചു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സംരക്ഷകരായ ആര്‍.എസ്.എസ് എണ്ണയിട്ട യന്ത്രം പോലെ അടിത്തട്ടില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാജ്യ തലസ്ഥാനത്ത് താമരവിരിയാന്‍ കാരണമായത്. കൃത്യമായ ഗ്രൗണ്ട് വര്‍ക്കിലൂടെയും പ്ലാനിങ്ങിലൂടെയുമാണ് ആര്‍.എസ്.എസ് ഡല്‍ഹി പിടിച്ചെടുത്തത്. വലിയൊരു ചാലകശക്തിയായി ആര്‍.എസ്.എസ് പ്രവര്‍ത്തിച്ചത് വോട്ടിങ് അടിയൊഴുക്കിനെ സ്വാധീനിക്കുകയും ചെയ്തു. വോട്ടെടുപ്പിന് 18 മാസം മുമ്പേ തന്നെ ബി.ജെ.പി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. വോട്ടര്‍മാര്‍ക്ക് പ്രാധാന്യമുള്ള പ്രധാന വിഷയങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് ബി.ജെ.പി മനസ്സിലാക്കി.

ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ, പ്രാദേശിക സമൂഹങ്ങളെ ഒത്തുചേര്‍ത്ത് കൊണ്ട് പോകാനും അവരുമായി കൃത്യമായി ബന്ധം നിലനിര്‍ത്താനുമുള്ള ആര്‍.എസ്.എസിന്റെ കഴിവ് ബി.ജെ.പിയുടെ വിജയത്തിന് സഹായകമായി. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലായി ആയിരത്തിലധികം മീറ്റിംഗുകളാണ് ആര്‍.എസ്.എസ് നടത്തിയത്. മുസ്ലീങ്ങള്‍ ഉള്‍പ്പെടെ വിവിധ സമുദായങ്ങളില്‍ നിന്നുള്ള നേതാക്കളുമായും പ്രവര്‍ത്തകരുമായും ബന്ധം സ്ഥാപിക്കുകയും ചെയ്തു.

ഒരു പാര്‍ട്ടിയോടും വിശ്വസ്തത പുലര്‍ത്താത്ത യുവ മുസ്ലീം വോട്ടര്‍മാരിലാണ് അവര്‍ പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു പാര്‍ട്ടിയുടെ മാത്രം വോട്ട് ബാങ്കായി തുടരാന്‍ താല്‍പര്യമില്ലാത്ത യുവ വോട്ടര്‍മാരില്‍ ചിലരെയെങ്കിലും ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ ആകര്‍ഷിച്ചിരിക്കണം. പരമ്പരാഗതമായി എതിരാളികളായിരുന്ന ഒരു സമുദാത്തിലേക്ക് എത്തിപ്പെടാന്‍ ഈ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന് കഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസിന്റെ അടിസ്ഥാനതലത്തിലുള്ള ശ്രമങ്ങള്‍, പാര്‍ട്ടിയുടെ മൊത്തത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനും നിര്‍ദ്ദിഷ്ട ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കുന്നതിനും ബി.ജെ.പിയെ തുണച്ചു.

കെജ്രിവാള്‍ ഭരണത്തിലെ പരാജയങ്ങളിലും അഴിമതി ആരോപണങ്ങളിലും ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചു. മദ്യ അഴിമതി പോലുള്ള അഴിമതികള്‍ നേരിട്ട അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോഡിയ തുടങ്ങിയ നേതാക്കളെ ലക്ഷ്യമിട്ട് ഈ വിഷയങ്ങള്‍ തുറന്നുകാട്ടാനാണ് ബി.ജെ.പി ശ്രമിച്ചത്. മികച്ച ഭരണം സംബന്ധിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ ആം ആദ്മി പാര്‍ട്ടി പാലിച്ചില്ല. അഴിമതി, കാര്യക്ഷമതയില്ലായ്മ, ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ പരാജയം തുടങ്ങിവയില്‍ ബി.ജെ.പി കൂടുതല്‍ ശ്രദ്ധ നല്‍കി. മലിനമായ യമുന നദി, മലിനീകരണം, മോശം അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എ.എ.പി വാക്ക് പാലിച്ചില്ലെന്ന് ബി.ജെ.പി ആരോപണങ്ങള്‍ കുറിക്ക് കൊണ്ടു.

ഈ വിഷയങ്ങള്‍ക്ക് പുറമേ ചെറുതും എന്നാല്‍ സ്വാധീനം ചെലുത്തുന്നതുമായ പ്രാദേശിക പ്രശ്‌നങ്ങളിലും ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന്, ജലക്ഷാമം, ഗതാഗതക്കുരുക്ക്, വൈദ്യുതി വിതരണം തടസപ്പെടുന്നത് തുടങ്ങിയ പരാതികള്‍ ബി.ജെ.പിയുടെ പ്രചാരണങ്ങളില്‍ പലപ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെട്ടു. പ്രകടമായ ഈ ദൈനംദിന പ്രശ്നങ്ങള്‍ ഡല്‍ഹി നിവാസികളെ വളരെയധികം സ്വാധീനിച്ചു. ഈ പ്രദേശങ്ങളില്‍ ശാശ്വതമായ മാറ്റം കൊണ്ടുവരാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയാത്തതില്‍ പലരും നിരാശരായിരുന്നു.

ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നതോടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ ആശയക്കുഴപ്പത്തിന് തുടക്കമായി എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. ആം ആദ്മി പാര്‍ട്ടിയിലെ ഒന്നാമന്‍ അരവിന്ദ് കെജ്രിവാളിന്റെയും രണ്ടാമന്‍ മനീഷ് സിസോദിയായുടെയും തോല്‍വിക്ക് കോണ്‍ഗ്രസ് നേരിട്ട് കാരണക്കാരായി എന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ കെജ്രിവാള്‍ വിരുദ്ധ പ്രചരണത്തിലൂടെ മുസ്ലീം-ദളിത്-പിന്നാക്ക വിഭാഗങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തിരുന്നവരിലേക്കും ബി.ജെ.പിയുടെ മുദ്രവാക്യങ്ങളെത്തി. ഇത് ഇന്ത്യ മുന്നണിയില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനെതിരായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാളിന്റെ പരാജയമാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ നിലം തൊടാന്‍ പോവില്ലെന്ന കണക്കുകൂട്ടല്‍ ആദ്യമേ തന്നെ കോണ്‍ഗ്രസിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ മുങ്ങിയാലും സാരമില്ല ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ ചവുട്ടി താഴ്ത്താനും അവര്‍ തീരുമാനിച്ചു.

രാഹുല്‍ ഗാന്ധിക്ക് പകരം ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാളിനെ ഉയര്‍ത്തി കൊണ്ടുവരാനുള്ള വ്യഗ്രത ചില പ്രതിപക്ഷ പാര്‍ട്ടികള്‍ കാണിച്ചത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. കെജ്രിവാളിന്റെ തട്ടകമായ ഡല്‍ഹിയിലെ പതനം ഈ അവകാശവാദത്തിന് തടയിടുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കിയില്ലെന്നു മാത്രമല്ല ആപ്പിനെ തുടക്കത്തിലെ അഴിമതിയുടെ പേരില്‍ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചെയ്തത്.

ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്ന് പുറമേ പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പാലം വലിക്കുകയാണ് ചെയ്തത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ആം ആദ്മിക്കെതിരെ മത്സരിച്ചതിന്റെ കാരണം ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റില്‍പ്പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല  എന്നിട്ടും കോണ്‍ഗ്രസ് ഈ വര്‍ഷം എല്ലാ സീറ്റിലും സജീവമായി മത്സരിച്ചത് ആം ആദ്മിയെ നിലംപരിശാക്കാന്‍ വേണ്ടിയായിരുന്നു.

വെറും മൂന്നരശതമാനം വോട്ടിനാണ് ആം ആദ്മി പാര്‍ട്ടിക്ക് ഭരണ നഷ്ടമുണ്ടായതെങ്കില്‍ 6.34 ശതമാനം വോട്ടു പിടിച്ചാണ് കോണ്‍ഗ്രസ് ആപ്പിന്റെ തോല്‍വി ഉറപ്പിച്ചത്. 45.56 ശതമാനം വോട്ടു നേടിയ ബി.ജെ.പിക്ക് പിന്നാലെ 43.57 ശതമാനം നേടിയ കെജ്രിവാളും കൂട്ടരുമുണ്ടായിരുന്നുവെന്നോര്‍ക്കുക. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ മോദിയേക്കാള്‍ മുന്നില്‍ നിന്നത് രാഹുല്‍ ഗാന്ധിയായിരുന്നുവെന്ന് പറയുന്നതാവും ശരി.

രാഹുലും പ്രിയങ്കയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത് ആപ്പിനെയും കെജ്രിവാളിനെയും കടന്നാക്രമിച്ചായിരുന്നു. ഇതോടെ ന്യൂനപക്ഷ, ദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക എന്ന കോണ്‍ഗ്രസിന്റെ ശ്രമം ഫലം കണ്ടു. ഇന്ത്യാ മുന്നണിയെന്ന മുങ്ങുന്ന കപ്പലില്‍ നിന്നാണ് ഈ നിഴല്‍ യുദ്ധമെന്നത് ഓര്‍ക്കാനുള്ള സമചിത്തത കോണ്‍ഗ്രസ് ഓര്‍ക്കാഞ്ഞത് നാളത്തെ ദേശീയ രാഷ്ട്രീയത്തിന്റെ ജാതകം തന്നെ മാറ്റിയേക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക