Image

ഹൃദയസാഗരം ( കവിത : ഷൈല ബാബു )

Published on 11 February, 2025
ഹൃദയസാഗരം ( കവിത : ഷൈല ബാബു )

ആർത്തലച്ചലയടി-
ച്ചുയരുന്നു നോവിന്റെ, തിരമാലവൃന്ദങ്ങൾ നെഞ്ചിനുള്ളിൽ!

ആനന്ദം തിരതല്ലും സ്വപ്നക്കൂടാരത്തിൻ
കണ്ണാടിച്ചില്ലും 
തകർന്നുടഞ്ഞു!

കത്തുന്ന താപത്തി-
ലുള്ളം തപിക്കുന്നി-
ന്നിന്റെ വീഥിയി-
ലേകയായി!

ആർജിച്ചു നേടിയ പ്രിയമാനസങ്ങളി-
ന്നാരതി പോലു-
മുഴിഞ്ഞതില്ലാ...

കളഭക്കുറിയണി-
ഞ്ഞെത്തിയ സൗഹൃദം, മൗനതയ്ക്കുള്ളിൽ
നിസ്സംഗരായി.

കല്മഷം കലർന്നൊരാ,
സ്നേഹ തന്മാത്രക-
ളുറ്റുനോക്കുന്നീ, 
വിജനതയിൽ...

ഹൃദയമാമാഴിത-
ന്നാഴത്തിൽ സൂക്ഷിച്ച രാഗപ്പളുങ്കുകൾ 
കാൺമതില്ലാ...

മന്മനോവീണയി-
ലാരോവിരൽ ചേർത്ത്,
മീട്ടിയ രാഗങ്ങ-
ളിന്നന്യമായി...

വന്യവികാരങ്ങ-
ളന്ധമായ് തള്ളുന്ന,
സാഗരകന്യയാ-
യന്തരംഗം...


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക