ന്യൂ യോർക്ക് മേയർ എറിക് ആഡംസിനെതിരായ അഴിമതി കേസ് തള്ളിക്കളയാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് മൻഹാട്ടൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ബൈഡൻ ഭരണകൂടം രാഷ്ട്രീയമായ കാരണങ്ങളാൽ ആഡംസിനെ ലക്‌ഷ്യം വച്ചതാണ് എന്നാണ് ഈ കേസിനെ പറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതുന്നതെന്നു സൂചനകൾ ഉണ്ടായിരുന്നു.
ന്യൂ യോർക്കിലേക്കു അനധികൃത കുറിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ഡെമോക്രാറ്റിക് നേതാവായ ആഡംസ് അതിനു ബൈഡനെ പഴി ചാരിയിരുന്നു.
കേസ് തള്ളാൻ നിർദേശിക്കുന്ന കത്തിൽ ആക്റ്റിംഗ് ഡെപ്യൂട്ടി അറ്റോണി ജനറൽ എമിൽ ബോവ് വച്ചിട്ടുള്ള വ്യവസ്ഥകളിൽ ഒന്ന് ഭാവിയിൽ വേണമെങ്കിൽ കേസ് വീണ്ടും തുറക്കാൻ കഴിയണം എന്നതാണ്.
രാഷ്ട്രീയ പകപോക്കലാണ് കേസിനു പിന്നിൽ എന്നു ബോവ് ചൂണ്ടിക്കാട്ടുന്നു. ആഡംസ് കുടിയേറ്റ നയത്തെ വിമർശിച്ചത് കത്തിൽ എടുത്തു പറയുന്നു.
2025 നവംബറിൽ നടക്കാനുള്ള മേയർ തിരഞ്ഞെടുപ്പിൽ ആഡംസിനു പ്രചാരണം നടത്താൻ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ കേസ്. അനധികൃത കുടിയേറ്റത്തെ നേരിടാനുളള കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനു കഴിയാതെയും വരുന്നു.
അതേ സമയം, 2025 നവംബർ തിരഞ്ഞെടുപ്പ് കഴിഞ്ഞു ന്യൂ യോർക്ക് സതേൺ ഡിസ്ട്രിക്ടിലെ യുഎസ് അറ്റോണി കേസ് വീണ്ടും പരിശോധിക്കണമെന്നു ബോവിന്റെ കത്തിൽ നിർദേശിക്കുന്നുണ്ട്. അതു വരെ ആഡംസിനെതിരെ അന്വേഷണങ്ങൾ ആവശ്യമില്ല.
ഈ നീക്കങ്ങളെ കുറിച്ച് തനിക്കു അറിവില്ലെന്നു ആഡംസ് തിങ്കളാഴ്ച രാത്രി ഫോക്സ് ന്യൂസിനോട് പറഞ്ഞു.
ന്യൂ യോർക്കിൽ നിരോധനമുള്ള സ്ഥലത്തു കോൺസലേറ്റ് കെട്ടിടം പണിയാൻ തുർക്കിക്കു അനുമതി നൽകിയതുമായി ബന്ധപ്പെട്ടു അഴിമതി നടത്തി എന്നാണ് കേസിലെ പ്രധാന ആരോപണം.
ട്രംപിനെ വിമർശിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിന്ന ആഡംസ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു. ഫ്ലോറിഡ മാർ-എ-ലാഗോയിൽ ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ ലഞ്ചിനും പോയി.
മൻഹാട്ടൻ കോടതിയിൽ കേസ് കേട്ട ജഡ്‌ജ് ഡെയ്ൽ ഹോ കേസ് തള്ളാനുള്ള ഉത്തരവിൽ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
DoJ moves to trash Adams case