ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസുഫലിയുടെ മനുഷ്വത്വവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ സഹജീവി സ്നേഹത്തിന്റെയും ജീവനക്കാരോട് കാണിക്കുന്ന ബഹുമാനത്തിന്റെയും ഉദാഹരണമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം' , 'ഒരാള്‍ മരിച്ചു... അദ്ദേഹത്തിന്റെ മൃതദേഹ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്... അതാണ് മനുഷ്യത്വം.' , പ്രവാസിയും ഇന്ത്യന്‍ കോടീശ്വരനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി തന്റെ സ്ഥാപനത്തിലെ ഒരു തൊഴിലാളിയുടെ മയ്യിത്ത് കട്ടില്‍ (ശവമഞ്ചം) ചുമക്കുന്ന വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളാണിത്.
അബൂദബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍വൈസറും തിരൂര്‍ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മൃതദേഹമാണ് യൂസഫലി ചുമന്നത്. അബൂദാബിയില്‍ വെച്ച് നടന്ന ഷിഹാബുദ്ധീന്റെ മയ്യിത്ത് നമസ്‌കാരത്തിനും യൂസഫ് അലി നേതൃത്വം നല്‍കി.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി എടുത്തപ്പോള്‍ യൂസഫലി കട്ടിലിന്റെ ഒരു ഭാഗത്ത് പിടിക്കുന്നത് വീഡിയോയില്‍ കാണാം. യൂസഫ് അലിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകളെഴുതിയത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 32 ലക്ഷം പേര്‍ വീഡിയോ ഇതിനോടകം കണ്ടു.
M. A. Yusuff Ali role model