ബില്യൺ കണക്കിനു ഡോളർ ഫെഡറൽ ഗ്രാന്റുകൾ മരവിപ്പിച്ച ട്രംപ് ഭരണകൂടത്തിനോട് അവ വിട്ടുകൊടുക്കാൻ ഉത്തരവിട്ടത് അവർ അവഗണിച്ചെന്ന് റോഡ് ഐലൻഡ് ഫെഡറൽ കോടതി ജഡ്‌ജ് ജോൺ ജെ. മക്കോണൽ ജൂനിയർ തിങ്കളാഴ്ച്ച പറഞ്ഞു.
വളരെ വ്യക്തമായ ഭാഷയിലുള്ള ഉത്തരവാണ് ലംഘിച്ചതെന്നു ജഡ്‌ജ് തുറന്നു പറഞ്ഞു. ജനുവരി 29നായിരുന്നു ഉത്തരവ് ഇറക്കിയത്. "അത് വ്യക്തമായിരുന്നു. അനുസരിക്കാൻ കഴിയാത്ത തടസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല."
ട്രംപ് ഭരണകൂടം ആ വിധിക്കെതിരെ ഉടൻ അപ്പീൽ നൽകി. ജഡ്‌ജിന്റെ ഉത്തരവ് മരവിപ്പിക്കണം എന്നാണ് ആവശ്യം. അപ്പീൽ തീർപ്പാകും വരെ വൈറ്റ് ഹൗസ് എന്താണ് ചെയ്യുക എന്നതാണ് കാണേണ്ടത്.
വൈറ്റ് ഹൗസ് വക്താവ് ഹാരിസൺ ഫീൽഡ്‌സ് പറഞ്ഞു: "ഓരോ എക്സിക്യൂട്ടീവ് ഓർഡറും കോടതിയിൽ നിലനിൽക്കും. കാരണം അവ പൂർണമായും നിയമപരമാണ്. അവയെ കോടതിയിൽ ചോദ്യം ചെയ്യാനുളള ശ്രമങ്ങൾ അമേരിക്കൻ ജനതയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്."
എക്സിക്യൂട്ടീവിന്റെ ന്യായമായ അധികാരത്തെ നിയന്ത്രിക്കാൻ ജഡ്ജിമാർക്ക് അവകാശമില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എക്സിക്യൂട്ടീവും ജൂറിഷ്യറിയും തമ്മിലുള്ള സംഘര്ഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് അത് സൂചിപ്പിക്കുന്നു.
കാലിഫോർണിയ അറ്റോണി ജനറൽ റോബ് ബോണ്ട പറഞ്ഞു: "ഒരു ഭരണകൂടവും നിയമത്തിനു അതീതമല്ല. ട്രംപ് ഭരണകൂടം കോടതി ഉത്തരവ് പൂർണമായും അനുസരിച്ചേ തീരൂ."
ട്രംപ് അധികാരമേറ്റ ശേഷം എടുത്ത നടപടികൾക്കെതിരെ 40 ലോസൂട്ടുകൾ കോടതികളിലുണ്ട്. ജന്മവകാശ പൗരത്വം നിർത്തലാക്കിയതും എലോൺ മസ്കിനു നൽകിയ അധികാരങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു.
ട്രംപ് ഇല്ലാത്ത അധികാരം ഉണ്ടെന്നു ധരിച്ചു പ്രവർത്തിക്കയാണ് ചെയ്യുന്നതെന്നു വിദഗ്‌ധർ പറയുന്നു.
Judge says Trump defying court