''എനിക്കു പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല. തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണ് ഞാന്‍. എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ...'' ജീവിതം വഴിമുട്ടിയപ്പോള്‍ കയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരി ജോളി മധു നിസ്സഹായതയോടെ ഇംഗ്ലീഷില്‍ എഴുതിയ പാതി കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.
കത്ത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജോളി ബോധരഹിതയായി നിലത്ത് വീണു. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ, ഒരാഴ്ചയോളം വെന്റിലേറ്ററില്‍ കിടന്ന അവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. പരസ്യമായി മാപ്പു പറയണമെന്ന മേലുദ്യോഗസ്ഥ പ്രമാണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, കയര്‍ ബോര്‍ഡ് സെക്രട്ടറിക്കു നല്‍കാനായി ജോളി എഴുതിയ കത്ത് പുറത്തായത് കഴിഞ്ഞ ദിവസമാണ്. കത്തിന് പുറമെ ജോളിയുടെ ശബ്ദരേഖയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. മേലുദ്യോഗസ്ഥനായ ജിതിന്‍ ശുക്ലയ്ക്ക് തന്നോട് പ്രതികാരമുണ്ടെന്നും, അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ജോളി ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കൊച്ചി ഹെഡ് ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യാഗസ്ഥയായിരുന്നു ജോളി മധു. പരസ്യമായി മാപ്പുപറയാനുള്ള മേലധികാരിയുടെ ഇണ്ടാസ് കിട്ടത്തക്കവിധം ജോളി ചെയ്ത കുറ്റം എന്താണ്..? തന്റെ ഓഫീസില്‍ നിരന്തരം നടക്കുന്ന കൊടിയ അഴിമതിക്കെതിരെ ശബ്ദിച്ചതാണ് മേലാള മാന്യന്‍മാരെ അലോസരപ്പെടുത്തിയത്. തുടര്‍ന്ന് വൈരാഗ്യ ബുദ്ധിയോടെ അവര്‍ ജോളിയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി കൊച്ചിയിലെ സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്നാണ് കുടുംബത്തിന്റെ ആരോപണം.
കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍ വിപുല്‍ ഗോയല്‍, മുന്‍ സെക്രട്ടറി ജിതേന്ദ്ര ശുക്ല, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് പ്രസാദ് കുമാര്‍, അബ്രഹാം സിയു എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് തനിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചതെന്ന് ജോളിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും മുഖം തിരിച്ചു. പി.എം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുകയായിരുന്നു.
ജോളി മരിച്ചത് തൊഴില്‍ പീഡനത്തെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് കേന്ദ്ര മന്ത്രാലയം ഉത്തരവിട്ടിരുന്നു. തൊഴില്‍ പീഡനത്തില്‍ ജോളി മധുവിന്റെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയ പരാതി വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നത്. അതേസമയം ജോളി മധുവിനെ മേലുദ്യോഗസ്ഥര്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നെന്ന കുടുംബത്തിന്റെ ആരോപണം ശരിയെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തായി. ജോളിയെ ചട്ടവിരുദ്ധമായാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് വ്യക്തമാക്കി കയര്‍ബോഡിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.
2024 ഓഗസ്റ്റ് 19-നാണ് ജോളിയെ ആന്ധ്രാപ്രദേശിലുളള രാജമന്‍ട്രിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുളള ഉത്തരവ് വന്നത്. തുടര്‍ന്ന് താന്‍ ക്യാന്‍സര്‍ അതിജീവതയാണെന്നും 2016 മുതല്‍ ചികിത്സ തുടങ്ങിയ തനിക്ക് ആജീവനാന്തം ചികിത്സ വേണ്ട സാഹചര്യമാണുളളതെന്നും സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ചേര്‍ത്ത് സ്ഥലംമാറ്റത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ജോളി അപേക്ഷ നല്‍കിയിരുന്നു. മെഡിക്കല്‍ ലീവിനും അപേക്ഷിച്ചിരുന്നു. എന്നാല്‍ ക്യാന്‍സറോ ഹൃദ്രോഗമോ പോലെയുള്ള രോഗങ്ങള്‍ ഉള്ളവരെ സ്ഥലം മാറ്റരുതെന്നാണ് കയര്‍ബോര്‍ഡിന്റെ ബൈലോ അനുശാസിക്കുന്നത്.
അതനുസരിക്കാതെയാണ് ജോളിയെ സ്ഥലം മാറ്റാന്‍ ഉത്തരവ് നല്‍കിയത്. സെപ്റ്റംബര്‍ 14 മുതല്‍ ജോളിയുടെ ശമ്പളവും തടഞ്ഞുവച്ചു. ജോളിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ തടഞ്ഞുവച്ചിരുന്ന അഞ്ചുമാസത്തെ ശമ്പളവും അക്കൗണ്ടിലെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കയര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കുപ്പുറാമു ദുരൈ പാണ്ടി. സത്യസന്ധ്യയായ ഉദ്യോഗസ്ഥയായിരുന്നു ജോളി മധുവെന്നും മുന്‍ ചെയര്‍മാന്‍ പറഞ്ഞു.
കേരളത്തിലെ സമസ്ത മേഖലകളിലും വലിയ തോതില്‍ അഴിമതി നടക്കുന്നുണ്ട്. അതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നതാണ് ദുഖകരമായ യാഥാര്‍ത്ഥ്യം. ജോളി മധു സത്യസന്ധയായ ഒരു ഉദ്യോഗസ്ഥയായതുകൊണ്ടാണ് തന്റെ കണ്‍മുന്നില്‍ നടമാടുന്ന അരുതായ്കകളെ അവര്‍ ഭയമില്ലാതെ തുറന്നെതിര്‍ത്തത്. ഇങ്ങനെ പ്രതികരിക്കുന്നവര്‍ കാലാകാലങ്ങളില്‍ മേലുദ്യോഗസ്ഥരുടെ പീഡനങ്ങള്‍ക്കിരയായി ജീവിതം തന്നെ അവസാനിപ്പിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ ജോളി മധു ആത്മഹത്യ ചെയ്തതല്ല, മാനസികമായി തളര്‍ത്തി അവരെ മരണത്തിലേയ്ക്ക് തള്ളിവിടുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ ഇത് ക്രൂരമായ കൊലപാതകം തന്നെയാണ്...മാപ്പര്‍ഹിക്കാത്ത നരഹത്യയ്ക്ക് കാരണക്കാരായവരെ എന്ത് ശിക്ഷ നല്‍കിയാണ് നീതിപീഠം ന്യായീകരിക്കുക..?