Image

ഗുരുശാപം (കവിത: വേണുനമ്പ്യാർ)

Published on 11 February, 2025
ഗുരുശാപം (കവിത: വേണുനമ്പ്യാർ)

ഗുരുശാപകാമിലബാധയേറ്റ്
രാഷ്ട്രീയക്കൂത്തരങ്ങിൽ വീണുവല്ലോ
തൂത്തു വാരാനായി വന്നവൻ
തൂത്തുവാരപ്പെട്ടുവല്ലോ.

2

ഞെളിഞ്ഞു കേറിയ ചൂലേയിനി
കുനിഞ്ഞിറങ്ങാൻ നോക്കൂ
മാലിന്യക്കുന്നുകൾക്കിനി വേണൊ
നിന്റെ   നോക്കുകുത്തിവേല
യമുനയെ വിഷവാഹിനിയാക്കി 
മാറ്റിയ പെരുംചോരന് 
കിട്ടുമൊ മുക്തി പോയി ഗംഗയിൽ  
നൂറു വട്ടം തല മുക്കിയാലും  ?

3

പരസേവയെന്ന പേരിൽ വ്യാജർ
സ്വയംസേവ നടത്തുവോർ
അനർഹർക്കും വാരിക്കോരി
കൊടുത്തേൻ നാട് മുടിക്കുവാൻ.
കളളപ്പരസ്യങ്ങളാൽ പ്രതിച്ഛായ
ആയിരം മേനി കൂട്ടുവാൻ 
കണക്കൊന്നുമില്ലാതെ കലക്കിയേൻ
നികുതിപ്പണമെടുത്തവർ.
അന്ധബധിരകുംഭകോണർ ശഠർ
ദുരധികാരശൃംഖല നീട്ടുവാൻ
കയ്യിട്ടു വാരിയേൻ മദ്യകുംഭത്തിലും.  


4

ധൂർത്തുമജ്ഞതയും
അഹങ്കാരത്തിൻ പര്യായം
ഒന്നും ഒന്നും കൂട്ടിയാൽ
രണ്ടൊഴിച്ച് ഫലമെന്തുമാകുന്ന
രാഷ്ട്രീയത്തിൻ വിപര്യയം.

5

വാക്കു പാലിക്കാത്തവന്റെ
നാവ് പിഴുതെറിയുവാൻ
ഒക്കുമൊ സാധുജനത്തിന്?
ദുർബ്ബലർ അവർ അശരണർ;
വർഷമഞ്ച് കൂടുമ്പോളൊരു
വെറും ബട്ടൺഞെക്കിനാൽ
ആകയാലവർ മറിച്ചിടട്ടെ
ദുരധികാരക്കസേരകൾ!


6

പതിച്ചേൻ  വിഖ്യാതമാം ജയിലിൻ 
മതിൽപ്പുറത്തൊരീരടിപ്പരസ്യം
അജ്ഞാതനാമാവാമൊരു
വിദൂഷക-കവിയിങ്ങനെ:
"ജനം കൈവെടിഞ്ഞോട്ടെ; 
ഒട്ടും വെടിയില്ലിനിയിത്തടവറ നല്ല ചൂലിനെ!"

7

പഠിപ്പെത്രതന്നെയിരിക്കിലും
തോണ്ടും കുഴി  അഹന്ത
കള്ളച്ചൂലെടുത്തവൻ ചൂലാലേ
ആട്ടിയോടിക്കപ്പെടും നിജം!

8

നീക്കുവാൻ ഗുരുശാപം
ഒക്കുകേല സ്രഷ്ടാവിനും;
കടുകോളം പശ്ചാത്താപം    
വിതുമ്പും നിറമനസ്സോടെ-
യനുഷ്ഠിപ്പവൻ
ഗുരുവരാനുഗ്രഹത്താൽ 
ശീഘ്രം പൂകുമത്രെ സദ്ഗതി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക