Image

മിഠായിയോർമ (പ്രണയദിനക്കുറിപ്പ്: സോയ നായര്‍)

Published on 12 February, 2025
മിഠായിയോർമ (പ്രണയദിനക്കുറിപ്പ്: സോയ നായര്‍)

"പ്രണയദിനമടുക്കാറായി.. എനിക്കെന്നതാ ചേട്ടാ സമ്മാനം വാങ്ങിച്ചു തരുന്നേ". നിസ്സഹായതയോടെ ഈചോദ്യം ചോദിക്കുന്ന എല്ലാ ഭാര്യമാരും( ഞാനുൾപ്പെടെ) പലപ്പോഴും പറയാറുള്ള ഒരു ഡയലോഗ്‌ ഉണ്ട്‌. ഓഹ്‌! എനിക്കൊരു കാമുകൻ ഉണ്ടായിരുന്നേൽ ഈ പ്രണയദിനം ഒക്കെ എന്നാ അടിപൊളിയായേനേ എന്ന്. അത്‌കേട്ടിട്ടും കൂസലില്ലാതെ  "നമുക്ക്‌ എന്നും പ്രണയദിനമല്ലേ മുത്തേ " എന്നും പറഞ്ഞ്‌ നമ്മുടെ താടിക്ക്‌ ഒരു തട്ടും തന്നു കൊഞ്ചി മറുപടിഡയലോഗ്‌ അടിച്ച്‌ ഭർത്താക്കന്മാർ വേറൊരു വഴിക്കും പോകും. മിഴിങ്ങസ്യാന്നും പറഞ്ഞ്‌ ഏണിനു കൈയുംകൊടുത്ത്‌ നമ്മളോ ചുമ്മാ നൊസ്റ്റാൾജിയ അടിച്ച്‌ ആ പഴയ നഷ്ടപ്പെടുത്തിയ പ്രണയകാലഘട്ടത്തിലേക്ക്‌ അപ്പോൾ ചുമ്മാ ഒന്നുപോയി നോക്കും.

കുട്ടിക്കാലം മുതലേ ആരെയെങ്കിലും പ്രണയിക്കണം, നിറയെ പ്രണയലേഖനങ്ങൾ എഴുതണം,കവിതകളിലൂടെ അയാളോട്‌ മിണ്ടണം എന്നൊക്കെ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷെ, അന്നൊക്കെ എനിക്ക്‌ അതിനുള്ള ധൈര്യം തീരെ ഇല്ലായിരുന്നു. വീട്ടിൽ ഉള്ളവർ നൽകിയ അമിതസ്വാതന്ത്ര്യത്തെ ആസ്വദിച്ച്‌ നടന്നിരുന്ന ഞാൻ പ്രണയത്തിനാൽ ആ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണു സത്യം. കോളേജിൽ പഠിക്കുമ്പോൾ അവിടുന്നും ഇവിടുന്നുമൊക്കെ ചെറിയ തോതിൽ എന്നെ ഇഷ്ടപ്പെട്ടിരുന്നവർ അവരുടെ ഇഷ്ടംഎന്നെ അറിയിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അന്നതിനെ ഞാൻ പല കാരണങ്ങളാൽ തടഞ്ഞു. അതിലൊരു കാരണം, പ്രേമങ്ങളൊക്കെ വെറും നേരമ്പോക്കിനാണു, അതിലൊക്കെ ആത്മാർത്ഥത തീരെ കുറവാണു എന്നിങ്ങനെയുള്ള മറ്റുള്ളവരുടെ ഉപദേശങ്ങൾ. അത്‌ കേട്ട്‌ കേട്ട്‌ പ്രണയം ഒരു ബോറൻ സംഭവമാണെന്ന് തെറ്റിദ്ധരിച്ച്‌ നടന്ന കൗമാരക്കാലത്ത്‌ സംഭവിച്ച ഏറ്റവും രസകരമായ ഒരു ഓർമ്മയാണു ഈ പ്രണയദിനത്തിൽ എനിക്കു എഴുതാനുള്ളത്‌.

