കോളേജിൽ പഠിക്കുമ്പോൾ അവിചാരിതമായി കയറി വന്നതായിരുന്നു പ്രണയം എന്ന വികാരം മനസ്സിൽ. ഇതെന്താണാവോ പത്താം ക്‌ളാസ് കഴിയാൻ കാത്ത് നിൽക്കായിരുന്നോ എന്നറിയില്ല, പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ പെൺകുട്ടികളെ കാണുന്നതും സംസാരിക്കുന്നതും ഒക്കെ മറ്റൊരു ഭാഷയിലായി. എവിടെയോ എന്തോ ഒരു ഒതുക്കലുകൾ, ഒരു കള്ളച്ചിരി, പൂഴിമണലിലെ ഒരു പെരുവിരൽ ചിത്രം. പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന ഇരുത്തം വന്ന പ്രണയിതാക്കൾ ചിലരെ കണ്ടാണ് പ്രേമിക്കേണ്ടത് എങ്ങനെ എന്ന് പഠിച്ചത്, അവരെ മനസ്സാ ഗുരുവായി അംഗീകരിച്ച് ദൂരെനിന്ന് വീക്ഷിച്ച് ഞാൻ ഏകലവ്യനായി. പെരുവിരൽ ചോദിച്ച് പക്ഷെ ഗുരു വന്നില്ല.
പട്ടാമ്പി സംസ്കൃത കോളേജിന്റെ വിശാലമായ ഗ്രൗണ്ട് മുറിച്ചു കടക്കുമ്പോൾ പെയ്ത പെരുമഴയിൽ അവൾക്ക് അവന്റെ കൈയിലെ കുടനൽകി അവൻ മഴകൊണ്ട് നടന്നപ്പോൾ ഞാനും മഴക്കാറ് കാണുമ്പോൾ കുടയുമായി പുറത്തിറങ്ങി. പക്ഷെ മഴയും പെയ്തില്ല, ഒരുവളും വന്നതുമില്ല. ഈ ചെക്കനെന്താ വട്ടാണോ, ഈ വെയിലത്ത് കുടയും എടുത്ത് കോളേജിൽ പോകാൻ എന്ന വീട്ടുകാരുടെ പരിഹാസം പക്ഷെ പ്രണയം തേടി നടക്കുന്ന പ്രീഡിഗ്രിക്കാരന് ഒട്ടും ഏശിയില്ല.
അങ്ങനെ നടക്കുമ്പോഴാണ് ഒരു ദിവസം കോളേജിലേക്കുള്ള പ്രൈവറ്റ് ബസിന്റെ പുറകിൽ ഇരിക്കുമ്പോൾ വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ബസിനു പുറകിലുള്ള ബസ് പിടിക്കാൻ നടന്നു വരുന്ന അവൾ തന്നെ നോക്കി പുഞ്ചിരിക്കുന്നു. തന്റെ തന്നെ ക്ളാസിലുള്ള മുൻബെഞ്ചിൽ ഇരുന്ന് ക്‌ളാസിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന കുറുനിരകൾ കവിളിലേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടിയുള്ള പെൺകുട്ടി. പക്ഷെ ലക്ച്ചറർ ക്‌ളാസ് കഴിഞ്ഞു പോയാൽ കിലുക്കാംപെട്ടിയായി സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കോടുന്ന മറ്റൊരു മുഖമുള്ള കുട്ടി. ആദ്യമായി ഒരു പെണ്ണിന്റെ പുഞ്ചിരി ഏറ്റ ഞാൻ കാമശരം കൊണ്ടപോലായി. പിന്നെ എന്റെ യാത്ര സ്ഥിരം ബസിന്റെ പിൻസീറ്റിൽ ഇരുന്നായി, ഒരു പ്രത്യേക സ്പോട്ടിൽ എന്റെ ബസ് അവളെ കടന്നു മുന്നോട്ട് പോകുമ്പോൾ എന്റെ കണ്ണുകൾ ബസ്സിന്റെ പിൻചില്ലുകൾക്കിടയിലൂടെ പുറകോട്ട് പായും. പുഞ്ചിരിക്കാൻ മറക്കാതെ അവളും.
