തിരുവനന്തപുരം ജില്ലയില്‍ വെള്ളറടയിലെ കിളിയൂരില്‍ അച്ഛനെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സാത്താന്‍ സേവ എന്ന് സംശയം. കൊപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നത് കൊലപാതകം ആസൂത്രിതമാണെന്ന സൂചനകളാണ് നല്‍കുന്നത്. മകന്‍ സാത്താന്‍ സേവയില്‍ മുഴുകിയിരുന്നതായാണ് അമ്മ സുഷമാകുമാരിയുടെ വെളിപ്പെടുത്തല്‍. കൊവപാതകത്തിന് ശേഷം പ്രജിന്‍ വെള്ളറട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
കൊല്ലപ്പെട്ട ജോസും താനും കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി മകന്‍ പ്രജിനിനെ ഭയന്നാണ് ജീവിച്ചിരുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. വീടിന്റെ രണ്ടാം നിലയില്‍ വിചിത്രമായ ജീവിതരീതി ആയിരുന്നു പ്രിജിന്‍ നയിച്ചിരുന്നത്. കിളിയൂരിലെ ചാരുവിള വീട്ടില്‍ ഹാളിലെ സോഫയില്‍ ചാരിക്കിടക്കുകയായിരുന്ന ജോസിനെ ഫെബ്രുവരി 5-ന് ആയിരുന്നു കഴുത്തില്‍ പ്രജിന്‍ വെട്ടുന്നത്. വെട്ടേറ്റ പിന്നാലെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍വെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തുന്നത്.
കോവിഡ് കാലത്ത് ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയ പ്രജിന്‍ വിഷാദത്തിലായിരുന്നു. തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു. അതിന് ശേഷമാണ് പ്രജിന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. പിന്നീട് പള്ളിയില്‍ പോകാന്‍ മടികാട്ടുമായിരുന്നു. എപ്പോഴും മുറിയടച്ചിരിക്കുന്നത് പതിവാക്കി. മുറിയിലേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. രാത്രിയില്‍ ചിലപ്പോള്‍ വാഹനമെടുത്ത് പുറത്തുപോകുന്ന പ്രജിന്‍, മണിക്കൂറുകള്‍ കഴിഞ്ഞാണ് മടങ്ങി എത്തിയിരുന്നത്. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ അമ്മയെ മര്‍ദ്ദിക്കുമായിരുന്നു.
പുറത്തേക്ക് പോകുമ്പോഴൊക്കെ മുറി പൂട്ടിയിടും. മുറിയില്‍ നിന്നും 'ഓം' പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് കുടുംബം അറിഞ്ഞിരുന്നില്ല. അമ്മയെ പലതിനും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കംചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്നു. മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ച് വെച്ചിരുന്നു. ഇപ്പോള്‍ ജയിലിലുള്ള മകന്‍ പുറത്തിറങ്ങിയാല്‍ തന്നെയും കൊലപ്പെടുത്തുമെന്നാണ് അമ്മ ഭയക്കുന്നത്.
കേരളത്തില്‍ പലയിടത്തും സാത്താന്‍ സേവാ സംഘങ്ങള്‍ സജീവമാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍. ഈ പ്രാകൃത രീതിക്കടിമപ്പെട്ട് നിരവധി കൊലപാതകങ്ങളും നടന്നിട്ടുണ്ട്. വിദുര ഗ്രാമപ്രദേശങ്ങളും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളുമൊക്കെ കേന്ദ്രീകരിച്ചാണ് സാത്താന്‍ സേവാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികള്‍. വിദേശികളടക്കം പങ്കെടുക്കുന്ന സാത്താന്‍ ആരാധന സ്പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്. നാടന്‍ മന്ത്രവാദികളും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ആള്‍ദൈവങ്ങളും രംഗത്തുണ്ട്.