സ്കൂൾ പഠനം കഴിഞ്ഞ്‌ ഞാൻ ഡിപ്ലോമയ്ക്ക്‌ കാർമ്മൽ പോളിടെക്നിക്കിൽ പഠിക്കുന്ന സമയം. വീട് കോളേജിൽ നിന്നും ദൂരെയായത്‌കൊണ്ട്‌ ഹോസ്റ്റലിൽ നിന്നാണു അന്നത്തെ പഠനം. 40 ഇൽ അധികം ആൺകുട്ടികളും 7 പെൺകുട്ടികളും മാത്രം ഉള്ള ഇലക്ട്രിക്കൽ ക്ലാസ്സ്‌. അന്ന് ആ ക്ലാസ്സിലെ പെൺകുട്ടികളോട്‌ മാത്രം നല്ലോണം വർത്തമാനം പറയുന്ന,  ക്ലാസ്സിലെ വളരെചുരുക്കം ആൺകുട്ടികളോട്‌ മാത്രം മിണ്ടി നടന്നിരുന്ന ഒരു പെൺകുട്ടിയായിരുന്നു ഞാൻ. ആദ്യവർഷങ്ങളിൽ ഒരു അപ്പാവി പെണ്ണു, അല്ലെങ്കിൽ തൊട്ടാവാടി. പിന്നീടുള്ള വർഷങ്ങളിൽ  നാഷണൽ സർവീസ്‌ സ്കീം  എന്നെ മാറ്റിയെടൂത്തു എന്നത്‌ വേറെ കാര്യം.

രണ്ടാം വർഷം ആണെന്ന്  തോന്നുന്നു ക്ലാസ്സിൽ  നിന്നും എല്ലാവരും കൂടി ഒരു ട്രിപ്പ്‌‌ പോയിരുന്നു. ആ അടിപൊളി ട്രിപ്പ്‌ കഴിഞ്ഞു തിരിച്ചെത്തി വീണ്ടും പഠിത്തത്തിലേക്ക്‌ പോകുമ്പോൾ ഉണ്ടാകുന്ന ആ ഒരുതരം വൈക്ലബ്യം ഉണ്ടല്ലോ അതു ക്ലാസ്സിലെ പഠിപ്പിസ്റ്റ്‌ അല്ലാത്ത എല്ലാവർക്കും തോന്നിക്കാണും. (അവർക്കാർക്കും തോന്നിയില്ലേലും എനിക്കു നല്ലോണം തോന്നി). ബി എൽ തെരേജയും പവർസിസ്റ്റവും ഒക്കെ തലയിലോട്ട്‌ ഇടിച്ച്‌ കേറി എന്റെ ആ അടിച്ചുപൊളി മൂഡ്‌ കളഞ്ഞു നിൽക്കണ സമയത്താണു ഒരു ദിവസം വൈകുന്നേരം ഹോസ്റ്റലിലേക്ക്‌ പോകാൻ നേരം "ഒരു കാര്യം പറയാനുണ്ട്‌" എന്നും പറഞ്ഞ്‌  ആ ക്ലാസ്സ്മേറ്റ്‌ പയ്യൻ എന്റെ അടുത്തേക്ക്‌ വന്നത്‌.. അന്നൊക്കെ തലയിൽ വെറും റ്റ്യൂബ് ലൈറ്റ്‌ മിന്നണ പോലെ മാത്രം ചിന്താശേഷിയുള്ള(ഇപ്പോൾ ഇത്തിരി മെച്ചപ്പെട്ടിട്ടൂണ്ടെന്ന് കരുതുന്നു) ഞാനും ചിരിച്ചോണ്ട്‌  "അതിനെന്താ, കാര്യം പറഞ്ഞോളൂ" ന്ന് പറഞ്ഞു  കൂളായി അവിടെ നിന്നു.  ഈ പറയാൻ പോകുന്ന കാര്യം എന്താണെന്ന് കേൾക്കാൻ നാണിക്കേണ്ട ഒരു ആവശ്യവുമില്ലാത്തോണ്ട്‌ തന്നെ ‌ വലിയ റ്റെൻഷനൊന്നുമില്ലാതെ കാര്യം കേൾക്കാൻ തയാറെടുത്ത്‌ ഞാൻ അവിടെ ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നു. എന്തോ ആ പയ്യനു ഇത്തിരി നാണം കൂടീട്ടാണോ അതോ എന്നോട്‌ പറയാൻ പേടിച്ചിട്ടാണോ "ഒന്നുമില്ല" എന്നും പറഞ്ഞ്‌ ആളു പോയി. ഓഹ്‌! ശരി എന്നും പറഞ്ഞ് (പിന്നെ അവിടെ നിന്നിട്ടും വല്ല കാര്യൊം ഉണ്ടോ ഇല്ലല്ലൊ..) അത്‌ കേട്ട പാതി ഞാനും ഹോസ്റ്റലിലേക്ക്‌ തിരികെ  പോയി.

