ന്യു ഒർലിയൻസ്, ലൂയിസിയാന: തുടർച്ചയായി മൂന്നു തവണ കിരീടമെന്ന ചരിത്രനേട്ടം സ്വപ്നം കണ്ട കൻസാസ് സിറ്റി ചീഫ്സിനെ തകർത്ത് ( 40 - 22) ഫിലാഡൽഫിയ ഈഗിൾസ് സൂപ്പർ ബോൾസ് (super Bowl) ജേതാക്കൾക്കുള്ള ലൊംബാർഡി ട്രോഫി കരസ്ഥമാക്കി. ഇതു രണ്ടാം തവണയാണ് ഈഗിൾസ് അമേരിക്കൻ ഫുട്ബോളിലെ സൂപ്പർ ചാംപ്യൻമാരാകുന്നത്. ഏഴു വർഷം മുൻപായിരുന്നു ആദ്യ കിരീടജയം.
പോയ വർഷത്തെ അമേരിക്കൻ ഫുട് ബോൾ കോൺഫറൻസ് ജേതാക്കളായ കൻസാസ് സിറ്റി ചീഫ്സും നാഷനൽ ഫുട്ബോൾ കോൺഫറൻസ് ചാംപ്യൻമാരായ ഫിലാഡൽഫിയ ഈഗിൾസും തമ്മിൽ നാഷനൽ ഫുട് ബോൾ ലീഗ് കിരീടത്തിനായി ഏറ്റുമുട്ടിയപ്പോൾ മത്സരം കാണാൻ ലൂസിയാനയിലെ ന്യൂ ഒർലിയൻസിലെ സൂപ്പർ ഡോമിൽ അമേരിക്കൻ സമയം ഞായറാഴ്ച രാത്രിയെത്തിയത് 65,719 പേരാണ്. തൽസമയ സംപ്രേഷണം കണ്ടത് ദശലക്ഷങ്ങളും. പ്രസിഡന്റ് ട്രംപും കാളി കാണാനെത്തി.
ഇടവേളയിൽ സ്കോർ 24 -0 ആയിരുന്നു. പിന്നീട് ഈഗിൾസിൻ്റെ ലീഡ് 34-0 ആയി. ആദ്യ രണ്ടു ക്വാർട്ടറിലും പോയിൻറ് നേടാൻ കഴിയാതെപോയ ചീഫ്സ് മൂന്നാം ക്വാർട്ടർ തീരാൻ 30 സെക്കൻഡ് ഉള്ളപ്പോഴാണ് ആറു പോയിൻ്റ് കരസ്ഥമാക്കിയത്. ഈഗിൾസ് 7, 17, 10, 6 ക്രമത്തിൽ ഓരോ ക്വാർട്ടറിലും പോയിൻ്റ് നേടി.ചീഫ്സ് 0,0, 6,16 ക്രമത്തിൽ സ്കോർ ചെയ്തു.
ഈഗിൾസിൻ്റെ ക്വാർട്ടർ ബാക്ക് ജലൻ ഹർലിയാണ് ഏറ്റവും മൂല്യമുള്ള താരം.
രണ്ടു വർഷം മുൻപ് ചീഫ്സിൽ നിന്നേറ്റ തോൽവിക്കുള്ള മറുപടി കൂടിയായിരുന്നു ഞായറാഴ്ചത്തെ വിജയം. പിന്നെ, രാത്രി മുഴുവൻ ഗ്രീൻ -വൈറ്റ് ആഘോഷം. "ഫ്‌ളൈ ഈഗിൾ ഫ്ളൈ " വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി.
"പ്രതിരോധ നിരയും ആക്രമണ നിരയും ഒരുപോലെ തിളങ്ങി. " വിജയത്തെക്കുറിച്ച് ഈഗിൾസ് ഹെഡ് കോച്ച് നിക്ക് സിരിയനി പറഞ്ഞു.