വൈക്കത്ത് തൈപ്പൂയക്കാവടിയാട്ടം കൊട്ടിത്തിമിർത്തപ്പോഴാണ് ഞാൻ അമ്മയുടെ വയറ്റിൽ ചുരുണ്ടു കിടന്നു ആഞ്ഞു ചവിട്ടിയത്. എത്ര നാളായി ഈ കിടപ്പ്. വളഞ്ഞു കൂടിക്കിടന്നു മടുത്തു..ഇനി പുറത്ത് വന്നേ പറ്റു അടുത്ത കാവടിയെങ്കിലും കാണണം എന്ന എന്റെ വാശിയെ അമ്മ അംഗീകരിച്ചു. നിർദ്ദാക്ഷിണ്യം അമ്മയെ നോവിച്ചും കരയിച്ചും പിറ്റേന്നത്തെ ആയില്യം നാളിൽ ഞാൻ പുറത്തേക്ക് കുതിച്ചു. പിന്നെന്താ.. കിട്ടിയ പാലൊക്കെ കുടിച്ചങ്ങനെ വെളുത്തുരുണ്ട കുട്ടിയായി ഞാൻ വളർന്നു.. മൂന്നു മാസത്തിന് ശേഷം അമ്മവീട്ടിൽ നിന്ന് വന്നു കഴിഞ്ഞു എവിടുന്നോ പകർന്ന് കിട്ടിയ ഒരു നിലങ്കാരചുമയിൽ ഞാൻ ശുഷ്കിച്ചു എന്നാണ് അമ്മ പറഞ്ഞത്. എങ്കിലും കാതിൽ പല തരം ലോലാക്കുകളും നിറമുള്ള ഉടുപ്പുകളും അച്ഛന്റെ ഓമന മകളായ എനിക്ക് ബാല്യം നൽകി.. മെലിഞ്ഞിട്ടെങ്കിലും പൊതുവെ ആരോഗ്യക്കുറവില്ലാത്തതിനാൽ പതിമൂന്നിൽ തന്നെ പാവാടയിൽ ചെമ്പരത്തി പൂത്തു. അതോടെ ചുറ്റിനും വന്നേക്കാവുന്ന ആൺകണ്ണുകൾക്കെതിരെ അമ്മ ഒരു വേലിയും കെട്ടി. പഠിത്തത്തിൽ ഒട്ടും പിന്നോക്കം പോകാതെ ഒന്നാമതായി കുതിച്ചു കൊണ്ടിരുന്ന നേരത്ത് 17 ന്റെ പടിവാതിൽക്കൽ വെച്ചു കവി പാടിയത് പോലെ "മല്ലികാബാണൻ തന്റെ വില്ലെടുത്തു മന്ദാര മലർ കൊണ്ടൊരു ശരം തൊടുത്തു " ആ ഒന്ന് നൂറും ആയിരവും പതിനായിരവുമായി കണ്ണിലും മനസ്സിലും ഒക്കെ കൊണ്ടു. അങ്ങനെ കടലാസ്സു നിർമ്മാണശാല സർവ്വഐശ്വര്യങ്ങളോടെയും അന്ന് ഒരുക്കി നിർത്തിയ വെള്ളൂരിൽ കുടിവെപ്പ് . 23 വയസ്സിൽ രണ്ട് ആൺമക്കളുടെ അമ്മയായി. പിന്നെ ജീവിതത്തിൽ പുഴ പോലൊരു ഒഴുക്കായിരുന്നു. ഇപ്പോൾ ഏതാണ്ട് മുങ്ങാറായ തോണിയിൽ തനിച്ചാണ് മറു തീരം., തുരുത്ത് ഇവയൊക്കെ വളരെ അകലെയാണ്, ഏറെ തുഴയണം. ചുഴികളിൽ പെടാതെ നോക്കണം.. പെട്ടു പോയാൽ കൈകാലിട്ടടിച്ചു കര പറ്റണം. .പുറമെ നിന്ന് കാണുന്നതല്ലല്ലോ മോഹിപ്പിക്കുന്ന പച്ചത്തുരുത്തുകളിലെ ഉൾവനങ്ങളുടെ നിഗൂഢതകൾ . ഇപ്പോൾ ആഗ്രഹിക്കാൻ ഒന്നേയുള്ളു...
എനിക്ക് പ്രിയപ്പെട്ടവർ ആരും എന്നെക്കാൾ മുൻപ് ഭൂമി വിട്ടു പോകരുത്. ജീവിതത്തിൽ കൃത്യമായി ഓരോരുത്തരെയും കണ്ടു മുട്ടുന്നത് ഒരു നിയോഗമാണ്.. ജീവിതമാകെ മാറ്റി മറിച്ചവർ, വഴികാട്ടിയായവർ, പ്രേരണയും പ്രചോദനവും നൽകിയ അപൂർവ്വ സൗഹൃദങ്ങൾ, മുറിവുകളിൽ ലേപനമായവർ., തകർച്ചയിലും തളർച്ചയിലും ഹൃദയത്തോട് ചേർത്ത് പിടിച്ചവർ..., ഇവരൊക്കെ എനിക്ക് നേട്ടങ്ങൾ മാത്രം അവശേഷിപ്പി ക്കുമ്പോൾ "നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ " എന്നല്ലാതെ എന്ത് പറയാൻ. ഇതിനിടയിലും അകൽച്ച കാണിക്കുന്ന ചിലർ ഭയപ്പെടുന്ന ഒരു മൂഢചിന്തയുണ്ട് ഒറ്റയ്ക്കായിപ്പോയവൾ ഒന്ന് അന്തിയുറങ്ങാനോ, ആഹാരം കഴിക്കാനോ, കടം വാങ്ങാനോ തേടി ചെല്ലുമോ എന്ന ഭയം. പണം കൊണ്ടു സ്നേഹത്തെ അളക്കാൻ ശ്രമിക്കുന്ന മിത്രങ്ങളും, പൊടുന്നനെ അകൽച്ച കാണിക്കുന്ന ബന്ധുക്കളും ആത്മാഭിമാനമുള്ള ഒരു സ്ത്രീയെ തിരിച്ചറിയാൻ സാധിക്കാത്തവരാണ്. അങ്ങനെയുള്ള ചിലരോട് സഹതാപം മാത്രം. കാൽക്കീഴിലെ ഭൂമി ഏതു നിമിഷവും വഴുതി മാറി എന്ന് വരാം. ഒരു വാതിൽ അടഞ്ഞാൽ ഒൻപതു വാതിലുകൾ തുറക്കും എന്നാണല്ലോ. എന്തായാലും ഇന്നേ വരെ ആരുടെ വാതിലിലും മുട്ടി വിളിക്കാതെ, ഒരു കടവിലും അടുപ്പിക്കാതെ ഈ തോണി തുഴയാൻ കഴിഞ്ഞു. ഇനിയും യാത്ര തുടരാൻ അവസാനത്തെ കടവിൽ എത്തുവോളം വഴി മുട്ടിക്കാതിരിക്കാനുള്ള ആഗ്രഹം സഫലമാകും എന്ന വിശ്വാസം മുന്നോട്ട് നയിക്കുന്നു. വരുന്നത് എന്തായാലും അതിനെ ആത്മവിശ്വാസത്തോടെ നേരിടാനാണല്ലോ ജീവിതം തനിച്ചായവരെ പഠിപ്പിക്കുന്നതും.