സാത്താന്‍ സേവക്കാരുടെ ആചാര രീതികള്‍ ഭയാനകവും വിചിത്രവുമാണ്. സമ്പത്തും അതീന്ദ്രിയ ശക്തിയും ലഭിക്കുന്നതിനുവേണ്ടിയാണ് സാത്താന്‍ സേവ നടത്തുന്നത്. 13 ആണ് ഇവരുടെ ഇഷ്ട നമ്പര്‍. എല്ലാ മാസവും ഈ ദിവസമാണ് പലപ്പോഴും ഇവര്‍ സേവ നടത്താന്‍ തിരഞ്ഞെടുക്കാറ്. 13-ാം തിയതി വെള്ളിയാഴ്ച കൂടി ആയാല്‍ സേവക്കാരുടെ ക്രിയകള്‍ കൂടുതലായി ഫലിക്കുമെന്നാണ് വിശ്വാസം. 13 എന്ന നമ്പര്‍ ഉള്ള ഫ്‌ളാറ്റുകളും വീടുകളുമാണ് ക്രിയകള്‍ക്കായി തിരഞ്ഞെടുക്കുക. ഇവര്‍ക്ക് തല തിരിഞ്ഞ കുരിശും സാത്താന്റെ ബൈബിളും കറുപ്പും ചുവപ്പും നിറമുള്ള വസ്ത്രങ്ങളുമെല്ലാം പ്രധാനമാണ്. സാത്താന്റെ ഇഷ്ട നമ്പര്‍ 666 ആണ്. സാത്താന്‍ ആരാധകരെ പോലീസും നിയമ സംവിധാനങ്ങളും ഗൗരവമായി എടുക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
സാത്താനെ വാഴ്ത്തിപ്പാടുന്നതോടെയാണ് ആരാധനയുടെ തുടക്കം. തലയോട്ടിയില്‍ ശേഖരിച്ച മൂത്രവും, ആര്‍ത്തവ രക്തവും, നഗ്നയായ കന്യകയും ആടും ഒക്കെ സാത്താന്‍ ആരാധനയ്ക്ക് ആവശ്യമാണ്. വിശുദ്ധ ഗ്രന്ഥങ്ങളിലെ വരികള്‍ തലതിരിച്ചാണ് വായിക്കുക. ദൈവം എന്നിടത്ത് സാത്താന്‍ എന്നും നന്മ എന്നിടത്ത് തിന്മയെന്നും പറയും. മണിക്കൂറുകളോളം നീളുന്ന സാത്താന്‍ സേവയ്ക്ക് ശേഷം നഗ്നനൃത്തവും പരസ്യമായ ലൈംഗിക വേഴ്ചയും നടക്കും. ഒരിക്കല്‍ ഈ റാക്കറ്റില്‍ ചെന്നു പെടുന്നവര്‍ക്ക് രക്ഷപ്പെടുക അസാധ്യമാണ്. 'ആന്റി ക്രൈസ്റ്റ് മൂവ്‌മെന്റ്' എന്നും സാത്താന്‍ സേവക്കാര്‍ അറിയപ്പെടുന്നു. സാത്താന്‍ സേവയില്‍ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്.
ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധന കേരളത്തിലും വ്യാപകമാകുന്നുണ്ടെന്നും ഇതിനെതിരേ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കത്തോലിക്കാ മെത്രാന്‍ സമിതി 2012-ല്‍ പുറത്തിറക്കിയ ഒരു പഠന രേഖയില്‍ നിര്‍ദേശിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താന്‍ ആരാധന എന്ന പേരില്‍ അറിയപ്പെടുന്ന കറുത്ത കുര്‍ബാനയുടെ തുടക്കം. റോമന്‍ കുര്‍ബാന ക്രമത്തിന്റെ ആക്ഷേപ രീതിയിലുള്ള അനുകരണം എന്ന രീതിയില്‍ സ്ഥാപിക്കപ്പെട്ട കറുത്ത കുര്‍ബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവന്‍ ഗ്രൂപ് 1968-ല്‍ 13 മിനിറ്റ് ദൈര്‍ഘ്യം വരുന്ന കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത് സ്റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് കറുത്ത കുര്‍ബാനയ്ക്ക് കൂടുതല്‍ ആരാധകരുണ്ടായത്.
കറുത്ത കുര്‍ബാനയെപ്പറ്റി കത്തോലിക്കാ സഭ പുറത്തിറക്കിയ പഠനരേഖയില്‍ പറയുന്നതിങ്ങനെയാണ്...സ്ത്രീയുടെ നഗ്ന ശരീരമാണ് കറുത്ത കുര്‍ബാനയുടെ ബലിപീഠം. കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. കാസയില്‍ വീഞ്ഞിനു പകരം സ്ത്രീ പുരുഷ സ്രവങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. അള്‍ത്താരയായി വര്‍ത്തിക്കുന്ന സ്ത്രീയുടെ രഹസ്യ ഭാഗത്തെ സക്രാരിയായി (ഓസ്തി സൂക്ഷിക്കുന്ന സ്ഥലം) കണക്കാക്കി ഓസ്തി പ്രസ്തുത സ്ഥലത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.
പൈശാചിക ആരാധനയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൈശാചിക പ്രാര്‍ഥനകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അവഹേളിച്ച് അശുദ്ധമാക്കുകയാണ് കര്‍മങ്ങളുടെ ആത്യന്തിക ലക്ഷ്യം. കുര്‍ബാന പ്രതിഷ്ഠിച്ച അള്‍ത്താരയും സക്രാരിയുമായി കാര്‍മികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നത്. കുര്‍ബാന സ്വീകരിക്കുന്നതിനു പകരമായാണ് ലൈംഗിക ബന്ധം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലതിരിച്ചുവച്ച കുരിശ്, കറുത്ത മെഴുകുതിരി, അശുദ്ധ രക്തം എന്നിവ കുര്‍ബാനയിലെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുമ്പോള്‍ കറുത്ത കോട്ടു ധരിച്ചയാളായിരിക്കും കാര്‍മികന്‍.