എന്റെ ബസ് കഴിഞ്ഞു വരുന്ന മറ്റൊരു ബസിൽ കയറി കോളേജിൽ എത്തുന്ന അവൾ, അവളുടെ ബസ് വരാൻ മനഃപൂർവം നടത്തത്തിന് സ്പീഡ് കുറച്ച് ഞാൻ. അങ്ങനെ ഇരുകരകൾ തൊടാതെ പ്രണയമെന്നോ ഇഷ്ടമെന്നോ ഒന്നും പറയാനാവാത്ത ആ വികാരത്തെ ഉള്ളിലടക്കി ഞാൻ പട്ടാമ്പി കോളേജിന്റെ കൗമാരം കൊത്താം കല്ലാടുന്ന കാമ്പസിലൂടെ നടന്നു, ചിലപ്പോഴൊക്കെ ക്‌ളാസ് കട്ട് ചെയ്തും. ലൈബ്രറിയിലും ഇടവേളകളിൽ കാറ്റാടി മരച്ചുവട്ടിലും അവൾ സുഹുത്തുക്കളുമായി സല്ലപിക്കുന്നത് ദൂരെനിന്ന് നോക്കിക്കണ്ടു.
പൊതുവെ ബോറായ ഹിസ്റ്ററി ക്‌ളാസിൽ ആരും കയറാറില്ല, പക്ഷെ, അവൾ മാത്രം ഒരു ക്‌ളാസും കട്ട് ചെയ്തില്ല, അതിനാൽ ഞാനും ഹിസ്റ്ററി ലക്ച്ചററുടെ ബോറടി സഹിച്ച് രണ്ടാം ബഞ്ചിൽ ഇരുന്ന് സമയം കൊന്നു. കാലം നീങ്ങി കൊണ്ടിരുന്നു, എന്റെ വീട്ടു പടിക്കൽ നിന്ന് കോളേജിലേക്കുള്ള ഡയറക്റ്റ് ബസിൽ കയറി ഞാൻ വഴിയിലിറങ്ങി പുറകിൽ വരുന്ന അവളുടെ ബസിൽ കയറി. എന്റെ ഈ പ്രാന്ത് എന്നോ തോന്ന്യാസം എന്നോ വിളിക്കാവുന്ന നടപടി ഉടനെ വിളിച്ച് വീട്ടുകാരെ അറിയിക്കാൻ അന്ന് മൊബൈൽ ഉണ്ടായിരുന്നില്ല. അതിനാൽ സൽസ്വഭാവിയായി ഞാൻ നാട്ടിലും വീട്ടിലും വിഹരിച്ചു. അല്ലെങ്കിൽ തന്നെ ഇതൊക്കെ ഒരു സ്വഭാവദൂഷ്യമാണോ ?
ഇടക്കൊക്കെ വീട്ടുകാർ ഒരു വഴിപാടു പോലെ ചോദിക്കും, നീ രമണ ബസിൽ പോയതല്ലേ, പിന്നെന്തിനാ വഴിയിൽ ഇറങ്ങി നിന്നിരുന്നത്, ആരോ പറഞ്ഞു നിന്നെ കണ്ടൂന്ന്.. അതേയ്, എനിക്കൊരു കുട്ടീടെ കയ്യിൽ നിന്ന് ഒരു നോട്ട് ബുക്ക് വാങ്ങാൻ ഉണ്ടായിരുന്നു, ഇന്നെങ്കിലും എന്റെ നോട്ട് കംപ്ലീറ്റ് ചെയ്തില്ലെങ്കിൽ ടീച്ചറുടെ വായിൽ നിന്ന് കേൾക്കേണ്ടി വരും. മറുചോദ്യങ്ങൾ ഇല്ല, പറയുന്നതൊക്കെ സത്യം, കേൾക്കുന്നതൊക്കെയും സത്യം. അതാണ് ആ കാലത്തിന്റെ ഭൗതിക ശാസ്ത്രം.
