ഇത് തലയോലപ്പറമ്പ് ഡി. ബി. കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എടുത്ത ചിത്രം. ഇപ്പോഴും ഇങ്ങനെ ഒന്ന് സൂക്ഷിച്ചു വെച്ചിരുന്നതിൽ ഇടത്തെ അറ്റത്തു നിൽക്കുന്ന ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന കുഞ്ഞുമോൾ എന്ന ഞങ്ങളുടെ കുഞ്ഞുവിന് അഭിനന്ദനങ്ങൾ..
അവൾക്കരികിൽ ഇരട്ടപ്പിന്നലിൽ ഇരിക്കുന്നത് സിസിലി. ഇപ്പോൾ എവിടെന്നു ഒരു പിടിയുമില്ല. ഏറ്റവും വലത്തേ അറ്റത്തു നിൽക്കുന്നത് റിട്ടയേർഡ് ഹോമിയോ ഡോക്ടർ ലതിക. തൃശൂർ താമസം പതിനേഴിന്റെ സമ്പന്നത അഴിച്ചിട്ട മുടിയിൽ മാത്രമുള്ളത് ഈ ഞാൻ... പതിനൊന്നു, പന്ത്രണ്ടു ക്ലാസുകൾ അന്ന് സ്കൂളിൽ ഉണ്ടായിരുന്നു എങ്കിൽ അമ്മ ആ മുടി യെല്ലാം ചീകി ഒതുക്കി അറ്റത്തെ പിന്നലിൽ കുഞ്ചലം തൂക്കി തന്നേനെ. പെരുവ ഗേൾസ് സ്കൂൾ കുട്ടി തന്നെ ആയിരുന്നേനെ.
കോളേജിൽ നിന്ന് തലപ്പാറയിലേക്ക് നടക്കുമ്പോൾ എന്നെ പിടിച്ചു നിർത്തി ലതിക മുടി രണ്ടായി പകുത്ത് റബ്ബർ ബാൻഡിൽ കൊരുക്കുമായിരുന്നു. ഇപ്പോൾ ഇടയ്ക്ക് കാണുമ്പോൾ നിന്റെ മുടിയെല്ലാം പോയല്ലോ എന്ന് അവൾ ആകുലപ്പെടാറുണ്ട്...അങ്ങനെ ഓർമ്മകൾ ഏറെയുണ്ട്. ആ അവധിക്കാലത്തു വൈക്കത്തെ അമ്മവീട്ടിലെ താമസം മുടിയിലെ സമ്പന്നത ശരീരത്തിലേക്കും കൊണ്ടു വന്നതും, പാവം കാമുകനെ ഒരു മാത്ര പ്രണയ പരവശനാക്കിയ ആ മാദകത്വം മഹാരാജാസ് കോളേജിലേക്കുള്ള ദീർഘ യാത്രകൾ നിർദ്ദയം കവർന്നെടുത്തതും പിന്നീട് പ്രണയപ്പുഴ നീന്തി വളരെ നേരത്തെ തന്നെ അടുക്കളയിലും ശിശു പരിപാലനത്തിലും ഒക്കെ പി. എച്ച് ഡി നേടി കൂട്ടുകാരികളെ തോൽപ്പിച്ചു ഒന്നാമതായതും, പിന്നെ ജീവിതത്തിൽ ഏറ്റവും പിന്നിലായതും, എന്നാലും അക്ഷരങ്ങൾ കൂട്ടായതും പലവട്ടം പറഞ്ഞു പറഞ്ഞു കതിരെല്ലാം പതിരായി പോയ കഥ....രാവിലെ കിട്ടിയ ഫോട്ടോ തന്ന ഓർമ്മകൾ പങ്കു വെച്ചു എന്നേയുള്ളു കേട്ടോ.