Image

മരിച്ചിട്ടില്ല (രാജു മൈലപ്രാ)

Published on 13 February, 2025
മരിച്ചിട്ടില്ല (രാജു മൈലപ്രാ)

മരിച്ചിട്ടില്ല (രാജു മൈലപ്രാ)

രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കമുണര്‍ന്നു. പതിയെ കണ്ണു തുറക്കുവാന്‍ ഒരു ശ്രമം നടത്തി. ആദ്യ ഉദ്യമം പൂര്‍ണ്ണമായി വിജയിച്ചോ എന്നു നിശ്ചയമില്ല.

ഉറക്കത്തില്‍ കാറ്റു പോയിക്കാണുമോ എന്നൊരു ചെറിയ സംശയം എന്നെ അലട്ടി. അങ്ങനെയെങ്കില്‍ ഞാന്‍ നരകത്തിലോ സ്വര്‍ഗ്ഗത്തിലോ ആയിരിക്കും.

ജന്മംകൊണ്ട് സത്യക്രിസ്ത്യാനിയായ ഞാന്‍, പത്തു കല്പനകളില്‍ പലതും ലംഘിച്ചിട്ടുള്ളതുകൊണ്ട്, നേരിട്ട് സ്വര്‍ഗ്ഗത്തിലെത്തുന്നകാര്യം സംശയമാണ്.

'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം' എന്നാണല്ലോ തിരുവചനം.

ചെറുപ്പത്തിന്റെ ചാപല്യത്തില്‍, എന്റെ അയല്‍ക്കാരിയായ കുഞ്ഞമ്മിണിയെ, എന്നെപ്പോലെ തന്നെ സ്‌നേഹിക്കുവാന്‍ ഞാനൊരു ശ്രമം നടത്തി.

'അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ ആശ തീരും.....
ഒന്നുകില്‍ ആണ്‍കിളി അക്കരയ്ക്ക്
അല്ലെങ്കില്‍ പെണ്‍കിളി ഇക്കരയ്ക്ക്.....'

തികച്ചും അപ്രതീക്ഷിതമായിരുന്നു അടുത്ത സംഭവം. കുഞ്ഞമ്മിണിയുടെ തടിമാടന്‍ ആങ്ങളെ കുഞ്ഞപ്പന്‍, പുലിമുരുകനെപ്പോലെ ചീറിക്കൊണ്ട് 'നിന്റെ ആശ ഞാനിന്നു തീര്‍ക്കാമെടാ പട്ടീ...' എന്ന് ആക്രോശിച്ചുകൊണ്ട് എന്റെ നേരേ ചീറിയടുത്തു. അടുത്ത നിമിഷം അവന്റെ കാരിരുമ്പ് കരങ്ങള്‍കൊണ്ട് എന്റെ കരണം പുകക്കുമെന്നുള്ള പേടികൊണ്ട് എന്റെ സപ്തനാടികളും തകര്‍ന്നുപോയി.

കുഞ്ഞപ്പന്‍ തന്റെ ഉരുക്കുമുഷ്ടികൊണ്ട് എന്റെ കൈയ്യില്‍ കടന്നുപിടിച്ചു. അവന്റെ കണ്ണുകളില്‍ നിന്നും തീ പാറുന്നുണ്ടായിരുന്നു.

'നിന്റെ അപ്പനെ ഓര്‍ത്ത് ഇന്നു ഞാന്‍ നിന്നെ തല്ലുന്നില്ല. ഇനി നീ ആരുടെയെങ്കിലും ആശ തീര്‍ക്കാന്‍ ഇറങ്ങിയാല്‍ നിന്റെ കിടുങ്ങാമണി ഞാന്‍ ചവിട്ടിപ്പൊട്ടിക്കും'.

ആ ഒരു സംഭവത്തോടുകൂടി അയല്‍ക്കാരെ സ്‌നേഹിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി.

ജീവിതത്തില്‍ ഒരിക്കലെങ്കിലും മോഷണം നടത്താത്തവരോ, കള്ളം പറയാത്തവരോ ആയി ആരും കാണുകയില്ല. ഈ വകുപ്പുകളിലും ഞാന്‍ എന്റേതായ കടമ നിര്‍വഹിച്ചിട്ടുണ്ട്.

കല്പനകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് 'അന്യന്റെ ഭാര്യയെ മോഹിക്കരുത്' എന്നത്.

