വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ഒരു പൊതുതാൽപ്പര്യ വേദിക സൃഷ്ടിക്കുന്നതിന് പാരീസ് ഉച്ചകോടി സഹായിക്കുമെന്ന് പാപ്പാ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഫ്രാൻസിലെ പാരീസ് പട്ടണത്തിൽ 10,11 തീയതികളിൽ (10-11/02/25) നിർമ്മിത ബുദ്ധിയെ അധികരിച്ചു നടന്ന ഉച്ചകോടിയോടനുബന്ധിച്ച് ഫ്രാൻസിൻറെ പ്രസിഡൻറ് എമ്മാനുവേൽ മക്രോണിന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ സാങ്കേതിക വിദ്യ മനുഷ്യൻറെ നിയന്ത്രണത്തിലല്ലാത്തപക്ഷം ഭീകരമായ വിപത്തുകൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പേകിക്കൊണ്ട് ഈ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.
വികസനത്തിനും ദാരിദ്യത്തിനെതിരായ പോരാട്ടത്തിനും സംസ്കാരങ്ങളുടെയും നാട്ടുഭാഷകളുടെയും സംരക്ഷണത്തിനുമുള്ള ഒരു ഉപകരണമായി കൃത്രിമബുദ്ധി- സാങ്കേതികവിദ്യയെ കാണാൻ എല്ലാനാടുകൾക്കും കഴിയുന്ന ഒരു അവസ്ഥ സംജാതമാകേണ്ടതിൻറെ ആവശ്യകത ചൊവ്വാഴ്ച (11/02/25) പരസ്യപ്പെടുത്തപ്പെട്ട ഈ സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ഈ വിധത്തിൽ മാത്രമേ നിർമ്മിതബുദ്ധിക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന, മാനവരാശി മുഴുവൻറെയും സവിശേഷതയായ യഥാർത്ഥ വൈവിധ്യത്തെയും സമ്പന്നതയെയും പ്രതിനിധീകരിക്കുന്ന, വിവരങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യാൻ ഭൂമിയിലെ എല്ലാ ജനങ്ങൾക്കും സാധിക്കുകയുള്ളുവെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
നിർമ്മിതബുദ്ധിയുടെതായ പരിപാടികൾ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ മനുഷ്യൻറെ നിയന്ത്രണത്തിനുള്ള ഒരു ഇടം ഉറപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിൻറെ അടിയന്തിരപ്രാധാന്യം താൻ ഇറ്റലിയിലെ പൂല്യയിൽ വച്ച് ജി 7 നാടുകളുടെ സമ്മേളന വേളയിൽ ഊന്നിപ്പറഞ്ഞതും പാപ്പാ അനുസ്മരിക്കുന്നു. വളരെ ആകർഷണീയമായി ഈ സാങ്കേതികവിദ്യ, മാനവ നിയന്ത്രണത്തിൻറെ അഭാവത്തിൽ മാനവാന്തസ്സിന് ഭീഷണിയായിക്കൊണ്ട് അതിൻറെ ഏറ്റവും ഭീകരമായ മുഖം കാണിക്കുമെന്നും താൻ തദ്ദവസരത്തിൽ മുന്നറിയിപ്പേകിയതും പാപ്പാ സൂചിപ്പിക്കുന്നു.
മനുഷ്യൻറെ "ഹൃദയത്തിൽ" നിന്ന് മാത്രമാണ് അവൻറെ അസതിത്വത്തിൻറെ അർത്ഥം വരുന്നതെന്ന് മറക്കരുതെന്നു ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനും ഭൗതികശാസ്ത്രജ്ഞനും കത്തോലിക്കാ രചയിതാവുമൊക്കെ ആയിരുന്ന ഫ്രഞ്ചുകാരനായ ബ്ലെയ്സ് പാസ്കലിൻറെ ചിന്തകളെ അടിസ്ഥാനമാക്കി പറയുന്ന പാപ്പാ “ബുദ്ധിയെക്കാൾ മൂല്യമേറിയത് സ്നേഹമാണെന്ന” മറ്റൊരു മഹാനായ ഫ്രഞ്ച് തത്ത്വചിന്തകനായ ഷാക് മറിറ്റൻറെ വാക്കുകൾ അനുസ്മരിക്കുകയും ഇത് അനിഷേധ്യ തത്വമായി സ്വീകരിക്കാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നവരെ ക്ഷണിക്കുകയും ചെയ്യുന്നു. നമ്മുടെ ഗ്രഹത്തിൻറെ പരിസ്ഥിതിക സുസ്ഥിരതയ്ക്കായി നൂതനവും സൃഷ്ടിപരവുമായ പരിഹാരങ്ങൾ തേടുന്ന ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും കൃത്രിമബുദ്ധി ഒരു ശക്തമായ ഉപകരണമായി മാറുമെന്ന് തൻറെ ബോധ്യവും പാപ്പാ പ്രകടിപ്പിക്കുന്നു. നമ്മുടെ ആത്യന്തിക വെല്ലുവിളി മനുഷ്യനാണെന്നും എപ്പോഴും മനുഷ്യൻ തന്നെ ആയിരിക്കുമെന്നും മറക്കരുതെന്നും പാപ്പാ പറയുന്നു.