എഴുതാനിനിയെന്തുണ്ട് ബാക്കി?
എഴുതിയതെല്ലാം എരിഞ്ഞടങ്ങി.
പറഞ്ഞതെല്ലാം പുകച്ചുരുളിൽ,
പറന്നകലും പരിഭവങ്ങളായ്.
മനസ്സിലെ മാന്ത്രിക നിമിഷങ്ങളിനി,
മന്ത്രങ്ങളൊന്നും ഉരുവിടില്ല.
മന്ത്രങ്ങൾ മന്ത്രണമായിനി,
വെളുത്ത പ്രതലങ്ങളിൽ
ഒഴുകിടില്ല.
മന്ത്രങ്ങളിലാത്ത തന്ത്രിയായ്,
മനസ്സിന്റെ മൺച്ചെപ്പിൽ മൗനിയായ്,
മന്ത്രങ്ങളെ കാത്ത് മനയ്ക്കുള്ളിൽ
ഘടികാരസൂചിയൊപ്പം
ചലിച്ചിടുന്നു,
എൻ വിരലുകളെന്തിനോ വേണ്ടി.
നിനച്ച് വച്ച മന്ത്രണങ്ങൾ
ഒലിച്ചു പോയി നൊമ്പരപ്പെയ്ത്തിൽ.
തിരികെ പിടിക്കാൻ
നീന്തിയടുക്കുമ്പോൾ,
ഒഴുകിയകലുന്നു വീണ്ടും.
ആഴമേറും, ചുഴിയിലകപ്പെടാതെ,
തിരികെയെത്താൻ മുറവിളി ഉയരുന്നു മറുകരയിൽ.
മാന്ത്രിക നിമിഷങ്ങളെ കാത്ത്
വെള്ളക്കടലാസ്സ് ചിറകടിച്ചെത്തി നോക്കി.
മരവിച്ചടഞ്ഞ മാന്ത്രികപ്പുരയുടെ വാതിലിൽ,
വിരലുകൾ മുട്ടി വെറുതെ ,
വ്യാമോഹമെന്നറിയിലും
വിരലുകൾ പതുക്കെ ചലിച്ചു നീങ്ങി.
അക്ഷരക്കൂട്ടങ്ങളൊക്കെ, വരി തെറ്റി, നിര വിട്ട്
കൈകാലടിച്ച് നില തെറ്റി
പതിച്ചുവാ നിലയില്ലാകയത്തിൽ.
കാണാമറയത്തെ കൂട്ടകരച്ചിലിൽ,
തെറിച്ചു വീണുവെൻ തൂലികയും.