ടൊറന്റോ: പാര്‍ട്ടി ഭരണത്തിലെത്തിയാല്‍ പ്രവശ്യയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുമെന്ന് ഒന്റാരിയോ എന്‍ഡിപി ലീഡര്‍ മാരിറ്റ് സ്റ്റൈല്‍സ്. ഇതിന്റെ ഭാഗമായി പ്രവിശ്യയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 15,000 നഴ്‌സുമാരെ നിയമിക്കുമെന്നും മാരിറ്റ് സ്റ്റൈല്‍സ് പ്രഖ്യാപിച്ചു. ഇതിനായി 150 കോടി ഡോളര്‍ ചെലവഴിക്കും. ഒന്റാരിയോ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റിനൊപ്പം ഗ്രേറ്റര്‍ ടൊറന്റോ മേഖലയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു മാരിറ്റ് സ്റ്റൈല്‍സ്. താല്‍ക്കില ഹെല്‍ത്ത് കെയര്‍ സ്റ്റാഫിങ് ഏജന്‍സികള്‍ക്ക് നല്‍കുന്ന ലക്ഷക്കണക്കിന് ഡോളര്‍ പൊതുസംവിധാനത്തിലേക്ക് വകമാറ്റുമെന്നും അവര്‍ പറഞ്ഞു.
ലിബറല്‍ പാര്‍ട്ടി ലീഡര്‍ ബോണി ക്രോംബിയും ടൊറന്റോയില്‍ ആരോഗ്യ സംരക്ഷണ പ്രഖ്യാപനത്തോടെ ആയിരിക്കും പ്രചാരണം ആരംഭിക്കുക. ഉച്ചകഴിഞ്ഞ് നഗരത്തിലെ വ്യാപാര സ്ഥാപന ഉടമകളെയും ബോണി ക്രോംബി സന്ദര്‍ശിക്കും. അതേസമയം, പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് ലീഡര്‍ ഡഗ് ഫോര്‍ഡ് ഓക്ക് വില്ലില്‍ ഇന്‌റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് ഓപ്പറേറ്റിംഗ് എഞ്ചിനീയേഴ്‌സിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും.