നീലപ്പൊന്മാനേ എന്റെ
നീലപ്പൊന്മാനേ
വെള്ളിവെയിലു നെയ്ത
പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്മാനെ
(നീലപ്പൊന്മാനേ..)
കാക്കപ്പുലനാൾ പാലരി ഇന്ന്
കാവിലെല്ലാം കാവടി
കാക്കപ്പുലനാൾ പാലരി ഇന്ന്
കാവിലെല്ലാം കാവടി
കൊച്ചുകാവളം കാളീ........
തങ്കത്താലിതീർക്കാറായ്
മനസ്സേ തേൻ കുടിക്കൂ നീ
(നീലപ്പൊന്മാനേ..)
1972 ൽ പി. വത്സല ' നെല്ല് ' എന്ന നോവലിലൂടെ വയനാട്ടിലെ ആദിവാസികളുടെ കഥ പറഞ്ഞപ്പോൾ അതിൽ അടിയാരുടെ വേദനകളും പ്രണയവും വിശപ്പും എല്ലാം ഉണ്ടായിരുന്നു. നെല്ല് വായിക്കാത്ത ആളായിരിക്കില്ലല്ലോ അത് സിനിമയാക്കുമ്പോൾ അതിൽ ഗാനങ്ങളെഴുതിയ വയലാർ !
ഇന്ന് പാട്ടെഴുതുന്നവർ ഏത് പുസ്തകത്തെ അടിസ്ഥാനമാക്കിയാണോ സിനിമ സൃഷ്ടിക്കപ്പെട്ടത് ആ പുസ്തകം ഞാൻ വായിച്ചിട്ടേ പാട്ടെഴുതൂ എന്ന് സ്വയം വാശിയുള്ളവരാണ് എന്ന് വിശ്വസിക്കുക വയ്യ. " ഏയ് ബനാനേ ഒരു പൂ തരാമോ " എന്നെഴുതാൻ തിരക്കഥ പോലും വായിക്കേണ്ട ആവശ്യവുമില്ലല്ലോ ! വാഴത്തോട്ടത്തിൽ കുറേ പിള്ളാരിരിക്കുന്നു, അവർക്ക് ഒരു പാട്ടെഴുതൂ എന്ന് സംവിധായകൻ പറഞ്ഞു കാണണം ! രചയിതാവ് ഗാനം നിർമ്മിച്ചു !
ഇന്ന് 'ഗാന രചന' അല്ല ' ഗാന നിർമ്മാണം ' ആണല്ലോ കൂടുതലും !
പക്ഷേ,
"അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ "
എന്ന് റഫീക്ക് അഹമ്മദ് എഴുതിയപ്പോൾ ബ്ലെസ്സി പറഞ്ഞു കൊടുത്ത സന്ദർഭത്തേക്കാൾ 'ആടുജീവിതം ' വായിച്ച ഓർമ്മ റഫീക്ക് അഹമ്മദിൻ്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം!
വയലാർ 'നെല്ല് ' വായിച്ചതു കൊണ്ടു തന്നെയാണ് അടിയാരുടെ അനുഷ്ഠാനമായ 'കാക്കപ്പുല ' പാട്ടിൽ കടന്നു വന്നത് !
'അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് ' എന്ന സിനിമയിൽ പിൽക്കാലത്ത് 'കാക്കപ്പുല പാലരി' പോലെ കൈതപ്രം ' മുണ്ടോം പാലരി ' കൊണ്ടു വന്നിട്ടുണ്ട്! മുണ്ടകൻ നെല്ല് കുത്തിയ അരി.
"മുത്താഴത്തിനു കുത്തിയെടുത്തതു മുണ്ടോം പാലരി
ഉത്തരം പൂത്തു വെളഞ്ഞതു പൊന്നും വെള്ളരി".
അപ്പോൾ 'പാലരി ' വ്യക്തമാണല്ലോ ! കാക്കപ്പുല നാളിലെ പാലരിയും !
'കാവളം ' ഒരു മരമാണ്. നല്ല ചുവന്നു പഴുക്കുന്ന കായുള്ള മരം. കുലയായി പൂക്കളും അറകളുള്ള ഫലവും.
'കാവളം കിളി ' എന്നല്ല , ' കാവളം കാളി ' എന്നാണ് വയലാർ പ്രയോഗിച്ചത്. കാഹളം മുഴക്കുന്നവൾ കാളി എന്ന ആദിവാസികളുടെ പ്രയോഗ രീതിയാണതെന്ന് വാദിച്ചു കണ്ടിട്ടുണ്ട്. അറിയില്ല.
പക്ഷേ 'കാളി'യ്ക്ക് ' 'നീല നിറമുള്ളവൾ ' എന്നർത്ഥമുണ്ട്. നീലപ്പൊൻമാനെയാണ് കവി അഭിസംബോധന ചെയ്യുന്നത് എന്നതിനാൽ 'കാവളത്തിലിരിക്കുന്ന നീല നിറമുള്ളവൾ' എന്നുദ്ദേശിച്ചതും ആയിക്കൂടേ ?
'കാക്കപ്പുല ', 'കാവ് ' , 'കാവടി ', 'കൊച്ചു' ,
'കാളീ ' .......പ്രാസം മനോഹരമായി ചേർത്തപ്പോൾ വന്ന പദങ്ങൾക്ക് കഥയുടെ ഇതിവൃത്തവുമായും കവി ബന്ധം സമ്മാനിച്ചു. അതാണ് ഇന്നത്തെ പല ഗാനരചയിതാക്കൾക്കും ഇല്ലാത്ത 'കവിത്വം '!
മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ വിജയ് യേശുദാസ് അതിമനോഹരമായ നവഗന്ധർവ്വനാദത്തിൽ 'നീലപ്പൊൻമാനേ ' പാടിയത് കേട്ടപ്പോൾ ചിന്തിച്ചു പോയതാണ്. സ്വന്തം അലസത കൊണ്ടും കൃത്യനിഷ്ഠതയില്ലായ്മ കൊണ്ടും വിജയ് യേശുദാസും അതൊക്കെ മറന്ന് നല്ല അവസരങ്ങൾ വിജയ്ക്ക് നൽകാതെ സംഗീത സംവിധായകരും മലയാളിക്ക് നഷ്ടമാക്കുന്നത് യേശുദാസിനൊപ്പം ഒരിക്കലും പോരില്ലെങ്കിലും അതു പോലെ എല്ലാ തലമുറയും പാടി നടക്കേണ്ട കുറേ സുന്ദര ഗാനങ്ങളാണ്.