എത്ര പ്രേമിച്ച് കല്യാണം കഴിച്ചവരാണെങ്കില്‍ തന്നെയും, കാലം കഴിയുമ്പോള്‍, മറ്റവന്റെ ഭാര്യ തന്റെ ഭാര്യയേക്കാള്‍ സുന്ദരിയാണെന്നൊരു തോന്നലുണ്ടാകും.

'സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി'- എന്ന് മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു.

അങ്ങിനെയെങ്കില്‍ വ്യഭിചാരം ചെയ്യരുത് എന്ന കല്പനയും ലംഘിച്ചിരിക്കാനാണ് സാധ്യത. (സ്ത്രീകള്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് തോന്നുന്നു)

വിവാഹ വാര്‍ഷിക വേളയിലും, ഭാര്യയുടെ ജന്മദിനത്തിലും അവരെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിടുന്ന ചില വേട്ടാവളിയന്മാരുണ്ട്.

'എന്റെ കരളേ! നീ എന്റെ ജീവിതത്തില്‍ കടന്നുവന്ന നിമിഷം മുതല്‍ എന്റെ ജന്മം സഫലമായി. എന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം എന്റെ പൊന്നാണ്. നിന്റെ സൗന്ദര്യം എന്നെ മത്തുപിടിപ്പിക്കുന്നു. ഇനി ഒരായിരം ജന്മങ്ങള്‍ കഴിഞ്ഞാലും നീ തന്നെ എന്റെ ജീവിതപങ്കാളിയാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന.'

ഇത്തരം ഒരു കമന്റ് നിങ്ങളുടെ ഭര്‍ത്താവ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ, അയാള്‍ക്ക് പരസ്ത്രീ ബന്ധമുണ്ട്.

അങ്ങിനെ പല കല്പനകളും അറിഞ്ഞോ അറിയാതെയോ ലംഘിച്ചിട്ടുള്ള ഞാന്‍ എത്തപ്പെട്ടിരിക്കുന്നത് സ്വര്‍ഗ്ഗത്തിലല്ല എന്നുറപ്പ്.

സ്വർഗത്തിലായിരുന്നെങ്കില്‍, മാലാഖമാരുടെ സ്വര്‍ഗ്ഗീയ സംഗീതത്തിന്റെ അലയടികള്‍ കേള്‍ക്കാമായിരുന്നു.

നരകത്തിലാകാനും സാധ്യതയില്ല. അവിടെ അടിപൊളി സെറ്റപ്പാണെന്നാണ് കേട്ടിട്ടുള്ളത്. കള്ളിന് കള്ള്, കഞ്ചാവിന് കഞ്ചാവ്, ഈജിപ്ഷ്യന്‍ സുന്ദരികളുടെ ബെല്ലി ഡാന്‍സ്.....

കുറഞ്ഞപക്ഷം കുഞ്ഞാടുകളെ തമ്മില്‍ത്തല്ലിക്കുന്ന ഒന്നു രണ്ട് ബിഷപ്പുമാരെങ്കിലും കാണേണ്ടതാണ്.

അപ്പോള്‍ സ്വര്‍ഗ്ഗത്തിലും നരകത്തിലും എത്തിയിട്ടില്ല. ഒരുപക്ഷെ ഞാന്‍ മരിച്ചുപോയെന്നുള്ളത് വെറും തോന്നലായിരിക്കും.

പതുക്കെ കൈകാലുകള്‍ അനക്കി നോക്കി. ചെറിയ ചലനമുണ്ട്. മരിച്ചിട്ടില്ല. കണ്ണുതുറന്നു. മുറിയില്‍ ചെറിയ വെളിച്ചമുണ്ട്.

ചെറുപ്പത്തില്‍ ഉണര്‍ന്നാല്‍ ഉടന്‍, രാത്രിയില്‍ അഴിഞ്ഞുപോയ ഉടുത്തിരുന്ന കൈലി  തപ്പിയെടുക്കുന്നതായിരുന്നു ആദ്യത്തെ പരിപാടി.

പ്രായമായതില്‍ പിന്നെ, ഉറക്കത്തില്‍ തട്ടിപ്പോയില്ലെന്ന്ു ഉറപ്പുവരുത്തുവാന്‍ വേണ്ടി, ഉണരുമ്പോള്‍ കൈ കാലുകള്‍ അനക്കി നോക്കുന്നതാണ് ആദ്യം ചെയ്യുന്നത്. പിന്നീടാണ് കണ്ണുതുറന്നു ചുറ്റും നോക്കുന്നത്.