കാലം ഒഴുകുന്നതിനനുസരിച്ച് പെൺകുട്ടികളും ആൺകുട്ടികളും കുറേക്കൂടി സൗഹൃദത്തോടെ പെരുമാറാൻ തുടങ്ങി. പുസ്തകങ്ങൾ പരസ്പരം കൈമാറി. ഒരിക്കൽ എന്റെ നോട്ട് ബുക്ക് കംപ്ലീറ്റ് ആണെങ്കിലും ഞാൻ അവളുടെ പുസ്തകം ചോദിച്ച് വാങ്ങി, കുറച്ച് കംപ്ലീറ്റ് ആക്കാനുണ്ടെന്ന് പറഞ്ഞ്. വീട്ടിൽ കൊണ്ടുപോയ പുസ്തകത്തിൽ നിന്ന് എനിക്കൊന്നും പകർത്തി എഴുതാൻ ഉണ്ടായിരുന്നില്ല. എങ്കിലും രാത്രി ഉറക്കമിളച്ചിരുന്ന് ഞാൻ അവളുടെ പുറംചട്ട കീറിയ പുസ്തകത്തിന് നല്ലൊരു കവർ ഇട്ടു, എന്റെ ആദ്യത്തെ ഉപഹാരം. പിന്നെ വടിവൊത്ത അക്ഷരത്തിൽ പുസ്തകത്തിന് പുറത്ത് അവളുടെ പേരെഴുതി വച്ചു . വെറും നാലക്ഷരമുള്ള അവളുടെ പേരെഴുതാൻ ഞാൻ നാല് മണിക്കൂർ എടുത്തു. ഇടയ്ക്കിടെ അമ്മയുടെ വിളി മുറിയിൽ നിന്ന്, "കുട്ടി ഉറങ്ങിയില്ലേ, ആ ലൈറ്റ് കെടുത്ത് കുട്ട്യേ". കുട്ടി ഇവിടെ പ്രണയത്തിന്റെ ആദ്യാക്ഷരം പുസ്തകചട്ടയിൽ വരച്ചിടുകയാണെന്ന് അമ്മക്ക് അറിയില്ലല്ലോ.
അന്ന് മനോരമ വാരികയിൽ പ്രഹ്ളാദനോട് ചോദിക്കുക എന്നൊരു പംക്തി ഉണ്ടായിരുന്നു, എന്ത് ചോദ്യങ്ങൾക്കും പ്രഹ്ളാദന്റെ രസകരമായ ഉത്തരങ്ങൾ വായിക്കാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഒരു ദിവസം ഞങ്ങൾ സുഹൃത്തുക്കൾ കോളേജിന്റെ നടപ്പാതയിലുള്ള പേരാലിൻ ചുവട്ടിൽ ഇരിക്കുകയാണ്, അപ്പോൾ അവൾ അവിടേക്ക് ഒറ്റക്ക് നടന്നു വരുന്നു, സാധാരണ അവൾ എപ്പോഴും സുഹൃത്തുക്കൾക്കൊപ്പമേ നടക്കാറുള്ളൂ. ഞാൻ ഷർട്ടിലെ ചുളിവ് മാറ്റി തല കൈകൊണ്ട് മാടി ഒതുക്കി സുന്ദരനാവാൻ ശ്രമിക്കുമ്പോൾ അവൾ അവളുടെ കൈയിലുള്ള മനോരമ വാരിക എന്റെ ഒരു സുഹൃത്തിന് കൊടുത്ത് ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. ഇതെന്താണെന് എല്ലാവരും സ്തംഭിച്ചിരിക്കുമ്പോൾ വാരിക കിട്ടിയ സുഹൃത്ത് തുറന്നു നോക്കി അതിൽ അവൾ പ്രഹ്ളാദനോട് ആരോ ചോദിച്ച ഒരു വാചകം അടിവരയിട്ട് വച്ചിരുന്നു. അതിങ്ങനെ ആയിരുന്നു.
" മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായി വിടർന്നാൽ "
ഇതെന്താ അവൾ ഇതിന് അടിവരയിട്ട് എനിക്ക് തന്നത്, സുഹൃത്തിന് സംശയം. എടാ, ഇതവൾ നിന്നോട് ചോദിക്കുന്നതാണ്, നിന്നെ കാണാതിരിക്കുമ്പോഴും അവളുടെ കണ്ണിൽ നീ മലരായി വിടർന്നാൽ എന്ത് ചെയ്യുമെന്ന് . ആരോ എന്റെ സുഹൃത്തിന് വിശദീകരിച്ച് കൊടുക്കുമ്പോൾ എന്റെ കണ്ണിലെ പ്രണയത്തിന്റെ തീപ്പൊരികൾ കവർന്നെടുത്ത് അവൻ അവളുടെ പുറകെ ലൈബ്രറിയിലേക്ക് നടക്കുകയായിരുന്നു. നിശ്ശബ്ദനായി ഒരു ഇളം കാറ്റിൽ പൊഴിഞ്ഞ പേരാൽ മരത്തിലെ ഇലകളെപ്പോലെ രമണ ബസിന്റെ പുറംചില്ലുകൾക്കിടയിലൂടെ വിരിഞ്ഞ എന്റെ പ്രണയം അവിടെ ചിതയിലൊടുങ്ങി.