ഈ കുട്ടിയോട്‌ ഞാൻ ആദ്യമായി മിണ്ടണത്‌ തന്നെ ആ ടൂർ ട്രിപ്പിലാണു.. ഒരേ ക്ലാസ്സിൽ ആണേലും ആ ട്രിപ്പിൽ അല്ലാതെ വലിയ മിണ്ടൽ ഇതേ വരെ ഉണ്ടായിട്ടുമില്ല. അതു കൊണ്ട്‌ തന്നെ അത്‌ അത്ര കാര്യമാക്കാതെ വീണ്ടും കാണുമ്പോൾ മിണ്ടും, ചിരിക്കും... അത്‌ തുടർന്നു കൊണ്ടിരുന്നു. അങ്ങനെ കുറേ ദിവസങ്ങൾക്ക്‌ ശേഷം വീണ്ടും ഒരു ദിവസം വൈകുന്നേരം കോളേജിലെ രണ്ടാം നിലയിൽ നിന്നും ഞാൻ സ്റ്റെയർകേസ്‌ ഇറങ്ങാൻ തുടങ്ങുമ്പോൾ അടുത്ത്‌ വന്ന് "സോയേ, ഒരു കാര്യം പറയാനുണ്ട്‌” എന്നു വീണ്ടും പറഞ്ഞു. ഇത്തവണ ഞാൻ അങ്ങോട്ട്‌ കേറി ചോദിച്ചു " ഇതെന്താ, എന്നോട്‌ എന്തോ ഒരു കാര്യം പറയാനുണ്ട്‌ എന്നും പറഞ്ഞിട്ട്, ഒന്നും പറയാതെ ‌ പോകുന്നത്‌.. കാര്യം പറയൂ.. ഞാൻ കേൾക്കാൻ റെഡിയാ”. അപ്പാവി ലുക്കും യാതൊരു വിധ കള്ളത്തരങ്ങളുമില്ലാതെ നിഷ്കളങ്കമായി ഞാൻ അത്‌ അവനോട്‌ പറയുമ്പോഴും എന്റെ ചിന്തയിൽ അസാധാരണമായി ഒന്നും തോന്നിയില്ല. അപ്പോഴും എന്റെ തലയിലെ റ്റ്യൂബ്‌ ലൈറ്റ്‌ വേണ്ട വിധം കത്തിയില്ല. പെട്ടെന്ന് അവൻ എനിക്കൊരു മിഠായി എടുത്ത്‌ തന്നു. സുഹ്യത്ത്‌ തരുന്നതല്ലേ, നിരസിക്കേണ്ടല്ലോ എന്ന് കരുതി സന്തോഷത്തോടെ ഞാനും അത്‌ വാങ്ങി കൈയിൽപ്പിടിച്ചു. കുറെ നേരം കഴിഞ്ഞിട്ടും കക്ഷിക്ക്‌ മിണ്ടാട്ടം ഇല്ല. ഞാൻ ആണേൽ  ആ മിഠായി എപ്പോ പൊളിച്ച്‌ തിന്നാൻ പറ്റുമെന്നാലോചിച്ച്‌  കൊണ്ടുമിരുന്നു. മിഠായി തിന്നാൻ കൊതി മൂത്ത്‌ ക്ഷമ തീരാറായപ്പോൾ, "എന്താ നിനക്കു പറയാൻ ഉള്ളത്‌, ഒന്നു പെട്ടെന്ന് പറയാമോ" എന്നങ്ങ്‌ ചോദിച്ചു..എന്റെയാ ചോദ്യം പ്രതീക്ഷിക്കാത്തത്‌ കൊണ്ടാണോ എന്തോ  "അതേ, എനിക്ക്‌ പറയാൻ ഒള്ളത്‌ ആ മിഠായിയിൽ ഉണ്ടെന്നും" പറഞ്ഞ്‌ കക്ഷി പെട്ടെന്നങ്ങ്‌ പോയി.. ഞാൻ അവൻ പോയ തക്കം നോക്കി മിഠായി തിരിച്ചും മറിച്ചും നോക്കിയിട്ട്‌
" ഇതിൽ ഇപ്പോ എന്തുവാ ഇത്ര വലിയ കാര്യം" എന്നും പറഞ്ഞ് കവർ പൊളിച്ചിട്ട്‌ മിഠായി വായിലിട്ടു. മിഠായിടെ കവർ ഹോസ്റ്റലിൽ കൊണ്ട്‌ പോയി കളയാന്നും വെച്ച്‌ അതു ചുരുട്ടി കൈയിലും വെച്ചു. ഹോസ്റ്റലിൽ ചെന്ന് കുപ്പയിൽ കളയാൻ ആയി മിഠായികവർ എടുത്തപ്പോൾ വീണ്ടും ഞാൻ ചുമ്മാ ഒന്നു മറിച്ചും തിരിച്ചും നോക്കി. അപ്പോഴാണു  സുഹ്യത്തുക്കളേ, അവനു പറയാൻ ഉള്ള ആ കാര്യത്തിന്റെ കുഞ്ഞ്‌ സൂചന നൽകുന്ന ആ അടയാളം ഞാൻ കണ്ടത്‌. ആ മിഠായിയുടെ കവറിൽ ഒരു കുഞ്ഞു ഹ്യദയത്തിന്റെ പടം.. അത്‌ വരെ കത്താതിരുന്ന എന്റെ  തലയിലെ റ്റ്യൂബ് ലൈറ്റ്‌ അപ്പോൾ പൊടുന്നനെ ‌ കത്തി.. ഒരു നിമിഷം ചിന്തയിലേക്ക്‌ പോയെന്റെ മനസ്സ്‌ തിരിച്ചെടുത്ത്‌ ഞാൻ എന്നോട്‌ തന്നെ പറഞ്ഞു,  "ഏയ്, അതൊന്നുമാകില്ല".  പക്ഷേ, എന്റെ ആ റ്റ്യൂബ്‌ലൈറ്റ്‌ തലച്ചോർ ഉദ്ദേശിച്ചത്‌ സത്യമായിരിക്കുമോ എന്ന ഉറപ്പ്‌ ലവലേശം എനിക്ക്‌ ഇല്ലാത്തോണ്ട്‌ ഞാൻ ആ കവർ ഒരു ദാക്ഷീണ്യവുമില്ലാതെ കുപ്പയിൽ തന്നെ കളഞ്ഞു.. പറയാനുള്ളത്‌  അവൻ എന്നോട്‌ പറയാത്തതു കൊണ്ടു അതിനു ശേഷവുമവനോട്‌ ഒന്നും സംഭവിച്ചിട്ടേയില്ല എന്ന മട്ടിൽ സാധാരണമ്പ്പോലെ തന്നെ ഞാൻ സംസാരിക്കാറുണ്ടായിരുന്നു.
ആ കുട്ടിക്ക്‌ അന്ന് എന്നോട്‌ പറയാനുണ്ടായിരുന്നത്‌ പ്രണയമായിരുന്നോ എന്ന് ഇന്നും എനിക്കറിയില്ല. എന്റെ ഊഹം ശരിയായിരുന്നോ എന്ന് എനിക്കും അറിയില്ല.അങ്ങനെ ആയിരുന്നെങ്കിൽ സന്തോഷം സുഹ്യത്തേ. കഴിഞ്ഞ കാല ഓർമ്മകളിൽ ഇന്നും  ഓർത്തിരിക്കാനുള്ള ഒരു നല്ല നിമിഷം സമ്മാനമായി നൽകിയതിനു.  അത്‌ കൊണ്ട്‌ തന്നെ പറയാതെ പോയ ആ കാര്യവും മധുരമുള്ള ആ മിഠായിയും നല്ല ഓർമ്മകളായ്‌ ഇന്നും എന്റെ കൂടെയുണ്ട്‌..

