നെവാഡ : സംസ്ഥാനത്തെ ഫാം തൊഴിലാളിക്ക് പക്ഷിപ്പനി ബാധിച്ചതായി സെൻട്രൽ നെവാഡ ഹെൽത്ത് ഡിസ്ട്രിക്റ്റ് റിപ്പോർട്ട് ചെയ്തു. രോഗബാധിതരായ കന്നുകാലികളുമായി സമ്പർക്കം പുലർത്തിയ തൊഴിലാളിക്കാണ് അണുബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ പശുക്കളിൽ രണ്ടാമത്തെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചിരുന്നു. തൊഴിലാളി സുഖം പ്രാപിച്ചുവരികയാണെന്ന് ആരോഗ്യ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നും പക്ഷിപ്പനി പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
2024 ഏപ്രിൽ മുതൽ യുഎസിലുടനീളം എഴുപതോളം ആളുകൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും കർഷകത്തൊഴിലാളികൾക്കാണ്. പക്ഷിപ്പനി കേസുകൾ വർധിച്ചതോടെ വൈറസ് ബാധിച്ച കന്നുകാലികളിൽ നിന്നുള്ള പാൽ ഉൽപ്പാദനം കുറയ്ക്കുകയും ദശലക്ഷക്കണക്കിന് മുട്ടക്കോഴികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്തുടനീളം മുട്ടയുടെ വില വർധിക്കുന്നതിന് കാരണമായി.