അതുകൊണ്ട് രാവിലെ ഉണരുമ്പോള്‍, കൈ കാലുകള്‍ ഒന്ന് നിവര്‍ത്തി കുടഞ്ഞ്, കണ്ണ് നല്ലതുപോലെ തുറന്ന്, തലേന്നു രാത്രിയില്‍ കിടന്നിട്ടുള്ളിടത്തു തന്നെയാണ് കിടക്കുന്നതെന്ന് ഉറപ്പു വരുത്തി, മരിച്ചിട്ടില്ല എന്ന പൂര്‍ണ്ണ ബോധ്യം വന്നതിനുശേഷം മാത്രമേ എഴുന്നേല്‍ക്കാവൂ.

എഴുന്നേറ്റതിനുശേഷം അഞ്ചുമിനിറ്റ് നേരം ബെഡ്ഡില്‍ തന്നെ ഇരിക്കണം. പി്ന്നീട് മാത്രമേ എഴുന്നേറ്റു നടക്കാവൂ.

അങ്ങിനെ ആയുസ്സിന്, ആരോഗ്യത്തോടെ ഒരു ദിവസം കൂടി അനുവദിച്ച് നല്‍കിയ, ആ അദൃശ്യ ശക്തിക്ക് നന്ദി പറഞ്ഞുകൊണ്ട് നമുക്കീ ദിവസം തുടങ്ങാം. !

Join WhatsApp News
K.N. Thomaskutty 2025-02-13 03:44:21
ഭാര്യയെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇടുന്ന ചില വേട്ടാവളിയെൻമ്മാർക്ക് പരസ്ത്രീ ബന്ധമുണ്ടന്നുള്ള കാര്യം തീർച്ചയാണെന്നു മൈലപ്ര എഴുതിയത് ഒരു സത്യമാണ്. ചില ഫോമൻമ്മാർ ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ഉദാഹരങ്ങൾ നമ്മുടെ കൺമുൻപിൽ ഉണ്ട്.
Syro-ortho 2025-02-13 04:32:12
കുഞ്ഞാടുകളെ തമ്മിലടിപ്പിക്കുന്ന ബിഷപ്പൻമ്മാരെ ആരെയും കാണാത്തതു കൊണ്ട് താൻ നരകത്തിൽ അല്ല എന്ന് ഉറപ്പു വരുത്തിയെന്ന് ഉള്ള പരാമർശം ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന പള്ളി/കുർബാന തർക്കങ്ങളെക്കുറിച്ചുള്ള ഒരു ശരിയായ നിരീക്ഷണമാണ്. ഒരു നന്ഗ്ന സത്യം ഹാസ്യല്മകമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദങ്ങൾ.
തമ്പി ചാക്കോ 2025-02-13 13:24:42
രാജു മൈലപ്ര എഴുതിയത് എല്ലാം ശരിയാണ്. ചിത്തികുവാ. തമ്പി ചാക്കോ.
Zac Mat 2025-02-13 14:34:10
സ്വയം പരിഹാസിതനായി ചില സാമൂഹിയ സത്യങ്ങളിലേക്കു നമ്മളുടെ ശ്രദ്ധ തിരിക്കുന്ന ശ്രീ മൈലപ്രയുടെ രചനാ ശൈലിക്ക് അഭിനന്ദനങ്ങൾ.
The truth 2025-02-13 18:43:55
Raju always writes his own past memorable life stories by comparing current situations to clip others!!! Congrats.
Firm Beliver 2025-02-13 20:58:45
മൈലപ്ര സാർ എഴുതുന്നതു കഥയാണോ, കവിതയാണോ, ഹാസിയമാണോ അതോ ലേഖനമാണോ എന്ന് നിച്ചയമില്ല ഏതായാലും എല്ലാ എഴുത്തിലും വേണ്ടപ്പെട്ടവർക്ക് മർമ്മത്തു തന്നെ ഓരോ കൊട്ടു കൊടുക്കുന്നുണ്ട്. പള്ളിപ്പിടുത്തക്കാരും, മദുബായിൽ കിടന്നു തല്ലുന്നവരുമെല്ലാം നമ്മക്ക് നരകത്തിൽ കൂട്ട് കാണുമെന്നോർക്കുമ്പോൾ ഒരു സന്തോഷം.
Anna 2025-02-16 21:02:36
Thank God! We don’t have Facebook!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക