ഗാസ വെടിനിർത്തൽ കരാർ അനുസരിച്ചു ഇസ്രയേലി ബന്ദികളെ ശനിയാഴ്ച്ച വിട്ടയക്കില്ലെന്നു ഹമാസ് തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു. ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടഞ്ഞു എന്നാണ് അവർ ആരോപിക്കുന്നത്.
ഹമാസിനെ അടിച്ചു തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താക്കീതു നൽകി. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി വരെ അവർക്കു സമയം നൽകുന്നു. "ഞാൻ പറയുന്നതിന്റെ അർഥം അപ്പോൾ ഹമാസിനു മനസിലാവും."
ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബന്ദികളുടെ മോചനം നീട്ടി വയ്ക്കുകയാണെന്നു ഹമാസിന്റെ വക്താവ് അബു ഒബെയ്‌ദ പറഞ്ഞു. കരാർ ലംഘിച്ചതിന് അധിനിവേശ രാഷ്ട്രമായ ഇസ്രയേൽ നഷ്ടപരിഹാരം നൽകണം.
ഹമാസ് അനുസരിക്കാൻ ഭാവമില്ലെങ്കിൽ വെടിനിർത്തൽ കരാർ തന്നെ റദ്ദാക്കാൻ താൻ നിർദേശിക്കുമെന്നു ട്രംപ് പറയുന്നു. ജനുവരി 19നു നടപ്പാക്കിയ കരാർ അനുസരിച്ചു ആദ്യഘട്ടത്തിൽ 21 ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ 12 പേരെ കൂടി വിടാനുണ്ട്.
2023 ഒക്ടോബർ 7നു ഇസ്രയേലിൽ കടന്നു ഹമാസ് പിടിച്ചുകൊണ്ടു പോയവരിൽ 71 പേർ ഇനിയും ഗാസയിലുണ്ട് എന്നതാണ് നിഗമനം. അതിൽ 30 പേർ മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
ശനിയാഴ്ച്ച എന്ന സമയപരിധി എല്ലാ ബന്ദികൾക്കും ബാധകമാണെന്നു ട്രംപ് പറഞ്ഞു. "കരാർ റദ്ദാക്കണോ എന്ന കാര്യം ഇസ്രായേലിനു തീരുമാനിക്കാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ എല്ലവരെയും വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ ഞാൻ അടിച്ചു തകർക്കും."
യുഎസ് സേന ഇറങ്ങുമോ?
യുഎസ് സേനയെ രംഗത്തിറക്കുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "കാത്തിരുന്നു കാണുക."
എന്തിനും തയാറാവാൻ ഇസ്രയേലി സൈന്യത്തിനു നിർദേശം നൽകിയെന്നു പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്സ് പറഞ്ഞു.
കരാർ നടപ്പായപ്പോൾ മുതൽ ഗാസയിലേക്കു ഒഴുകിക്കൊണ്ടിരുന്ന സഹായം ഇസ്രയേൽ തടഞ്ഞെന്നു ഹമാസ് ആരോപിച്ചു. ഏറ്റവുമധികം നശീകരണം ഉണ്ടായ വടക്കൻ ഗാസയിൽ വേണ്ടത്ര സഹായം എത്തിയിട്ടില്ല.
അതേ സമയം, ശനിയാഴ്ച്ച ഹമാസ് വിട്ടയച്ച മൂന്നു ബന്ദികളുടെ നില ഏറെ പരിതാപകരമാണ് എന്നത് ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു. നാസി ക്യാമ്പുകളിൽ നിന്നു വിട്ടയച്ചവരെ പോലെയുണ്ട് അവർ എന്ന് ട്രംപും പറഞ്ഞു.
കരാർ നിലനിൽക്കണമെന്നു ബന്ദികളുടെ കുടുംബങ്ങൾ
വെടിനിർത്തൽ കരാർ ഉപേക്ഷിക്കാൻ പാടില്ലെന്ന് ഇസ്രയേലിൽ ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങൾ ഉൾപ്പെട്ട ഫോറം പറഞ്ഞു. മധ്യസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്.
പ്രസ്താവനയിൽ അവർ പറഞ്ഞു: "ഞങ്ങളുടെ 76 സഹോദരീസഹോദരന്മാരുടെ സുരക്ഷിതമായ മോചനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ഇസ്രയേലി ഗവൺമെന്റിന്റെ കൂടെ നിൽക്കുകയാണ്."
Trump threatens as Hamas postpones hostage release