പ്രണയം എനിക്ക്‌ ലഹരിയാണു. ആ ലഹരിയാണെന്റെ പ്രാണൻ. മറ്റൊരാളെ മനസ്സറിഞ്ഞ്‌ സ്നേഹിക്കാൻ കഴിയുന്ന ആർക്കും ഈ ലോകത്തെ സ്നേഹിക്കാനാകും. പ്രണയമില്ലാതെ ആകുന്ന നിമിഷങ്ങളിലല്ലേ നമ്മൾ ജീവിതത്തെ വെറുക്കുന്നത്‌, ജീവിക്കാൻ മറക്കുന്നത്‌. ഒരിക്കലെങ്കിലും ആരെയെങ്കിലും പ്രണയിക്കണം, ആരാലെങ്കിലും പ്രണയിക്കപ്പെടണം,പ്രണയിച്ചു കൊണ്ടേയിരിക്കണം. അതൊരു സുഖമുള്ള അനുഭൂതിയാണു. അതിൽ സ്നേഹം, നോവ്‌, കരുതൽ, ആകാംക്ഷ, പിണക്കം, ഇണക്കം, പരിഭവം ഇതൊക്കെയുണ്ട്‌. നമുക്ക്‌ പ്രായമേറിയാലും നമ്മുടെ ഉള്ളിലെ പ്രണയത്തിനു പ്രായമില്ല. അത്‌ വീഞ്ഞ്‌ പോലെ മനസ്സിൽ ഇരിക്കുംതോറും ലഹരിയായ്‌ നമ്മളെ കൊതിപ്പിക്കും. പ്രണയത്തിന്റെ നനുത്ത മഞ്ഞുതുള്ളികളാൽ എന്റെ ഹ്യദയത്തെ തൊട്ടുണർത്താൻ ശ്രമിച്ച്‌ എന്നെ സ്നേഹിച്ച, സ്നേഹിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കുമായ്‌ എന്റെ പ്രണയദിനാശംസകൾ..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക