പ്രണയപ്പിറാവിന്‍ ചിറകടിയൊച്ചയില്‍,
ഹൃദയ വിപഞ്ചിയില്‍ ശ്രുതിതരംഗം.
സര്‍വചരാചര സന്ദേശ സാരമായ്,
സര്‍ഗ്ഗ പ്രകൃതിയനുഗ്രഹീതം.
ഭ്ക്ത്യനുരാഗ, വാത്സല്യ, ദയാദിയായ്-
വ്യത്യസ്ത ഭാവങ്ങളദ്ഭുതങ്ങള്‍;
ദിവ്യാനുഭൂതി തന്‍ വാതില്‍ തുറക്കുമീ-
ചേതോവികാരമനശ്വരം ഹാ!
മന്നിടം വിണ്‍മയമാക്കുന്ന പുണ്യമേ,
നിന്‍ മഹിമാവെത്രയീണങ്ങളില്‍!
കൊക്കും ചിറകുമുരുമ്മുന്ന സാധന,
ഭാവനാലോകം മെനഞ്ഞീടുമ്പോള്‍
മാരിവില്‍ വര്‍ണ്ണാഭ ചിന്നി നിരന്തരം,
പാറിപ്പറക്കാന്‍ കൊതിക്കുന്നുവോ?
ആത്മശരീരങ്ങളാനന്ദധാരയില്‍,
ആനയിച്ചീടുന്ന ജാലവിദ്യ;
കണ്‍കരള്‍ കോള്‍മയിര്‍കൊള്ളുന്ന ദൃശ്യങ്ങള്‍,
ജന്മം സഫലമാകുന്ന വേള,
നിര്‍വൃതിദായകമാകുന്ന പ്രേമമേ!
ഓര്‍മ്മയ്‌ക്കൊരുദിനം മാത്രമെന്നോ?
ജീവിതമെപ്പോഴുമേറ്റേറ്റുപാടട്ടെ,
പ്രണയത്തിന്‍ മഞ്ജീരശിഞ്ജിതങ്ങള്‍.
രാഗമരാളങ്ങള്‍ നീന്തിത്തുടിക്കുന്ന,
സാഗരമായി ഭവിച്ചീടട്ടെ.