ഹൃദയത്തിനുള്ളിലിന്നെന്താണ് മഞ്ഞിൻ്റെ-
തരികളോ, ശിശിരമോ, അപരാഹ്നമോ?
പ്രളയം കഴിഞ്ഞുപോയ് സരയൂവിൽ മുങ്ങിയാ-
യുഗമൊന്ന് മാഞ്ഞുപോയ് കദനപൂർണ്ണം!
പലയെഴുത്തോലകൾക്കുള്ളിലോർമ്മിക്കുവാൻ-
കഥകളാരോ നെയ്ത് പോവതുണ്ട്…
അതിലുണ്ട് പതിയെ ചിരിക്കുന്ന സ്മൃതിവനവു-
മിലകൾ, കാട്ടാറുകൾ, കാറ്റനക്കം....
കനലുണ്ട്, ചെമ്പനീർപ്പൂവുണ്ട്, മുറിവിൻ്റെ-
തരികൾ മേഘങ്ങൾ നിഴൽപ്പക്ഷികൾ
കനവും, പ്രപഞ്ചവും,, ദേവദാരുക്കളും
ലയവും, പ്രകാശവും, രാപ്പാടിയും..
പറയാതെ പറയാതെ സൂക്ഷിച്ച വാക്കിൻ്റെ-
കനൽ ശീതകാലമായ് നിൽപ്പതുണ്ട്
കലഹത്തിനാറ്റുകോലങ്ങൾ വരച്ചവർ-
പഴിചാരി നിൽക്കുന്ന ഭൂമിയുണ്ട്...
വഴിവിളക്കിൽ വീണ രാത്രിയുടെ കണ്ണുനീർ-
ത്തരിയുപ്പുകടലുണ്ട്. കവിതയുണ്ട്
ജലമതിൽ വീണ കൽച്ചീളുപോലാധികൾ-
തിരയനക്കങ്ങളായ് ചുറ്റുമുണ്ട്
നാട്ടുവെട്ടം മാഞ്ഞൊരാറ്റുവഞ്ചിക്കരെ-
പൂക്കൈതെ വീണ്ടും വിരിഞ്ഞ് നിൽക്കേ
ചന്ദനക്കാടിൻ സുഗന്ധധൂപങ്ങളിൽ
സംഗീതസോപാനമൊന്നുണർന്നു
മഴമേഘജാലകച്ചില്ലുടഞ്ഞെങ്കിലും-
ജലതരംഗശ്രുതി കേൾപ്പതുണ്ട്
ഒരു *സുർബഹർ, അതിൻ തന്ത്രികൾ തൊടുംപോലെ-
മഴ പോലെ, മൗനം ഉടഞ്ഞ പോലെ....
ഹൃദയമതിലൊരു പക്ഷി പാട്ട് പാടുന്നുണ്ട്
ശ്രുതി തെറ്റിയല്പം മറന്ന പാട്ട്.....
വെറുതെയാണെങ്കിലും പാട്ടുപാടാനെത്ര-
സ്വരമുണ്ടതിൽ, സ്നിഗ്ദ്ധലയമുണ്ടതിൽ..